Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ സ്രാമ്പിക്കൽ ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്റ്റൺ രൂപതകൾ സന്ദർശിച്ചു

srampikal-east-2

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടനിലെ നിയുക്ത സിറോ മലബാർ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, മെത്രാഭിഷേകത്തിനൊരുക്കമായുളള തന്റെ പ്രാഥമിക സന്ദർശന പരിപാടിയുടെ ഭാഗമായി ഈസ്റ്റ് ആംഗ്ലീയ, സൗത്താംപ്റ്റൺ രൂപതകളിലും ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിംഹാം തീർത്ഥാടന േകന്ദ്രത്തിലും സന്ദർശനം നടത്തി.

srmpickal-east-3

വ്യാഴാഴ്ച നോർവിച്ചിലെത്തിയ നിയുക്ത മെത്രാനെ റവ. ഫാ. ഫിലിപ്പ് പന്തമാക്കൻ, റവ. ഫാ. ടെറിൻ മുല്ലക്കര എന്നിവരും നിരവധി വിശ്വാസികളും ചേർന്നു സ്വീകരിച്ചു. തുടർന്ന് കത്തീഡ്രൽ ദേവാലയം സന്ദർശിച്ചശേഷം ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ് അലൻ ഹോപ്സുമായി മാർ സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് വാത്സിംഹാം തീർത്ഥാടന കേന്ദ്രത്തിൽ സന്ദർശനം നടത്തി പരി. മറിയത്തിന്റെ മാധ്യസ്ഥ്യം തനിക്കും പുതിയ രൂപതയ്ക്കും വേണ്ടി പ്രാർഥിച്ചു.

srampickal-east-4

കേംബ്രിഡ്ജിൽ വൈകിട്ട് അർപ്പിച്ച ദിവ്യബലിയ്ക്കുശേഷം പീറ്റർബറോ, പാപ്പ് വർത്ത്, ഹണ്ണിംഗ്ടൺ, കേംബ്രിഡ്ജ്, കിംഗ്സിലിൻ എന്നിവിടങ്ങളിലെ വിശ്വാസികളെ കാണാനും പുതിയ ഇടയൻ സമയം കണ്ടെത്തി.

ഇന്നലെ സൗത്താംപ്റ്റൻ രൂപതയിലെ വി. കുർബാന കേന്ദ്രങ്ങൾ സന്ദർശിച്ച് മാർ സ്രാമ്പിക്കൽ വിശ്വാസികളുമായി ആശയവിനിമയം നടത്തി. സൗത്താംപ്റ്റണിൽ മോൺസിഞ്ഞോർ വിൻസെന്റ് ഹാർവി, റവ. ഫാ. രാജേഷ് ഏബ്രഹാം ആനത്തിൽ, റവ. ഫാ. ടോമി ചിറയ്ക്കൽ മണവാളൻ, റവ. ഫാ. അനീഷ് മണിവേലിൽ എന്നിവരും പോർട്സ് മൗത്ത്, സൗത്താംപ്റ്റൺ, അൻഡോവർ, ബേബിംഗ്സ്റ്റോക് എന്നിവിടങ്ങളിലെ വിശ്വാസികളും ചേർന്ന് തങ്ങളുടെ പുതിയ ഇടയന് ഊഷ്മള സ്വീകരണം നൽകി.

srampickal-east

സെപ്റ്റംബർ 18ന് യുകെയിൽ വന്നിറങ്ങിയത് മുതൽ പിതാവ് തന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തന്റെ പുതിയ രൂപതയുടെ വ്യാപ്തിയും ആഴവും അറിയുന്നതിനും തന്റെ ശുശ്രൂഷയ്ക്ക്‌ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നേരിൽ കാണുന്നതിനും അതാതു രൂപതകളിലെ മെത്രാന്മാരുടെ ആശീർവ്വാദവും പ്രാർത്ഥനയും തേടുന്നതിനുമാണ് മെത്രാഭിഷേകത്തിനു മുൻപ് തന്നെ ഇത്തരമൊരു പ്രാഥമിക സന്ദർശന പരിപാടി ക്രമീകരിച്ചത്. തികച്ചും അനൗദ്യോഗികമായിരുന്നെങ്കിലും എല്ലായിടത്തും വലിയ ആവേശത്തോടെയാണ് വിശ്വാസികൾ തങ്ങളുടെ പുതിയ ഇടയനെ വരവേറ്റത്.‌

ഇന്ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ക്നാനായ തിരുനാളിലും കൺവൻഷനിലും സാൽഫോർഡ് രൂപതയുടെ ചാപ്ലയൻസിയിലും മാർ സ്രാമ്പിക്കൽ പങ്കുചേരും. മെത്രാഭിഷേകദിനം അടുത്തതോടെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രതലത്തിലും ഓരോ കുർബാന കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.

ഓരോ കേന്ദ്രങ്ങളിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്ര എണ്ണം എൻട്രി പാസ്സുകൾ ഈ ദിവസങ്ങളിൽ ലഭ്യമായി തുടങ്ങും. മെത്രാഭിഷേകത്തിന് വേദിയാകുന്ന പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയും ജോ കൺവീനർ ഫാ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.

വാർത്ത ∙ ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.