Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് കസ്‌റ്റംസിന് ആധുനിക മൊബൈൽ ലാബ്

mobile-lab ദുബായ് കസ്‌റ്റംസിന്റെ ഹൈടെക് മൊബൈൽ ലാബ്.

ദുബായ് ∙ വിവിധ പരിശോധനകൾക്കു കുതിച്ചെത്താൻ ദുബായ് കസ്‌റ്റംസിന്റെ മൊബൈൽ സ്‌മാർട് ലാബ് ഒരുങ്ങി. ഗുളികകളിൽ ലഹരിമരുന്നുണ്ടോ എന്നറിയാൻ പ്രത്യേക സ്‌കാനറിൽ എല്ലാ ചേരുവകളുടെയും രാസനാമം സഹിതം സ്‌ക്രീനിൽ തെളിയും. ജൈറ്റെക്‌സിലാണ് വാഹനം പുറത്തിറങ്ങിയത്. സൗരോർജത്തിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ക്യാമറകളും സ്‌കാനറുകളുമാണു മൊബൈൽ ലാബിലുള്ളതെന്നു ദുബായ് കസ്‌റ്റംസ് ടെക്‌നിക്കൽ സപ്പോർട്ട് വിഭാഗം ഇൻസ്‌പെക്‌ഷൻ ഓഫിസർ മുസ്‌തഫ മുഹമ്മദ് ആമിൻ അബ്‌ദുല്ല അറിയിച്ചു. വാഹനത്തിന്റെ മുകളിലെ കറങ്ങുന്ന ക്യാമറയാണു വിദൂരക്കാഴ്‌ചകൾ ഒപ്പിയെടുക്കുക.

ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഏതെങ്കിലും വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുമ്പോൾ സമീപപ്രദേശങ്ങളാകെ വീക്ഷിക്കാൻ വാഹനത്തിലെ ഉദ്യോഗസ്‌ഥർക്കും കൺട്രോൾ സ്‌റ്റേഷനിലുള്ളവർക്കും കഴിയും. ദൂരക്കാഴ്‌ചകൾ സൂം ചെയ്‌ത് വ്യക്‌തികളെ വ്യക്‌തമായി കാണാനും അവരുടെ കയ്യിലുള്ള വസ്തുക്കൾവരെ പ്രത്യേകമായി സൂം ചെയ്യാനുമാകും. മൊബൈൽ ലാബിലെ ഉദ്യോഗസ്‌ഥരുടെ യൂണിഫോമിൽ ഘടിപ്പിച്ച ചെറിയ ക്യാമറ അവിടെ നടക്കുന്ന സംഭവങ്ങൾ തൽസമയം കസ്‌റ്റംസ് ആസ്‌ഥാനത്ത് എത്തിക്കും. ബാഗുകളോ പെട്ടിയോ തുറക്കാതെ ലഹരിമരുന്നുകൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയവ കണ്ടെത്താൻ കഴിയുന്ന സംവിധാനവും വാഹനത്തിലുണ്ട്.

കണ്ടെത്താം, ആണവ വസ്‌തുക്കളും

∙ സ്‌കാനർ ബാഗിനു സമീപം ഏതാനും സെക്കൻഡുകൾ വച്ചശേഷം പ്രിന്ററിനോടു സാമ്യമുള്ള ഒരു ഉപകരണത്തിൽ ഘടിപ്പിക്കുന്നതോടെ ബാഗിലെ എല്ലാ സാധനങ്ങളുടെയും പൂർണവിവരം സ്‌ക്രീനിൽ തെളിയും. അപകടകരമായി എന്തെങ്കിലും കണ്ടെത്തിയാൽ മുന്നറിയിപ്പു നൽകും. ബാഗിൽ അസ്വാഭാവികമായി ഒന്നുമില്ലെങ്കിൽ അതും അറിയിക്കും.

∙ ആണവ വികിരണമുണ്ടാക്കുന്ന സാധനങ്ങളും വിഷവസ്‌തുക്കളും കണ്ടെത്താൻ ഈ സംവിധാനത്തിലൂടെ കഴിയും. ചില രാസവസ്‌തുക്കൾ ബാഗിലുണ്ടെങ്കിൽ അന്തരീക്ഷത്തിൽ പ്രത്യേകതരം വാതകങ്ങൾ രൂപപ്പെടും. വളരെ കുറഞ്ഞ അളവിലേ ഇതുണ്ടാകൂ എങ്കിലും സ്‌കാനറിൽ തെളിയും. സംശയകരമായി കാണപ്പെടുന്ന സാധനത്തെ ഒരേസമയം പലവിധത്തിൽ പരിശോധിക്കാൻ കഴിയുന്നു. ഇതിന്റെയെല്ലാം റിപ്പോർട്ട് തൽസമയം കസ്‌റ്റംസ് ആസ്‌ഥാനത്തും എത്തുന്നുണ്ട്.

∙ രോഗങ്ങൾക്കുള്ള ഗുളികയുടെ രൂപത്തിൽ പായ്ക്ക് ചെയ്തു വരുന്ന ലഹരിമരുന്നുകൾ കവർപൊട്ടിക്കാതെതന്നെ സ്‌കാനറിൽ വച്ചാൽ ഗുളികയിലെ ഘടകങ്ങളുടെ രാസനാമം വിശദമായി സ്‌ക്രീനിൽ തെളിയും.

മാനത്തും കടലിലും കസ്‌റ്റംസ് ‘ചാരപ്പട’

കടലിന്റെ അടിയിൽ നിരീക്ഷണം നടത്താനുള്ള ഡീപ്പ് ട്രെക്കർ എന്ന ഉപകരണവും മൊബൈൽ ലാബിലുണ്ട്. കപ്പലിന്റെ അടിയിലും മറ്റും അള്ളിപ്പിടിച്ചു പരിശോധന നടത്താനാകും. അപകടകരമായ എന്തെങ്കിലുമുണ്ടോ എന്നു കണ്ടെത്താൻ ഈ ഉപകരണത്തിലെ ശക്‌തിയേറിയ ക്യാമറയ്‌ക്കു കഴിയും. രാത്രിയിലും ശക്‌തമായ തിരയുള്ളപ്പോഴുമെല്ലാം വ്യക്‌തതയേറിയ ചിത്രങ്ങൾ ലഭിക്കും. ഈ ചിത്രങ്ങളും മൊബൈൽ ലാബിലെയും കസ്‌റ്റംസ് ആസ്‌ഥാനത്തെയും സ്‌ക്രീനിൽ തെളിയും. ഇതൊന്നും കൂടാതെ, പറന്നു നടന്നു പരിശോധന നടത്താൻ കരുത്തനായ ഡ്രോണും വാഹനത്തിലുണ്ട്.

സംശയകരമായി ഏതെങ്കിലും വാഹനം കണ്ടെത്തിയാൽ ഡ്രോണിനെ പിന്നാലെവിടും. വാഹനം എവിടേക്കു പോകുന്നുവെന്ന വിവരം ഉൾപ്പെടെയുള്ള വിലപ്പെട്ട കാര്യങ്ങൾ അറിയാൻ കഴിയും. വാഹനത്തിലെ യാത്രക്കാരെവരെ കൃത്യമായി ഒപ്പിയെടുക്കാൻ കഴിയുന്ന ക്യാമറയാണ് ഡ്രോണിലുള്ളത്. ഓഫിസിലോ മറ്റോ എന്തെങ്കിലും സാധനം ഉടൻ എത്തിക്കണമെങ്കിലും ഡ്രോൺ ഉപയോഗപ്പെടുത്താം. ഗതാഗതക്കുരുക്കിൽ പെടാതെ ലക്ഷ്യത്തിലെത്താനും മലമുകളിലും മറ്റും എത്തി വിവരങ്ങൾ ശേഖരിക്കാനും ഇതു സഹായിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.