Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിലാത്തി പ്രണയത്തിന്റെ റിലീസ് ഒക്ടോബർ 16ന്

bilathi-2

ലണ്ടൻ ∙ യുകെ മലയാളികൾക്ക് അഭിമാനമായി ഒരു ബിലാത്തി പ്രണയം ഒക്ടോബര്‍ 16നു യുകെയിൽ റിലീസ് ചെയ്യും. പ്രീമിയർ ഷോ ലണ്ടനിലെ ബൊളീയൻ തിയറ്ററിൽ. സിനിമ കാണാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

bilathi-3

ചിത്രീകരണം പൂർത്തിയായി നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സെന്‍സര്‍ഷിപ്പ് ലഭിച്ച ഒരു ബിലാത്തി പ്രണയം ഒക്ടോബര്‍ 16നു പീ.ജെ. എന്റർറ്റൈന്മെന്റ്സ് വഴി യുകെയിലെ തിയറ്ററുകളിൽ എത്തുന്നത്. വന്‍ താരനിരയില്ലാതെ യുകെയിലെ പ്രവാസി മലയാളികളുടെ സമ്പൂര്‍ണ്ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബിലാത്തി പ്രണയത്തിനു തിയറ്ററിൽ എത്തുവാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നു. എന്നിരുന്നാലും സിനിമ പ്രേമികളായ ഒരു പറ്റം യുകെ മലയാളികളുടെ ദൃഢനിശ്ചയവും ഒത്തൊരുമയും ഒടുവിൽ ബിഗ് സ്‌ക്രീനിൽ ബിലാത്തി പ്രണയത്തെ എത്തിച്ചിരിക്കുകയാണ്. നിരവധി പ്രേത്യേകതകളോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഗായികയായ ചന്ദ്രലേഖയുടെ ആദ്യം റിലീസ് ആകുന്ന സിനിമാ ഗാനം ബിലാത്തിയിലേതാണ്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധനായ ഗായകൻ സുമേഷ് ഐരൂരിന്റെ ആദ്യ സിനിമാ ഗാനവും ബിലാത്തിയിലേതാണ്. 80കളിൽ ബിബിസി ചാനലിലെ സ്റ്റാന്റിംഗ് കൊമേഡിയനായ സ്റ്റാൻ ബോർഡ്‌മാൻ അഥിതി താരമായി എത്തുന്നു എന്ന പ്രേത്യേകതയും ബിലാത്തിക്ക് സ്വന്തം. ജോസുകുട്ടി വലിയ കല്ലുങ്കൽ മുഴു നീള ഹാസ്യ കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇതിനെല്ലാം ഉപരി ആദ്യമായി പ്രവാസി മലയാളികൾ മാത്രം അഭിനയിച്ച , പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച സിനിമ എന്ന രീതിയിലും ഒരു ബിലാത്തി പ്രണയം മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

bilathi-4

ഈ സിനിമ പുറത്തു വരുന്നതോടെ പ്രവാസികൾ, അവർ താമസിക്കുന്ന നാട്ടിൽ തന്നെ മലയാള സിനിമ എടുക്കാൻ മുന്നിട്ടിറങ്ങുന്ന ട്രെൻഡ് ഭാവിയിൽ യുകെയിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലും ഗൾഫ് നാടുകളിലും ഒക്കെ ഉണ്ടാകും എന്നാണ് തന്റെ പ്രേതീക്ഷ എന്നും ഒരു ബിലാത്തി പ്രണയം അതിനു തുടക്കം കുറിക്കുമെന്നാണ്‌ താൻ കരുതുന്നതെന്നും സിനിമയുടെ സംവിധായകൻ കനേഷ്യസ് അത്തിപ്പൊഴിയിൽ പറഞ്ഞു.

നിലവിൽ നിരവധി ചിത്രങ്ങൾ യൂടൂബിൽ റിലീസ് ചെയ്യുന്നുണ്ട്. ആ പ്രവണത മാറി ഭാവിയിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്ന തലത്തിലേക്ക് എത്തുമെന്നും കനേഷ്യസ് അത്തിപ്പൊഴിയിൽ കൂട്ടിച്ചേർത്തു. ഒട്ടനവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിച്ച യുകെയിലെ മലയാള കലാസാംസ്‌കാരിക ലോകത്തിന് ഈ ചിത്രം തീർച്ചയായും പുത്തൻ ഉണർവ് നൽകും. സിനിമാ പ്രേമികളുടെ ശ്രദ്ധേയമായ നിരവധി ഹ്രസ്വ ചിത്രങ്ങൾ ഉണ്ടായിട്ടുള്ള യുകെയിൽ നിന്നും ആദ്യമായി ഒരു ചിത്രം ബിഗ്സ്‌ക്രീനിൽ എത്തുന്നത് യുകെ കലാലോകത്തിന് അഭിമാന മുഹൂർത്തം കൂടിയാണ്.

യുകെയിലെ പ്രമുഖ ചാനലായ ഗര്‍ഷോം മീഡിയയുടെ ബാനറില്‍ ബിനു ജോര്‍ജ് നിര്‍മിക്കുന്ന ഈ ചിത്രത്തിലുടെ ഒരുപാട് പുതുമുഖ താരങ്ങളാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. ഒരു പറ്റം സ്റ്റുഡന്റ് വീസാക്കാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുകെയില്‍ കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കനേഷ്യസ് അത്തിപ്പൊഴിയിലാണ്. നിരവധി സംഗീത ആല്‍ബങ്ങളിലുടെ പ്രവാസി മലയാളികള്‍ക്ക് സുപരിചിതനായ കനേഷ്യസ് ആത്തിപ്പൊഴി തന്നെയാണ് ചിത്രത്തിന്‍റെ സംഗീതവും ചെയ്തിരിക്കുന്നത് ഇതിനോടകം ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ നിരവധി ആളുകള്‍ കണ്ടു കഴിഞ്ഞു. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് ജിന്‍സന്‍ ഇരിട്ടിയാണ്.

കേരളത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്‍റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് വിധേയരായി ലണ്ടനില്‍ എത്തുന്ന നാലു ചെറുപ്പക്കാരിലുടെയാണ് ഈ ചിത്രത്തിന്‍റെ കഥാ വികാസം. ഇല്ലാത്ത യുണിവേഴ്സിറ്റിയുടെ പേരിലുള്ള ഈ തട്ടിപ്പ് ലണ്ടനില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. ലക്ഷങ്ങള്‍ കടം എടുത്ത് ഏജന്റുമാര്‍ക്ക് കൊടുത്ത് ഇവിടെ എത്തുന്ന നാലുചെറുപ്പക്കാർക്ക് പഠിക്കുന്ന കോളേജിന് ലൈസന്‍സ് നഷ്ടപെട്ടത് മൂലം വലിയ സാമ്പത്തിക ബാധ്യതകളിൽ പെടുകയും എളുപ്പ മാര്‍ഗത്തിലുടെ പണമുണ്ടാക്കാനുള്ള വഴികളിൽ എത്തിപ്പെടുകയുമാണ്. ആഗ്രഹിച്ച രീതിയിൽ പണം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും അതിനു പക്ഷെ അവർ വലിയ വില നൽകേണ്ടി വന്നു. സുഹൃദ്ബന്ധത്തിന്റെ ആഴവും ആത്മാർത്ഥയുമൊക്കെ ചോദ്യം ചെയ്യുന്ന പുതിയ സംഭവ വികാസങ്ങള്‍ അതോടെ അവരുടെ ജീവിതത്തിൽ ആരംഭിക്കുകയായിരുന്നു.

bilathi-1

ഇവിടെ ജെറിന്‍ ജോയ്, ജിന്‍സന്‍ ഇരിട്ടി, പ്രവീണ്‍ ആന്റണി, കോളിന്‍ മാവേലി എന്നിവരാണ് ബോബി, ജിക്കു, നെല്‍സന്‍, ടോണി എന്നീ നാലു ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്നത്. ലെറ്റിഷ്യാ കുഞ്ചെറിയാ സുപ്രിയ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കനേഷ്യസ് അത്തിപ്പൊഴിയില്‍ , കുരിയാക്കോസ് ഉണ്ണിട്ടന്‍, സി.എ .ജോസഫ്, മുജിബ്, രശ്മി ഫിലിപ്പ്, ബിനോയ് ജോര്‍ജ്, ഫെമി മാത്യു, ബെന്നി അഗസ്റ്റിന്‍, ഫ്രെഡിന്‍ സേവിയര്‍ എന്നിവരും ഇംഗ്ലിഷ് അഭിനേതാക്കളായ ലോറന്‍സ് ലാര്‍ക്കിന്‍, ലൂസി ജെയിൻ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സ്റ്റാന്‍ ബോര്‍ഡ്മാന്‍റെ ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്.

കനേഷ്യസ് അത്തിപ്പൊഴിയും കുരിയാക്കോസ് ഉണ്ണിട്ടനുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്‌. ജാസി ഗിഫ്റ്റും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജയ്സന്‍ ലോറന്‍സും പോളിഷ് ക്യാമറാമാന്‍ മാര്‍ക്കിനുമാണ് ഛായാഗ്രാഹകര്‍. എഡിറ്റിങ് സോബി തോമസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എസ്. വിജയകുമാര്‍. ചിത്രത്തിന്‍റെ പിആര്‍ഒ ആയി പ്രവര്‍ത്തിക്കുന്നത് മലയാളികള്‍ക്ക് സുപരിചിതനായ വാഴൂര്‍ ജോസാണ്. തീര്‍ച്ചയായും കുടുംബ പ്രേഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ കോമഡിയും സസ്‌പെൻസും ഒക്കെയുള്ള ചിത്രമായിരിക്കും ഇതെന്നും, യുകെയിലെ ജീവിത സാഹചര്യത്തിൽ നിന്നുകൊണ്ട് ജോലിക്കും കുടുംബ കാര്യങ്ങൾക്കിടയിലും ഇങ്ങനെ ഒരു ചിത്രം പൂർത്തിയാക്കി തിയറ്ററിൽ എത്തിക്കുന്ന തങ്ങളെ യുകെയിലെ കലാസ്വാദകരായ സുഹൃത്തുക്കൾ തിയറ്ററിൽ വന്ന് സിനിമ കണ്ട് അനുഗ്രഹിക്കണമെന്നും ഒരു ബിലാത്തി പ്രണയം ടീമിന് വേണ്ടി ചിത്രത്തിന്‍റെ സംവിധായകന്‍ അറിയിച്ചു.

ചിത്രത്തിന്റെ ട്രയിലർ കാണാൻ :

https://www.youtube.com/watch?v=WMV2Pw10_e8
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.