Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ കൂടുതൽ പദ്ധതികൾക്ക് യുഎഇ

india-uae മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി യുഎഇ സംഘം കൂടിക്കാഴ്‌ച നടത്തുന്നു

ദുബായ് ∙ ഇന്ത്യയിൽ സ്‌മാർട്‌സിറ്റി ഉൾപ്പെടെയുള്ള കൂടുതൽ യുഎഇ സംരംഭങ്ങൾക്കു വഴിയൊരുങ്ങുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന രാജ്യാന്തര നിക്ഷേപക ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു. യുഎഇക്കു താൽപര്യമുള്ള വിവിധ പദ്ധതികളെക്കുറിച്ചു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി യുഎഇ സാമ്പത്തിക – വിദേശവ്യാപാര മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്‌ദുല്ല ബിൻ അഹമ്മദ് അൽ സാലിഹ്, ഇന്ത്യയിലെ യുഎഇ സ്‌ഥാനപതി ഡോ. അഹമ്മദ് അബ്‌ദുൽ റഹ്‌മാൻ അൽ ബന്ന എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണു കൂടിക്കാഴ്‌ച നടത്തിയത്.

സ്‌മാർട്‌സിറ്റിക്കു പുറമേ ടൂറിസം, വിവരസാങ്കേതികവിദ്യ, ടെക്‌സ്‌റ്റൈൽ, ഭക്ഷ്യോൽപന്ന മേഖല എന്നിവയിൽ നിക്ഷേപമിറക്കുന്നതിനെക്കുറിച്ചും വിവിധ തലങ്ങളിൽ ചർച്ചചെയ്‌തു. ഇരുരാജ്യങ്ങളുടെയും വിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗം, വ്യാവസായിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികൾ തുടങ്ങിയവ മുഖ്യവിഷയങ്ങളായി. ഇരുരാജ്യങ്ങൾക്കുമുള്ള അനുഭവപരിചയവും വൈജ്‌ഞാനിക മുന്നേറ്റവും സംയുക്‌ത പദ്ധതികൾക്കു സഹായകമാകുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

കാർഷികം, ഭക്ഷ്യോൽപന്നങ്ങൾ, സംശുദ്ധ ഊർജം ഉപയോഗിച്ചുള്ള കാറുകൾ, ഫാർമസ്യൂട്ടിക്കൽ, ടെക്‌സ്‌റ്റൈൽ, ടൂറിസം, ഊർജം എന്നീ മേഖലകളിൽ വിവിധ രാജ്യങ്ങൾ തമ്മിൽ സംയുക്‌ത പദ്ധതികൾ ആരംഭിക്കുന്നതിനെക്കുറിച്ചു രൂപരേഖ തയാറാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ) ഡയറക്‌ടർ ജനറൽ ചന്ദ്രജിത് ബാനർജിയുമായും യുഎഇ സംഘം കൂടിക്കാഴ്‌ച നടത്തി. യുഎഇയിൽ ഇന്ത്യൻ നിക്ഷേപകർക്കുള്ള അവസരങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന പാനൽ ചർച്ചയും ഉണ്ടായിരുന്നു.

സൗഹൃദത്തിൽ അടിയുറച്ച യുഎഇ – ഇന്ത്യാ ബന്ധം വിവിധ മേഖലകളിൽ പടർന്നു പന്തലിക്കുകയാണെന്നു ഡോ. അഹമ്മദ് അബ്‌ദുൽ റഹ്‌മാൻ അൽ ബന്ന പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ, വ്യവസായികൾ, രാഷ്‌ട്രീയരംഗത്തെ പ്രമുഖർ, കമ്പനി പ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തംകൊണ്ട് ഉച്ചകോടി ശ്രദ്ധേയമായി.

23 രാജ്യങ്ങളുടെ സ്‌ഥാനപതിമാർ, 37 രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ എന്നിവർ പങ്കെടുത്തു. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്താനും അതിഥിരാജ്യങ്ങളിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കാനും ഉച്ചകോടി സഹായകമായി. യുഎഇ, ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പൂർ, യുകെ എന്നീ രാജ്യങ്ങൾ ഉച്ചകോടിയിൽ സജീവ പങ്കാളിത്തം വഹിച്ചു. ഒട്ടേറെ കരാറുകൾക്കു രൂപംകൊണ്ടതായാണു റിപ്പോർട്ട്.

ഇന്റർനാഷനൽ ഇൻവെസ്‌റ്റേഴ്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ സെയിഫ് അൽ ജർവാൻ, ഖലീഫ ഇൻഡസ്‌ട്രിയൽ സോൺ (കിസാഡ്) സിഇഒ: മനാ മുഹമ്മദ് സഈദ് അൽ മുല്ല, ഫുജൈറ ഫ്രീസോൺ അതോറിറ്റി ഡയറക്‌ടർ ജനറൽ ഷെറീഫ് ഹബീബ് അൽ അവാധി, റാക് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി ഡയറക്‌ടർ ബോർഡ് അംഗം ഫാത്തിമ ഹൈദ്രോം അൽ ഗാഫ്‌ലി, അബുദാബി ഇന്റർനാഷനൽ ഇക്കണോമിക് പ്രമോഷൻ ഡയറക്‌ടർ അയിദാ ഖൂറി, എയർ അറേബ്യ ഡയറക്‌ടർ ടോണി വിറ്റ്‌ബി തുടങ്ങിയവരും യുഎഇ സംഘത്തിലുണ്ടായിരുന്നു.

ഇന്ത്യയിലെ യുഎഇ നിക്ഷേപം 1400 കോടിയിലേറെ ഡോളർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള അറബ് രാജ്യം യുഎഇ ആണെന്ന് അബ്‌ദുല്ല ബിൻ അഹമ്മദ് അൽസാലിഹ് പറഞ്ഞു. 1400 കോടിയിലേറെ ഡോളറിന്റെ നിക്ഷേപമാണ് യുഎഇക്കുള്ളത്. ഇതിൽ 400 കോടി നേരിട്ടുള്ള നിക്ഷേപമാണ്. അറബ് രാജ്യങ്ങൾക്ക് ഇന്ത്യയിലുള്ള മമൊത്തം നിക്ഷേപത്തിന്റെ 85% വരും ഇതെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി നടപ്പുവർഷം 5000 കോടി ഡോളറിന്റെ എണ്ണയിതര വിദേശവ്യാപാരമാണു യുഎഇ നടത്തിയത്.

ഇതു റെക്കോർഡ് ആണെന്നു മാത്രമല്ല, ഇനിയും ഉയരുകയും ചെയ്യും. യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യുഎഇ. യുഎഇയുടെ മൊത്തം കയറ്റുമതിയുടെ 14.9 ശതമാനമാണിത്. ടൂറിസം രംഗത്തും ഇരുരാജ്യങ്ങളിലും വൻ സാധ്യതയുള്ളതായി അൽസാലിഹ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതിവാരം ആയിരത്തിലേറെ വിമാന സർവീസുകളുണ്ട്. മെഡിക്കൽ ടൂറിസം രംഗവും വൻവളർച്ച കൈവരിക്കുകയാണെന്നു പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.