Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ രക്ഷാസമിതി ഉടൻ ഇടപെടണം: ഖത്തർ, സൗദി

ദോഹ∙ കൂട്ടക്കുരുതിയിൽ നിന്നു സിറിയൻ ജനതയെ രക്ഷിക്കാൻ രാജ്യാന്തരസമൂഹവും യുഎൻ സുരക്ഷാസമിതിയും ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന്‌ ഖത്തർ. ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം നിറവേറ്റാൻ സുരക്ഷാസമിതിയും രാജ്യാന്തരസമൂഹവും തോളോടുതോൾചേർന്നു പ്രവർത്തിക്കണമെന്നും യുഎൻ സുരക്ഷാസമിതി പ്രസിഡന്റായി പ്രവർത്തിക്കുന്ന റഷ്യൻ പ്രതിനിധി വിറ്റലി ചുർക്കിന്‌ ഖത്തറും സൗദി അറേബ്യയുമടക്കം 62 രാജ്യങ്ങൾ ഒപ്പിട്ടുനൽകിയ കത്തിൽ പറയുന്നു.

സിറിയൻ നഗരമായ അലപ്പോയിലെ അക്രമങ്ങളിലും സൈനികാക്രമണങ്ങളിലുമുള്ള രോഷവും നടുക്കവും പ്രതിഷേധവും കത്തിൽ ശക്‌തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞദിവസം സുരക്ഷാസമിതി പ്രതിനിധികളെ നേരിൽക്കണ്ട്‌ ഖത്തർ വിദേശകാര്യമന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിൻ അബ്‌ദുൽറഹ്‌മാൻ അൽതാനിയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

തെക്കൻ സിറിയയിലും വടക്കൻ സിറിയയിലും പൗരന്മാർക്ക്‌ സുരക്ഷിതസ്‌ഥലങ്ങൾ ഒരുക്കണമെന്നും ഇവിടം വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം റുവാണ്ടയിലും ബോസ്‌നിയയിലും നടന്നതുപോലുള്ള കൂട്ടക്കുരുതിക്ക്‌ നിരപരാധികളായ സിറിയയിലെ സാധാരണപൗരന്മാർ ഇരയായിത്തീരുമെന്നും ഷെയ്‌ഖ്‌ മുഹമ്മദ്‌ ന്യൂയോർക്ക്‌ ടൈംസിന്‌ നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പു നൽകുകയും ചെയ്‌തതിനു തൊട്ടുപിന്നാലെയാണ്‌ ഖത്തറിന്റെയും സൗദിയുടേയും നേതൃത്വത്തിൽ 62 രാജ്യങ്ങൾ ഇതേ ആവശ്യമുന്നയിച്ച്‌ കത്തു നൽകിയത്‌.

അലപ്പോയിലെ സൈനിക നടപടികൾ അപകടകരമായ നിലയിലേക്ക്‌ മാറിയിരിക്കുകയാണെന്നും ഇപ്പോഴത്തെ ആക്രമണങ്ങളെ തങ്ങൾ അതിശക്‌തമായി അപലപിക്കുകയാണെന്നും കത്തിൽ പറയുന്നു. സിറിയയിലെ സംഘർഷങ്ങൾക്ക്‌ അറുതിവരുത്താനും നിരപരാധികളുടെ ജീവൻ രക്ഷിക്കാനും യുഎൻ സെക്രട്ടറി ജനറൽ നൽകിയ ആഹ്വാനം നടപ്പിലാക്കാൻ രക്ഷാസമിതിക്കും അംഗരാജ്യങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും ഇതിൽനിന്നു മാറിനിൽക്കുന്നത്‌ ശരിയല്ലെന്നും കത്തിൽ ഓർമിപ്പിക്കുന്നു.

സെപ്‌റ്റംബർ 22 മുതൽ കിഴക്കൻ അലപ്പോയിൽ സിറിയൻ ഭരണകൂടം ആക്രമണം നടത്തുന്നത്‌ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ്‌. വൻനശീകരണായുധങ്ങൾ ഉപയോഗിച്ചാണ്‌ ആക്രമണം. ബോംബ്‌ സ്‌ഫോടനങ്ങൾ ഒഴിഞ്ഞനേരമില്ല ഇവിടെ. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ആശുപത്രികളും പോലും ആക്രമിക്കപ്പെടുന്നു. നൂറിലേറെ വനിതകളും കുട്ടികളും കൊല്ലപ്പെട്ടതായും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പൗരന്മാർക്ക്‌ ചികിത്സ നൽകുന്ന ആശുപത്രികൾ സിറിയൻ ഭരണകൂടം ആക്രമിക്കുന്നത്‌ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ്‌.

ഇത്തരം ആക്രമണങ്ങൾ ഉടനടി നിർത്തണം. സൈനികനടപടിയിലൂടെ സിറിയൻ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാവില്ല. രാഷ്‌ട്രീയ പരിഹാരമാണ്‌ വേണ്ടത്‌. സിറിയയുടെ അഖണ്ഡതയും പരമാധികാരവും നിലനിർത്തുന്നതാവണം ഈ രാഷ്‌ട്രീയ പരിഹാരമെന്നും സിറിയയിൽ എവിടെയും ദുരിതാശ്വാസ പ്രവർത്തകർക്ക്‌ നിർഭയമായും സുരക്ഷിതമായും പ്രവർത്തിക്കാൻ കഴിയുന്ന സഹാചര്യം സംജാതമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഖത്തറിനും സൗദിക്കും പുറമേ കുവൈത്ത്‌, അമേരിക്ക, ഫ്രാൻസ്‌, ബ്രിട്ടൻ, നെതർലൻഡ്‌ തുടങ്ങിയ രാജ്യങ്ങളും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.