Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനയത്തിന്റെ പുഞ്ചിരിതൂകി വിജയത്തുടക്കം

srampickal-begin

ലണ്ടൻ∙ മലയാളികൾ പൂച്ചെണ്ടുനൽകി സ്വീകരിച്ച പുഞ്ചിരി ബ്രിട്ടനിലാകെ പടർന്നത് പെട്ടെന്നായിരുന്നു. ആരെയും ആകർഷിക്കുന്ന ആ പുഞ്ചിരിക്കു വിനയം കൂട്ടായപ്പോൾ അത് സ്വർണത്തിനു സുഗന്ധം പോലെയായി. ബ്രിട്ടണിലെ സിറോ മലബാർ സഭയുടെ നിയുക്ത ഇടയൻ മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ അജഗണങ്ങളുടെ മനം കവർന്നത് സ്വതസിദ്ധമായ വിനയം വിടരുന്ന പുഞ്ചിരിയിലൂടെയായിരുന്നു. ഒറ്റപ്പെട്ട വിമർശന ശബ്ദങ്ങൾ ആ ചിരിയിൽ അലിഞ്ഞുപോയി.

അരമനകളിലെ ആദ്യസന്ദർശനത്തിൽ സഭാ മേലധ്യക്ഷന്മാരുടെ സഹകരണവും അനുഗ്രഹവും ഉറപ്പാക്കി. സഹപ്രവർത്തകരായ പുരോഹിതരെയെല്ലാം നേരിൽകണ്ട് പരിചയം ഉറപ്പിച്ചു. വിശ്രമത്തിന്റെ ഇടവേളകളിൽ കുടുംബ സന്ദർശനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുനാളുകളിൽ പങ്കെടുത്ത് സഭാസമൂഹങ്ങളുമായി സംവദിച്ചു. മൂന്നാഴ്ചത്തെ മുന്നൊരുക്കംകൊണ്ട് നാൽപതിനായിരത്തിലേറെ വരുന്ന സഭാസമൂഹത്തിന്റെ മനസറിഞ്ഞാണ് നിയുക്ത മെത്രാന്റെ പുതിയ നിയോഗത്തിലേക്കുള്ള കാൽവയ്പ്.

srampickal-1

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ ജൂലൈ 28നായിരുന്നു ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾക്കായി പുതിയ രൂപതയെയും ഇടയനെയും ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത്. രൂപതയുടെ സ്വർഗീയ മധ്യസ്ഥയും അൽഫോൻസാമ്മയാണ്. കഴിഞ്ഞവർഷം ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ പ്രഖ്യാപനമുണ്ടായശേഷം രൂപതയ്ക്കായി കാത്തിരുന്ന ബ്രിട്ടണിലെ സിറോ മലബാർ വിശ്വാസികൾക്ക് ഒട്ടും അപ്രതീക്ഷതമല്ലായിരുന്നു റോമിൽനിന്നുള്ള പ്രഖ്യാപനം.

മെത്രാന്റെ നേരിട്ടുള്ള നേതൃത്വം ഇല്ലാതെതന്നെ കോ-ഓർഡിനേറ്റർ ഫാ. തോമസ് പാറയടിയുടെ നേതൃത്വത്തിൽ സ്വന്തമായി പള്ളിവരെയുണ്ടാക്കി വളർന്ന സഭയ്ക്ക് പ്രവാസത്തിന്റെ ബാലാരിഷ്ടതകൾ തീർന്നുവരുന്നതിനിടെയാണ് പുതിയ നേതൃത്വമുണ്ടാകുന്നത്. ഇനി വളർച്ചയുടെ പടവുകളിൽ മാർ സ്രാമ്പിക്കൽ സഭയ്ക്ക് മാർഗദർശിയാകും.

പുതിയ ദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞമാസം 18ന് മാഞ്ചസ്റ്ററിൽ വിമാനമിറങ്ങിയ മാർ സ്രാമ്പിക്കൽ വ്യത്യസ്തമായ ശൈലിയിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പതിവിനു വിരുദ്ധമായി മെത്രാഭിഷേക ചടങ്ങുകൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനം തന്നെ പ്രവാസ സമൂഹത്തിലെ സഭയുടെ വ്യത്യസ്തമായ പ്രവർത്തനത്തിന് ഉദാഹരണം. സ്കോട്ട്ലൻഡ്, വെയിൽസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ രൂപതാധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു മറ്റൊന്ന്. അബർഡീൻ മുതൽ എക്സറ്റർവരെ നടത്തിയ യാത്രയിൽ വിവിധ ലത്തീൻ രൂപതകളുടെ കീഴിൽ പ്രവർത്തിക്കുന്ന സിറോ മലബാർ ചാപ്ലൈൻസികളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് മെത്രാൻമാരെ നേരിൽകണ്ട് എല്ലാ സഹായവും സഹകരണവും ഉറപ്പുവരുത്താൻ അദ്ദേഹത്തിനായി.

എല്ലാ ചാപ്ലൈൻസികളിലെയും ഏതെങ്കിലും ഒരു മാസ് സെന്ററിൽ ദിവ്യബലിയർപ്പിച്ച് വിശ്വാസികളെ നേരിൽകാണാനും സമയം കണ്ടെത്തി. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷനായ കർദ്ദിനാൾ റവ.ഡോ. വിൻസന്റ് നിക്കോൾസിനെയും നേരിൽകണ്ടു. വാൽസിങ്ങാം തീർഥാടനത്തിലൂടെ മാതാവിന്റെ അനുഗ്രഹവും നേടിയാണ് പുതിയ ഇടയന്റെ പുത്തൽ കാൽവയ്പുകൾ. മലയാളി സമൂഹത്തിന്റെ ബ്രിട്ടനിലെ ഏറ്റവും വലിയ ഒത്തുചേരലിനും  പ്രസ്റ്റണിലെ നോർത്ത്എൻഡ് സ്റ്റേഡിയം വേദിയായത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.