Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്‌ഥാ വ്യതിയാനം: ഹരിതനയവുമായി ദുബായ്

go-green

ദുബായ് ∙ കാലാവസ്‌ഥാ വ്യതിയാനമെന്ന ആഗോളഭീഷണി നേരിടാനുള്ള ആശയങ്ങൾ ആവിഷ്‌കരിക്കാനും കർമപരിപാടികൾ നടപ്പാക്കാനുമുള്ള സമഗ്രനയത്തിനു രാജ്യത്താദ്യമായി ദുബായ് മുനിസിപ്പാലിറ്റി രൂപംനൽകി. കാർബൺ മലിനീകരണത്തോത് ഏറ്റവും കുറഞ്ഞ നഗരമാക്കി ദുബായിയെ മാറ്റാനും ഹരിതസമ്പദ്‌വ്യവസ്‌ഥയെന്ന ലക്ഷ്യം നേടാനുമുള്ള നയങ്ങൾ ഏകോപിപ്പിച്ചു നടപ്പാക്കും. ഇപ്പോൾ നടപ്പാക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ ഒരു കുടക്കീഴിലാക്കുമെന്നും മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.

കടലിന്റെയും തീരദേശമേഖലയുടെയും സംരക്ഷണം, ജൈവവൈവിധ്യങ്ങളും മത്സ്യസമ്പത്തും സംരക്ഷിക്കുക, ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയും മണ്ണിൽ ഉപ്പിന്റെ അംശം കുറയ്‌ക്കുകയും ചെയ്യുക തുടങ്ങിയ ബൃഹദ്‌ പദ്ധതികളാണു പുരോഗമിക്കുന്നത്. പരിസ്‌ഥിതിയെ മറന്നുള്ള വികസനം കാലവസ്‌ഥയെപ്പോലും ബാധിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണു ശാസ്‌ത്രീയ പദ്ധതികൾ മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്. പരിസ്‌ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പല പദ്ധതികളും മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്. കാർ ഫ്രീ ഡേ, ബ്ലൂ കാർബൺ പ്രോജക്‌ട്, കോസ്‌റ്റൽ പ്രൊട്ടക്‌ഷൻ പ്രോജക്‌ട്, മാലിന്യങ്ങളിൽ നിന്നുള്ള ജൈവവാതകം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണു പദ്ധതികൾ നടപ്പാക്കുക. സ്വകാര്യമേഖലയും ഇതുമായി സഹകരിക്കുന്നു. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ദുബായ് സ്‌ട്രാറ്റജി പ്ലാൻ 2021 വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കിവരികയാണ്. പാരിസ്‌ഥിതിക ഭീഷണിയെക്കുറിച്ചു പൊതുജനങ്ങൾക്കു ബോധവൽക്കരണം നൽകുക, അടിസ്‌ഥാനസൗകര്യ മേഖല വികസിപ്പിക്കുക, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക എന്നിവയും ഇതിന്റെ ഭാഗമാണ്.

hussain-nasser lootah

കാലാവസ്‌ഥാ വ്യതിയാനങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ നേരത്തേ തന്നെ തുടങ്ങിയെങ്കിലും പൊതുവായ ഒരു നയത്തിന്റെ ഭാഗമാക്കി ഏകോപിപ്പിക്കാനും കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും പുതിയ നയം സഹായകമാകുമെന്നു പരിസ്‌ഥിതി വിഭാഗം ഡയറക്‌ടർ ആലിയ അൽ ഹർമൂദി പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഏറ്റവും പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ പദ്ധതികൾക്കു തുടക്കംകുറിക്കുകയും ഗവേഷണം ഊർജിതമാക്കുകയും വേണം. ആരോഗ്യവും വിദ്യാഭ്യാസവും വിശാല കാഴ്‌ചപ്പാടുകളുമുള്ള തലമുറ വളർന്നുവരണം. പരിസ്‌ഥിതിക്കിണങ്ങിയ വികസനമാണ് യാഥാർഥ്യമാക്കേണ്ടതെന്നും വ്യക്‌തമാക്കി.

ഹരിത സമ്പദ്‌വ്യവസ്‌ഥ ലോകമെങ്ങും പടർന്നുപന്തലിക്കാനുള്ള ബഹുമുഖപദ്ധതികൾക്കായി യുഎഇയിൽ ഈയിടെ വേൾഡ് ഗ്രീൻ ഇക്കോണമി ഓർഗനൈസേഷൻ (ഡബ്ല്യുജിഇഒ) രൂപീകരിച്ചിരുന്നു. ഹരിത സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് അനുകൂലമായ സംസ്‌കാരം രാജ്യത്തിനകത്തും മേഖലയിലും ലോകരാജ്യങ്ങളിലും സമയബന്ധിതമായി വളർത്തിയെടുക്കാനാണിത്. ദുബായ് ആസ്‌ഥാനമായുള്ള സംഘടന ഹരിത സമ്പദ്‌വ്യവസ്‌ഥയുടെ വളർച്ചയ്‌ക്കായി സാങ്കേതിക, സാമ്പത്തിക സഹായം നൽകുകയും വൈദഗ്‌ധ്യം പങ്കുവയ്‌ക്കുകയും ചെയ്യും.

ഹരിത മേഖലകളുടെ വളർച്ചയ്‌ക്കായി ഗവേഷണ പരിപാടികൾ ഊർജിതമാക്കുക, പുതിയ പദ്ധതികൾക്കു തുടക്കംകുറിക്കുക, സുശുദ്ധ ഊർജം പരമാവധി ഉപയോഗപ്പെടുത്തുക, പ്രകൃതിയുടെയും മനുഷ്യരുടെയും സംരക്ഷണം ഉറപ്പാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. യുണൈറ്റഡ് നേഷൻസ്‌ ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി (യുഎൻഡിപി) സഹകരിച്ചാണിത്. 2021 ആകുമ്പോഴേക്കും രാജ്യത്തിനാവശ്യമായ ഊർജത്തിന്റെ 27 ശതമാനവും പാരമ്പര്യേതര ഊർജമേഖലയിൽ നിന്നായിരിക്കും. സംശുദ്ധ ഊർജോപയോഗം 2020ൽ 7%, 2030ൽ 25%, 2050ൽ 75% എന്നിങ്ങനെ ദുബായ് ഉയർത്തിക്കൊണ്ടുവരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.