Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരാജകത്വം ആഘോഷമാക്കി അഭയാർഥികൾ, ആരുമില്ലാതെ അലയുന്നത് 800 കുഞ്ഞുങ്ങൾ

ലണ്ടൻ∙ ഫ്രാൻസിന്റെ അതിർത്തി തുറമുഖമായ കാലൈസിലെ അഭയാർഥി ക്യാംപിൽ ആരോരുമില്ലാതെ അലഞ്ഞുതിരിയുന്നത് എണ്ണൂറിലേറെ അനാഥക്കുഞ്ഞുങ്ങൾ. നരകതുല്യമായ കൂടാരങ്ങളിൽ അന്തിയുറങ്ങുന്നത് ഏഴായിരത്തോളം അഭയാർഥികളും. മനുഷ്യാവകാശങ്ങളുടെ കണികപോലും ലഭിക്കാതെ അലയുന്ന ഇവരെ ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. സിറിയ, സുഡാൻ, അഫ്ഗാനിസ്ഥാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നും അതിസാഹസികമായി കടൽകടന്ന് യൂറോപ്പിൽ അഭയാർഥികളായെത്തിയവരുടെ മക്കളാണ് കാലൈസിലെ ‘’ജംഗിൾ ക്യാംപ്’’ എന്നറിയപ്പെടുന്ന ഇവിടെ മൃഗതുല്യമായി ജീവിതം തള്ളിനീക്കുന്നത്.

ഇതിൽ നാനൂറോളം കുഞ്ഞുങ്ങൾ നിയമപരമായി ബ്രിട്ടണിൽ അഭയം തേടാൻ യോഗ്യരാണെങ്കിലും ഇവരെ ഏറ്റെടുക്കാനുള്ള തീരുമാനവും നയതന്ത്രപരമായ നടപടികളും ബ്രിട്ടീഷ് സർക്കാർ വൈകിപ്പിക്കുകയാണ്. മാതാപിതാക്കളോ ബന്ധുക്കളോ ബ്രിട്ടണിലുള്ള കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ നിയമപരമായി ബ്രിട്ടണിലെത്താൻ യോഗ്യതയുള്ളവർ. അനധികൃതമായ മാർഗത്തിലൂടെ അതിർത്തികടന്നെത്തിയവാണ് ഇവരെല്ലാം. കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ ബ്രിട്ടൺ അലംഭാവം കാട്ടുന്നതും ഇതുകൊണ്ടുതന്നെ.

അനാഥത്വത്തിന്റെ എല്ലാ ദുരിതങ്ങളും പേറി കുഞ്ഞുങ്ങൾ അലയുമ്പോൾ അരാജകത്വം ആഘോഷമാക്കിയാണ് അഭയാർഥികളായ മറ്റുള്ളവരിൽ ചിലരുടെ ജീവിതം. അഭയാർഥികളോടുള്ള അനുകമ്പ ഇല്ലാതാക്കുന്ന പ്രവർത്തിയാണ് ഇവരുടേത്. ഇതിനെതിരായ പ്രതിഷേധം ഫ്രാൻസിലും ബ്രിട്ടണിലും അതിശക്തമായിക്കഴിഞ്ഞു. കാലൈസിലെ ബിസിനസുകാരും അതിർത്തി പ്രദേശങ്ങളിലെ കൃഷിക്കാരും ട്രക്ക് ഡ്രൈവർമാരുമാണ് ഇക്കൂട്ടരുടെ അഴിഞ്ഞാട്ടത്തിന് ഇരയാകുന്നവരിൽ ഏറെയും.

ക്യാംപിനു സമീപത്തെ മോട്ടർവേയിലൂടെയുള്ള കാർ യാത്രക്കാരെയും ഇവർ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്നത് പതിവായിക്കഴിഞ്ഞു.

അഭയാർഥികളുടെ അഴിഞ്ഞാട്ടത്തിനെതിരേ കഴിഞ്ഞദിവസം പ്രാദേശിക വ്യാപാരികളും തൊഴിലാളി സംഘടനകളും കൃഷിക്കാരും ലോറി ഡ്രൈവർമാരും ചേർന്നു നടത്തിയ പ്രതിഷേധ സമരത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. ഗുണ്ടാസംഘങ്ങളുടെ ആക്രമണമാണ് ലോറി ഡൈവർമാർ നേരിടുന്ന പ്രധാന വെല്ലുവിളി. ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി ലോറിയിൽ കയറിപ്പറ്റി എങ്ങനെയും ബ്രട്ടണിലെത്തിപ്പെടാനാണ് ഇവരുടെ ശ്രമം. ഇതിനെ എതിർക്കുന്നവരെ ബലമായി കീഴ്പെടുത്തി ട്രക്കുകൾ തട്ടിയെടുക്കാൻ വരെ ശ്രമമുണ്ടായി. തുറമുഖത്തെ ഫെറി സർവീസുകാർക്കും സമാനമായ ഭീഷണികൾ സാധാരണമായിക്കഴിഞ്ഞു.

രാത്രി-പകൽ ഭേദമില്ലാതെ വിളകൾ മോഷ്ടിക്കുന്നതാണ് കർഷകർ നേരിടുന്ന പ്രശ്നം. കാലൈസിനു സമീപ പ്രദേശങ്ങളിലെ കടകൾ കൊള്ളയടിക്കുന്നതും നിത്യസംഭവമാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത അഭയാർഥികൾ നിവൃത്തികേടുകൊണ്ട് ചെയ്യുന്നതാണെങ്കിലും കൃഷിയും കച്ചവടവും ജീവിതമാർഗമക്കുന്നവർക്ക് ഈ കൊള്ളയും കളവും താങ്ങാവുന്നതിലേറെയാണ്.

അന്താരാഷ്ട്ര ശ്രദ്ധയാർഷിച്ച പ്രശ്നമായതിനാൽ പ്രാദേശിക ഭരണകൂടത്തിനും ഇതിനെതിരേ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ നിസഹായാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞദിവസത്തെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത മേയർ ഉൾപ്പെടെയുള്ള പ്രാദേശിക ഭരണക്കാരുടെ സാന്നിധ്യം.

ഏഴായിരത്തോളം അഭയാർഥികൾ താമസിക്കുന്ന ക്യാംപ് മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമായും മാറിക്കഴിഞ്ഞു. ഇതിനും നേതൃത്വം നൽകുന്നത് ക്യാംപിലെ ഗുണ്ടാസംഘങ്ങളാണ്. ഫ്രാൻസിന്റെ അതിർത്തിയിലെത്തി ബ്രിട്ടൻ ലക്ഷ്യമാക്കി തമ്പടിച്ചിരുന്ന അഭയാർഥികളെ അതിർത്തികടത്താൻ ആരും ചിന്തിക്കാത്ത മാർഗങ്ങളാണ് ഓരോദിവസവും ഗുണ്ടാസംഘങ്ങൾ അവലംബിക്കുന്നത്. ഹൈവേയിൽ മരച്ചില്ലകൾ മുറിച്ചിട്ടും മറ്റും അപകടം സൃഷ്ടിച്ച് അതിന്റെ മറവിൽ വാഹനവുമായി രക്ഷപ്പെടുന്നവരും ഗതാഗതം തടസപ്പെടുത്തി ട്രക്കുകളിൽ ചാടിക്കയറുന്നവരുമെല്ലാം ഇതിൽപെടും.
 

Your Rating: