Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്:​ അന്നും ഇന്നും–ഒരു അവലോകനം​

old-days-Haj

മക്ക∙ പണ്ടത്തേയും  ഇന്നത്തെയും ഹ​ജ്​ യാത്രാസൗകര്യങ്ങള്‍ക്ക് ഏറെ അന്തരമുണ്ട്. സുഖസൗകര്യ സംവിധാനങ്ങള്‍ ഏറെ സുസജ്ജമാണിന്ന്.  പുണ്യകര്‍മത്തിനു പുറപ്പെടാനുള്ള പണം സ്വരൂപിക്കുക പലര്‍ക്കും ഇന്നൊരു  പ്രശ്‌നമല്ലാത്തതുപോലെ വീട്ടില്‍ നിന്നിറങ്ങി യാത്രയില്‍ ഉടനീളം വിവരങ്ങളും വിശേഷങ്ങളും പരസ്പരം കൈമാറി നാലോ അഞ്ചോ മണിക്കൂര്‍ കൊണ്ട് പുണ്യഭൂമി പുല്‍കുന്നതാണ് ഇന്നത്തെ പുണ്യയാത്ര.പണ്ട് ഹജിന്  പോകാനുള്ള പണം പാടുപെട്ടാണെങ്കിലും ഒപ്പിച്ചെടുത്താല്‍ പിന്നെ യാത്രാനുമതി വലിയ പ്രശ്‌നമായിരുന്നില്ല. ഇന്ന് അനുമതി കിട്ടാനാണ് പാട്. പഴയ കാലത്ത് യാത്രയും ഹജും  അനുബന്ധ കര്‍മങ്ങളും പ്രതികൂല കാലാവസ്ഥയോട് മല്ലിട്ടുള്ള താമസവുമൊക്കെ പ്രയാസകരവും ത്യാഗനിര്‍ഭരവുമായിരുന്നു.

വി.ഐ.പികള്‍ ഒഴിച്ചുള്ളവരെല്ലാം പണ്ട്  കപ്പലിലായിരുന്നു  ഹജ്ജിനു പോയിരുന്നത്. നാട്ടില്‍ നിന്ന് പുറപ്പെട്ടു തിരിച്ചുവരുന്ന അഞ്ചാറു മാസക്കാലം വെക്കാനും വിളമ്പാനും ഭക്ഷിക്കാനും ആവശ്യമായ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളും അരി, അവില്‍, മസാലകള്‍ തുടങ്ങി എല്ലാം നാട്ടില്‍ നിന്നു കൊണ്ടു പോവുകയായിരുന്നു പതിവ്. പത്തായം പോലുള്ള ഇരുമ്പുപെട്ടികളിലും ചാക്കുകള്‍, ബാഗുകള്‍ തുടങ്ങിയവയിലുമെല്ലാമായി വരിഞ്ഞുകെട്ടി, നാടടക്കി വീടടക്കി എല്ലാവരോടും യാത്ര പറഞ്ഞും പ്രാര്‍ഥിപ്പിച്ചും പൊരുത്തപ്പെടുവിച്ചും ബന്ധുസുഹൃത്തുക്കളുടെയൊക്കെ സാന്നിധ്യത്തില്‍ കൂട്ടബാങ്കിന്റെ അകമ്പടിയോടെയുള്ള ആ പോക്കിന് ഏറെ ആത്മീയ പരിവേഷവും വികാരനിര്‍ഭരതയുമുണ്ടായിരുന്നു.

മൂന്നു ദിവസത്തെ തീവണ്ടിയാത്രയ്ക്കു ശേഷം ബോംബെ സാബു സിദ്ദീഖ് മുസാഫിര്‍ഖാനയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ ഭാഷക്കാരും വേഷക്കാരും ദേശക്കാരുമായ ഹജ് യാത്രികരോടൊന്നിച്ച് എട്ടോ പത്തോ ചിലപ്പോള്‍ അതിലധികമോ ദിവസങ്ങളിലുള്ള താമസം വല്ലാത്ത ഒരനുഭൂതി തന്നെയായിരുന്നുവെന്ന് അക്കാലത്ത്ഹജിന് പോയവര്‍ അയവിറക്കുന്നു . ആദ്യകാലങ്ങളില്‍ മുഹമ്മദി, മുസഫരി, സൗദി എന്നീ പേരുകളിലുള്ള കപ്പലുകളും ശേഷം നൂര്‍ജഹാന്‍, അക്ബര്‍ എന്നീ കപ്പലുകളുമാണ് ഹാജിമാരെ കൊണ്ടുപോയിരുന്നത്. അറബിക്കടലിന്റെ വിരിമാറിലൂടെ എട്ടോ പത്തോ ദിവസങ്ങളും കടല്‍ക്ഷോഭമുള്ള കാലമാണെങ്കില്‍ അതിലധികവുമുള്ള യാത്രയില്‍ ഛര്‍ദി, പനി, തലചുറ്റല്‍, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ പലരെയും പിടികൂടുക പതിവായിരുന്നു. മതപ്രഭാഷണങ്ങളും പ്രാര്‍ഥനകളുമായുള്ള കപ്പല്‍ജീവിതം ഭക്തിസാന്ദ്രമായിരുന്നു.

ജിദ്ദാ തുറമുഖത്ത് കപ്പല്‍ അണയുമ്പോള്‍ അനുഭവപ്പെടുന്ന അവാച്യമായ ആനന്ദാനുഭൂതിയും , കസ്റ്റംസ് പരിശോധനയും ബൈത്തുല്‍ ഹുജ്ജാജിലെ വിശ്രമവും കഴിഞ്ഞ് മുതവഫിന്റെ വാഹനത്തില്‍  കഅ്ബ ലക്ഷ്യമാക്കിയുള്ള യാത്ര അവിസ്മരണീയമാണ്. ദൂരെ ദൂരെ നിന്ന് ഹറം ശരീഫിന്റെ പൊന്‍കിരണങ്ങളുതിര്‍ക്കുന്ന മനോഹര മിനാരങ്ങള്‍ കാണുമ്പോള്‍ കണ്ണും ഖല്‍ബുമൊക്കെ കോള്‍മയിര്‍കൊള്ളും.പുണ്യഹറമില്‍ പ്രവേശിച്ച് ത്വവാഫും സഅ്‌യും മറ്റും കഴിഞ്ഞ് നിശ്ചയിക്കപ്പെട്ട താമസസ്ഥലത്തെത്തുമ്പോള്‍ ഓരോ തീര്‍ത്ഥാടകനും ക്ഷീണിച്ചിട്ടുണ്ടാകും. അപ്പോഴേക്കും വീട്ടില്‍ നിന്നു പുറപ്പെട്ടിട്ട് കഷ്ടിച്ച് ഒരു മാസത്തോളമായിട്ടുണ്ടാകും. 

നാട്ടിലെയും വീട്ടിലെയും ഒരു വിവരവും തീര്‍ത്ഥാടകനോ തീര്‍ത്ഥാടകന്റെ വിവരം വീട്ടുകാരോ അറിയാന്‍ ഒരു വഴിയും അന്നുണ്ടായിരുന്നില്ല. കത്തയച്ചാല്‍ അതു വീട്ടിലെത്തുമ്പോഴേക്ക് ചുരുങ്ങിയത് 15 ദിവസം പിടിക്കും. ചുരുക്കത്തില്‍, വീട്ടില്‍ നിന്നു പുറപ്പെട്ട തീര്‍ത്ഥാടകന്റെ എന്തെങ്കിലും വിവരമറിയണമെങ്കില്‍ തന്നെ ഏതാണ്ട് ഒന്നര മാസം വേണ്ടിയിരുന്നു ആദ്യകാലങ്ങളില്‍.അസഹ്യമായ ചൂടായിരുന്നു അന്ന് അനുഭവപ്പെട്ടിരുന്നത്. ഫാന്‍ പോലുമില്ലാത്ത ഇടുങ്ങിയ റൂമുകളില്‍ പത്തും പതിനഞ്ചും യാത്രികര്‍ തിങ്ങിഞെരുങ്ങിയാണ് കഴിയുക. ഭക്ഷണം സ്വന്തമായോ കൂട്ടായോ പാകം ചെയ്യണം. നാലും അഞ്ചുമൊക്കെ നിലകളുള്ള പുരാതന കെട്ടിടങ്ങളിലെ  റൂമുകളിലേക്ക് കോണി കയറി മാത്രമേ ഏതു വയോവൃദ്ധര്‍ക്കും എത്തിപ്പെടാനാകുമായിരുന്നുള്ളൂ.

പലപ്പോഴും വെള്ളം പോലും അടിയില്‍ നിന്നു കെട്ടിക്കൊണ്ടുപോകേണ്ടിവന്നിരുന്നുവത്രേ. റോഡുകളും വാഹനങ്ങളുമൊക്കെ ഇന്നത്തെ അപേക്ഷിച്ച് ഏറെ അസൗകര്യങ്ങള്‍ നിറഞ്ഞതായിരുന്നു. അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള യാത്രയും അവിടങ്ങളിലെ താമസവും രാപാര്‍ക്കലും കല്ലേറും അറവുമൊക്കെ ഏറെ പ്രയാസം നിറഞ്ഞതും ത്യാഗനിര്‍ഭരവുമായിരുന്നു .എന്നാല്‍ ഇന്ന് പുണ്യ നഗരങ്ങളായ മക്കയും മദീനയും കൂടുതല്‍ അടുക്കുകയാണ് .അമേരിക്കയിലും യൂറോപ്പിലും മറ്റ് വികസിത രാജ്യങ്ങളിലുമുള്ളതുപോലെ അതിവേഗ തീവണ്ടികള്‍ പുണ്യ നഗരങ്ങളെ ലക്ഷ്യമാക്കി കുതിക്കും. ജിദ്ദയില്‍ നിന്നും അര മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ മക്കയിലെത്താം .ഏത് നേരത്തും എല്ലാ കര്‍മങ്ങളും പൂര്‍ത്തീകരിച്ച് ജിദ്ദയില്‍ തിരിച്ചെത്താന്‍ കഴിയുന്ന ഹറമൈന്‍ റയില്‍വേ  പദ്ധതി പൂര്‍ത്തീകരണത്തോടടുക്കുകയാണ്.

haj-old

തീര്‍ഥയാത്ര വിനോദസഞ്ചാര യാത്രപോലെ സുഖകരവും ആനന്ദകരവും പ്രയാസരഹിതവും ,ഉല്ലാസകരവുമായി മാറാന്‍ ഇനി അധിക കാലം വേണ്ടിവരില്ല .ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വികസനങ്ങള്‍ക്കാണ് പുണ്യ ഭൂമി സാക്ഷ്യം വഹിക്കാന്‍ പോകുന്നത് .തീര്‍ഥാടനം ഏറ്റവും എളുപ്പമാക്കി മാറ്റാന്‍ ഉതകുന്ന നിരവധി വികസന പദ്ധതികള്‍ക്കാണ് സൗദി ഭരണാധികാരികള്‍ രൂപം നല്‍കിയിരിക്കുന്നത് .മക്ക, ജിദ്ദ,റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടകരെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹറമൈന്‍ തീവണ്ടി വൈകാതെ ചൂളം വിളി തുടങ്ങും .

 450 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതീകരിച്ച റയില്‍ പാതയാണ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് .മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുള്ള  തീവണ്ടികളാണ് ഈ പാതയില്‍ ഓടിക്കുക . ജിദ്ദ-മക്ക യാത്രാ സമയം അര മണിക്കൂറായും ജിദ്ദ-മദീന യാത്രാ സമയം രണ്ടു മണിക്കൂറായും കുറയും . ഹജ് വേളയില്‍ മക്കയില്‍ ഉപയോഗിക്കാറുള്ള മശായിര്‍  മെട്രോ  ഹറം മസ്ജിദ് വഴി ജിദ്ദയിലേക്ക് നീട്ടാനും പദ്ധതിയുണ്ട് . ദിവസേന മൂന്നര ലക്ഷം പേരെ ജിദ്ദയില്‍ നിന്ന് ഹറമിലേക്കും തിരിച്ചും എത്തിക്കാന്‍ സഹായകമാകുന്ന ഈ പദ്ധതിക്ക് 600 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത് .

കൂടാതെ വിവിധ  മലയാളി സംഘടനകളുടെ കൂട്ടായ നേതൃത്വത്തില്‍ ഹാജിമാര്‍ക്കായി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ഓരോ വര്‍ഷവും നടത്താറുള്ളത്. 

ഹജ്ജ് ടെര്‍മിനലില്‍ വിമാനമിറങ്ങുന്നതോട് കൂടി ഹാജിമാരെ ഇവര്‍ ഏറ്റെടുക്കും​ താമസ സ്ഥലങ്ങളിലെത്തുന്നതോട് കൂടി ഉപഹാരങ്ങളുമായി ഹാജിമാരെ സ്വീകരിക്കും. മസ്ജിദുല്‍ ഹറമുകളിലേക്ക് ഹാജിമാരെ കൊണ്ട് പോകാനും വഴി തെറ്റുന്നവരെ യഥാര്‍​ഥ​ സ്ഥാനത്ത് എത്തിക്കുന്നതിനും ​വൊളൻ്റിയര്‍മാര്‍ കര്‍മ്മ നിരതമാവും.പ്രായമായവര്‍ക്ക് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സഹായവും ഇവര്‍ ചെയ്യുന്നു. ​വിമാനത്താവളത്തിൽ സ്വീകരിക്കല്‍ , ഹ​ജ്​ മിഷന്‍ ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ കൃത്യമായി എത്തിച്ചുകൊടുക്കല്‍ , വഴി തെറ്റുന്ന ഹാജി മാര്‍ക്കുള്ള സഹായങ്ങള്‍ , മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയവ കാലാകാലങ്ങളിലായി നടത്തിവരുന്ന സേവനങ്ങളാണ് . 

മലയാളി ഹാജിമാര്‍ക്ക് പ്രയാസം കൂടാതെ ഹ​ജ്​ നിര്‍വഹിക്കാന്‍ സാധിക്കുന്നതില്‍ ഇതിന് മുഖ്യ പങ്കുണ്ട്. സംഘടനകള്‍ നൂറ് കണക്കിന് പ്രവര്‍ത്തകരെയാണ് ഹജ്ജ് സേവനത്തിനായി പരിശീലിപ്പിക്കുന്നത്. ​ഹജിൻ്റെ ചടങ്ങുകളെല്ലാം കഴിഞ്ഞു ഹാജിമാര്‍ മടങ്ങുന്നത് വരെ ഇത് തുടരും.കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മാത്രമല്ല ഇവരുടെ സേവനം ലഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഹാജിമാര്‍ക്കാണ് ഓരോ വര്‍ഷവും മലയാളികളായ ​വൊളന്‍റിയര്‍മാരുടെ സേവനം ലഭിക്കുന്നത്​.​

​വാർത്ത:റസാഖ് പാറക്കൽ​

Your Rating: