Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌പെഷല്‍ സഞ്ചാരം

wadi

മസ്ക്കത്ത്∙ സഞ്ചാരികളുടെ മനം നിറച്ച് കാഴ്ചകള്‍ സമ്മാനിക്കുന്ന ഒമാനില്‍ ഇത്തിരി കൂടുതല്‍ ആനന്ദം പകരുന്ന ചില കാഴ്ചകളും ആസ്വദിക്കാവുന്ന ഇടങ്ങളുമുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് വാദി ശാബ്. പ്രകൃതിയുടെ വരദാനമായ വാദി ശാബില്‍ സാഹസികത പ്രകടിപ്പിക്കുന്നതിനുകൂടിയുള്ള അവസരങ്ങളുണ്ട്. മസ്‌കത്തില്‍ നിന്ന് സൂര്‍ റോഡില്‍ 150 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.

വിദേശ വിനോദ സഞ്ചാരികള്‍ക്കിടയിലും രാജ്യത്ത് താമസിക്കുന്ന യൂറോപ്യര്‍ക്കിടയിലുമെല്ലാം ഏറെ പ്രസിദ്ധമാണ് വാദി ശാബ്. സാഹസികതയും ചലഞ്ചിംഗും ഇഷ്ടപ്പെടുന്നവരായതിനാല്‍ വിദേശികള്‍ തന്നെയാണ് ശാബിലെ പ്രകൃതിക്കൊപ്പം അലിഞ്ഞ് ചേരുന്നത്. ചെറു അരുവി നടന്ന് കയറി വേണം വെള്ളച്ചാട്ടത്തിനടുത്തേക്കും വാദിയിലേക്കുമുള്ള യാത്ര ആരംഭിക്കാന്‍. ഒരാളുടെ പകുതി ഭാഗത്തോളം വെള്ളത്തിനടിയില്‍ മുങ്ങി നില്‍ക്കുന്ന അരുവിയിലൂടെയാണ് മറു കരയെത്തേണ്ടത്.

ഇവിടെ ബോട്ട് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കുടുംബങ്ങളായെത്തുന്നവരാണ് ബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത്. മറു കര പറ്റിയാല്‍ 45 മിനിറ്റ് വീണ്ടും നടക്കണം. മലയിടുക്കിലൂടെയും തട്ടുകളായി നിവര്‍ന്നു നില്‍ക്കുന്ന മണ്‍ കൂമ്പാരങ്ങളുടെ ഇടയിലൂടെയുമുള്ള നടത്തം കുറച്ച് പ്രയാസമേറിയവയാണെങ്കിലും ഏറെ ആനന്ദകരമാണ്. വലിയ വെള്ളച്ചാട്ടങ്ങളില്‍ നിന്ന് ചെറിയ അരുവികളിലേക്കെത്തുന്ന വെള്ളത്തില്‍, ഒഴുക്കിനെതിരെ നീന്തിത്തുടിക്കുന്നവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

ഇരു വശങ്ങളിലും ഉയര്‍ന്ന് നില്‍ക്കുന്ന വലിയ മലകള്‍ക്ക് ഇടയിലൂടെ സൂര്യ കിരണങ്ങള്‍ ഏറ്റുവാങ്ങി മഴവില്‍ വര്‍ണങ്ങള്‍ നിറച്ച അരുവികളില്‍ നീന്തിത്തുടിക്കാന്‍ ആരും കൊതിക്കും. ഗുഹക്കുള്ളില്‍ നിന്നും മലമുകളില്‍ നിന്നും ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിലേക്ക് എടുത്ത് ചാടിത്തിമിര്‍ക്കുന്നവരും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. മലകളോട് ഓരം ചേര്‍ന്നും ഈന്തപ്പനത്തോടങ്ങളില്‍ പായ വിരിച്ചും സ്വദേശികളും വിദേശികളും അരുവിയുടെ സംഗീതമാസ്വദിക്കുന്നു.

ഇറച്ചിയും മുശ്ക്കാക്കും ഉണ്ടാക്കി വിശപ്പടക്കിയും ഈന്തപ്പനത്തോട്ടങ്ങളില്‍ നിന്ന് കൂട്ടമായി നിസ്‌കരിച്ചും സ്വദേശികള്‍ ഇവിടെ ദിവസം ചെലവഴിക്കുന്നു. മലകളോട് ചേര്‍ന്ന് ചെറിയ തട്ടുകളായുള്ള സ്ഥലങ്ങളില്‍ ഇരുന്ന് സ്വദേശി യുവാക്കള്‍ ദഫ് മുട്ടി, പാട്ടും പാടി സഞ്ചാരികള്‍ക്ക് സംഗീതത്തിന്റെ മധുരം സമ്മാനിക്കുന്നു. അരുവിക്ക് സമീപത്തെ ചെറു കൃഷിയിടങ്ങള്‍ വ്യത്യസ്ത കാഴ്ച സമ്മാനിക്കും.

കൃഷിയിടങ്ങളോട് ചേര്‍ന്ന് ചെറിയ മരക്കഷ്ണങ്ങള്‍ കുത്തി ഇതിന്റെ മുകളില്‍ തുണി വലിച്ച് കെട്ടി വെള്ളവും ചെറിയ പാക്കറ്റ് സ്‌നാക്‌സുകളും വില്‍ക്കുന്ന കാഴ്ച നാട്ടിലെ വെക്കേഷന്‍ കാലത്തെ കുട്ടികളുടെ കച്ചവടങ്ങളെ ഓര്‍മപ്പെടുത്തും. കൊത്തു പണി തീര്‍ത്ത ശില്‍പം കണക്കെ ഉയര്‍ന്ന് നില്‍ക്കുന്ന മലയുടെ കാഴ്ച പകര്‍ത്തിത്തീര്‍ക്കാന്‍ പകല്‍ മുഴുവന്‍ വേണ്ടിവരുമെന്ന്  സഞ്ചാരികള്‍ പറയുന്നുനും ഇവിടെ കഴിയുന്നവരും സഞ്ചാരികളിലുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.