Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശ പോരാട്ടത്തിന് ഒരുങ്ങി ഖിഫ് ഫുട്‌ബോൾ ഇന്നു മുതൽ

ദോഹ∙ വെസ്‌റ്റേൺ യൂണിയൻ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായി ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ് ) സംഘടിപ്പിക്കുന്ന പത്താമത് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്നു ദോഹ സ്‌റ്റേഡിയത്തിൽ തുടക്കമാവും. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന പ്രഥമ മൽസരത്തിൽ സ്‌കിയ തിരുവനന്തപരവും കെപിഎക്യു കോഴിക്കോടും ഏറ്റുമുട്ടും. കെഎംസിസി. കോഴിക്കോട് - യാസ് തൃശൂർ ടീമുകൾ തമ്മിലാണു രണ്ടാമത്തെ മൽസരം.

21നു നടക്കുന്ന ഔപചാരിക ഉദ്ഘാടന പരിപാടിയിൽ ഇന്ത്യൻ എംബസി, ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്എ), ഖത്തർ ആഭ്യന്തര മന്ത്രാലയം, ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഖിഫ് പ്രസിഡന്റ് ഷംസുദീൻ ഒളകര പറഞ്ഞു. പങ്കെടുക്കുന്ന മുഴുവൻ ടീമുകളും അണിനിരക്കുന്ന മാർച്ച്പാസ്റ്റ്ും ഇതര സാംസ്‌കാരിക പരിപാടികളും അന്നു നടക്കും. കേരളത്തിലെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് 12 ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.

പത്താം പതിപ്പെന്ന നിലയിൽ ശക്തമായ ടീമാണ് ഇത്തവണ പങ്കെടുക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. പ്രാഥമിക റൗണ്ട് മുതൽ സെമി വരെയുള്ള മൽസരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി ദോഹ സ്‌റ്റേഡിയത്തിൽ അരങ്ങേറും. ഡിസംബർ ഒൻപതിന് അൽ അറബി സ്‌റ്റേഡിയത്തിലാണ് ഫൈനൽ. ഫൈനൽ മൽസരത്തിൽ ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കും ട്രോഫികൾക്കു പുറമേ യഥാക്രമം 20,000 റിയാലും 12,000 റിയാലും മൂന്നും നാലും സ്ഥാനക്കാർക്ക് 2500 റിയാൽ വീതവും സമ്മാനം നൽകും.

ഫൈനൽ ദിനം വ്യത്യസ്ത പരിപാടികൾ ഒരുക്കുന്നതിന് പ്രവാസി പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘത്തിനു രൂപം നൽകി. ഖിഫ് ടൂർണമെന്റിനായി എല്ലാവിധ സഹായ സഹകരണങ്ങളും ഖത്തർ ഫുട്ബോൾ അസോസിയേഷൻ നൽകുമെന്നു ക്യുഎഫ്എ പ്ലെയേഴ്സ് ആൻഡ് കോംപറ്റീഷൻ വകുപ്പ് മേധാവി അലി ഹമ്മൂദ് അൽ നൈമി പറഞ്ഞു. ഫുട്‌ബോളിനെ പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം ജീവകാരുണൃ മേഖലയിലും ഖിഫ് പ്രവർത്തനം നടത്തുന്നു.

പാലക്കാട് ജില്ലാ ആശുപത്രിക്കും വയനാട് താലൂക്ക് ആശുപത്രിക്കും ഓരോ ഡയാലിസീസ് മെഷിനുകൾ നൽകിയിരുന്നു. മലബാർ മേഖലയിൽ കായിക വിദ്യാർഥികളെ പ്രോൽസാഹിപ്പിക്കുന്നതിന് സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കാനും ലക്ഷ്യമുണ്ടെന്നു ഷംസുദീൻ ഒളകര പറഞ്ഞു. ക്യുഎഫ്എ പ്രതിനിധി ജമാൽ ദർജാനി, ഖിഫ് ജനറൽ സെക്രട്ടറി പി.കെ.ഹൈദരലി, വൈസ് പ്രസിഡന്റുമാരായ കെ.മുഹമ്മദ് ഈസ, എ.സുഹൈൽ, ട്രഷറർ താഹിർ, പി.ആർ. സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് എന്നിവരും പരിപാടികൾ വിശദീകരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.