Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിലെ ഓണാഘോഷങ്ങളിൽ വിസ്മയമായി വിനോദ് വെഞ്ഞാറംമൂട്

vinod-3

ലണ്ടൻ∙ ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ മലയാളി സമൂഹങ്ങൾ ഒരുക്കുന്ന ഓണാഘോഷങ്ങളിൽ വിസ്മയമായി വിനോദ് വെഞ്ഞാറംമൂടിന്റെ അമ്മാനമാട്ടം. മഴവിൽ മനോരമയിലെ ‘ഉഗ്രം ഉജ്വലം’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജഗ്ളർ (അമ്മാനമാട്ടക്കാരൻ) വിനോദ് വെഞ്ഞാറംമൂട് കഴിഞ്ഞയാഴ്ചയാണ് ചില മലയാളി സുഹൃത്തുക്കളുടെയും സംഘടനകളുടെയും ക്ഷണപ്രകാരം ബ്രിട്ടനിലെത്തിയത്. ഇതിനോടകം നിരവധി സ്റ്റേജുകളിൽ കാണികളെ ത്രസിപ്പിക്കുന്ന മാസ്മരിക പ്രകടനം കാഴ്ചവച്ച വിനോദ് വരുംദിവസങ്ങളിൽ കൂടുതൽ ആഘോഷങ്ങളിൽ നിറഞ്ഞാടും.

vinod-2

ന്യൂഹാം മലയാളി കമ്മ്യൂണിറ്റി (എൻഎ.സി) മലയാളി അസോസിയേഷൻ ഓഫ് യുകെ (എംഎയുകെ) നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (എൻഎംസിഎ) എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിലെ പരിപാടികൾ. ഇവിടെയെല്ലാം കരഘോഷത്തോടെയായിരുന്നു കാണികൾ വിനോദിന്റെ കണ്ണഞ്ചിപ്പിക്കുന്ന കരവിരുതിനെ വരവേറ്റത്.

കണ്ണു കൈയും മനസും ഒരേ താളത്തിലാക്കി, അണുവിടപോലും ശ്രദ്ധ പതറാതെ ക്രിക്കറ്റ് ബോളുകളും കമ്പിവളയങ്ങളും ചില്ലുകുപ്പികളും അന്തരീക്ഷത്തിൽ പറത്തിക്കളിച്ച് വിനോദ് നൃത്തമാടിയപ്പോൾ സദസും അവയ്ക്കൊപ്പം താളം പിടിച്ചു. പലപ്പോഴും ആവേശം ആർപ്പുവിളിയായി. തന്റെ മാസ്റ്റർപീസ് ഇനമായ ‘സ്റ്റിക് ജഗ്ളിങ്ങു’മായി ഒടുവിൽ വിനോദ് കാണികൾക്കിടയിലേക്ക് ഇറങ്ങിയപ്പോൾ യുകെ മലയാളികൾക്ക് അത് ഒരിക്കലും മറക്കാനാവാത്ത ഓണസമ്മാനമായി.

മഴവിൽ മനോരമയുടെ ‘ഉഗ്രം ഉജ്വലം’ റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലെ മികച്ച പെർഫോമറായിരുന്നു വിനോദ്. വെഞ്ഞാറംമൂട് തൊഴുവന്തൂർ വീട്ടിൽ ജനാർദനന്റെയും ഗീതയുടെയും മകനാണ് മലയാളത്തിന്റെ അഭിമാനമായ ഈ ജഗ്ളിങ് പ്രതിഭാസം. ഏഷ്യയിലെ ഏറ്റവും വേഗമേറിയ അമ്മാനമാട്ടക്കാൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള വിനോദ് പല അന്താരാഷ്ട്ര വേദികളിലും മികച്ച പെർഫോമറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 100 മീറ്റർ നീളമുള്ള കയറുവരെ നിലംതൊടാതെ ചുഴറ്റി നൃത്തം ചെയ്യുന്ന വിനോദ് ഈയിനത്തിൽ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്.

vinod-jugling

ജീവിതം അമ്മാനമാടാനായി നീക്കിവച്ചിരിക്കുന്ന ഈ കലാകാരൻ ചെറുപ്പം മുതലേ സ്വന്തമായി പരിശീലിച്ചാണ് ജഗ്ളിങ്ങിൽ അഗ്രഗണ്യനായി മാറിയത്. പുതിയ ഇനങ്ങൾ സ്വന്തമായി വികസിപ്പിച്ച് മുടങ്ങാതെയുള്ള പരിശീലനത്തിലൂടെയാണ് ഓരോ ദിവസത്തെയും മുന്നേറ്റം. നിരവധി വിദേശരാജ്യങ്ങളിൽ ഇതിനോടകം പല സ്റ്റേജുകളിൽ നിറഞ്ഞാടിയ വിനോദ് ആറു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ബ്രിട്ടനിലെത്തുന്നത്. നേരത്തെ സ്റ്റേജ് ഷോയ്ക്കായി എത്തിയ വിനോദിനെ ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി സംഘടനകൾ വീണ്ടും ക്ഷണിക്കുകയായിരുന്നു.

പാട്ടും പ്രഭാഷണങ്ങളും കോമാളി സ്കിറ്റുകളും കുത്തിനിറയ്ക്കുന്ന സ്റ്റേജ് ഷോകൾ കണ്ടുമടുത്ത വിദേശ മലയാളികൾക്ക് വിനോദിന്റെ വ്യത്യസ്തവും വൈവിധ്യമാർന്നതുമായ അമ്മാനമാട്ടം മനംകുളിർപ്പിക്കുന്ന കാഴ്ചയായി. ഓർമകളിൽ അമ്മാനമാടാൻ ഒരു ഓണസമ്മാനവും.  

Your Rating: