Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത ലോകയുവജനസംഗമം പനാമയിൽ 2019 ൽ

poland-pope-02

ക്രാക്കോവ്∙ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി 30 ലക്ഷത്തിലധികം യുവജനങ്ങൾ പങ്കെടുത്ത കത്തോലിക്കാ സഭയുടെ ലോകയുവജന സംഗമത്തിന് പോളണ്ടിലെ ക്രാക്കോവിൽ ജൂലൈ 31 ന് തിരശീലവീണു. ബൈബിൾ അടിസ്ഥാനമാക്കി സ്നേഹം, സാഹോദര്യം, സഹിഷ്ണത, സമാധാനം എന്നിവയാണ് സംഗമത്തിന്റെ മുഖ്യസന്ദേശമായി ഉയർത്തിയിരുന്നത്.

poland-pope-01

ജൂലൈ 31 ന് ഞായറാഴ്ച രാവിലെ നടന്ന സമാപന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകി. സാത്താനെ കീഴ്പ്പെടുത്തി കൂടുതൽ ശക്തിയോടെ ദൈവത്തിന്റെ പദ്ധതിയിൽ പങ്കുചേരാൻ യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രാക്കോ നഗരത്തെ നിങ്ങൾ വിശ്വാസ ദീപ്തിയാൽ നിറച്ചു. നിങ്ങളുടെ വിശ്വാസ ചൈതന്യം കണ്ടു സ്വർഗത്തിലിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആഹ്ലാദിച്ചിട്ടുണ്ടാകും. സുവിശേഷത്തിന്റെ ആനന്ദം എല്ലായിടത്തും പ്രചരിപ്പിക്കാൻ നിങ്ങളെ ഈ വിശുദ്ധൻ സഹായിക്കും.

40 കർദിനാൾമാരും ആയിരത്തോളം ബിഷപ്പുമാരും പതിനായിരത്തിലധികം വൈദികരും സഹകാർമ്മികരായി നടന്ന ദിവ്യബലി കരുണയുടെ മൈതാനമായ കാമ്പസ് മിസിരികോഡിയയിലെ തുറന്ന വേദിയിലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ക്രാക്കോവിൽ എത്തിച്ചേർന്ന യുവജനങ്ങൾക്കും സംഗമം വിജയിപ്പിക്കാൻ നേതൃത്വം നൽകിയ ക്രാക്കോ ആർച്ച്ബിഷപ് കർദിനാൾ സ്റ്റനിസ്ലാ ദ്വിവിസിനും മാർപാപ്പ നന്ദി പറഞ്ഞു.ചൂടിൽ നിന്നു രക്ഷപെടാൻ വെള്ളക്കുടക ചൂടിയാണ് ദവ്യബലിയിൽ വൈദികരും വിശ്വാസികളും പങ്കെടുത്ത്

poland-pope-03

ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിലുള്ള റെക്സ് ബാൻഡ് ശനിയാഴ്ച നടന്ന നൈറ്റ് വിജിലിൽ നാഥനെ വാഴ്ത്തിപ്പാടാം എന്ന ഗാനവും ആലപിച്ചു.

ദിവ്യബലിക്കിടെ അടുത്ത സമ്മേളനവേദിയും പ്രഖ്യാപിച്ചു. മദ്ധ്യ അമേരിക്കയിലെ പനാമ നഗരത്തിൽ 2019 ൽ അടുത്ത മേള നടക്കും. 3,8 മില്യൻ ജനങ്ങളാണ് ഇവിടെ അധിവസിയ്ക്കുന്നത്.സ്പാനിഷാണ് ഇവിടുത്തെ ഭാഷ.

യുവജനസംഗമത്തിന്റെ സംഘാടകരുമായും വോളണ്ടിയർമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയാണ് പാപ്പാ ക്രാക്കോവിൽ നിന്നു വത്തിക്കാനിലേക്കു മടങ്ങിയത്. സമാപനസമ്മേളനത്തിൽ ഏകദേശം 30 ലക്ഷം യുവജനങ്ങൾ പങ്കെടുത്തെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. പാപ്പായുടെ സന്ദർശനത്തിനോടനുബന്ധിച്ചും യുവജനസംഗമത്തിന്റെ സുരക്ഷയ്ക്കായി സൈനികരും പോലീസ് സേനയുമടക്കം 40,000 സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരെയാണ് ക്രാക്കോവിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്.

150 രാജ്യങ്ങളിൽ നിന്നായി 50 കർദ്ദിനാളന്മാരും 800 ബിഷപ്പുമാരും 20,000 വൈദികരും കൂടാതെ ഒട്ടനവധി കന്യാസ്ത്രീകളും സംഗമത്തിൽ പങ്കെടുക്കാൻ ക്രാക്കോവിൽ എത്തിയിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ജന്മനാടായ അർജന്റീനയിൽ നിന്ന് 7000 യുവജനങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. സംഘർഷ മേഖലയായ യുക്രൈനിൽ നിന്ന് 5000 യുവജനങ്ങൾ എത്തിയിരുന്നു.

poland-pope3

ഇന്ത്യയിൽ നിന്ന് ആയിരത്തിലധികം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ഇന്ത്യൻ സംഘത്തെ നയിച്ചത് ബല്ലേരി ബിഷപ്പും ഇന്ത്യൻ യൂത്ത് കമ്മിഷൻ ചെയർമാനുമായ ഹെൻറി ഡി സൂസയായിരുന്നു. കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ.മാത്യു ജേക്കബ് തിരുവാലിൽ, എസ്എംവൈഎം ഡയറക്ടർ ഫാ. മാത്യു കൈപ്പൻപ്ലാക്കൽ, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻറ് ഷൈൻ ആന്റണി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എം. കണ്ടത്തിൽ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.

മാർപാപ്പായ്ക്കൊപ്പം വത്തിക്കാൻ പ്രതിനിധികളും 70 മാദ്ധ്യമ പ്രതിനിധികളുമാണ് പോളണ്ടിൽ എത്തിയത്. ആറു പ്രസംഗങ്ങളും മൂന്നു ഭവന സന്ദർശനങ്ങളും ദിവ്യബലിയുമാണ് പാപ്പായുടെ പ്രത്യേക പരിപാടികളായി ഉണ്ടായിരുന്നത്. പാപ്പായുടെ 15-ാമത്തെ വിദേശയാത്രയും ആദ്യത്തെ പോളണ്ട് സന്ദർശനവുമായിരുന്നു ഇത്.
 

Your Rating: