Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാമകൾക്ക് കാവലാവാൻ ഒമാനിൽ പദ്ധതി

trutle

മസ്‌കത്ത് ∙ വംശനാശഭീഷണി നേരിടുന്ന ലോഗർഹെഡ് കടലാമകളുടെ സംരക്ഷണത്തിന് ഒമാൻ ബൃഹദ്‌പദ്ധതി തയാറാക്കുന്നു. കടലാമകളുടെ പ്രിയപ്പെട്ട താവളമായ മസീറ ദ്വീപ് കേന്ദ്രീകരിച്ചു വിവിധ പഠന–ഗവേഷണ പരിപാടികൾ ഊർജിതമാക്കും. മുട്ടയിടാനും മറ്റുമായി കടലാമകൾ കൂട്ടത്തോടെ എത്തുന്ന ദ്വീപാണിത്.

ലോകത്ത് ഏറ്റവും കൂടുതൽ ലോഗർഹെഡ് കടലാമകൾ എത്തുന്ന ദ്വീപുകളിലൊന്നാണു മസീറ. സുരക്ഷിതത്വവും നല്ല കാലാവസ്‌ഥയും ജൈവവൈവിധ്യങ്ങളുമാണു കടലാമകളെ മസീറ ദ്വീപിലേക്ക് ആകർഷിക്കുന്നത്. ദ്വീപിൽ ഇവയുടെ സംരക്ഷണത്തിനായി വലിയൊരു കേന്ദ്രം സജ്‌ജമാക്കുന്നതും പരിഗണനയിലാണ്.

പദ്ധതിയുടെ ഭാഗമായി ദ്വീപിൽ ഏഴു പെൺ ലോഗർഹെഡ് കടലാമകൾക്കു സാറ്റലൈറ്റ് ടാഗ് ഘടിപ്പിച്ചു. ഇവയുടെ സഞ്ചാരപഥങ്ങളും ശീലങ്ങളും ജീവിതരീതിയും മനസ്സിലാക്കാൻ ഇതുവഴി കഴിയും. ഇവയുടെ ശത്രുക്കളെക്കുറിച്ചും ഭീഷണി സൃഷ്‌ടിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അറിയാൻ കഴിയുമെന്നതാണു മറ്റു നേട്ടങ്ങൾ. ഇതരരാജ്യങ്ങളുടെ കൂടി സഹകരണത്തോടെ സംരക്ഷണ നടപടികൾ വിപുലമാക്കാൻ ഇതു സഹായകമാകും. ശേഖരിക്കുന്ന വിവരങ്ങൾ ലോകമെങ്ങുമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും സന്നദ്ധ സംഘടനകൾക്കും ലഭ്യമാക്കാനും ഉദ്ദേശിക്കുന്നു.

പരിസ്‌ഥിതി–കാലാവസ്‌ഥാകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുമായി രാജ്യത്തെ പരിസ്‌ഥിതി സംഘടനകൾ, യുഎസ് നാഷനൽ ഓഷ്യനോഗ്രാഫിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസ്, ഓഷ്യൻ ഇക്കോളജി നെറ്റ്‌വർക്ക് എന്നിവയും സഹകരിക്കുന്നു. പാരിസ്‌ഥിതിക വെല്ലുവിളികളും മുട്ടകൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നതും അപൂർവയിനം കടലാമകൾക്കു ഭീഷണി സൃഷ്‌ടിക്കുന്നു. ഈ നില തുടർന്നാൽ ചിലയിനം ആമകൾ സമീപഭാവിയിൽ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ മുന്നറിയിപ്പ്. അശാസ്‌ത്രീയ മൽസ്യബന്ധനരീതികളും ആമകൾക്കു വെല്ലുവിളിയാകുന്നു. വലകളിൽ കുടുങ്ങിയും മാലിന്യങ്ങൾ ഉള്ളിൽച്ചെന്നും വലിയ തോതിൽ ചാകുന്നു.

ആമകളുടെ സംരക്ഷണത്തിന് ഒമാനുമായി ചേർന്നുള്ള പദ്ധതികൾക്ക് ഏറെ സാധ്യതകളുണ്ടെന്ന് ഒമാനിലെ യുഎസ് സ്‌ഥാനപതി മാർക് ജെ.സീവേഴ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളും ഇതുമായി സഹകരിക്കണം. കടലിലെ ആവാസ വ്യവസ്‌ഥയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ പഠന ഗവേഷണങ്ങൾ ആവശ്യമാണ്. കടൽസമ്പത്ത് വ്യാപകമായി നശിപ്പിക്കപ്പെടുന്നതു ലോകം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

സാറ്റലൈറ്റ് ടാഗിൽ അറിയാം, ജീവചരിത്രം

ആമകൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ സാറ്റലൈറ്റ് ടാഗ് ഘടിപ്പിക്കാൻ കഴിയും. ശരീരത്തിന്റെ മൂന്നുമുതൽ അഞ്ചുവരെ ശതമാനം മാത്രം വലുപ്പമേ ഉണ്ടാകൂ. നൂറുഗ്രാം വരെ ഭാരമുണ്ടാകും. വലിയ കടലാമകളെ സംബന്ധിച്ചിടത്തോളം ഉപകരണത്തിന്റെ വലുപ്പമോ ഭാരമോ പ്രശ്‌നമേയല്ല. താപനില, ജീവിയുടെ സഞ്ചാരവേഗം, വെളിച്ചം, വെള്ളത്തിന്റെ മർദം, ഓക്‌സിജൻ അളവ് തുടങ്ങിയവ സാറ്റലൈറ്റ് ടാഗുകൾക്കു കൃത്യമായി നിർണയിക്കാനാകും. ഉപഗ്രഹസംവിധാനം വഴി ഈ വിവരങ്ങൾ ശേഖരിക്കുന്നു. ദീർഘകാലം പ്രവർത്തിക്കുന്ന സംവിധാനമാണിത്.

കൂടുതൽ ആഴത്തിൽ ജലത്തിന്റെ ശക്‌തമായ മർദത്തെയും മറ്റും അതിജീവിക്കാൻ കഴിയുന്ന നൂതന മോഡൽ ഉപകരണങ്ങൾ ശാസ്‌ത്രജ്‌ഞർ വികസിപ്പിച്ചിട്ടുണ്ട്. ജീവിയുടെ യാത്രകളും ശീലങ്ങളും സമഗ്രമായി ലഭ്യമാകാൻ ഇതു സഹായകമാകും. ശത്രുജീവികളെ കണ്ടെത്താനും പാരിസ്‌ഥിതിക പ്രശ്‌നങ്ങൾ, കടലിന്റെ പ്രത്യേകതകൾ തുടങ്ങിയവ മനസ്സിലാക്കാനും സാറ്റലൈറ്റ് ടാഗുകൾ സഹായകമാകും.

സൺഫിഷ്, സ്രാവ്, ട്യൂണ തുടങ്ങിയവയുടെ ശരീരത്തിലും ഈ സംവിധാനം ഘടിപ്പിക്കാറുണ്ട്.

കടലാമ സംരക്ഷണത്തിൽ യുഎഇയും മുൻനിരയിൽ

കടലാമകളുടെ സംരക്ഷണത്തിനു യുഎഇയും വൻ പ്രാധാന്യം നൽകുന്നു. യുഎഇയിലെ സാദിയാത് ദ്വീപിൽ ഇവയുടെ സംരക്ഷണത്തിനു വിപുലമായ ക്രമീകരണങ്ങളാണുള്ളത്. ഓരോവർഷവും നൂറുകണക്കിന് ആമകൾ ഇവിടെയെത്തുന്നതായാണു കണക്ക്. ഹോക്‌സ്‌ബിൽ കടലാമകൾക്കു മുട്ടയിട്ടു സുരക്ഷിതമായി മടങ്ങാൻ സൗകര്യമൊരുക്കുന്നു. മുട്ടയിടുന്ന സീസണിൽ ഈ ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾക്കും വെളിച്ചം ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾക്കും നിയന്ത്രണമുണ്ട്. ശുചീകരണ തൊഴിലാളികൾക്കുപോലും ഇവിടേക്കു പ്രവേശനമില്ല. സന്ദർശകർക്കു പ്രത്യേകം നടപ്പാതകളും ഒരുക്കുന്നു.

ലോഗർഹെഡുകൾക്ക് അപൂർവതകളേറെ

ഇന്ത്യൻ മഹാസമുദ്രത്തിനു പുറമെ അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളിലും ലോഗർഹെഡ് ആമകൾ കാണപ്പെടുന്നതായി ഗവേഷകർ പറയുന്നു. 135 കിലോയാണ് ശരാശരി ഭാരം. തോടിനു കട്ടി കൂടുതലാണ്. മറ്റിനങ്ങളേക്കാൾ ഭംഗി കൂടുതലാണ്. മറ്റിനം ആമകളെ അപേക്ഷിച്ച് മുട്ടകളുടെ എണ്ണം കുറവാണ്. മറ്റു ജീവികൾ മുട്ട ഭക്ഷണമാക്കുന്നതും വെല്ലുവിളിയാണ്.

കൂറ്റൻ ഞണ്ടുകൾ, ചിലയിനം കീടങ്ങൾ, പാമ്പുകൾ, കരടി, ചെന്നായ്, ഉടുമ്പുകൾ, പക്ഷികൾ, ചെന്നായ്‌ക്കൾ തുടങ്ങിയ ജീവികളാണ് മുട്ട ഭക്ഷണമാക്കുന്നത്. ഇക്കാര്യത്തിൽ മനുഷ്യരും പിന്നിലല്ല. ചെറിയ ആമകളെയും ഭക്ഷണമാക്കുന്നുണ്ട്. സ്രാവുകളും ഇവയുടെ ശത്രുക്കളാണ്. തീരദേശവികസനവും നശീകരണവും കടലാമകളെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ബോട്ടുകളുടെ പ്രൊപ്പല്ലറുകൾക്കിടയിൽപെട്ടും ചാകുന്നുണ്ട്. ഇവയുടെ പുറംതോട് വ്യാവസായിക അടിസ്‌ഥാനത്തിൽ വിൽപന നടത്തുന്നതും വെല്ലുവിളി ഉയർത്തുന്നു.

ലോഗർഹെഡുകൾ പൊതുവെ തണുപ്പുകുറഞ്ഞ വെള്ളത്തിൽ കഴിയാൻ ഇഷ്‌ടപ്പെടുന്നു. വെള്ളത്തിനടിയിൽ കൂടുതൽ സമയം കഴിയാൻ ഇവയ്‌ക്കു കഴിയുന്നു. എത്ര അകലെയാണെങ്കിലും മുട്ടയിടാൻ സുരക്ഷിതതീരങ്ങളിലേക്കു കൂട്ടത്തോടെ ഇവയെത്തും. മസീറ ദ്വീപിൽ എത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Your Rating: