Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ മെഡിക്കല്‍ സീറ്റ് വര്‍ധന കൂടുതല്‍ ബാധിക്കുന്നത് പ്രവാസികളെ: എം.ലിജു

ദോഹ ∙ സ്വാശ്രയ മെഡിക്കൽ സീറ്റുകളിലെ ഫീസ് നിരക്കു വർധന ഏറ്റവുമധികം ബാധിക്കുക പ്രവാസികളെയാണെന്നും എൻആർഐ സീറ്റുകളിൽ മൂന്നുലക്ഷം രൂപയുടെ വർധനയാണുണ്ടായതെന്നും കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു. ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മെഡിക്കൽ ഫീസ് വർധനയിൽ ഏറ്റവുമധികം പ്രതിഷേധം ഉയരേണ്ടതു പ്രവാസലോകത്തുനിന്നാണ്. കഴിഞ്ഞ വർഷം വരെ 12 ലക്ഷം രൂപയായിരുന്നു എൻആർഐ സീറ്റിലെ ഫീസ്. ഈ വർഷം ഒറ്റയടിക്കു 15 ലക്ഷമാക്കി. കേരളത്തിലെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളോടു യാതൊരു പരിഗണനയും എൽഡിഎഫ് സർക്കാർ കാട്ടുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്.

സ്വാശ്രയ കോളജുകളിൽ എൻആർഐ വിദ്യാർഥികൾക്കായി ക്വോട്ട ഏർപ്പെടുത്തിയതു പ്രവാസികൾക്കു ഗുണകരമാണ്. എന്നാൽ അതിന് അന്യായ ഫീസ് ഈടാക്കുന്നത് നീതീകരിക്കാനാവില്ല. സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റിനു കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമാണ് എൽഡിഎഫ് സർക്കാർ ചെയ്തുകൊടുത്തതെന്നും ഇതിനെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ കാലത്തു ശരാശരി ആറു ശതമാനം ഫീസ് വർധന മാത്രമാണ് അനുവദിച്ചതെങ്കിൽ ഭരണത്തിലേറി നൂറുദിവസംകൊണ്ടുതന്നെ പിണറായി സർക്കാർ സ്വകാര്യ മാനേജ്മെന്റുകൾക്കു 35 ശതമാനം ഫീസ് വർധന അനുവദിച്ചു. ആസൂത്രിതമായി മാനേജ്മെന്റുകൾക്കു കൊള്ളയടിക്കാനുള്ള അവസരമുണ്ടാക്കുകയാണു കരാറിലൂടെ എൽഡിഎഫ് സർക്കാർ ചെയ്തത്. ഇതിനു പുറമേ ലക്ഷങ്ങൾ തലവരിയായും മിക്ക കോളജുകളും ഈടാക്കുന്നു. ഇതു വാർത്തയായി പുറത്തുവന്നിട്ടും അന്വേഷണം നടത്താൻപോലും സർക്കാർ തയാറായിട്ടില്ല. യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സമരം വിജയം കാണുമെന്നാണു പ്രതീക്ഷ.

അരിയും പച്ചക്കറിയുമായി സെക്രട്ടേറിയറ്റിനു മുന്നിൽ ക്യാംപ് ചെയ്യാൻ എത്തി ഒറ്റദിവസംകൊണ്ടു സമരം അവസാനിപ്പിച്ച് എൽഡിഎഫ് നേതാക്കൾ വീട്ടിൽ പോയതു ജനം മറന്നിട്ടില്ല. അത്തരം സമരമല്ല യുഡിഎഫ് നടത്തുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എട്ടുദിവസമാണു നിരാഹാരം കിടന്നത്. ഇത്തരം സമരം ഈയിടെയെങ്ങാനും എൽഡിഎഫ് നടത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇത്ര ധാർഷ്ട്യത്തോടെ നിയമസഭയിൽ സംസാരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിട്ടില്ല.

പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വായ് അടപ്പിക്കാനാണു സർക്കാരിന്റെ ശ്രമം. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ ശ്രമിക്കാത്തതും ജനങ്ങളിലേക്കു വാർത്ത എത്തരുതെന്ന ലക്ഷ്യത്തോടെയാണെന്ന് എം.ലിജു പറഞ്ഞു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീർ, ഇൻകാസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാം കുരുവിള, ജനറൽ സെക്രട്ടറി ഷാജി പാപ്പച്ചൻ, സെക്രട്ടറി ശ്രീജിത് എസ്.നായർ, ട്രഷറർ ജേക്കബ്, അലക്സ് കെ.മാത്യു, നയിം എന്നിവർ പരിപാടികൾ വിശദീകരിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.