Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിജി വിക്ടർ ചിത്രപ്രദർശനം സജീഷ് ടോം ഉദ്‌ഘാടനം ചെയ്തു - യുക്മ സാംസ്ക്കാരികവേദിക്ക് അഭിമാന നിമിഷം  

gg-victor-photogallery10

ബർമിങ്ഹാം∙യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിജി വിക്ടർ ചിത്രപ്രദർശനം വർണ്ണാഭമായി. ഇന്ത്യയിലും യുകെയിലും എന്നപോലെ മറ്റു പല രാജ്യങ്ങളിലും ചിത്രരചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതിഭാധനനായ കലാകാരനാണ് ജിജി.

gg-victor-photogallery0

യുക്മയുടെ ഒരു സഹയാത്രികൻ കൂടിയായ ജിജിയുടെ പെയിന്റിങ്ങുകളുടെ ഒരു പ്രദർശനം 2014 ലെ യുക്മ ദേശീയ കലാമേളയോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. പ്രദർശനം വീക്ഷിച്ചവരിൽനിന്നും അന്നു ലഭിച്ച മികച്ച പ്രതികരണമാണ് ഇത്തരമൊരു ചിത്രപ്രദർശനം നടത്താൻ യുക്മ സാംസ്ക്കാരികവേദിക്ക് പ്രേരകമായത്. സ്വിണ്ടനിൽ നടന്ന പ്രദർശനം യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം ഉദ്‌ഘാടനം ചെയ്തു. ജിജിയെപ്പോലെ അനുഗ്രഹീതനായ ഒരു കലാകാരൻ നമ്മിലൊരാളായി നമ്മോടൊപ്പം ഉണ്ട് എന്ന തിരിച്ചറിവുതന്നെ യുകെ മലയാളി സമൂഹത്തിനും യുക്മയ്ക്കും അഭിമാനകരമാണെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സജീഷ് ടോം അഭിപ്രായപ്പെട്ടു.

gg-victor-photogallery8

അക്രിലിക് പെയ്ന്റിങ്ങില്‍ തീര്‍ത്ത ഏഴു വ്യത്യസ്ത ഭാവതലത്തിലുള്ള ചിത്രങ്ങളുമായാണ് ജിജി ഇത്തവണത്തെ ചിത്രപ്രദർശനത്തിനെത്തിയത്. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ നിരവധി കലാസ്വാദകർ ചിത്രപ്രദർശനം കാണാൻ രാവിലെ മുതൽ എത്തിക്കൊണ്ടിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, യുക്മ സാംസ്ക്കാരികവേദി നേതാക്കളായ തമ്പി ജോസ്, സി.എ.ജോസഫ് തുടങ്ങിയവർ ചിത്രപ്രദർശനം വീക്ഷിക്കുവാനും ജിജിക്ക്‌ ആശംസ അർപ്പിക്കാനെത്തിച്ചേർന്നിരുന്നു. യുക്മയ്ക്കുവേണ്ടി പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, ജിജി വിക്ടറിനു ശിൽപവും പ്രശംസാപത്രവും സമ്മാനിച്ചു.

അഞ്ചാം വയസ്സുമുതല്‍ നിറങ്ങളെ ഒപ്പം കൂട്ടിയ ജിജി സ്‌കൂളുകളിലും കോളജുകളിലും പെയിന്റിങ് മത്സരങ്ങളിൽ ‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും പലതവണ‍ കലാപ്രതിഭ പട്ടം ചൂടുകയും ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി തലത്തിലും പെയ്ന്റിങ് - സ്‌കള്‍പ്ചര്‍ മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്, എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം യുകെയിലെ എക്‌സീറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോതെറാപ്പിയും വെല്‍ബീയിംഗ് പ്രാക്ടീഷണർ ട്രയിനിംഗിലും യോഗ്യതകള്‍ കരസ്ഥമാക്കിയ ജിജി, സ്വിന്‍ഡന്‍ എന്‍എച്ച്എസില്‍ ലോക്കം സൈക്കോളജി പ്രാക്ടീഷണര്‍ ആയി ജോലിചെയ്യുന്നു. യുകെയിലെ വില്‍ഷയര്‍ മലയാളി അസോസിയേഷന്റെ സജീവ അംഗമായ ജിജി അവതാരകന്‍, ഡാന്‍സ് പെര്‍ഫോമര്‍, സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും പ്രസിദ്ധനാണ്. ഭര്‍ത്താവിന്റെ കലയിലും ഔദ്യോഗിക ജീവിതത്തിലും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഭാര്യ ബിന്‍സി സ്വിന്‍ഡനില്‍ തിയേറ്റര്‍ പ്രാക്ടീഷണറാണ്. ഹന്നയും ജോഷ്വയുമാണ് ഇവരുടെ മക്കള്‍.

gg-victor-photogallery6

യുക്മ സാംസ്ക്കാരികവേദിക്ക് ഇതു മറ്റൊരു അഭിമാനനിമിഷം കൂടിയാവുന്നു. 2015 മാർച്ചിൽ ചുമതലയേറ്റ നിലവിലുള്ള സാംസ്ക്കാരികവേദി ഭരണസമിതിയുടെ മറ്റൊരു ജനശ്രദ്ധ ആകർഷിച്ച പരിപാടിയായിമാറി  ജിജി വിക്ടർ  ചിത്രപ്രദർശനം. യു.കെ.മലയാളികൾക്കിടയിൽ തന്നെ ആദ്യ മ്യുസിക്കൽ റിയാലിറ്റി ഷോആയ 'യുക്മ സ്റ്റാർ സിംഗർ'- സീസൺ 2 വിജയകരമായി പൂർത്തിയാകാനായത് സാംസ്ക്കാരികവേദിക്ക് വലിയൊരു അംഗീകാരം തന്നെയായിരുന്നു. എല്ലാ മാസവും 10നു പുറത്തിറങ്ങുന്ന "ജ്വാല" ഇ-മാഗസിൻ,  ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൾ യുകെ. സാഹിത്യ മത്സരം, ദേശീയ ചിത്രരചനാ മത്സരം തുടങ്ങിയവയും യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് യു.കെ.പ്രവാസി മലയാളി സമൂഹത്തിൽ കലയേയും കലാകാരന്മാരേയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള യുക്മ സാംസ്ക്കാരികവേദിയുടെ എളിയ പരിശ്രമങ്ങൾ ആയിരുന്നു. പിന്നിട്ട നാൾവഴികളിൽ ലഭിച്ച എല്ലാവിധ പിന്തുണക്കും പ്രോത്സാഹനങ്ങൾക്കും യുക്മ സാംസ്ക്കാരിക വേദിയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ

വാർത്ത∙തമ്പി ജോസ്  
 

Your Rating: