Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവ കാരുണ്യത്തിന്റെ സന്ദേശവുമായി മാൽവേൺ മലയാളികളുടെ ഓണാഘോഷം

media-service02

മാൽവേൺ ∙ യുകെയിലെ മുഴുവൻ മലയാളികൾക്കും മാതൃകയായി പത്തു വർഷത്തിലേറെയായി തിരുവോണനാളിൽ ഓണത്തിന്റെ മാഹാത്മ്യം മക്കളെ പഠിപ്പിക്കുന്ന മാൽവേൺ മലയാളികൾ ഇത്തവണയും മറ്റൊരു മഹത്തായ സന്ദേശം നൽകുന്നു. പതിവ് തെറ്റിക്കാതെ പന്ത്രണ്ടാം വട്ടവും തിരുവോണ നാളിൽ തന്നെ ഓണ സദ്യ ഒരുക്കുന്ന ഈ ചെറു മലയാളി സംഘം ഇത്തവണ ഓണസദ്യക്ക് വേണ്ടി ചിലവാക്കുന്ന പണത്തിനു തുല്യമായ വിഹിതം ജീവ കാരുണ്യത്തിനു വേണ്ടിയും മാറ്റി വയ്ക്കുകയാണ്.

media-service03

ഒരു നേരമെങ്കിലും സന്തോഷത്തിന്റെ വിത്ത് വിതറാൻ കഴിഞ്ഞാൽ അതിൽ നിന്ന് നന്മയുടെ വൻമരം തന്നെ ഉയർന്നു വന്നേക്കാം എന്ന ചിന്തയിൽ നിന്നുമാണ് ഈ തീരുമാനം എന്ന് സംഘാടകരായ ഗിരീഷ് മുകളേൽ കൈപ്പുഴ, സ്റ്റാൻലി ലൂക്കോസ്, മനു ജോണ്‍, ആൽവിൻ തോമസ് ജിനോ ജോണ്‍ തുടങ്ങിയവർ പറഞ്ഞു. യുകെയിലെ മറ്റിടങ്ങളിലെ പോലെ സ്‌കൂൾ അവധിയോ ജോലി സ്ഥലത്തെ പ്രയാസങ്ങളോ നോക്കാതെ തിരുവോണനാളിൽ ഓണാഘോഷം നടക്കുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് മാൽവേൺ എന്നതും പ്രത്യേകതയാണ്.

ഈ ആഘോഷത്തിന് നാടൻ രീതികളിൽ കടുകിട വിട്ടുവീഴ്ച ചെയ്യാതെ സുനിൽ ജോർജ് നേതൃത്വം നൽകി ഒരു ദശകം മുൻപ് ആരംഭിച്ച സദ്യക്ക് ഇക്കുറിയും അദ്ദേഹം തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
ഓണത്തിന്റെ പ്രഥമ വിഭവങ്ങളായ ഇഞ്ചി തൈരും ചേന തണ്ടും ചെറു പയറും ഒക്കെയായി പഴമയുടെ രുചി അതേവിധം തൂശനിലയിലേക്ക് പകർന്നാണ് മാൽവേൺ മലയാളികളുടെ ഓണസദ്യ. സദ്യയുടെ രുചി കൂട്ടൂക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. മാത്രമല്ല ഇഞ്ചി തൈരും മാമ്പഴ പുളിശ്ശേരിയും അടക്കം മറന്നു തുടങ്ങിയ രുചി കൂട്ടുകൾ വീണ്ടും ഇലത്തുമ്പിൽ എത്തിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. മറ്റിടങ്ങളിൽ കാറ്ററിങ് ഗ്രൂപ്പുകൾക്ക് ഓർഡർ നൽകി റെഡി മെയ്‌ഡ്‌ സദ്യ തയ്യാറാക്കുമ്പോൾ കൂട്ട് കുടുംബത്തിൽ ഏവരും ചേർന്ന് തയ്യാറാക്കുന്ന ഓണസദ്യയുടെ ആവർത്തനമാണ് മാൽവേണിൽ എല്ലായ്പ്പോഴും സംഭവിക്കുന്നത്.

രണ്ടു വർഷം മുൻപ് മാത്രം ഹാൾ ലഭ്യമല്ലാതെ വന്നതോടെ ഉത്രാട നാളിൽ ഓണം ആഘോഷിച്ച ഈ ചെറു സമൂഹം ഇനി ഒരിക്കലും അത്തരം അബദ്ധം സംഭവിക്കരുത് എന്നു കരുതി ഓരോ വർഷവും ഓണത്തിനായി വളരെ നേരത്തെ മുന്നൊരുക്കം നടത്തുകയാണ്. ചെടി നട്ടു പൂ ഇറുത്തു പൂക്കളം തീർക്കുന്നതിൽ വരെ നാടിന്റെ നാടൻ വിശുദ്ധി ഓണാഘോഷത്തിൽ ഉണ്ടായിരിക്കണം എന്ന നിർബന്ധബുദ്ധിയാണ് മാൽവേൺ ഓണത്തെ ബ്രിട്ടനിലെ അസംഖ്യം ഓണ ആഘോഷങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത്.

media-service

നാടൻ രീതിയിൽ മാവേലി മന്നനു ചെണ്ട മേളത്തോടെ വരവേല്‍പ്പും കുട്ടികളും മുതിർന്നവരും ചേർന്ന് തയ്യാറാക്കുന്ന വമ്പൻ പൂക്കളവും നാക്കിലയിൽ ഓണത്തപ്പന് സദ്യയും എല്ലാം ചേർന്ന് ഏറെ പ്രത്യേകതകളോടെയാണ് ഇവിടുത്തെ ഓണാഘോഷം. കേരളീയ രീതിയിൽ എന്താണ് ഓണാഘോഷം എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഓണ നാളിൽ തന്നെ ആഘോഷം നടത്തുന്നതെന്ന് സംഘാടകർ പറയുന്നു.

media-service01

വമ്പൻ പൂക്കളമാണ് മാൽവേണിൽ നിർമ്മിക്കുന്നത്. ഇതിനായി നാളുകൾക്കു മുന്നേ ചെടികൾ നട്ടു വളർത്തി പൂക്കൾ ശേഖരിക്കുന്നതും ഇവിടുത്തെ പതിവാണ്. കുട്ടി പുലികളും വമ്പൻ പൂക്കളവും എല്ലാം ഇവിടെ ഒത്തുചേരും. ചെറിയ കൂട്ടായ്മയാണെങ്കിലും മാൽവേൺ മലയാളികളുടെ നിരവധി കൂട്ടുകാരും ആഘോഷത്തിൽ പങ്കാളികളാകും. മാൽവേണിന് പുറത്തുള്ളവർക്ക് ആഘോഷത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - മോൻസി എബ്രഹാം : 07427408860.

വാർത്ത∙ മോൻസി ഏബ്രഹാം 

Your Rating: