Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയുടെ നിറവിൽ ജർമനിയിൽ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു

thieunal-1

കൊളോൺ∙ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മുപ്പത്തിയാറാമത് ഇടവക ദിനവും പൂർവ്വാധികം ഭംഗിയായി ഭക്തിനിർഭരമായ കർമ്മങ്ങളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു.

thirunal-7

ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയ്ക്ക് ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാർമ്മികത്വത്തിൽ ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം കൊടിയേറ്റിയതോടെ ദ്വിദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഫാ.തോമസ് ചാലിൽ സിഎംഐ, ഫാ.തോമസ് വാഴക്കാലായിൽ സിഎംഐ എന്നിവർ സഹകാർമ്മികരായിരുന്നു.

thirunal-3

നടപ്പുവർഷത്തെ പ്രസുദേന്തിയായ ടോമി തടത്തിലിന്റെ നേതൃത്വത്തിൽ കൊടിയും വഹിച്ച് മുൻ പ്രസുദേന്തിമാരുടെയും സമൂഹത്തിന്റെയും അകമ്പടിയോടെ പള്ളിയിൽ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഇഗ്നേഷ്യസ് അച്ചൻ കൊടിയേറ്റിയത്. കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷങ്ങൾ നടന്നത്.

thirunal-4

ഞായറാഴ്ച രാവിലെ പത്തു മണിയ്ക്ക് നടന്ന തിരുനാൾ കുർബാനയിൽ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാർമ്മികനായിരുന്നു. ഫാ.ജോമോൻ മുളയരിയ്ക്കൽ, ഫാ.ജോസ്, ഫാ.ജെയ്സൺ എന്നിവർക്കൊപ്പം ജർമൻ വൈദികരും സഹകാർമ്മികരായി. ഫാ.തോമസ് വാഴക്കാലായിൽ സിഎംഐ തിരുനാൾ സന്ദേശം നൽകി. കമ്യൂണിറ്റിയുടെ ഭാഗമായ യുവജനഗായക സംഘം ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്തിയുടെ ചൈതന്യത്തിൽ സജീവമാക്കി.

thirunal-5

പ്രസുദേന്തി വാഴ്ചയിൽ ഈ വർഷത്തെ പ്രസുദേന്തിയ്ക്കൊപ്പം അടുത്ത വർഷത്തെ പ്രസുദേന്തിയായ ജോണി അരീക്കാട്ടിനെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നൽകി ആശീർവദിച്ചു. ജിം ജോർജ്, ജോയൽ കുമ്പിളുവേലിൽ, ഡാനി ചാലായിൽ, വിവിയൻ അട്ടിപ്പേറ്റി, നോബിൾ കോയിക്കേരിൽ, നോയൽ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷകരായിരുന്നു.

thirunal-2

ദിവ്യബലിയ്ക്കു ശേഷം കുരിശ്, കൊടികൾ, പേപ്പൽ പതാകകൾ, മുത്തുക്കുടകൾ എന്നിവ കൈയ്യിലേന്തി മരിയൻ പ്രാർത്ഥനയും ഉരുവിട്ട് പ്രദക്ഷിണം നടന്നു. തേക്കിൻ തടിയിൽ തീർത്ത് കേരളത്തിൽ നിന്നും കൊണ്ടുവന്ന രൂപക്കൂടിൽ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നഗരം ചുറ്റിനടന്ന പ്രദക്ഷിണത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ പങ്കെടുത്തത് മാതാവിനോടുള്ള ഭയഭക്തി വിശ്വാസ ബഹുമാനങ്ങൾ വിളിച്ചോതുന്ന കേരളത്തിലെ പാരമ്പര്യ ആചാരത്തെയും ക്രൈസ്തവ പെരുനാളുകളെയും ഓർമ്മിപ്പിയ്ക്കുന്നതായിരുന്നു. വെഞ്ചരിച്ച നേർച്ച വിളമ്പിനു ശേഷം സമൂഹവിരുന്നും നടന്നു.

thirunal-8

ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് ദേവാലയ അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ജർമനിയിലെ മലയാളികളിലെ രണ്ടാം തലമുറക്കാരി ജോയിസ് കുന്നച്ചേരിൽ ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ. സ്വാഗതം ആശംസിച്ചു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, മാർക്കുസ് ഹീഗ്, ഫ്രൗ യുങ്കെ, പ്രസുദേന്തി കുടുംബങ്ങളായ ടോമി, ഫിലോ തടത്തിൽ, ജോണി, അൽഫോൻസാ അരീക്കാട്ട് എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർക്കുസ് ഹീഗ്, ഫ്രൗ യുങ്കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

thirunal-9

തുടർന്നു ജർമൻ മലയാളി സമൂഹത്തിലെ ഒന്നും രണ്ടും മൂന്നും തലമുറക്കാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ തിരുനാളാഘോഷത്തിന് മാറ്റുകൂട്ടി. രണ്ടാം തലമുറക്കാരിയും നർത്തകിയുമായ നിക്കോൾ കാരുവള്ളിൽ പരിപാടികളുടെ അവതാരകയായി.

thirunal-11

ജർമനിയിൽ നിന്നും കേരളത്തിലേയ്ക്കുള്ള എമിരേറ്റ്സ് എയർവേയ്സിന്റെ ഒരു ടു ആന്റ് ഫ്രോ എയർടിക്കറ്റ് (ഒന്നാം സമ്മാനം) ഉൾപ്പടെ ആകർഷകങ്ങളായ 10 സമ്മാനങ്ങളോടുകൂടിയ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തി. ജർമനിയിലെ മുൻനിര ട്രാവൽ ഏജൻസി വുപ്പർത്താലിലെ ലോട്ടസ് ട്രാവൽസ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ എയർ ടിക്കറ്റ് ലോട്ടസ് ട്രാവൽസ് എംഡി സണ്ണി തോമസ് കോട്ടയ്ക്കമണ്ണിൽ സമ്മേളനത്തിൽ കൈമാറി. ലോട്ടറിയിൽ വിജയികളായവർക്കുള്ള മറ്റു ഒൻപതു സമ്മാനങ്ങൾ മാർക്കൂസ് ഹീഗ് വിതരണം ചെയ്തു.

thirunal-10

തിരുനാളിനോടനുബന്ധിച്ച് തികച്ചും കേരളത്തനിമയിൽ പള്ളിയിലെ അൾത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവർണ്ണ തോരണങ്ങളാൽ കമനീയമായി അലങ്കരിച്ചിരുന്നു. എങ്ങും നിരത്തിയിരുന്ന മുത്തുക്കുടകളും വർണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ തിരുനാളുകളുടെ മധുരസ്മരണ വിളിച്ചുണർത്താൻ ഉതകുന്നതും കേരളത്തിലെ സിറോ മലബാർ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിയ്ക്കുന്നവയുമായിരുന്നു.

തൊടുപുഴ സ്വദേശി ടോമി തടത്തിൽ കുടുംബമായിരുന്നു നടപ്പു വർഷത്തെ പ്രസുദേന്തി. ടോമിയുടെ ഭാര്യ ഫിലോ മക്കളായ ഡെന്നീസ്, ജെൻസ് എന്നിവരുടെയും തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപീകരിച്ച 19 കമ്മറ്റികളിലായി നൂറ്റിമുപ്പതിലേറെ വരുന്ന കമ്മിറ്റിയംഗങ്ങൾക്കു പുറമേ കമ്യൂണിറ്റിയുടെ കോർഡിനേഷൻ കമ്മറ്റി കൺവീനർ ഡേവീസ് വടക്കുംചേരി, കമ്മറ്റിയംഗങ്ങളായ മേഴ്സി തടത്തിൽ (സെക്രട്ടറി), ആന്റണി സഖറിയാ, ഷീബ കല്ലറയ്ക്കൽ, എൽസി വേലൂക്കാരൻ, സാബു കോയിക്കേരിൽ, ബെന്നിച്ചൻ കോലത്ത്, ജോസ് കുറുമുണ്ടയിൽ, ബേബി നെടുംങ്കല്ലേൽ എന്നിവരുടെ അകമഴിഞ്ഞ ഒത്തൊരുമയും പ്രവർത്തനവും തിരുനാളിന്റെ വിജയത്തിന് മുതൽക്കൂട്ടായി. നിശ്ചല ദൃശ്യങ്ങൾ ജോസ് കുമ്പിളുവേലിൽ, ജെൻസ് കുമ്പിളുവേലിൽ എന്നിവരും, ചലന ദൃശ്യങ്ങൾ ജോസ് മറ്റത്തിൽ, ബൈജു പോൾ എന്നിവരും കൈകാര്യം ചെയ്തു.

thirunal-13

കൊളോൺ കർദ്ദിനാളിന്റെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ പ്രവർത്തനം 1969ലാണ് ആരംഭിച്ചത്. എഴുനൂറ്റിയൻപതിലേറെ കുടുംബങ്ങൾ കമ്യൂണിറ്റിയിൽ അംഗങ്ങളായുണ്ട്. ജർമനിയിലെ കൊളോൺ എസ്സൻ, ആഹൻ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി. കഴിഞ്ഞ പതിനാറു വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

തിരുനാളിന്റെ പങ്കെടുത്തവർക്കും വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചവർക്കും ടോമി തടത്തിൽ നന്ദി പറഞ്ഞു. നിയുക്ത പ്രസുദേന്തി ജോണി അരീക്കാട്ട് വരുംവർഷത്തെ തിരുനാളിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

thirunal-12

തുടർന്ന് ഇഗ്നേഷ്യസച്ചൻ കൊടിയിറക്കിയതോടെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മുപ്പത്തിയാറാാം തിരുനാളിന് സമാപനമായി. 2017 ലെ പെരുനാൾ ജൂലൈ 8,9 തീയതികളിൽ നടക്കുമെന്ന് ഇഗ്നേഷ്യസച്ചൻ അറിയിച്ചു. 

Your Rating: