Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെയില്‍ ജിസിഎസ്ഇ ഫലം പുറത്തു വന്നു, അഭിമാനാര്‍ഹമായ വിജയം നേടി മലയാളി കുട്ടികള്‍

gccc

ന്യൂകാസിൽ∙ എല്ലാത്തിനും എ സ്റ്റാര്‍, അഡീഷണലായി എടുത്ത മാത്തമാറ്റിക്‌സിന് എ. ഇത് അപര്‍ണ ബിജു. ഈ വര്‍ഷത്തെ ജിസിഎസ്ഇ പരീക്ഷാ ഫലം ആകാംഷയോടെ കാത്തിരുന്ന യുകെയിലെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് ഈ മിടുക്കി താരമായത്. ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമിലാണ് അപര്‍ണയുടെ കുടുംബം.
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റും ഹെര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ അനസ്തറ്റിസ്‌റ്റ് കണ്‍സള്‍ട്ടന്റും ആയ ഡോ. ബിജു പെരിങ്ങത്തറയുടെയും ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ സൈക്യാട്രിസ്‌റ് ആയി ജോലി നോക്കുന്ന ഡോ. മായ ബിജുവിന്റെയും മൂന്നു മക്കളില്‍ മൂത്ത മകളാണ് അപര്‍ണ്ണ. യുകെയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നായ പെയിറ്റ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നാണ് അപര്‍ണ്ണ ഈ വിജയം കരസ്ഥമാക്കിയത്.

അപര്‍ണ്ണയുടെ സഹോദരി ലക്ഷ്മിയും സഹോദരന്‍ ഋഷികേശും ഈ സ്‌കൂളില്‍ തന്നെയാണ് വിദ്യ അഭ്യസിക്കുന്നത്. ഡോക്ടേഴ്‌സ് ആയ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും മാതാപിതാക്കളെയും പോലെ ആ ഡോക്ടര്‍ കുടുംബത്തിലെ മൂന്നാം പരമ്പരയിലെ ഒരു ഡോക്ടര്‍ ആയി തീരുക എന്നതാണ് അപര്‍ണ്ണയുടെയും ആഗ്രഹം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം അഭ്യസിച്ച തന്റെ മാതാപിതാക്കളുടെ പാത പിന്‍ തുടര്‍ന്ന് അവിടെ തന്നെ മെഡിസിന് അഡ്മിഷന്‍ കിട്ടണം എന്ന് തന്നെയാണ് അപര്‍ണ്ണയുടെ ആഗ്രഹവും.

മാതാപിതാക്കളെ പോലെ തന്നെ അപര്‍ണയ്ക്ക് എന്നും പ്രോത്സാഹനവും മാതൃകയുമായി നിന്നിരുന്നതും അപർണയുടെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു. പഠനത്തിലെന്ന പോലെ തന്നെ പഠ്യേതര വിഷയങ്ങളിലും കേമത്തിയാണ് ഈ മിടുക്കി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ക്ലാസ്സിക്കല്‍ ഡാന്‍സ് അഭ്യസിക്കുന്ന അപര്‍ണ്ണ യുക്മ നാഷണല്‍, റീജിയണല്‍ തലങ്ങളില്‍ ഫോക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം എന്നിവയില്‍ ഫസ്റ്റ് പ്രൈസ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ കലാ കായിക വേദികളില്‍ അവിഭാജ്യ ഘടകം കൂടിയാണ് ഈ കൊച്ചു മിടുക്കി.

ഗ്രാമര്‍ സ്‌കൂളുകളില്‍ യോഗ്യത നേടുവാനുള്ള പരീക്ഷയില്‍ തങ്ങളുടെ അനുഭവ സമ്പത്ത് ജി എം എ യിലെ തങ്ങളുടെ കുഞ്ഞു സഹോദരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവര്‍ക്കായി തങ്ങളുടെ വീട്ടില്‍ വെച്ച് തന്നെ കോച്ചിങ് ക്ലാസ്സുകളും ഈ സഹോദരികള്‍ ഒരുക്കുന്നുണ്ട്. പതിഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്ക് കീഴില്‍ ഇപ്പോള്‍ അഭ്യസിക്കുന്നത്. തന്റെ ആഗ്രഹം പോലെ തന്നെ ലോകമെങ്ങും അറിയപ്പെടുന്ന ഒരു മികച്ച ഡോക്ടര്‍ ആയി തീരട്ടെ എന്ന ആശംസകളുമായി ജി എം എ കുടുംബം ഒന്നടങ്കം തങ്ങളുടെ ഈ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. അലന് ഇത് അഭിമാന വിജയം

യുകെ മലയാളികള്‍ക്കും പ്രത്യേകിച്ച് ഡോര്‍സെറ്റ് മലയാളികള്‍ക്കും ഏറെ അഭിമാനമാവുകയാണ് അലന്‍ ഫിലിപ്പ്. ഡോര്‍സെറ്റിലെ ബോണ്‍മൗത്തില്‍ താമസിക്കുന്ന തോമസ് ഫിലിപ്പിന്റെയും മരിയ ചുമ്മാറിന്റെയും ഏക മകന്‍ കരസ്ഥമാക്കിയത് ഉന്നത വിജയം. ഫര്‍തര്‍ മാത്തമാറ്റിക്‌സിന് എ ഹാറ്റും മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാറും സ്വന്തമാക്കിയാണ് അലന്റെ ജൈത്രയാത്ര.

പൊളിറ്റിക്‌സ് ഇഷ്ട വിഷയമായ അലന്റെ നോട്ടം ലോകത്തിലെ തന്നെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ ഓക്സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലേക്കാണ്. ബോണ്‍മൗത്തിലെ തന്നെ സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ പഠിക്കുന്ന അലന്‍ പഠനത്തിലെന്നപോലെ തന്നെ പഠ്യേതര വിഷയങ്ങളിലും മുന്‍പന്തിയിലാണ്. സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന്റെ തന്നെ ബാര്‍ മോക്ക് ട്രയല്‍ ടീമില്‍ വര്‍ഷങ്ങളായി അംഗമായുള്ള അലന്‍ ഉള്‍പ്പെടുന്ന ടീമിന് യുകെയില്‍ നിന്നും നവംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ എംപയര്‍ ബാര്‍ മോക്ക് ട്രയല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്.

മികച്ച ഗായകന്‍ കൂടിയായ അലന്‍ സ്‌കൂളിലെ ബെസ്‌ററ് പോപ്പ് സിംഗര്‍ കൂടിയാണ്. യുക്മ കലാമേളകളിലെ സ്ഥിരം സമ്മാനജേതാവായ അലന്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലും ആംഗലേയത്തിലും ഒരുപോലെ തന്റെ പ്രാവീണ്യം തെളിയിക്കുന്നുണ്ട് . സംഗീതത്തില്‍ മാത്രമല്ല അഭിനയരംഗത്തും അലന്‍ തന്റെ വ്യക്തി പ്രഭാവം തെളിയിച്ചിട്ടുണ്ട്. സ്‌കൂളിന്റെ പ്രധാന ഡ്രാമ ടീമില്‍ അംഗമായ അലന്‍ സ്‌കൂള്‍ ഡ്രാമയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്തു പോരുന്നത്. വളരെ ചെറുപ്പത്തിലേ തന്നെ കരാട്ടെയില്‍ ബഌക്ക് ബെല്‍റ്റ് നേടിയിട്ടുള്ള അലന് എല്ലാക്കാര്യത്തിനും പൂര്‍ണ്ണ പിന്തുണ മാതാപിതാക്കളാണ്.

ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ അംഗവും മുന്‍ പ്രസിഡന്റ് കൂടിയുമായ തോമസ് ഫിലിപ്പ് തിരുവനന്തപുരം ആകാശവാണിയില്‍ സീനിയര്‍ പ്രോഗ്രാം എക്‌സിക്യു്റ്റിവ് ആയാണ് നാട്ടില്‍ ജോലി ചെയ്തിരുന്നത്. കിടങ്ങൂര്‍ മുളക്കല്‍ കുടുംബാംഗമായ തോമസ് ഫിലിപ്പിന്റെ ഭാര്യ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. അരീക്കര കൊണ്ടാടം പടവില്‍ കുടുംബാംഗമാണ്. അലന്‍ ഫിലിപ്പിന് യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍, സെക്രെട്ടറി സജീഷ് ടോം, സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സുജു ജോസഫ്, സെക്രെട്ടറി കെ എസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

പ്രസ്റ്റണിനടുത്ത് ചോര്‍ളിയില്‍ താമസിക്കുന്ന പുളിങ്കുന്ന് കാനാശ്ശേരില്‍ സിന്നി ജേക്കബ്ബ് സിനി സിന്നി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളായ ജാസിന്‍ ഫിലിപ്പ് 8 അ സ്റ്റാറും 2 എയും 1 ബിയും നേടിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്. ഹോളി ക്രോസ് കാത്തലിക് ഹൈസ്‌കൂളില്‍ നിന്നുമാണ് ജാസിന്‍ വിജയം നേടിയത്.

സയന്‍സ് മുഖ്യവിഷയമായെടുത്ത് മെഡിസിന് ചേരാന്‍ ആഗ്രഹിക്കുന്ന ജാസിന്‍ റണ്‍ഷോ കോളേജില്‍ എന്റോള്‍ ചെയ്തു. അക്കൗണ്ടന്റായ സിന്നിയും റോയല്‍ പ്രെസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സായ സിനിയും മകന്റെ മികച്ച വിജയത്തില്‍ വളരെയധികം സന്തോഷത്തിലാണ്. ജാസിന്റെ ഇളയ സഹോദരന്‍ ജസ്വിന്‍ 10 ല്‍ പഠിക്കുന്നു. സിന്നിയും കുടുംബവും ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്.11 എ സ്റ്റാറുമായി അലന്‍ ബേബിയും അനക്‌സ് വില്‍സണും

സൗത്തെന്‍ഡ് ഓണ്‍ സിയില്‍ താമസിക്കുന്ന അലന്‍ ബേബിക്ക് ജിസീഎസസീ പരീക്ഷയില്‍ ഉന്നത വിജയം. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ബേബി ജെക്കബ് ലിസ്സി ജെകോബ് ദമ്പതികളുടെ മകനാണ് അലന്‍ .നാട്ടില്‍ കോട്ടയം വൈക്കം വെള്ളൂര്‍ സ്വദേശിയാണ് ബേബി ജെകോബ്. ഒരു എ സ്റ്റാര്‍ വിത്ത് ഡിസ്റ്റിക്ഷ്ന്‍ . 10 എ സ്റ്റാര്‍സ് 2 എ യും ആണ് അലന് കിട്ടിയത്.

സൗത്ത് ഏന്‍ഡ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആണ് അലന്‍. സൗത്ത് ഏന്‍ഡ് എയര്‍ പോര്‍ട്ടില്‍ ആണ് ബേബി വര്‍ക്ക് ചെയ്യുന്നത്. ലിസ്സി സൗത്തെന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുന്നു. ക്‌നാനായക്കാര്‍ ആണ്. സ്‌കൂള്‍ ചെസ്സ് ടീം അംഗമാണ്. സൗത്ത് ഏന്‍ഡ് മലയാളി അസോസിയേഷന്‍ കള്‍ച്ചറല്‍ പ്രോഗാമുകളിലും അലന്‍ പങ്കെടുക്കാറുണ്ട്.

നോര്‍ത്താംപ്ടണിലെ അനക്‌സ് വില്‍സണ്‍ 11 എ സ്റ്റാറും ഒരു എയും നേടി തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. തൃശൂര്‍ സ്വദേശികളായ വില്‍സണ്‍ ഔസേപ്പ്-മാരീസ് വില്‍സണ്‍ ദമ്പതികളുടെ മകനാണ്. അനക്‌സ്. നോര്‍ത്താംപ്ടണിലെ തോമസ് ബെക്കറ്റ് സ്‌കൂളില്‍ പഠിക്കുന്ന അനലക്‌സിന് മാത്സ്, ഫര്‍തര്‍ മാക്‌സ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് ലിറ്ററേറ്റര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ബിസിനസ് സ്റ്റഡീസ്, ജോഗ്രഫി, റിലീജിയസ് സ്റ്റഡീസ്, ഹിസ്റ്ററി വിഷയങ്ങള്‍ക്കാണ് എ സ്റ്റാര്‍ ലഭിച്ചത്. സ്പാനിഷിന് എ ഗ്രേഡും ലഭിച്ചു.

ഒമ്പത് നക്ഷത്ര തിളക്കവുമായി ഗിലി ഗിസണും നിമിഷ ഷാജിയും ഒന്‍പത് എ സ്റ്റാറുകളുമായി തിളക്കമേറിയ വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് ഗിലി ഗിസണും നിമിഷ ഷാജിയും. ഒന്‍പത് എ സ്റ്റാറിനു പുറമേ മൂന്ന് എയും ഗിലിയുടെ അക്കൗണ്ടിലുണ്ട്. പീറ്റേഴ്‌സ്ഫീല്‍ഡ് സ്‌കൂളിലായിരുന്നു ഗിലിയുടെ പഠനം. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്സ് എന്നിവയെടുത്ത് ഹാവന്ത് കോളജില്‍ എ ലെവലിന് ചേരാനാണ് ഈ മിടുക്കിക്കു താല്‍പര്യം. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജി.സി.എസ്.ഇ. മാത്സ്, ഇംഗ്ലീഷ് ലിറ്റ്‌റേച്ചര്‍, കമ്പ്യൂട്ടിംഗ്, ഹിസ്റ്ററി, ഐ.സി.ടി. നാഷണല്‍സ് എന്നിവയിലാണ് ഗിലിക്ക് എ സ്റ്റാര്‍ ലഭിച്ചത്. അങ്കമാലി, മൂക്കന്നൂര്‍ സ്വദേശിയായ ഗിസണ്‍ സെബാസ്റ്റിയന്‍-പൗളി ഗിസണ്‍ ദമ്പതികളുടെ മകളാണ ഗിലി. ഹാവന്ത് കോളജ് വിദ്യാര്‍ഥിനിയായ ഗെയ്ന്‍ ഗിസണ്‍ സഹോദരിയാണ്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്സ് വിഷയങ്ങളില്‍ എലെവല്‍ വിദ്യാര്‍ഥിനിയാണ് ഗെയ്ന്‍.

ഒമ്പത് എ സ്റ്റാറുമായി സ്‌റ്റോക്‌പോര്‍ട്ടിലെ മലയാളിക്കുട്ടികള്‍ക്കിടയിലെ തിളങ്ങുന്ന താരമായിരിക്കുകയാണ് നിമിഷ ഷാജി. മാത്സ്, ഫര്‍തര്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഗ്രാഫിക്‌സ്, ഇംഗ്ലീഷ് സാഹിത്യം, ഫ്രഞ്ച് എന്നിവയിലാണ് നിമിഷയ്ക്ക് എ സ്റ്റാര്‍ ലഭിച്ചത്. ഇതിനുപുറമേ ഇംഗ്ലീഷ് ഭാഷ, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നിവയില്‍ എ നേടാനും നിമിഷയ്ക്കായി. സ്‌റ്റോക് പോര്‍ട്ടിലെ ബ്രംഹാള്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. എറണാകുളത്തെ രാമമംഗലം സ്വദേശിയായ ഷാജി ജോസഫിന്റെയും സാറാമ്മ ഷാജിയുടെയും മകളാണ് നിമിഷ. ഇരുവരും എന്‍.എച്ച്.എസിലാണ് ജോലി ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ നികിത ഷാജി സഹോദരിയാണ്.ഐലിന്‍ ആന്റോ ബെര്‍ക്കിന്‍ഹെഡിലെ ഹീറോ

ജി.സി.എസ്.ഇയില്‍ ആറ് എ പ്ലസും നാല് എയും നേടി ഐലിന്‍ ആന്റോ ബെര്‍ക്കിന്‍ ഹെഡ് മലയാളി സമൂഹത്തിന്റെ ഹീറോയായി. തനിക്ക് ഉന്നത വിജയം നേടിത്തന്ന ബിബിംഗ്‌ടോണ്‍ കാത്തലിക് കോളജില്‍ത്തന്നെ ഉപരിപഠനം നടത്താനാണ് ഐലിനു താല്‍പര്യം. ഭാവിയില്‍ ഡോക്ടറായി സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യണമെന്നാണ് ആഗ്രഹം. പഠനത്തിലെ മികവിനുപുറമേ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് ഐലിന്‍. ബോളിവുഡ് ഡാന്‍സും ഫ്‌ളോക്ക് ഡാന്‍സും ഏറെ ഇഷ്ടപ്പെടുന്ന ഐലിന്റെ കലാമികവിന് യുക്മ ഉള്‍പ്പെടെയുള്ള അസോസിയേഷനുകളുടെ പുരസ്‌കാരങ്ങള്‍ തന്നെ സാക്ഷ്യം.

കോടഞ്ചേരിയില്‍നിന്ന് ബെര്‍ക്കിന്‍ ഹെഡിലേക്കു കുടിയേറിയ ആന്റോ-സോഫി ദമ്പതികളുടെ മകളായ ഐലിന് ഒരു ഇളയ സഹോദരനും ഉണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ. നേതാവായിരുന്നു ആന്റോ. കോടഞ്ചേരി വിളകുന്നേല്‍ കുടുബാഗമാണ്. ആന്റോയുടെ പിതാവ് ജോസ് വര്‍ഗീസും സി.പി.എം. നേതാവെന്ന നിലയില്‍ നാട്ടില്‍ സ്വീകാര്യനായിരുന്നു. ജീരകപ്പാറ കുടിയിറക്ക് സമരത്തില്‍ എ.കെ.ജിയോടൊപ്പം ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശക അംഗംകൂടിയാണ് ആന്റോ ജോസ്.

ബ്രിസ്റ്റോളിലും മലയാളികള്‍ക്ക് തിളക്കമാര്‍ന്ന വിജയം

ബ്രിസ്റ്റോള്∙മുന്‍ വര്‍ഷങ്ങളില്‍ നിന്നു കഠിനമായിരുന്ന ഇത്തവണത്തെ ജിസിഎസ്ഇ പരീക്ഷയില്‍ ബ്രിസ്റ്റോളില്‍ നിന്നുള്ള മലയാളി കുട്ടികള്‍ക്കും ഗംഭീര വിജയം. ബ്രിസ്‌റ്റോളിലെ വിവിധ സ്‌കൂളുകളില്‍ ഒന്നാം നിരയിലുള്ള സ്ഥാനവും മലയാളി കുട്ടികള്‍ക്ക് തന്നെ.

ബ്രിസ്റ്റോള്‍ സെന്റ് ബീഡ്‌സ് കാത്തലിക് സ്‌കൂള്‍ വിദ്യാര്‍ഥി ഡേവിസ് ജോണ്‍ പതിനൊന്ന് എ സ്റ്റാറുകളോടെ മിന്നുന്ന വിജയമാണ് കൊയ്ത്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലുള്ള കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗവും ബ്രിസ്റ്റോളില്‍ ഫിനാന്‍ഷ്യല്‍ കമ്പനി ഉദ്യോഗസ്ഥനുമായ തങ്കച്ചന്‍ ജോസഫിന്റെയും സൗത്ത്‌മേഡ് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് സിസിലി വര്‍ക്കിയുടെയും മൂന്ന് മക്കളില്‍ രണ്ടാമനാണ് ഡേവിസ്. മൂത്ത സഹോദരി ദിവ്യാ ജോണ്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ എം ഫാം വിദ്യാര്‍ത്ഥിനിയും ഇളയ സഹോദരന്‍ ഡാനിയേല്‍ ജോണ്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഐസിടി, ഫ്രഞ്ച് എന്നിവയില്‍ 100 ശതമാനം മാര്‍ക്കോടുകൂടിയാണ് ഡേവിസ് ജോണ്‍ മുന്‍പന്തിയിലെത്തിയത്.

കമ്പ്യൂട്ടര്‍ വിദഗ്ധന്‍ സജി വര്‍ഗീസിന്റേയും സ്റ്റാഫ് നേഴ്‌സ് സാലി തോമസിന്റെയും മകന്‍ ടിന്‍ സജി വര്‍ഗീസ് ഒന്‍പത് എ സ്റ്റാറുകളും 2 എ യും നേടിയപ്പോള്‍ ബ്രിസ്റ്റോള്‍ കോള്‍സ്റ്റന്‍ ഗേള്‍സ് സ്‌കൂളിലെ ആഗ്‌നല്‍ തെരേസ അളിയത്ത് 8 എ സ്റ്റാറുകളും 3 എ യും നേടി. ഇരിഞ്ഞാലക്കുട കല്ലേറ്റിങ്കര അളിയത്ത് കുടുംബാഗവും യുകെ സിവില്‍ സര്‍വീസില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബാബു അളിയത്തിന്റെയും അങ്കമാലി മൂഞ്ഞേലി കുടുംബാംഗവും ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സീനിയര്‍ സ്റ്റാഫ് നഴ്‌സുമായ ഷീബാ അളിയത്തിന്റെയും മൂന്നു മക്കളില്‍ മൂത്തയാളാണ് ആഗ്‌നല്‍. അലക്‌സാണ്ടര്‍ അളിയത്ത്, ബെഞ്ചമിന്‍ അളിയത്ത് എന്നിവരാണ് സഹോദരങ്ങള്‍.

അഭിമാനംകാത്ത് ടോമിച്ചന്‍ കൊഴുവനാലിന്റെ മകള്‍ ഏയ്ഞ്ചലിന്‍

പ്രവാസി കേരളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനുമായ ടോമിച്ചന്‍ കൊഴുവനാലിന്റെ മകള്‍ എയ്ഞ്ചലിന്‍ അഗസ്റ്റിന്‍ ജി.സി.എസ്.ഇ. പരീക്ഷയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഏഴു വിഷയങ്ങളില്‍ എ സ്റ്റാറും രണ്ടു വിഷയങ്ങളില്‍ എയും നേടിയാണ് എയ്ഞ്‌ലിന്‍ മികച്ച വിജയം സ്വന്തമാക്കിയത്. കോട്ടയം ജില്ലയിലെ പാലാ കൊഴുവനാല്‍ സ്വദേശിയാണ് ടോമിച്ചന്‍. റെനിമോളാണ് ഏയഞ്ചലിന്റെ മാതാവ്. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ലിറ്ററേച്ചര്‍, കംപ്യൂട്ടര്‍, ഇറ്റാലിയന്‍ ആന്‍ഡ് റിലീജിയസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് എ സ്റ്റാര്‍ നേടിയത്. മാത്തമാറ്റിക്‌സിലും ഗ്രാഫിക് ഡിസൈനിലും എ നേടി.

പഠനരംഗത്തു മാത്രമല്ല കലാപരമായും എയ്ഞ്ചലിന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടാലന്റ് ഷോയിലും വോക്കിംഗ് മലയാളി അസോസിയേഷന്‍, യുക്മ തുടങ്ങിയ സംഘടനകളുടെ പരിപാടികളിലും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. യുക്മ രാജ്യവ്യാപകമായി സംഘടിപ്പിച്ച ലേഖനമെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം എയ്ഞ്ചലിനായിരുന്നു. സറൈ സ്‌കൂള്‍ ടാലന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഹോദരി എമിലിന്‍ അഗസ്റ്റിന്‍ സലേഷ്യന്‍ സ്‌കൂള്‍ ഒൊര്‍ട്‌സേയില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. സഹോദരന്‍ ബെന്‍ അഗസ്റ്റിന്‍ ദി മാരിസ്റ്റ് സ്‌കൂള്‍ വെസ്റ്റ് ബൈഫഌറ്റില്‍ വിദ്യാര്‍ഥിയാണ്.

വാർത്ത∙ഷൈമോൻ തോട്ടുങ്കൽ
 

Your Rating: