Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്‌സർലൻഡിൽ ഫുട്ബോൾ ടൂർണമെന്റ് അവിസ്മരണീയമായി

football1

സൂറിച്ച്∙ സ്വിറ്റ്‌സർലൻഡിലെ മലയാളികളിലെ രണ്ടാം തലമുറ ആഗസ്റ്റ് 28ന് ഒരുക്കിയ ഫുട്ബോൾ ടൂർണമെന്റിന് അവിസ്മരണീയമായ പരിസമാപ്തി. സൂറിച്ച് ഗ്രൈഫൻ തടാകക്കരയിലെ മിഗ്രോസ് സ്‌പോർട് പാർക്കിലെ ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറിയത്. ഒരുദിനം മുഴുവൻ രണ്ട് ഓപ്പൺ ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങൾ യൂറോപ്പിലെ രണ്ടാം തലമുറ മലയാളികൾക്കിടയിൽ കഴിവുറ്റവർ ഉണ്ടെന്ന് വിളിച്ചറിയിച്ചു. വൈകുന്നേരം ഏഴരയോടെ ഫുട്ബോൾ മാമാങ്കം സമാപിച്ചു.

കളിക്കളത്തിൽ വീറും വാശിയും അതുപോലെ ഉന്നതമായ സ്പോർട്സ്മാൻ മാന്യതയും പുലർത്തിയ യുവാക്കൾ മലയാളി സമൂഹത്തിന് തന്നെ മാതൃകയായി. പതിന്നാല് ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ നിന്നും ഫൈനലിൽ എത്തിയത് ഓസ്ട്രിയയിൽ നിന്നും പങ്കെടുത്ത രണ്ട് ടീമുകളായിരുന്നു. മുതിർന്നവരുടെ ഒരു ടീമും യുവാക്കളോട് ഏറ്റുമുട്ടിയത് കൗതുകം ഉണർത്തി.

ഒന്നാം സ്ഥാനം കേരളാ യുണൈറ്റഡ് വിയന്നയും രണ്ടാം സ്ഥാനം വിയന്നയിലെ തന്നെ ഐഎഎസ് സിയും (I.A.S.C) കരസ്ഥമാക്കി. മൂന്നാം സ്ഥാനം സൂറിച്ച് യുണൈറ്റഡും നേടി.

football2

ഏറ്റവും മികച്ച കളിക്കാരനായി സൂറിച്ച് യുണൈറ്റഡിലെ ജിയോ പുന്നക്കലിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയത് കേരളാ യുണൈറ്റഡ് വിയന്നയുടെ സുമൻ വലിയപറമ്പിലാണ്. ഏറ്റവും മികച്ച ഗോളിയായി ബാസൽവണ്ണിലെ രാജേഷ് മണ്ണഞ്ചേരിയെ തിരഞ്ഞെടുത്തു.

ക്യാപ്റ്റൻ മാർട്ടിൻ പടിക്കകുടിയുടെ നേതൃത്വത്തിൽ ടോം കുഞ്ഞാപറമ്പിൽ, ഷാരോൺ വേലിക്കകത്ത്, മാനാസ് പടിഞ്ഞാറേകാലായിൽ, സാം വലിയപമ്പിൽ, സുമൻ വലിയപമ്പിൽ, രഞ്ജിത്ത് മണിയാനിപുറത്ത്, ലെയോൺ പുത്തൂർ, ലിന്റോൺ പുത്തൂർ, കിരൺ കോതക്കുഴക്കൽ എന്നിവർ ഒന്നാം സ്ഥാനം നേടിയ കേരളാ യുണൈറ്റഡിന് വേണ്ടി കളിക്കളത്തിലിറങ്ങി.

രണ്ടാം സ്ഥാനം നേടിയ ഐഎഎസ് സി വിയന്നയ്ക്ക് വേണ്ടി ആന്റോൺ ടോം (ക്യാപ്റ്റൻ) ആൽബർട്ട് തൊട്ടിയിൽ, കെവിൻ ഉഴുന്നുമ്പുറം, സാവിയോ പള്ളിക്കുന്നത്ത്, സച്ചിൻ മാരേട്ട്, മാനുവൽ തുപ്പത്തി, സാൻ ചക്കാലക്കൽ, സാം ചക്കാലക്കൽ, ജസ്റ്റിൻ കരേക്കാട്ട്, ജിജോ കുരുതുകുളങ്ങര എന്നിവർ കളിച്ചു.

മൂന്നാം സ്ഥാനത്ത് എത്തിയത് ആതിഥേയ രാജ്യമായ സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് യുണൈറ്റഡാണ്. ബോണി കാട്ടുപാലത്തിന്റെ നേതൃത്വത്തിൽ ഫ്രാൻസ് ജോസഫ്, ലിൻസ് ചിറപ്പുറത്ത്, ജിയോ പുന്നക്കൽ, സഞ്ജയ് മാളിയേക്കൽ, ജെറോം മാത്യു, കെൽ‌വിൻ കണ്ണേകുളത്തേൽ, ഫ്രാങ്ക് ജോസഫ്, അനിൽ കളപ്പുരക്കൽ, രാജേഷ് ഈരാളിൽ എന്നിവർ കളത്തിലിറങ്ങി.

വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ഏറ്റവും മികച്ച ടീമിനുള്ള ട്രോഫി കേരളാ യുണൈറ്റഡ് വിയന്നക്ക് കേളി പ്രസിഡന്റ് എബ്രഹാം ചേന്നംപറമ്പിൽ നൽകി. കൂടാതെ അദ്ദേഹം തന്നെ സ്പോൺസർ ചെയ്ത കാഷ് പ്രൈസും കൈമാറി. ഏറ്റവും മികച്ച കളിക്കാരനായ ജിയോ പുന്നക്കലിന് ജോൺ താമരശ്ശേരി സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് നൽകി. അടുത്ത വർഷം കൂടുതൽ പേർക്കു ക്യാഷ് പ്രൈസ് നൽകുവാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്വിറ്റ്‌സർലൻഡിലെ പ്രമുഖ മലയാളി സംഘടനയായ കേളിയുടെ രക്ഷാകർതൃത്വത്തിലാണ് ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറിയത്. ടൂർണമെന്റിന്റെ വിജയത്തിനായി യുവതലമുറയിലെ ഫ്രാൻസ് ചേന്നംപറമ്പിൽ, ജീവൻ അരീക്കൽ, ബോണി കാട്ടുപാലം, ജീവൻ പുന്നക്കൽ, രഞ്ജി പാറശ്ശേരി, ജെഫ് മുളവരിക്കൽ, ജെറി കുറുതുകുളങ്ങര എന്നിവർ പ്രയത്നിച്ചു. അച്ചടക്കവും കൃത്യനിഷ്ഠയും പുലർത്തിയ ഒരു മത്സരം ആയിരുന്നു സ്വിസ്സിലെ യുവതലമുറ ഒരുക്കിയത്.

വാർത്ത∙ ജേക്കബ്ബ് മാളിയേക്കൽ 

Your Rating: