Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘ലണ്ടൻ ഐ’’യും പണിമുടക്കി, ആകാശത്ത് കുടുങ്ങിയത് അഞ്ഞൂറിലേറെ യാത്രക്കാർ

ലണ്ടൻ∙ആൽപ്സിലെ കേബിൾ കാറിനും ബ്രൈറ്റൺ ടവറിനും പിന്നാലെ ലണ്ടൻ നഗരത്തിലെ സഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ ‘’ലണ്ടൻ ഐ’’യും ആകാശയാത്രയ്ക്കിടെ പണിമുടക്കി. എല്ലാ ഡക്കുകളിലും നിറയെ യാത്രക്കാരുമായി കറക്കം തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീൽ പാതിവഴി നിലച്ചു. സാങ്കേതിക തകരാർ പരിഹരിക്കുന്നതുവരെ ആശങ്കയിലും ദുരിതത്തിലും മണിക്കൂറുകൾ തള്ളിനീക്കിയ യാത്രക്കാരെ ഒടുവിൽ അപകടമില്ലാതെ പുറത്തിറക്കി. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണു നഗരത്തിൽ വാരാന്ത്യ വിനോദത്തിനിറങ്ങിയവരെ ഭീതിയിലും ദുരിതത്തിലുമാക്കിയ സംഭവം. അഞ്ഞൂറിലേറെ യാത്രക്കാർ മൂന്നര മണിക്കൂറിലേറെയാണ് ആകാശത്ത് പ്രാർഥിച്ചും കരഞ്ഞും പരസ്പരം ആശ്വസിപ്പിച്ചും മുൾമുനയിൽ നിന്നത്.

യാത്രക്കാർക്ക് ദീപപ്രഭയിൽ വെട്ടിത്തിളങ്ങുന്ന നഗരത്തിന്റെ രാത്രിഭംഗി പകർന്ന് പതുക്കെ കറങ്ങിത്തുടങ്ങിയ ജയന്റ് വീൽ പെട്ടെന്നു പതിവില്ലാത്ത ശബ്ദത്തോടെ നിൽക്കുകയായിരുന്നു. 135 മീറ്റർ ഉയരത്തിൽ മുകൾ ഭാഗത്തെ ഡക്കുകളിൽ കുടുങ്ങിയവർ ഇതോടെ ആശങ്കയിലായി. കറക്കം നിലച്ചതോടെ താപനിയന്ത്രണ സംവിധാനവും ലൈറ്റുകളും പ്രവർത്തിക്കാതെയായി. ഇതാണു യാത്രക്കാരെ വലച്ചത്.

ചിലർ ചിത്രം സഹിതം സംഭവം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെ സംഗതി ലൈവായി. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള ബ്ലാങ്കറ്റുകളും വെള്ളവും ഗ്ലൂക്കോസ് ഗുളികകളും കരുതൽ ഉണ്ടായിരുന്നെങ്കിലും ഓരോ ഡെക്കിലെയും ഇരുപതിലേറെവരുന്ന യാത്രക്കാർക്ക് ഇതു തികച്ചും അപര്യാപ്തമായിരുന്നു. വിശന്നുവലഞ്ഞും തണുത്തുവിറച്ചും കുട്ടികൾ ഉൾപ്പെടെ പലരും അവശരായി. ചിലർ പേടിച്ചു കരയുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

വിനോദയാത്രയ്ക്കിടെ അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ വിരണ്ടുപോയ എല്ലാ യാത്രക്കാർക്കും പണം തിരിച്ചുനൽകുമെന്ന് വീൽ ഓപ്പറേറ്റർമാരായ മെർലിൻ എന്റർടൈൻമെൻറ്സ് അറിയിച്ചു. യാത്രക്കാരുടെ രക്ഷയ്ക്കായി പൊലീസും ഫയർഫോഴ്സും എത്തിയിരുന്നെങ്കിലും ഇവരുടെ സേവനം കൂടാതെ എൻജിനീയർമാർ തന്നെ തകരാർ പരിഹരിച്ചു യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

ഏതാനും ദിവസം മുൻപാണു ബ്രൈറ്റൺ ബീച്ചിനു സമീപമുള്ള ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ കേബിൾ കാർ സർവീസായ ബ്രൈറ്റൺ ടവർ (ഐ.360) സമാനമായ രീതിയിൽ ഇരുന്നൂറോളം യാത്രക്കാരുമായി ആകാശത്തു പണിമുടക്കിയത്. ആൽപ്സ് പർവത നിരയിലൂടെയുള്ള കേബിൾ കാറിൽ അൻപതോളം യാത്രക്കാർ രണ്ടുദിവസത്തോളം കുടുങ്ങിയതും ആഴ്ചകൾക്കു മുൻപാണ്. 12,000 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ കുടുങ്ങിയ ഇവരെ ഹെലികോപ്റ്റർ സഹായത്തോടെ ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ സംയുക്തമായി രക്ഷിച്ചത് വലിയ വാർത്തയായിരുന്നു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.