Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുക്മ കലാമേളകൾക്ക് തിരി തെളിയുന്നു

ukama-kalamela

ബർമിങ്ഹാം∙ യുകെ മലയാളി മനസുകളിൽ ആവേശതിരമാല ഉണർത്തിക്കൊണ്ടു 2016ലെ യുക്മ  കലാമേളകൾക്ക് ഇന്ന് തിരി തെളിയുന്നു. യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണിലാണ് ആദ്യ റീജിയണൽ കലാമേള.കഴിഞ്ഞ വർഷവും ആദ്യ റീജിയണൽ കലാമേള സംഘടിപ്പിച്ചതിന്റെ ഖ്യാതി സ്വന്തമാക്കിയ യോർക്ക്ഷെയർ ആൻഡ് ഹംബർ റജിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള കലാമേളയാകും ഇത്തവണ അരങ്ങേറുന്നത്.

വേക് ഫീൽഡിലെ കെറ്റിൽ ത്രോപ് ഹൈസ്കൂളിൽ രാവിലെ പത്തുമണിക്ക് യുക്മ ദേശീയ പ്രസിഡന്റ്  അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് കലാമേള ഉദ്ഘാടനം ചെയ്യും. യുക്മ നാഷനൽ വൈസ് പ്രസിഡന്റും കലാമേള ദേശീയ ജനറൽ കൺവീനറുമായ മാമ്മൻ ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നാഷനൽ ജോയിന്റ് ട്രഷറർ എബ്രഹാം ജോർജ് ആശംസകൾ അർപ്പിച്ചു സംസാരിക്കും. യുക്മ റീജിയണൽ പ്രസിഡന്റ് അലക്സ് എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിക്കും.

ഷെഫീൽഡ്, സ്കെന്ത്രോപ്, വേക് ഫീൽഡ്, ബ്രാഡ്ഫോർഡ്, യോർക്ക്, ലീഡ്സ്, ഹൾ, റോതെർഹാം, കീത്‌ലീ എന്നീ സ്ഥലങ്ങളിലെ യുക്മയിൽ അംഗത്വമുള്ള അസോസിയേഷനുകളിലെ കലാകാരന്മാരും കലാകാരികളും തമ്മിലുള്ള വാശിയേറിയ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ 41 ഇനങ്ങളിലായി 215 മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പായി. ഇത് ഈ റീജിയന്റെ വളർച്ചയുടെ ചിത്രം വരച്ചുകാട്ടുന്നു എന്ന് നിസ്സംശയം പറയാം.

മൂന്ന് സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളുടെ അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി റീജിയണൽ സെക്രട്ടറി വർഗ്ഗിസ് ഡാനിയൽ, കലാമേള കൺവീനർ സജിൻ രവീന്ദ്രൻ എന്നിവർ അറിയിച്ചു. 

കലാമേളയിൽ  ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന അസോസിയേഷന് കെ. ജെ. ജോർജ് കണ്ണംകുളം മെമ്മോറിയൽ എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന അസോസിയേഷന് എബ്രഹാം ജോർജ് സ്പോൺസർ ചെയ്യുന്ന മിസ്സിസ് ആൻഡ് മിസ്റ്റർ വി.എ. ജോർജ് വാരമണ്ണിൽ എവർറോളിങ് ട്രോഫിയും നൽകും. കലാമേളയുടെ വിജയത്തിനായി യുക്മ നാഷനൽ കമ്മറ്റി അംഗം സോജൻ ജോസഫ്, ആതിഥേയ അസോസിയേഷനായ വേക് ഫീൽഡ് അസോസിയേഷന്റെ പ്രതിനിധികളായ സാബു മാടശ്ശേരി, അഭിലാഷ് നന്ദികാട്ട്, ടോം കോലഞ്ചേരി, സാജൻ സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.  കലാമേള നടക്കുന്ന നഗറിന്റെ വിലാസം:- Kettlethrope High School, Community Learning Centre, Standbridge Lane, Sandal, Wakefield - WF2 7E.

യുക്മ ഏഴാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ ഏഴ് കേന്ദ്രങ്ങളിൽ നടക്കുന്ന റീജിയണൽ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിണൽ കലാമേളയെ തുടർന്ന് ഒക്ടോബർ എട്ടാം തീയതി ശനിയാഴ്ച ബോൺമൗത്തിൽ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയും പൂളിൽ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയും സംഘടിപ്പിക്കപ്പെടും. ഒക്ടോബർ പതിനഞ്ചാം തീയതി ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള ബാസിൽഡണിലും വെയ്ൽസ് റീജിയണൽ കലാമേള സ്വാൻസിയിലും നോർത്ത് വെസ്റ്റ് റീജിയൺ കലാമേള മാഞ്ചസ്റ്ററിലും നടക്കും.

റീജിയണൽ കലാമേളയുടെ സമാപനം കുറിച്ചുകൊണ്ട് ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച നോട്ടിംഹാമിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്‌സ് റീജിയന്റെ കലാമേള അരങ്ങേറും. നവംബർ അഞ്ചാം തീയതി ശനിയാഴ്ച മിഡ് ലാൻഡ്‌സിലെ കവൻട്രിയിലാണ് ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യുക്മ കലാമേളകൾ വൻവിജയമാക്കുവാൻ എല്ലാ യുകെ മലയാളികളും മുന്നോട്ടു വരണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യർത്ഥിക്കുന്നു.

വാർത്ത∙ സജീഷ് ടോം (യുക്മ ദേശീയ ജനറൽ സെക്രട്ടറി)
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.