Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസ ഫീസ് വർധന : ചെലവേറുന്ന സൗദി യാത്ര

Aeroplane

മലപ്പുറം ∙ സ്വദേശിവൽക്കരണം ശക്തമാക്കിയും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുമുളള നടപടികൾക്കു പിന്നാലെ സൗദി ഭരണകൂടം വീസ നിരക്കുകൾ കുത്തനെ കൂട്ടിയതോടെ പ്രവാസികൾ ആശങ്കയിൽ. 50 റിയാൽ മാത്രമുണ്ടായിരുന്ന സന്ദർശക വീസയുടെ നിരക്ക് 2,000 റിയാൽ ആക്കിയ താണ് പ്രവാസി കുടുംബങ്ങളെ പ്രധാനമായും പ്രതിസന്ധിയിലാക്കിയത്. കൂടുതൽ കാലാവധിയുളള വീസയ്ക്ക് കൂടുതൽ തുക നൽകണം. ട്രാൻസിറ്റ് വീസയ്ക്ക് 300 റിയാലാണ് ഇനി മുതലുളള നിരക്ക്. ഹജ്ജോ ഉംറയോ ഒരിക്കൽ ചെയ്തവർക്ക് ഇനി സൗജന്യ വീസയില്ല. അവരും 2,000 റിയാൽ (ഏകദേശം 36,000 രൂപ അധികം നൽകണം) മുഹറം ഒന്നിന് (ഒക്ടോബർ രണ്ട്) നിരക്കുവർധന പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

മലപ്പുറത്തെ പ്രവാസികളിൽ ഭൂരിഭാഗവും സൗദിയിലാണ്. സൗദി സ്വദേശിവൽക്കരണത്തെ തുടർന്ന് ഒട്ടേറെപ്പേർ മടങ്ങിയെത്തിയിട്ടുണ്ട്. പലരും നാട്ടിൽ ചെറിയ സംരംഭങ്ങളൊക്കെ തുടങ്ങി വരുന്നു. അതിനിടയ്ക്കാണ് സൗദിയിലുളളവർക്ക് ഇരുട്ടടിയായി സന്ദർശക വീസ നിരക്ക് കൂട്ടിയത്. ഒറ്റത്തവണത്തെ സന്ദർശക വീസയ്ക്ക് ഇനി 2,000 റിയാൽ അടയ്ക്കണം. അവധിക്കാലത്ത് കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് കണ്ടു ഭയന്ന്, കുടുംബാംഗങ്ങളെ ഏതാനും ദിവസത്തേക്ക് സൗദിയിലേക്കു കൊണ്ടുപോകുകയായിരുന്നു പലരും ചെയ്തിരുന്നത്. ഭാര്യയും രണ്ടു കുട്ടികളെയും മാത്രം സൗദിയിലേക്കു കൊണ്ടുപോകുന്നത് പരിഗണിച്ചാൽ ഒരാൾ ഇനി ഒരു ലക്ഷത്തിലധികം രൂപ( ഒരാൾക്ക് 36,000 രൂപ വീതം) ചെലവാക്കേണ്ടി വരും.

വിമാനടിക്കറ്റിന്റെ ചെലവു വേറെ. സൗദിയിൽ സ്ഥാപനങ്ങളുള്ളവരും സേവനമേഖലയുമായി ബന്ധപ്പെട്ടവരും പല തവണ സന്ദർശക വീസയിൽ പോയി മടങ്ങുന്നവരാണ്. മാതാപിതാക്കൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ സൗദിയിലെത്തി പ്രവാസികളെ കണ്ടു മടങ്ങാറുമുണ്ട്. ഒറ്റത്തവണയ്ക്ക് 2000 റിയാലാണ്. ഫീസെങ്കിൽ ആറുമാസത്തെ വീസയ്ക്ക്(മൾട്ടിപ്പിൾ എൻട്രി) 3000 റിയാലും ഒരു വർഷത്തേക്ക് 5,000 റിയാലും രണ്ടു വർഷത്തേക്ക് 8000 റിയാലുമാണ് പുതിയ ഫീസ്.

ലക്ഷ്യം എണ്ണ ഇതര വരുമാനം

എണ്ണയിതര വരുമാനം വർധിപ്പിക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ലക്ഷ്യമിട്ടുളള നടപടികളുടെ ഭാഗമായാണ് സൗദി വീസാ നിരക്ക് കൂട്ടിയത്. എല്ലാ മേഖലകളിലും പുതിയ മാറ്റങ്ങളെ ഉൾക്കൊളളാനാണ് സൗദിയുടെ ശ്രമം. തെരുവുവിളക്കുകൾ കൂട്ടത്തോടെ സൗരോർജ്ജത്തിലേക്ക് മാറ്റിയാണ് പരിഷ്കരണ പരിപാടികൾക്ക് സൗദി തുടക്കമിട്ടത്.

സ്വദേശിവൽക്കരണം കർശനമായി നടപ്പാക്കുകയും അഭ്യസ്ത വിദ്യരായ സൗദി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയും സർക്കാരിന്റെ പ്രധാന പരിഗണനയായി. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ഏറ്റവുംമൊടുവിൽ സ്വദേശികളും വിദേശികളുമായ സർക്കാർ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും സൗദി വെട്ടിക്കുറച്ചിരുന്നു.

ഹജ് കമ്മിറ്റിവഴി പോകുന്നവരെ നിരക്ക് വർധന ബാധിക്കില്ല

img-01 കോട്ടുമല ടി. എം. ബാപ്പുമുസല്യാർ

വീസനിരക്ക് വർധിപ്പിച്ച തീരുമാനം സംസ്ഥാന ഹജ് കമ്മിറ്റി വഴി പോകുന്നവരെ ബാധിക്കില്ലെന്നു സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ടി. എം. ബാപ്പുമുസല്യാർ. ആദ്യ തവണക്കാർ മാത്രമേ കമ്മിറ്റി വഴി പോകുന്നുളളൂ. ബന്ധുക്കളെ സന്ദർശിക്കാനോ അത്യാവശ്യത്തിനു വന്നുപോകാനോ ഉളള ചെലവുകൂടും.

ഉംറയ്ക്ക് സ്വന്തം നിലയ്ക്ക് സ്വകാര്യ സംഘങ്ങളുടെ സഹായത്തോടെയാണ് തീർഥാടകർ പോകുന്നത്. അവർക്ക് അധികച്ചെലവു വരും. കേരളത്തിൽ നിന്നുളള പ്രവാസികൾ അധികവും സൗദിയിലാണെന്നതിനാൽ പുതിയ നടപടികൾ ആദ്യം ബാധിക്കുന്നതും അവരെത്തന്നെയായിരിക്കും.‌

വ്യാപാര മേഖലയെ ബാധിക്കുമെന്ന് ആശങ്ക

വീസാ നിരക്ക് കൂട്ടിയത് പരോക്ഷമായി സൗദിയുടെ വാണിജ്യ വ്യാപാര മേഖലയെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവാസി സംരംഭകർ. അത് ആദ്യം ബാധിക്കുക കച്ചവടസ്ഥാപനങ്ങളെ ആയിരിക്കും. ഷോപ്പിങ് കുറയും. താൽക്കാലികമായെങ്കിലും ട്രാവൽ ആൻഡ് ടൂറിസം സംസ്ഥാനങ്ങളെയും പുതിയ തീരുമാനം ബാധിച്ചേക്കും.

പഴയ അപേക്ഷകർക്ക് പഴയ നിരക്ക് ?

സെപ്റ്റംബർ അവസാന ദിവസങ്ങളിൽ സമർപ്പിച്ച വീസ അപേക്ഷകളിൽ പലതിലും തീരുമാനമായിട്ടില്ലെന്ന് കേരളത്തിലെ ട്രാവൽസ് സ്ഥാപനങ്ങൾ പറയുന്നു. അപേക്ഷകളിൽ ഏതു നിരക്ക് ഈടാക്കണമെന്ന ആശയക്കുഴപ്പത്തെ തുടർന്നാണിത്. ഒക്ടോബർ രണ്ടിനു മുൻപ് സമർപ്പിച്ച അപേക്ഷകളിൽ പഴയ നിരക്ക് തന്നെ ഈടാക്കണമെന്നാണ് സ്ഥാപനങ്ങളുടെ ആവശ്യം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.