Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അറബ് സാഹിത്യത്തിലെ താരങ്ങൾ

writers മേളയിൽ പങ്കെടുക്കുന്ന അറബ് എഴുത്തുകാർ​


​ഷാർജ​∙ നവംബർ രണ്ട് മുതൽ 12 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന 35–ാമത്  രാജ്യാന്തര പുസ്തകമേളയിൽ അറബ് സാഹിത്യ, സാംസ്കാരിക മേഖലകളിലെ താരങ്ങൾ പങ്കെടുക്കും. ​ സാഹിത്യപ്രേമികൾക്ക് അറബ് സാഹിത്യത്തെക്കുറിച്ച് മനസിലാക്കാനും പ്രിയപ്പെട്ട എഴുത്തുകാരെ നേരിൽ കാണാനും കൈയൊപ്പിട്ട പുസ്തകങ്ങൾ സ്വന്തമാക്കാനുമുള്ള അപൂർവാവസരമാണ് 11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ലഭിക്കുക.
​അറബ് സാഹിത്യത്തിലെ ഏറ്റവും മികച്ച വനിതാ നോവലിസ്റ്റായി അറിയപ്പെടുന്ന അൾജീരിയ സ്വദേശിനി അഹ്ലം മുസ്തഗാനിമി​, നോവലിസ്റ്റും കഥാകൃത്തുമായ വാസിനി അൽ അറജ്, ഇൗജിപ്തിലെ ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ഹനാൻ മുഫീദ് ഫൗസി, ​നോവലിസ്റ്റ് മുഹമ്മദ് റബീ, പലസ്തീനിൽ നിന്ന് നോവലിസ്റ്റ് റാബി അൽ മദൂൻ​, കഥാകൃത്ത് മഹമൂദ് ഷുകൈർ, ​ജോർദാനിയൻ നോവലിസ്റ്റും കവിയുമായ ഇബ്രാഹിം നസറുല്ല, ​സൗ​ദി കവിയും എഴുത്തുകാരനുമായ മുഹമ്മദ് അൽ മുഖ്റിൻ, കുവൈത്ത് നോവലിസ്റ്റ് താലിബ് അൽ റിഫായി, ​ ലബനീസ് എലുത്തുകാരൻ പ്രഫ.ചാർബൽ ദാഗർ, സഹപ്രവർത്തകൻ ജോർജ് യാരഖ്, ​​ സുഡാനി നോവലിസ്റ്റും എഴുത്തുകാരനുമായ ഹാമദ് അൽ നാസിർ, ​​ മൊറോക്കൻ യുവ നോവലിസ്റ്റും എഴുത്തുകാരനുമായ താരിഖ് ബഖാരി, ​​ സിറിയൻ എഴുത്തുകാരായ മഹമൂദ് ഹസൻ സാലിം, ​ഷഹ്ല ഉജൈലി തുടങ്ങിയവർ മേളയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്തിൽ ഷാർജ ബുക്ക് അതോറിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വായിക്കുക (റീഡ് മോർ) എന്നതാണ് ഇപ്രാവശ്യത്തെ പ്രമേയം. ഇന്ത്യയടക്കം 60 രാജ്യങ്ങളിൽ നിന്ന് 1,420 പ്രസാധകർ പങ്കെടുക്കും. 15 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് വിൽപനയ്ക്കായി മേളയിൽ പ്രദർശിപ്പിക്കുക. ആതിഥേയരായ യുഎഇയിൽ നിന്നാണ് ഏറ്റവുമധികം പ്രസാധകർ പങ്കെടുക്കുക–205. ഇൗജിപ്ത് 163 പ്രസാധകരുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 110  വീതം പ്രസാധകരുമായി എത്തുന്ന ഇന്ത്യ, ലബനൻ എന്നീ രാജ്യങ്ങൾക്കാണ് മൂന്നാം സ്ഥാനം. യുകെ–79, സിറിയ–66, അമേരിക്ക–63, സൗദി അറേബ്യ– 61 പ്രസാധകരെത്തും.

 മലയാളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് പ്രസാധകർ തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായെത്തും. മലയാളത്തിൻ്റെ മഹാകാഥികൻ എം.ടി.വാസുദേവൻ നായർ, എംപിയും എഴുത്തുകാരനുമായ ശശി തരൂർ, യുവ വായനക്കാരുടെ ഹരമായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചേതൻ ഭഗത്, ചലച്ചിത്ര താരങ്ങളായ ശത്രുഘ്നൻ സിൻഹ, മുകേഷ്, ശില്പഷെട്ടി തുടങ്ങിയവരാണ് എത്തുക. മേളയുടെ മുന്നോടിയായി പ്രഫഷനൽ പരിപാടിയായ ബിസിനസ് മീറ്റിങ് ഇൗ മാസം 30 മുതൽ നവംബർ ഒന്നുവരെ ഷാർജ ചേംബർ ഒാഫ് കൊമേഴ്സിൽ നടക്കും.  1,417 കലാ, സാഹിത്യ, വിനോദ, വിദ്യാഭാസ, സാംസ്കാരിക പരിപാടികൾ, പാചക പരിപാടികൾ എന്നിവ പുസ്തകമേളയോടനുബന്ധിച്ച് അരങ്ങേറും. കുട്ടികളുടെ വിഭാഗത്തിൽ ബീജിങ് സർക്കസ് അടക്കമുള്ള കലാ സാഹിത്യ വിദ്യാഭ്യാസ, സംഗീത പരിപാടികൾ ഉണ്ടായിരിക്കും. സമൂഹ മാധ്യമങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഇൗ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ പങ്കെടുക്കും. പ്രവേശനം സൗജന്യം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.