Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംയോജിത ജൈവപച്ചക്കറി– മൽസ്യ ഉൽപാദനം; ഒമാൻ ലക്ഷ്യത്തിലേക്ക്

Vegetable

മസ്‌കത്ത് ∙ ഒമാനിൽ മൽസ്യകൃഷിയും ജൈവകൃഷിയും സംയോജിത രീതിയിൽ നടപ്പാക്കാനുള്ള വൻപദ്ധതി ലക്ഷ്യത്തിലേക്ക്. വിവിധ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന പദ്ധതി ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ജൈവരീതിയിൽ മൽസ്യവും പച്ചക്കറിയും ഉൽപാദിപ്പിക്കാനുള്ള പദ്ധതി വിപ്ലവകരമായ മുന്നേറ്റമാണെന്ന് കാർഷിക ശാസ്‌ത്രജ്‌ഞർ വിലയിരുത്തുന്നു. മൽസ്യക്കുളങ്ങളോടനുബന്ധിച്ചു പച്ചക്കറി വളർത്തുന്ന രീതി വ്യാപകമാണെങ്കിലും വിപുലമായ രീതിയിൽ ജൈവകൃഷി നടപ്പാക്കുന്നത് ഇതാദ്യമാണ്. ശുദ്ധമായ മൽസ്യവും പച്ചക്കറിയും പരിസ്‌ഥിതി സൗഹൃദരീതിയിൽ ലഭ്യമാകുന്നുവെന്നതാണ് നേട്ടം.

ഗൾഫിൽ ജൈവ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടി

ഗൾഫ് മേഖലയിൽ ജൈവ ഉൽപന്നങ്ങളോടുള്ള താൽപര്യം വർധിച്ചുവരികയാണ്. ഇവയുടെ ഇറക്കുമതി പരമാവധി കുറച്ച് ഉൽപാദനം കൂട്ടുകയാണ് ലക്ഷ്യം. നൂറു ശതമാനവും ശുദ്ധമായ പച്ചക്കറി പുതുമയോടെ ലഭ്യമാകാൻ ഇതു സഹായകമാകും. അലർജി ഉൾപ്പെടെയുള്ള രോഗങ്ങൾ ഇല്ലാതാക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ജൈവ ഉൽപന്നങ്ങൾ ശീലമാക്കണമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. 24 മണിക്കൂറും പരിചരണം ലഭിക്കുന്ന വിളകളാണ് ഒമാനിലെ അക്വാപോണിക് ഓർഗാനിക് ഫാമിലുള്ളത്.

വിവിധ ഘട്ടങ്ങളിലായി ഈ രീതി രാജ്യത്തു വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നു. മറ്റു രീതികളിൽ നിന്നു വ്യത്യസ്‌തമായി ഇതിനു കൂടുതൽ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ജൈവകൃഷിരീതി അറബ് മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുമെന്നാണു റിപ്പോർട്ട്. 2018 ആകുമ്പോഴേക്കും ഈ മേഖല 150 കോടി ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണു സൂചന. യുഎഇയും ഈ രംഗത്തു മുന്നേറുകയാണ്.  2013ൽ യുഎഇയിലെ ജൈവ കൃഷിയിടങ്ങളുടെ എണ്ണം 39 ആയി ഉയർന്നു. 3920 ഹെക്‌ടറുകളിലായാണ് ഇതു വ്യാപിച്ചുകിടക്കുന്നത്. 2007ൽ ഇതു 218 ഹെക്‌ടർ മാത്രമായിരുന്നു.

ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലും ജൈവകൃഷിയോടും ഉൽപന്നങ്ങളോടും ആഭിമുഖ്യം കൂടിവരികയാണ്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സാധാരണ ഉൽപന്നങ്ങളിൽ നിന്ന് 20 മുതൽ 100% വരെ ചെലവു കൂടുതലാണെന്നു കണക്കാക്കുന്നു. യുഎഇയിൽ ജൈവരീതിയിൽ 62 കാർഷിക വിളകൾ ഉൽപാദിപ്പിക്കുന്നതായാണു കണക്ക്. വഴുതനങ്ങ, വെള്ളരിക്ക, തക്കാളി, കാബേജ്, പയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കോഴിയെയും കാടയെയുമെല്ലാം ജൈവരീതിയിൽ വളർത്തുന്നുണ്ട്. ഇവയുടെ മുട്ടയ്‌ക്കും മാംസത്തിനും ആവശ്യക്കാർ കൂടിവരികയാണ്.

മൽസ്യവും പച്ചക്കറിയും ഒരേ സ്‌ഥലത്ത്

റുമൈസിൽ പുരോഗമിക്കുന്ന പദ്ധതിയിൽ വിദേശത്തു നിന്നുള്ള സാങ്കേതികവിദഗ്‌ധരും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. ഹോർമോണോ രാസവസ്‌തുക്കളോ ഇല്ലാത്ത സ്വാഭാവിക ഭക്ഷണം നൽകിയാണു മൽസ്യങ്ങളെ വളർത്തുക. കടൽപ്പായൽ ഉൾപ്പെടെയുള്ളവ സംസ്‌കരിച്ച് ഭക്ഷണമായി മീനുകൾക്കു നൽകുകയും ഇവയുടെ വിസർജ്യം കലർന്ന വെള്ളം കൃഷിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.  കൂടാതെ ജൈവവളവും ഉപയോഗിക്കുന്നു. മൽസ്യവും പച്ചക്കറിയും ഒരു സ്‌ഥലത്തു വിളയുന്ന ശാസ്‌ത്രീയ രീതിയാണിത്.

വെള്ളത്തിന്റെയോ കാലാവസ്‌ഥയുടെയോ പ്രശ്‌നങ്ങൾ ഒരുവിധത്തിലും കൃഷിയെ ബാധിക്കുന്നില്ല. ലവണങ്ങളുടെയും മറ്റും അംശം സൂക്ഷ്‌മമായി മനസിലാക്കാൻ ശാസ്‌ത്രീയ സംവിധാനമുണ്ട്. സ്വാഭാവിക കൃഷിയിൽ വെള്ളം പാഴാകുന്ന സാഹചര്യം ഇതിൽ ഒഴിവാക്കാം. കാലാവസ്‌ഥയ്‌ക്കും മണ്ണിനും യോജിച്ച വിളകൾ പരീക്ഷിച്ചാൽ മികച്ച നേട്ടമുണ്ടാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. മരുഭൂമിയിലെ പരുക്കൻ കാലാവസ്‌ഥയും മറ്റു സാഹചര്യങ്ങളും ഈ രീതിക്കു വെല്ലുവിളിയാകുന്നില്ല.

ബീൻസ്, വെണ്ട, മെലൻ, പലതരം ചീരകൾ, തക്കാളി, മുന്തിരി, വെള്ളരിക്ക, തിലോപ്പിയ, സാൽമൺ എന്നിവയാണ് ഈ സംവിധാനത്തിൽ മികച്ചരീതിയിൽ വിളയുന്നത്. മൽസ്യകൃഷിക്കും പച്ചക്കറി കൃഷിക്കും വെവ്വേറെ വേണ്ടിവരുന്ന ചെലവ് ഒഴിവാക്കാനാകുമെന്നത് കർഷകരെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ജനുവരിയോടെ ഇവിടെ നിന്നുള്ള ഉൽപന്നങ്ങൾ വിൽക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ ഓരോ ആഴ്‌ചയിലും നൂറുകിലോ പച്ചക്കറിയും പഴവർവർഗങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നു. ഫാമിന് ഐഎസ്‌ഒ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും രാസവസ്‌തുവിന്റെയോ കീടനാശിനിയുടെയോ അംശം വിളകളിലോ വെള്ളത്തിലോ ഉണ്ടോയെന്നു പരിശോധിക്കാൻ വിദഗ്‌ധരടങ്ങളിയ പാനൽ ഇവിടെയുണ്ട്.

മാരക കീടനാശിനികൾ തളിച്ച പച്ചക്കറിയുടെയും പഴങ്ങളുടെയും വിഷാംശം എത്ര കഴുകിയാലും പോകില്ലെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ചെടി വിഷാംശം ആഗിരണം ചെയ്യുന്നതിനാൽ കായ്‌കളിലും ഇലകളിലുമെല്ലാം വിഷം തങ്ങിനിൽക്കുന്നു. ഇത്തരം ഇലവർഗങ്ങളും പച്ചക്കറികളും പഴങ്ങളും ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാൽ ജൈവകൃഷിരീതിയിലേക്ക് അടിയന്തരമായി മാറണമെന്ന് രാജ്യാന്തരവിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നു. ജൈവ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്‌താൽ ചെലവു വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തദ്ദേശീയമായി ഉൽപാദിപ്പിക്കാനുള്ള പദ്ധതി ഊർജിതമാക്കിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.