Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകമലയാളികൾക്ക് തിരുവോണാശംസകളോടെ 'ജ്വാല' സെപ്റ്റംബർ ലക്കം പുറത്തിറങ്ങി

പുറത്തിറങ്ങി. യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്ക്കാരിക വിഭാഗമായ 'യുക്മ സാംസ്ക്കാരികവേദി' പ്രസിദ്ധീകരണമായ ജ്വാലയുടെ ഇരുപത്തിമൂന്നാം ലക്കമാണ് വായനക്കാരുടെ മുന്നിലേക്കെത്തുന്നത്.

ചീഫ് എഡിറ്ററും ജ്വാലയുടെ ഓരോ ലക്കത്തിന്റെയും പിറകിലെ ശില്പിയുമായ റജി നന്തികാട്ടിന്റെ പിതാവിന്റെ ആകസ്മികമായ നിര്യാണത്തെ തുടർന്നുണ്ടായ അസൗകര്യങ്ങൾ പോലും കണക്കിലെടുക്കാതെ സെപ്റ്റംബർ ലക്കവും കൃത്യമായി അണിയിച്ചൊരുക്കിയ ആത്മാർഥത തികച്ചും അഭിനന്ദനീയമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, ജനറൽ സെക്രട്ടറി സജീഷ് ടോം എന്നിവർ പറഞ്ഞു. റജിയുടെ പിതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

എഡിറ്റോറിയലോടുകൂടി ആരംഭിക്കുന്ന വായനാനുഭവം ഓണനിലാവിന്റെ കുളിരോടെ അനുവാചകരിലേക്കു കിനിഞ്ഞിറങ്ങുന്നു. എല്ലാ മലയാളികൾക്കും തിരുവോണാശംസകൾ നേരുന്നതിനോടൊപ്പം സാമൂഹ്യാവബോധത്തിന്റെ ഉണർത്തുപാട്ടുകൂടിയാവുന്നു റജി നന്തികാട്ടിന്റെ ഈ ലക്കത്തിലെ എഡിറ്റോറിയൽ. ബാബു ആലപ്പുഴയുടെ "മുത്തുവിന്റെ വീട്" എന്ന കഥയിൽ അനാഥത്വത്തിന്റെ വിഹ്വലതകളും നെടുവീർപ്പുകളും ഉയർന്നു കേൾക്കുന്നു. തുടർന്നു വരുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ ചെറു കവിത "ട്യൂഷൻ" അനുവാചകരിൽ കൗതുകം ഉണർത്തുന്ന ഒന്നാണ്. നാടക ശാഖയുടെ വളർച്ചാ പരിണാമങ്ങൾ വിവരിക്കുന്ന വി.കെ.പ്രഭാകരന്റെ "അരങ്ങിലെ ദിശാസൂചികൾ" എന്ന ലേഖനം സാമൂഹ്യ നവോഥാനത്തിൽ നാടകവേദികളുടെ സംഭാവനകളും ചർച്ച ചെയ്യുന്നു.

വായനയുടെ താളുകൾ മറിക്കുമ്പോൾ അടുത്തതായി അജിത തമ്പിയുടെ കവിത "പ്രണയത്തെപ്പറ്റി പഴയമട്ടിൽ" കാണാകുന്നു. സുസ്മേഷ് ചന്ദ്രോത്തിന്റെ "ഓർമ്മകളുടെ കാവ്യനീതി" എന്ന അനുഭവ വിവരണം, സ്വാനുഭവമാണോ കഥയാണോ എന്ന് വായനക്കാരുടെ ഉള്ളിൽ വാഗ്വാദം സൃഷ്ടിക്കുന്ന വാങ്മയ വിസ്മയം തന്നെയാണ്. പ്രശസ്ത ചിത്രകാരനായ ജി.രാജേന്ദ്രനുമായി സുരേഷ് കൂത്തുപറമ്പ് നടത്തുന്ന "കേരളീയ ചിത്രകലയുടെ വർത്തമാനം" എന്ന അഭിമുഖം കഴിഞ്ഞ തലമുറയിലെ ചിത്രകലാ രംഗത്തിന്റെ ഒരു നേർക്കാഴ്ചയാകുന്നു, ഒപ്പം വർത്തമാനകാലത്തിന്റെ മാറിയ സാഹചര്യങ്ങളുമായി ഒരു താരതമ്യ പഠനവും.

ദേവസേനയുടെ കവിത "804 ലെ ഷീല പറഞ്ഞത്" നു ശേഷം പി.സോമനാഥന്റെ "പോയമര്യാദകൾ ആനപിടിച്ചാലും കിട്ടില്ല" എന്ന ലേഖനം ആസ്വാദകർക്ക് മുന്നിൽ എത്തുന്നു. ഗ്രാമത്തിന്റെ ചില നല്ല ശീലങ്ങൾ കൈമോശം വന്നു എന്ന തിരിച്ചറിവ് നമ്മിൽ നഷ്ടബോധം ഉണർത്തുകതന്നെ ചെയ്യും. ഒപ്പം മറവിയുടെ മാറാലകൾക്കിടയിൽ എവിടെയോ മറഞ്ഞുകിടന്നിരുന്ന ചില നന്മനിറഞ്ഞ ശീലങ്ങൾ ഓർത്തെടുക്കാൻ ഒരു അവസരവും.

ആശുപത്രി കിടക്കയിൽവച്ചുണ്ടായ ഹൃദയസ്പർശിയായ ഒരു അനുഭവം ഹൃദയത്തിലെ നന്മയോടു ചേർത്തുവച്ചു വിവരിക്കുന്ന ഇ. ഹരികുമാറിന്റെ "ജന്മാന്തരങ്ങൾക്കപ്പുറത്തുനിന്നൊരു വിളി" എന്ന അനുഭവ വിവരണം അതീവഹൃദ്യമാണ്‌. തുടർന്ന് വരുന്നത് ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ "നിഴൽ" എന്ന വ്യത്യസ്തമായ ഒരു കവിതയാണ്. ജ്വാല സെപ്റ്റംബർ ലക്കത്തിലെ അവസാന വായനക്കായി എത്തുന്നത് പി.സോമലതയുടെ "ഒറ്റമുലച്ചി" എന്ന കഥയാണ്. ആസ്വാദകന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ശക്തമായ ഭാഷയും കൃത്യതയാർന്ന ആഖ്യാന ശൈലിയും കൊണ്ട് ഈ കഥ നല്ലൊരു വായനാനുഭവം പകർന്നു തരും എന്നതിൽ സംശയമില്ല.

ഷെഫീൽഡിൽ നിന്നുള്ള ഡോണ വിൻസന്റാണ് സെപ്റ്റംബർ ലക്കം ജ്വാലയുടെ മുഖചിത്രം. യുക്മ ദേശീയ കലാമേളയിൽ തിരുവാതിരക്കും സമൂഹഗാനത്തിനും ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഡോണയുടെ ചിത്രം ക്യാമറയിൽ പകർത്തിയത് "ബെറ്റർ ഫ്രെയ്‌മിസ്, യുകെ"യുടെ രാജേഷ് നടേപ്പിള്ളിയാണ്. കൃത്യതയോടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്കൊപ്പം അതിമനോഹരങ്ങളായ ചായക്കൂട്ടുകൾകൊണ്ട് വിഷയത്തിന് അനുയോജ്യമായ രംഗപടം ഒരുക്കി ലോകമലയാളി ഇ-മാഗസിനുകളിൽ എല്ലാ അർത്ഥത്തിലും ജ്വാല ഗണ്യമായ സ്ഥാനം ഉറപ്പിക്കുന്നു.

jwalaemagazine@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ "ജ്വാല"യിലേക്ക് കൃതികൾ അയക്കാവുന്നതാണ്. സെപ്റ്റംബർ ലക്കം വായിക്കുവാൻ താഴെ കൊടത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:- https://issuu.com/jwalaemagazine/docs/september_2016.

വാർത്ത∙ സുജു ജോസഫ്

Your Rating: