Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ പച്ചപ്പിന്റെ കുടക്കീഴിലാക്കാൻ ഹരിതസാമ്പത്തിക സംഘടന

duabi-shekih യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം വേൾഡ് ഗ്രീൻ ഇക്കോണമി ഓർഗനൈസേഷന്റെ പ്രഖ്യാപനം നടത്തിയപ്പോൾ

ദുബായ് ∙ ഹരിത സമ്പദ്‌വ്യവസ്‌ഥ ലോകമെങ്ങും പടർന്നുപന്തലിക്കാനുള്ള ബഹുമുഖ പദ്ധതികൾക്കായി യുഎഇയിൽ വേൾഡ് ഗ്രീൻ ഇക്കോണമി ഓർഗനൈസേഷൻ (ഡബ്ല്യുജിഇഒ) രൂപീകരിച്ചു. ഹരിതസമ്പദ്‌ വ്യവസ്‌ഥയ്‌ക്ക് അനുകൂലമായ സംസ്‌കാരം രാജ്യത്തിനകത്തും മേഖലയിലും ലോകരാജ്യങ്ങളിലും സമയബന്ധിതമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

ട്രേഡ് സെന്ററിൽ ആരംഭിച്ച ദ്വിദിന ലോക ഹരിതസാമ്പത്തിക ഉച്ചകോടിയിൽ യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമാണ് ഈ നൂതന സംരംഭത്തിനു തുടക്കം കുറിച്ചത്. ദുബായ് ആസ്‌ഥാനമായുള്ള സംഘടന ഹരിത സമ്പദ്‌വ്യവസ്‌ഥയുടെ വളർച്ചയ്‌ക്കായി സാങ്കേതിക, സാമ്പത്തിക സഹായം നൽകുകയും വൈദഗ്‌ധ്യം പങ്കുവയ്‌ക്കുകയും ചെയ്യും.

ഹരിതമേഖലകളുടെ വളർച്ചയ്‌ക്കായി ഗവേഷണ പരിപാടികൾ ഊർജിതമാക്കുക, പുതിയ പദ്ധതികൾക്കു തുടക്കം കുറിക്കുക, സംശുദ്ധ ഊർജം പരമാവധി ഉപയോഗപ്പെടുത്തുക, പ്രകൃതിയുടെയും മനുഷ്യരുടെയും സംരക്ഷണം ഉറപ്പാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമുമായി (യുഎൻഡിപി) സഹകരിച്ചാകും ബഹുമുഖ പദ്ധതികൾ ആസൂത്രണം ചെയ്യുക. വിവിധ രാജ്യങ്ങളുടെയും രാജ്യാന്തര സംഘടനകളുടെയും സഹകരണത്തോടെ ആശാവഹമായ മുന്നേറ്റം നടത്തി പരിസ്‌ഥിതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ഈ സംരംഭത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഷെയ്‌ഖ് മുഹമ്മദ് പറഞ്ഞു.

ഇത്തരമൊരു സംരംഭത്തിലൂടെ ലോകരാജ്യങ്ങൾക്കു മാതൃകയാകാൻ യുഎഇക്കു കഴിഞ്ഞതായി യുഎൻഡിപി അഡ്‌മിനിസ്‌ട്രേറ്റർ ഹെലൻ ക്ലാർക് പറഞ്ഞു. ഓരോ രാജ്യത്തും ഇതുപോലുള്ള ഭരണനേതൃത്വം ഉണ്ടാകണം. ഇത്തരമൊരു തുടക്കവും ആശയവും ലോകത്തു വലിയ മാറ്റമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. 2021 ആകുമ്പോഴേക്കും രാജ്യത്തിനാവശ്യമായ ഊർജത്തിന്റെ 27 ശതമാനവും പാരമ്പര്യേതര ഊർജമേഖലയിൽ നിന്നാകുമെന്ന് കാലാവസ്‌ഥാ–പരിസ്‌ഥിതികാര്യ മന്ത്രി താനി അഹമ്മദ് അൽ സിയൂദി പറഞ്ഞു.

2030 ആകുമ്പോഴേക്കും ഹരിത സാമ്പത്തിക രംഗത്ത് വൻമുന്നേറ്റം നടത്താൻ യുഎൻ ലക്ഷ്യമിടുന്നു. ഇതര രാജ്യങ്ങൾകൂടി ഇതിനു സജ്‌ജമാകേണ്ടതുണ്ടെന്നും പറഞ്ഞു.

ആഗോളതാപനം ഉയരുന്നതു തടയാൻ ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്ന് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാനും ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ആഗോള ഹരിത സമ്പദ്‌വ്യവസ്‌ഥയുടെ തലസ്‌ഥാനമായി ദുബായ് മാറുകയാണ്. ഹരിതസാമ്പത്തിക മേഖലയിൽ ദീവ വൻമുന്നേറ്റം നടത്തിക്കഴിഞ്ഞു.

ദുബായ് ക്ലീൻ എനർജി സ്‌ട്രാറ്റജി 2050 എന്ന ലക്ഷ്യം കൈവരിക്കാൻ മുഹമ്മദ് ബിൻ റാഷിദ് സോളർ പാർക്കിനു കഴിയുമെന്നാണു പ്രതീക്ഷ. സംശുദ്ധ ഊർജോപയോഗം 2020ൽ 7%, 2030ൽ 25%, 2050ൽ 75% എന്നിങ്ങനെ ഉയർത്തിക്കൊണ്ടുവരും. ലോകമെങ്ങും ഊർജാവശ്യം കൂടിവരുന്ന സാഹചര്യത്തിൽ ദുബായ് തുടക്കമിട്ട സംരംഭത്തിനു സാധ്യതകളേറെയാണെന്ന് രാജ്യാന്തര പാരമ്പര്യേതര ഊർജ ഏജൻസി (ഐറീന) ഡയറക്‌ടർ ജനറൽ അഡ്‌നാൻ ഇസഡ് ആമിൻ പറഞ്ഞു.

ആഫ്രിക്കയിൽ വെളിച്ചമെത്താൻ

ആഫ്രിക്കയിലെ ഇരുളകറ്റാൻ വേണം, രാജ്യാന്തര കൂട്ടായ്‌മ ആഫ്രിക്കൻ രാജ്യങ്ങളിൽ 60 കോടി ജനങ്ങൾ ഇന്നും ഇരുളിൽ കഴിയുകയാണെന്ന് ഉച്ചകോടിയിലെ പ്രതിനിധികൾ പറഞ്ഞു. ഊർജ ദൗർലഭ്യം അനുഭവിക്കുന്ന ഈ രാജ്യങ്ങളിൽ വികസനം വഴിമുട്ടി. ഇവരെ മുഖ്യധാരയിലെത്തിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ചൂണ്ടിക്കാട്ടി.

മുൻ ബഹിരാകാശ യാത്രികൻ ഡോണൾഡ് തോമസ് അനുഭവങ്ങൾ പങ്കുവച്ചു. പരിസ്‌ഥിതിദ്രോഹ ശീലങ്ങൾമൂലം അന്തരീക്ഷത്തിന്റെ സുരക്ഷാപാളി തീർത്തും നേർത്തതായെന്ന് അദ്ദേഹം പറഞ്ഞു. നാശനഷ്‌ടങ്ങളിൽനിന്നു ഭൂമിയെ രക്ഷിക്കാൻ ലോകരാജ്യങ്ങൾ തോളോടുതോൾ ചേർന്നു കർമപദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

വികസനം തളിർക്കാൻ ഹരിത സമ്പത്ത്

∙ യുഎഇയുടെ അറിവുകൾ ലോകത്തിലെ ഹരിതസംഘടനങ്ങൾ, വിവിധരാജ്യങ്ങൾ എന്നിവയുമായി പങ്കുവയ്‌ക്കുകയും പുത്തൻസാങ്കേതിക വിപ്ലവത്തിലൂടെ ലക്ഷ്യങ്ങൾ നേടുകയും ചെയ്യാൻ പദ്ധതി വിഭാവനം ചെയ്യുന്നു.

∙ ഹരിതമന്ദിരങ്ങൾ, ഹരിത വാഹനങ്ങൾ, വനവൽക്കരണം, പുനരുപയോഗ ഊർജപദ്ധതികൾ എന്നിവ വ്യാപകമാക്കും.

∙ ഇന്റർനാഷനൽ റിന്യൂവബിൾ എനർജി ഏജൻസി (ഐറീന), യുണൈറ്റഡ് നേഷൻസ്‌ ഡവലപ്‌മെന്റ് പ്രോഗ്രാം, യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യുഎൻഎഫ്‌സിസിസി) തുടങ്ങിയവയ്‌ക്കു ദുബായ്‌ സഹായം ലഭ്യമാക്കുകയും വിവിധ മേഖലകളിലെ പദ്ധതികൾ ഏകോപിപ്പിക്കുകയും ചെയ്യും.

∙ സർക്കാർ, സ്വകാര്യമേഖലകളുടെ സഹകരണം ശക്‌തമാക്കി നഗരങ്ങൾ, രാജ്യങ്ങൾ, മേഖലകൾ, ധനകാര്യ സ്‌ഥാപനങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ശൃംഖല യാഥാർഥ്യമാക്കും.

∙ യുവതലമുറയെ ഹരിത പദ്ധതികളിലേക്ക്‌ ആകർഷിക്കാൻ മുൻകയ്യെടുക്കും.

∙ ദുബായ്‌ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചു പ്രതിപാദിക്കുന്ന ഹരിത സാമ്പത്തിക റിപ്പോർട്ട്‌ എല്ലാവർഷവും പ്രസിദ്ധീകരിക്കും.

∙ കാർബൺ മലിനീകരണം ഇല്ലാത്ത പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുൾപ്പെടെ ആർ20 കൂട്ടായ്‌മയുമായി സഹകരിക്കും. സർക്കാരുകൾ, രാജ്യാന്തര സംഘടനകൾ, സർക്കാർ–സ്വകാര്യ സ്‌ഥാപനങ്ങൾ, ധനകാര്യ സ്‌ഥാപനങ്ങൾ തുടങ്ങിയവയുടെ കൂട്ടായ്‌മയാണിത്.

∙ മണ്ണിനെ വളക്കൂറുള്ളതാക്കുക, മരങ്ങൾ വളർത്തി ചൂടു കുറയ്‌ക്കുക, അന്തരീക്ഷം ശുദ്ധീകരിക്കുക തുടങ്ങിയവ വനവൽക്കരണ പദ്ധതിയുടെ ഭാഗമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.