Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയോ ഒളിംപിക്സിലെ ബ്രിട്ടന്റെ കുതിപ്പ് 'കാരുണ്യ' മാതൃകയിലുള്ള ലോട്ടറിയിലൂടെ

team-gb

ലണ്ടൻ∙ റിയോയിൽ ബ്രിട്ടൺ കായിക രംഗത്തെ ‘സൂപ്പർ പവറാ’യി മാറിയത് രണ്ടു പതിറ്റാണ്ടിലേറ നീണ്ട വ്യക്തമായ കർമപദ്ധതിയിലൂടെ. ചൈനയെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തിയ ബ്രിട്ടൺ ടോക്കിയോയിൽ അമേരിക്കയെയും കടത്തിവെട്ടാനുള്ള ഉറച്ച തീരുമാനത്തിലാണ്.

2012ൽ ലണ്ടനിൽ ഒളിംപിക്സിന് ആതിഥ്യമരുളിയപ്പോൾ നേടിയതിനേക്കാൾ രണ്ടു മെഡൽ കൂടുതൽ നേടിയാണ് ഏഴുകോടിയിൽ താഴെ ജനസംഖ്യയുള്ള ബ്രിട്ടൺ 130 കോടി ജനമുള്ള ചൈനയെ മറികടന്നത്. ഹോം ഗെയിമിൽ നേടുന്നതിനേക്കാൾ കൂടുതൽ മെഡൽ തൊട്ടടുത്ത ഒളിംപിക്സിൽ നേടുന്ന ആദ്യ രാജ്യം എന്ന റെക്കോർഡും ബ്രിട്ടൺ സ്വന്തമാക്കി. നൂറ്റാണ്ടിലെ മികച്ച വിജയം നേടി തിരിച്ചെത്തിയ ബ്രിട്ടീഷ് ടീമിന് ലണ്ടൻ ഹിത്രൂ വിമാനത്താവളത്തിൽ രാജോജിത സ്വീകരണമാണ് ലഭിച്ചത്.

ഇരുപതു വർഷം മുമ്പ് അറ്റ്ലാന്റ ഒളിംപിക്സിൽ ഏറ്റ കനത്ത തിരിച്ചടിയാണ് കായികരംഗത്തെ ഉയിർത്തെഴുന്നേൽപിനായി കർമപദ്ധതി തയാറാക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത്. അറ്റ്ലാന്റയിൽ ആകെ ഒരു സ്വർണമുൾപ്പെടെ കേവലം 15 മെഡലുകൾ മാത്രം ലഭിച്ച ടീം മുപ്പത്താറാം സ്ഥാനത്തായി. ലോകത്തെ സാമ്പത്തിക-സൈനിക ശക്തികളിൽ നേതൃനിരയിലുള്ള ബ്രിട്ടന് ഈ നാണക്കേട് താങ്ങാവുന്നതിലേറെയായിരുന്നു. ഭാവിയിൽ ഈ വീഴ്ച ആവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച അന്നത്തെ പ്രധാനമന്ത്രി സർ ജോൺ മേജർ അതിനായി കടുത്ത തീരുമാനങ്ങളെടുത്തു. കായിക പരിശീലന പദ്ധതികൾക്കും അടിസ്ഥാനസൌകര്യ വികസനത്തിനും പ്രത്യേക പ്രാധാന്യം നൽകാൻ അദ്ദേഹം നിർദേശം നൽകി. ഇതിനായി പണം കണ്ടെത്താൻ ‘നാഷണൽ ലോട്ടറി’ തുടങ്ങി. സമ്മാനത്തുക നീക്കിയുള്ള നാഷണൽ ലോട്ടറിയുടെ ലാഭം ഒഴുകിയെത്തിപ്പോൾ കായികരംഗം അതിവേഗം വളർന്നു.

അഴിമതിയും കെടുകാര്യസ്ഥതയും എളുപ്പമല്ലാത്ത ബ്രിട്ടണിൽ പണലഭ്യത ഉറപ്പായപ്പോൾ പദ്ധതികളുടെ ഫലപ്രാപ്തി പെട്ടെന്നായി. 2012ൽ ഒളിംപിക്സ് നടത്താൻ അവസരംകൂടി ലഭിച്ചതോടെ കുതിപ്പിനു വേഗം കൂടി. 29 സ്വർണമുൾപ്പെടെ 65 മെഡലുകളുമായി ലണ്ടനിൽ മൂന്നാമതെത്തിയ ബ്രിട്ടൺ റിയോയിലെത്തിയപ്പോൾ മെഡൽ 67 ആയി ഉയർത്തി. ചൈനയേക്കാൾ ഒരു സ്വർണം കൂടുതൽ നേടി രണ്ടാം സ്ഥാനവും ഉറപ്പിച്ചു.

രാജ്യം സ്പോർട്ടിംങ് സൂപ്പർ പവറായി മാറി എന്നായിരുന്നു ഈ വിജയത്തെക്കുറിച്ച് ബ്രിട്ടണിലെ സ്പോർട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ലിസ് നിക്കോളിന്റെ പ്രതികരണം. റിയോയിൽ15 ഇനങ്ങളിൽ ചാമ്പ്യന്മാരായ ബ്രിട്ടൺ ടോക്കിയോയിൽ ഇത് ഇരട്ടിയാക്കുമെന്നും അവർ പ്രഖ്യാപിച്ചു. റിയോയിൽ സൈക്കിളിംങ്ങിൽ മാത്രം 11 സ്വർണം നേടിയ ബ്രിട്ടന് ഇത് അസാധ്യമായ കാര്യമല്ല.

അറ്റ്ലാന്റയ്ക്കു മുമ്പ് കേവലം അഞ്ചു മില്യൺ പൗണ്ടായിരുന്നു ബ്രിട്ടൺ കായിക വികസനത്തിനായി ചെലവിട്ടിരുന്നത്. 2000ൽ സിഡ്നിയിലെത്തിയപ്പോൾ ഇത് 54 മില്യൺ പൗണ്ടായി. മെഡൽ നിലയിൽ പത്താം സ്ഥാനത്തും. ലണ്ടൻ ഒളിമ്പിക്സായപ്പോൾ ഈ ചെലവ് 264 മില്യണായി. മെഡൽനിലയിൽ മൂന്നാമത്. റിയോയിലെത്തുമ്പോൾ ഇത് 350 മില്യനോടടുക്കുകയാണ്. മെഡലൊന്നില്‍ ശരാശരി 4.1 മില്യൺ പൗണ്ടാണ് (ഏകദേശം 45 കോടി രൂപ) ബ്രിട്ടൺ റിയോയിൽ ചെലവഴിച്ചത്. എങ്കിലും ഈ തുക നഷ്ടമായി എന്ന് സർക്കാരോ ജനങ്ങളോ കരുതുന്നില്ല. അത്രമേൽ അഭിമാനമുയർത്തിയാണ് ടീം ജിബി ഇന്നലെ രാവിലെ ലണ്ടൻ ഹീത്രുവിൽ വിമാനമിറങ്ങിയത്.

ബ്രിട്ടീഷ് എയർവേസിന്റെ പ്രത്യേകം ചാർട്ടർചെയ്ത ബോയിങ് 747 വിമാനം ‘ബി.എ.2016’ എന്ന് നമ്പരിട്ടും മുഖമുനയിൽ സ്വർണവർണം പൂശിയുമായിരുന്നു മെഡൽ ജേതാക്കളെയും കൊണ്ട് റിയോയിൽനിന്നും എത്തിയത്. പ്രത്യേകം യൂണിഫോമണിഞ്ഞ ക്യാബിൻ ക്രൂ അംഗങ്ങൾ താരങ്ങൾക്ക് വിമാനത്തിൽ എല്ലാ സൗകര്യങ്ങളുമൊരുക്കി. താരങ്ങളും ഒഫിഷ്യലുകളുമടക്കം 320 പേരാണ് പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയത്. 77 കുപ്പി ഷാംപെയിനടക്കം വിഭവസമൃദ്ധമായ വിരുന്നായിരുന്നു ഇവർക്ക് വിമാനത്തിൽ ഒരുക്കിയത്.

പാരാ ഒളിംപിക്സ് മൽസരങ്ങൾക്കുശേഷം ഒക്ടോബറിൽ മാഞ്ചസ്റ്ററിലും പിന്നീട് ലണ്ടൻ നഗരത്തിലും സർക്കാർ മെഡൽ ജേതാക്കളെ ആദരിക്കാൻ വിക്ടറി മാർച്ചും സംഘടുപ്പിക്കുന്നുണ്ട്.  

Your Rating: