Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക വിവാദത്തിൽ കുടുങ്ങിയ കീത്ത് വാസ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ഇന്ത്യൻ മുഖം

keith

ലണ്ടൻ∙ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഇന്ത്യൻ മുഖങ്ങളിൽ തിളങ്ങിനിന്ന താരമായിരുന്നു ലൈംഗിക വിവാദത്തിൽ തലതാഴ്ത്തി നിൽക്കുന്ന ലേബർ എം.പി. കീത്ത് വാസ്. മുൻമന്ത്രിയും പാർലമെന്റിലെ ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷനുമായിരുന്ന കീത്ത് ടോണി ബ്ലെയറുടെ വിശ്വസ്തനായാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നത്. 29 വർഷമായി തുടർച്ചയായി എംപി സ്ഥാനത്തുള്ള കീത്തിന് വിവാദങ്ങൾ പുത്തരിയല്ലെങ്കിലും ഇത്തവണത്തെ ആരോപണങ്ങളെ അതിജീവിക്കുക എളുപ്പമല്ല. പൊതുരംഗത്ത് പിടിച്ചുനിന്നാലും വ്യക്തിജീവിതത്തിൽ വലിയ തിരിച്ചടിയുണ്ടാകുന്ന ആരോപണങ്ങളാണ് രണ്ടുകുട്ടികളുടെ പിതാവുകൂടിയായ അദ്ദേഹം ഇപ്പോൾ നേരിടുന്നത്.

ലൈംഗിക ബന്ധത്തിനായി രണ്ടു പുരുഷലൈംഗിക തൊഴിലാളികൾക്ക് പണം നൽകിയെന്നും ലഹരിമരുന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് ആരോപണം. ലണ്ടനിലെ സ്വന്തം ഫ്ലാറ്റിൽവച്ചാണ് സംഭവം. ഈസ്റ്റ് യൂറോപ്പിൽനിന്നുള്ള രണ്ട് പുരുഷവേശ്യകൾക്കൊപ്പം അദ്ദേഹം അടുത്തിടപഴകുന്ന വിഡിയോയും ഈ വാർത്ത ആദ്യമായി പുറത്തുകൊണ്ടുവന്ന സൺഡെ മിറർ പത്രം തെളിവായി നൽകുന്നുണ്ട്.

keith01

ആരോപണത്തെത്തുടർന്ന് പാർലമെന്റിലെ ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷസ്ഥാനം ഇന്നലെ അദ്ദേഹം രാജിവച്ചു. ഒമ്പതു വർഷമായി ഈ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 1987 മുതൽ ലെസ്റ്ററിൽനിന്നുള്ള ലേബർ എംപിയായ കീത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിച്ചേക്കാവുന്ന ആരോപണമാണ് തെളുവുസഹിതം രാജ്യമാകെ കത്തിക്കയറുന്നത്. കുടുംബ ബന്ധത്തെയും ആരോപണം ഉലയ്ക്കുമെന്നുറപ്പാണ്.

ബ്രിട്ടനിൽ ഏറ്റവും കൂടുതൽകാലം എംപിയായിട്ടുള്ള ഏഷ്യൻ വംശജനാണ് ഗോവയിൽ കുടുംബവേരുള്ള ഈ 59കാരൻ. യെമനിലായിരുന്നു ജനനം. 1956ൽ ഈ ഗോവൻ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറി. ലണ്ടൻ നഗരത്തിലെ ട്വിക്കൻഹാമിലാണ് ഇപ്പോൾ താമസം. കീത്തിന്റെ സഹോദരി വാലറിയും ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗമാണ്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽനിന്നും നിയമബിരുദമെടുത്ത കീത്ത് സോളിസിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് രാഷ്ട്രീയത്തിലെത്തി. 1987ൽ ലെസ്റ്ററിൽനിന്ന് ആദ്യമായി പാർലമെന്റിൽ എത്തുമ്പോൾ ലേബർ പാർട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ എംപിയായിരുന്നു. മികച്ച പ്രാസംഗികനും സംഘാടകനുമായ കീത്തിന്റെ രാഷ്ട്രീയ വളർച്ച വളരെ പെട്ടെന്നായിരുന്നു. ടോണി ബ്ലെയറുമായുള്ള അടുപ്പമായിരുന്നു ഈ വളർച്ചയ്ക്കു സഹായകമായത്. 1999ൽ കീത്തിനെ യൂറോപ്പ് കാര്യങ്ങൾക്കായുള്ള മന്ത്രിയായി നിയമിച്ച ടോണി ബ്ലെയർ ഇതിലൂടെ ഇന്ത്യൻ സമൂഹത്തെയാകെ കൈയിലെടുക്കുകയായിരുന്നു.

മന്ത്രിയായതോടെ വിവാദങ്ങളും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ അതിലൊന്നും കുടുങ്ങാതെ പിടിച്ചുനിൽക്കുകയായിരുന്നു ‘വാസിലിൻ’ എന്നു പരിഹാസപ്പേരുള്ള ഇദ്ദേഹം. കുരുക്കുകളിൽനിന്നും പ്രതിസന്ധികളിൽനിന്നും വിദഗ്ധമായി തെന്നിമാറാനുള്ള കഴിവാണ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഈ പേരു ചാർത്തിക്കൊടുത്തത്.

നിശാപാർട്ടികളോടുള്ള അമിത താൽപര്യവും ക്ഷിപ്രകോപവും എങ്ങനെയും ടെലിവിഷൻ ക്യാമറകൾക്കു മുന്നിലെത്താനുള്ള ആവേശവും പലവട്ടം കീത്തിനെ വിവാദ നായകനാക്കി. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങൾ അടക്കമുള്ള വമ്പൻ സുഹൃത്തുക്കളായിരുന്നു വിവാദങ്ങൾ കൊണ്ടുവന്ന മറ്റൊരു കൂട്ടർ. ബിഗ് ബ്രദർ റിയാലിറ്റി ഷോയിലെ വിജയികൂടിയായ ബോളിവുഡ് താരം ശിൽപ ഷെട്ടി മുതൽ മുൻ സ്പാനിഷ് പ്രധാനമന്ത്രി ജോസ് ലൂയിസ് സാപ്പെറ്റീറോ വരെയുള്ള പ്രമുഖർ കീത്തിന്റെ അടുത്ത ചങ്ങാതിമാരാണ്.

keith02

2012ൽ എംപിയായി 25 വർഷം പൂർത്തിയാക്കിയപ്പോൾ നടത്തിയ ആഘോഷത്തിൽ കീത്തിനെ അഭിനന്ദിക്കാൻ നേരിട്ടെത്തിയത് ടോണി ബ്ലെയർ, എഡ് മിലിബാൻഡ്, തെരേസ മേയ് തുടങ്ങിയ മുൻനിര നേതാക്കളാണ്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പല പ്രമുഖരെയും വീഴ്ത്തിയ ആനുകൂല്യ വിവാദത്തിൽ, മന്ത്രിയായിരിക്കെ കീത്തും ഉൾപ്പെട്ടെങ്കിലും അന്വേഷണ കമ്മീഷന് അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ല. ഹിന്ദുജ സഹോദരന്മാരിൽ ഒരാൾക്ക് ബ്രിട്ടീഷ് പാസ്പോർട്ട് സമ്പാദിക്കാൻ വഴിവിട്ട സഹായം ചെയ്തുകൊടുത്തു എന്നതായിരുന്നു മറ്റൊരു ആരോപണം. കീത്തിന്റെ ഭാര്യ മരിയ ഫെർണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഹിന്ദുജ ഗ്രൂപ്പ് ഇതിനായി പണം നൽകിയെന്ന ആരോപണവും തെളിവില്ലാതെ കെട്ടടങ്ങി. പാർലമെന്ററി ചട്ടങ്ങൾ ലംഘിച്ചതിന് ഒരു മാസത്തെ സസ്പെൻഷൻ നേടിയ ചരിത്രവും ചൂടനായ കീത്ത് വാസിനുണ്ട്.

ലണ്ടനിൽ സൽമാൻ റുഷ്ദിക്കെതിരേ സമരം നടത്തിയ മുസ്ലിം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തശേഷം രഹസ്യമായി റുഷ്ദിയെ ഫോണിൽ വിളിച്ച് രാഷ്ട്രീയക്കാരനായ തന്റെ നിസഹായത അറിയിച്ച കീത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയം ഏറെ പരിഹസിക്കപ്പെട്ടു. ആരോപണങ്ങൾ തുടർക്കഥയായതോടെ മന്ത്രിസ്ഥാനത്തുനിന്നും കീത്തിനെ മാറ്റാൻ നിർബന്ധിതനായ ബ്ലെയർ വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം ആരോഗ്യകാരണങ്ങൾ പറഞ്ഞ് രാജിവയ്ക്കാൻ അവസരം നൽകി. അത്രയ്ക്കായിരുന്നു അവർ തമ്മിലുള്ള അടുപ്പം.

എല്ലാ കുരുക്കുകളിൽനിന്നും തെന്നിമാറുന്ന ‘വാസിലിന്’ വീഡിയോ സഹിതം പുറത്തുവന്നിരിക്കുന്ന പുതിയ ആരോപണത്തിൽനിന്നും തെന്നിമാറാനാകുമോ എന്നാണ് പതിനഞ്ച് ലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ഉറ്റുനോക്കുന്നത്. ഇല്ലെങ്കിൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായനായ ഇന്ത്യൻ നേതാവിന്റെ ദയനീയ പതനത്തിന് ഇത് കാരണമാകും.  

Your Rating: