Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ്: അൽ ബയത്ത് സ്റ്റേഡിയം നിർമാണം തകൃതി

stadium അൽഖോർ അൽ ബയത്ത് ലോകകപ്പ് സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു

ദോഹ∙ അൽഖോർ അൽ ബയത്ത് ലോകകപ്പ് സ്റ്റേഡിയത്തിൽ തയാറാക്കുന്നത് ആവശ്യാനുസരണം നീക്കാവുന്ന മേൽക്കൂര. വിമ്പിൾഡൻ സ്റ്റേഡിയത്തിന്റെ മാതൃകയിലാണു നിർമാണം. ആവശ്യമെങ്കിൽ 20 മിനിറ്റിനകം യന്ത്രസഹായത്തോടെ മേൽക്കൂര പൂർണമായും മൂടാനാകും.

മരുഭൂമിയിലെ അറേബ്യൻ കൂടാരത്തിന്റെ ഡിസൈനിൽ ഒരുക്കുന്ന സ്റ്റേഡിയത്തിന്റെ ടെന്റുകൾക്ക് 37 മീറ്റർ ഉയരമുണ്ടാകും. ശീതീകരണ സംവിധാനത്തിന്റെ പൂർണ പ്രയോജനം ലഭ്യമാകുന്നതിനാണ് സ്റ്റേഡിയം മേൽക്കൂര ഇത്തരത്തിൽ സജ്ജമാക്കുന്നത്. ഇൻഡോർ സ്റ്റേഡിയമാക്കി മാറ്റാൻ കഴിയുന്നതോടെ ചൂടേറിയ മാസങ്ങളിലും സ്റ്റേഡിയം ഉപയോഗിക്കാം . 60,000 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ സെമിഫൈനൽ വരെയുള്ള മൽസരങ്ങൾ നടക്കും. ലോകകപ്പിനായി ഖത്തർ നിർമിക്കുന്ന എട്ടു സ്റ്റേഡിയങ്ങളിലൊന്നാണിത്. ഖത്തരി പൈതൃകവും സാംസ്കാരിക ചിഹ്നങ്ങളും സന്നിവേശിപ്പിച്ച സ്റ്റേഡിയം ഖത്തരി ടെന്റിനെ അനുസ്മരിപ്പിക്കും. വെള്ള, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ ടെന്റുകളുടെ ഉൾവശങ്ങളുടെ നിറങ്ങളാണു സീറ്റുകൾക്കു നൽകുക.

ആദ്യ രണ്ടു തട്ടുകളിലെ സീറ്റുകൾ സ്ഥിരമായി നിർമിക്കും. മൂന്നാമതു തട്ടിലെ മോഡുലർ സീറ്റുകൾ ഇളക്കി മാറ്റാം. ലോകകപ്പ് കഴിയുന്നതോടെ ഈ സീറ്റുകൾ മാറ്റി സ്റ്റേഡിയത്തിന്റെ ശേഷി 32,000 സീറ്റുകളായി കുറയ്ക്കും. ഇളക്കി മാറ്റിയ സീറ്റുകൾ വികസ്വര രാജ്യങ്ങളിലെ സ്റ്റേഡിയം നിർമാണത്തിന് കൈമാറും.

അടിത്തറ നിർമാണം അന്തിമഘട്ടത്തിൽ

നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നു പ്രോജക്ട് ഡയറക്ടർ ഡോ. നാസർ അൽ ഹാജെരി. അടിത്തറയുടെ നിർമാണം 95 % പൂർത്തിയായി. 12 മീറ്റർ ഉയരമുള്ള താഴേത്തട്ടിലുള്ള ഭിത്തിയുടെ പണി കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ മുഴുവൻ ഭാരവും ഈ ഭിത്തികളിൽ വരുന്ന വിധത്തിലാണു ഘടന. പ്രധാന സ്റ്റേഡിയം ചട്ടക്കൂട്ടിന്റെ നിർമാണവും ആരംഭിച്ചു. പൈപ്പിങ്, സമീപത്തായി ട്രീ നഴ്സറി നിർമാണം തുടങ്ങിയവയും തകൃതിയാണ്.

കളിക്കാർക്ക് സ്റ്റേഡിയത്തിലേക്കിറങ്ങാനുള്ള രണ്ടു തുരങ്കങ്ങളിൽ ഒന്നിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. തൂണുകളുടെ നിർമാണം 21 മീറ്റർ വരെയെത്തി. സ്റ്റേഡിയം സീറ്റുകളുടെ ഡിസൈൻ, നിർമാണം, സ്ഥാപിക്കൽ എന്നിവ ഖത്തരി കമ്പനിക്കു കൈമാറി. കസേരകളുടെ ഡിസൈൻ സ്റ്റേഡിയത്തിൽ എത്തിയതായും സുപ്രീം കമ്മിറ്റി പ്രോജക്ട് മാനേജർ മുഹമ്മദ് അഹമ്മദ് പറഞ്ഞു. മൂന്നു തട്ടിലെയും സീറ്റുകൾ അടുത്ത വർഷം തന്നെ സ്ഥാപിക്കും.

കാണികളെ വരവേൽക്കും പച്ചപ്പിന്റെ കുളിർമ

വലിയ ഒരു പാർക്കിന്റെ മധ്യത്തിൽ നിൽക്കുന്ന തരത്തിലാണ് അൽഖോർ അൽബയത്ത് സ്റ്റേഡിയത്തിന്റെ ഡിസൈൻ. സ്റ്റേഡിയത്തിന്റെ ലാൻഡ്സ്കേപ്പിങ്ങിനു വലിയ പ്രാധാന്യമാണു നൽകുന്നത്. ഇതിനായി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ആസ്പയർ പാർക്കിൽ എത്തുന്നതുപോലെ പച്ചപ്പിന്റെ കുളിർമ സ്റ്റേഡിയത്തിലെത്തുന്ന കാണികളെ വരവേൽക്കും. അൽ സുലൈത്തീൻ കമ്പനിക്കാണു ലാൻഡ്സ്കേപ്പിങ്ങിന്റെ ചുമതല. ഗൾഫാർ അൽ മിസ്നാദ്, സാലിനി ഇംപ്രജിലോ ഗ്രൂപ്പ്, സിമോലൈ എന്നിവയുടെ സംയുക്ത സംരംഭമാണു സ്റ്റേഡിയത്തിന്റെ പ്രധാന കരാർ ഏറ്റെടുത്തത്. പ്രാദേശിക കമ്പനികളായ ബിൻ ഉമ്രാൻ കോൺട്രാക്ടിങ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.