Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി-20 ഉച്ചകോടിയിൽ മുഖ്യവിഷയമായത് ബ്രെക്സിറ്റ്, തെരേസയേക്കാൾ ഒബാമ അടുപ്പം കാട്ടിയത് മെർക്കലിനോട്

ലണ്ടൻ∙ ചൈനയിലെ ഹ്വാങ്ഷുവിൽ ഇന്നലെ അവസാനിച്ച ജി-20 ഉച്ചകോടിയിൽ ലോകനേതാക്കൾക്കിടിൽ മുഖ്യ ചർച്ചാവിഷയമായത് ബ്രെക്സിറ്റ്. ബ്രിട്ടനില്ലാത്ത യൂറോപ്യൻ യൂണിയനുമായും യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ച ബ്രിട്ടനുമായുമുള്ള വ്യാപാര ഉടമ്പടികളായിരുന്നു എല്ലാ ചർച്ചകളിലും കേന്ദ്രബിന്ദു.

ജർമൻ ചാൻസിലറും ഫ്രഞ്ച് പ്രസിഡന്റും ഉൾപ്പെടെയുള്ള നേതാക്കൾ യൂറോപ്യൻ യൂണിയന്റെ പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ പ്രമുഖ ലോകരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതു സംബന്ധിച്ച സാധ്യതകൾ ആരായുന്നതിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ശ്രമിച്ചത്. ഇന്ത്യൻ പ്രധാനമനന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളുമായി അവർ പ്രത്യേകം നടത്തിയ കൂടികാഴ്ചയിൽ ഇതായിരുന്നു മുഖ്യ വിഷയം.

എല്ലാ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ താൽപര്യം അറിയിച്ച അവർക്ക് പക്ഷേ, അമേരിക്കയുൾപ്പെടെയുള്ള പല പ്രമുഖ രാജ്യങ്ങളുടെയും നിലോഭമായ പിന്തുണ ഉറപ്പാക്കാനായില്ല. വ്യാപാര കരാറുകളിൽ ബ്രിട്ടണേക്കാൾ തങ്ങൾ പ്രാധാന്യം നൽകുക യൂറോപ്യൻ യൂണിയനാകുമെന്ന് തെരേസയെ സാക്ഷിനിർത്തി വാർത്താസമ്മേളനത്തിൽ ഒബാമ പ്രഖ്യാപിച്ചത് ബ്രിട്ടനു തിരിച്ചടിയായി. ബ്രെക്സിറ്റ് ബ്രിട്ടന്റെ സാമ്പത്തിക പുരോഗതിക്ക് ഗുണം ചെയ്യില്ലെന്നും വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിന് തടസം സൃഷ്ടിച്ചേക്കുമെന്നും ഹിതപരിശോധനയ്ക്കു മുമ്പേ ലണ്ടനിലെത്തി ഒബാമ അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടനിൽനിന്നും പ്രമുഖ കമ്പനികളുടെ ആസ്ഥാനങ്ങൾ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ജപ്പാന്റെ തീരുമാനത്തിനു തടയിടാനും തെരേസയ്ക്കു കഴിഞ്ഞില്ല. ഇക്കാര്യത്തിൽ വ്യവസായ സ്ഥാപനങ്ങളുടെ താൽപര്യം കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കാനാകൂ എന്നായിരുന്നു ജപ്പാന്റെ നിലപാട്.

ഉച്ചകോടികളിലെ ഫോട്ടോ സെഷനിൽ എന്നും അമേരിക്കൻ പ്രസിഡന്റിനൊപ്പം സ്ഥാനമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഇക്കുറി അത് ലഭിച്ചില്ല. തെരേസയ്ക്കു പകരം ജർമൻ ചാൻസിലർ ആഞ്ചല മെർക്കലിനെ ഒപ്പം നിർത്താനാണ് ഒബാമ താൽപര്യം കാട്ടിയത്. ഇത് ബ്രക്സിറ്റിനു ശേഷമുള്ള ബ്രട്ടന്റെ സ്ഥാനവും അമേരിക്കയുടെ സമീപനവും എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായി.

ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിലനിർത്താനായി ഡേവിഡ് കാമറൺ കിണഞ്ഞു ശ്രമിച്ചതും അതിനു കഴിയാതെ വന്നപ്പോൾ രാജിവച്ച് പുറത്തുപോയതും എന്തുകൊണ്ടാണെന്ന് ഇതിലൂടെ മനസിലാക്കാം.

രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങളാണ് തെരേസ മേയ് ഹ്വാങ്ഷുവിൽ നടത്തിയത്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ലോക രാഷ്ട്രങ്ങളുമായി പുതിയ വ്യാപാര ഉടമ്പടികൾക്ക് ബ്രിട്ടൺ ഉറ്റുനോക്കുന്നു എന്നായിരുന്നു ഒന്നാമത്തേത്. ബ്രിട്ടണിലേക്ക് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയാൻ പോയിന്റ് സംവിധാനത്തിലൂടെയുള്ള നിയന്ത്രണം ഏർപ്പെടുത്തില്ല എന്നതായിരുന്നു മറ്റൊന്ന്. കുടിയേറ്റം തടയാൻ ശക്തമായ നടപടി പ്രതീക്ഷിച്ച് ബ്രക്സിറ്റിന് അനുകൂലമായി വോട്ടുചെയ്തവരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമായി ഇത്. ഇതിനെതിരേ നൈജൽ ഫെറാജ് ഉൾപ്പെടെയുള്ള ബ്രക്സിറ്റ് അനുകൂലികൾ ഉടൻതന്നെ രംഗത്തുവരികയും ചെയ്തു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ആഗ്രഹത്തിനു വിരുദ്ധമായി ലോക നേതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണോ അവർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് എന്നാണ് ഇനി അറിയേണ്ടത്.

എന്നാൽ ‘’ഓസ്ട്രേലിയൻ സിസ്റ്റം’’ എന്നറിയപ്പെടുന്ന പോയിന്റ് സംവിധാനത്തിലുള്ള കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തില്ല എന്നതുകൊണ്ട് കുടിയേറ്റ നിയന്ത്രണത്തിൽ മൃദുസമീപനമാകുമെന്ന് ആരും കരുതേണ്ടെന്ന് അവർ പിന്നീട് വിശദീകരിച്ചു. ബ്രിട്ടീഷ് ജനതയ്ക്ക് ആവശ്യമായ തനതായ കുടിയേറ്റ നിയന്ത്രണ മാർഗമാകും അവലംബിക്കുക. യൂറോപ്യൻ യൂണിയനിൽനിന്നുള്ളവർക്ക് ബ്രിട്ടണിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരേക്കാൾ മുൻഗണനയുണ്ടാകും. എന്നാൽ നിലവിലുള്ള സ്വതന്ത്ര സഞ്ചാരം അനുവദിക്കില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.

ചുരുക്കത്തിൽ ഒരേ സമയം ലോക നേതാക്കളെയും ബ്രെക്സിറ്റിനായി വോട്ടുചെയ്തവരെയും നിരാശരാക്കാതിരിക്കാനായിരുന്നു അവരുടെ ശ്രമം.
 

Your Rating: