Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യമായി മാപ്പപേക്ഷിച്ച് കീത്ത് വാസ് രാജിവച്ചു

ലണ്ടൻ∙ ലൈംഗികാരോപണത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പാർലമെന്റംഗം കീത്ത് വാസ് ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷസ്ഥാനം രാജിവച്ചു. ഒമ്പതു വർഷമായി ഈ സമിതിയുടെ അധ്യക്ഷനായിരുന്നു കീത്ത് വാസ്. സമൂഹത്തോടും ഭാര്യയോടും മക്കളോടും ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. സ്വവർഗ രതിയ്ക്കായി രണ്ട് പുരുഷ ലൈംഗിക തൊഴിലാളികൾക്ക് പണം നൽകിയെന്നും അവർക്ക് ലഹരി മരുന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് ആരോപണം. ഇവരുമായി അദ്ദേഹം അടുത്തിടപഴകുന്ന വിഡിയോയും പുറത്തായിരുന്നു. സൺഡേ മിറർ പത്രമാണ് തെളിവുസഹിതം ഈ വിവാദ വാർത്ത പുറത്തുവിട്ടത്.
 
ലേബർ പാർട്ടിയുടെ പ്രമുഖ നേതാവായ കീത്ത് വാസ്  ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഇന്ത്യൻ മുഖങ്ങളിൽ ഏറ്റവും തിളങ്ങിനിന്ന താരമായിരുന്നു. ടോണി ബ്ലെയറുടെ വിശ്വസ്തനായാണ് കീത്ത് രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നത്. 29 വർഷമായി ലെസ്റ്ററിൽനിന്നുള്ള പാർലമെന്റംഗവും ബ്രിട്ടനിൽ ഏറ്റവും കൂടുതൽകാലം എംപിയായിട്ടുള്ള ഏഷ്യൻ വംശജനുമാണ് ഗോവയിൽ കുടുംബവേരുള്ള ഈ 59കാരൻ. യെമനിലായിരുന്നു ജനനം. 1956ൽ ഈ ഗോവൻ കുടുംബം ബ്രിട്ടണിലേക്ക് കുടിയേറി. ലണ്ടൻ നഗരത്തിലെ ട്വിക്കൻഹാമിലാണ് ഇപ്പോൾ താമസം. കീത്തിന്റെ സഹോദരി വാലറി വാസും ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗമാണ്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽനിന്നും നിയമബിദമെടുത്ത കീത്ത് സോളിസിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് രാഷ്ട്രീയത്തിലെത്തി. 1987ൽ ലെസ്റ്ററിൽനിന്ന് ആദ്യമായി പാർലമെന്റിൽ എത്തുമ്പോൾ ലേബർ പാർട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ എംപിയായിരുന്നു. മികച്ച പ്രാസംഗികനും സംഘാടകനുമായ കീത്തിന്റെ രാഷ്ട്രീയവളർച്ച വളരെ പെട്ടെന്നായിരുന്നു. ടോണി ബ്ലെയറുമായുള്ള അടുപ്പമായിരുന്നു ഈ വളർച്ചയ്ക്കു സഹായകമായത്. 1999ൽ കീത്തിനെ യൂറോപ്പ് കാര്യങ്ങൾക്കായുള്ള മന്ത്രിയായി നിയമിച്ച ടോണി ബ്ലെയർ ഇതിലൂടെ ഇന്ത്യൻ സമൂഹത്തെയാകെ കൈയിലെടുക്കുകയായിരുന്നു.

മന്ത്രിയായതോടെ വിവാദങ്ങളും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ അതിലൊന്നും കുടുങ്ങാതെ പിടിച്ചുനിൽക്കുകയായിരുന്നു ‘വാസിലിൻ’ എന്നു പരിഹാസപ്പേരുള്ള ഇദ്ദേഹം. കുരുക്കുകളിൽനിന്നും പ്രതിസന്ധികളിൽനിന്നും വിദഗ്ധമായി തെന്നിമാറാനുള്ള കഴിവാണ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഈ പേരു ചാർത്തിക്കൊടുത്തത്.

നിശാപാർട്ടികളോടുള്ള അമിത താൽപര്യവും ക്ഷിപ്രകോപവും എങ്ങനെയും ടെലിവിഷൻ ക്യാമറകൾക്കു മുന്നിലെത്താനുള്ള ആവേശവും പലവട്ടം കീത്തിനെ വിവാദ നായകനാക്കി. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങൾ അടക്കമുള്ള വമ്പൻ സുഹൃത്തുക്കളായിരുന്നു വിവാദങ്ങൾ കൊണ്ടുവന്ന മറ്റൊരു കൂട്ടർ. ബിഗ് ബ്രദർ റിയാലിറ്റി ഷോയിലെ വിജയികൂടിയായ ബോളിവുഡ് താരം ശിൽപ ഷെട്ടി മുതൽ മുൻ സ്പാനിഷ് പ്രധാനമന്ത്രി ജോസ് ലൂയിസ് സാപ്പെറ്റീറോ വരെയുള്ള പ്രമുഖർ കീത്തിന്റെ അടുത്ത ചങ്ങാതിമാരാണ്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പല പ്രമുഖരെയും വീഴ്ത്തിയ ആനുകൂല്യ വിവാദത്തിൽ മന്ത്രിയായിരിക്കെ കീത്തും ഉൾപ്പെട്ടെങ്കിലും അന്വേഷണ കമ്മിഷന് അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ല. ഹിന്ദുജ സഹോദരന്മാരിൽ ഒരാൾക്ക് ബ്രിട്ടീഷ് പാസ്പോർട്ട് സമ്പാദിക്കാൻ വഴിവിട്ട സഹായം ചെയ്തുകൊടുത്തു എന്ന ആരോപണവും തെളിവില്ലാതെ കെട്ടടങ്ങി. പാർലമെന്ററി ചട്ടങ്ങൾ ലംഘിച്ചതിന് ഒരു മാസത്തെ സസ്പെൻഷൻ നേടിയ ചരിത്രവും കീത്ത് വാസിനുണ്ട്.

ലണ്ടനിൽ സൽമാൻ റുഷ്ദിക്കെതിരേ സമരം നടത്തിയ മുസ്ലിം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തശേഷം രഹസ്യമായി റുഷ്ദിയെ ഫോണിൽ വിളിച്ച് രാഷ്ട്രീയക്കാരനായ തന്റെ നിസഹായത അറിയിച്ച കീത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയം ഒരുവേള ഏറെ പരിഹസിക്കപ്പെട്ടു. എല്ലാ കുരുക്കുകളിൽനിന്നും തെന്നിമാറിയിരുന്ന‘വാസിലിന്’ വിഡിയോ സഹിതം പുറത്തുവന്നിരിക്കുന്ന പുതിയ ആരോപണത്തിൽനിന്നും തെന്നിമാറാനായില്ല. സമിതി അധ്യക്ഷസ്ഥാനത്തുനിന്നും രാജിവച്ചെങ്കിലും പാർട്ടി നേതൃത്വത്തിന്റെ പിന്തുണയോടെ ഇപ്പോഴും എംപിയായി തുടരുകയാണ് ബ്രിട്ടനിലും ഇന്ത്യൻ സ്റ്റൈൽ പയറ്റുന്ന ഈ രാഷ്ട്രീയക്കാരൻ. ഇത് വെറും വ്യക്തിപരമായ വിഷയമാണെന്നാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ നിലപാട്. 
  

Your Rating: