Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴില്‍ സേവനങ്ങൾക്ക് ഇനി ഒരൊറ്റ ആപ്പ്

mobile

അബുദാബി ∙ ഒരേസമയം ഒട്ടേറെ സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ സ്മാർട് ഫോൺ ആപ്പിന് അധികൃതർ തുടക്കമിട്ടു. തൊഴിൽ മേഖലയിൽനിന്നുള്ള പരാതികളെല്ലാം 'ആമിൻ' എന്ന് പേരിട്ട ആപ്പ് വഴി അതിവേഗം അധികൃതർക്കു കൈമാറാനാകും. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനപ്പടുന്നതാണു പുതിയ ആപ് എന്നു സ്വദേശിവൽക്കരണ, മാനവവിഭവശേഷി മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിലുപേക്ഷിച്ച് ഒളിച്ചോടുന്ന തൊഴിലാളികൾക്കെതിരെ സമയനഷ്ടം കൂടാതെ പരാതിപ്പെടാൻ സ്‌പോൺസർമാർക്കു സാധിക്കും.

പണിമുടക്കി പ്രതിഷേധിക്കുന്ന സംഭവങ്ങൾ ഞൊടിയിടയിൽ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ആപ്പിൽ സൗകര്യമുണ്ട്. കൗമാരക്കാർക്കു തൊഴിലും അതോട് അനുബന്ധിച്ചുള്ള അലവൻസും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള വിവര കൈമാറ്റവും ഇതുവഴി സാധ്യമാകും. തൊഴിലിടങ്ങളിൽ തൊഴിലാളികൾക്കു പരുക്കേൽക്കുന്നത് ഉടൻ റിപ്പോർട്ട്‌ ചെയ്യണമെന്ന മന്ത്രാലയ നിയമം പാലിക്കാനും ഇനി കാലതാമസമുണ്ടാകില്ല. മന്ത്രാലയ മാനദണ്ഡങ്ങൾ പാലിച്ചാണു സ്ത്രീകൾക്കു തൊഴിൽ നൽകേണ്ടത്.

കൂടുതൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം സൃഷ്ടിച്ചശേഷമാകണം നിയമനം. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും. നിയമലംഘകരായ തൊഴിലാളികൾക്കു ജോലി നൽകുന്നതു കണ്ടെത്തിയാൽ അധികൃതർക്കു പരാതി നൽകാനും സ്മാർട് സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിൽ പരാതികൾക്കു പുറമേ പൊതു ആരോഗ്യ, സുരക്ഷ സംബന്ധിച്ചുള്ള പരാതികളിൽ നടപടികൾ പൂർത്തിയാക്കാനും സഹായിക്കുംവിധമാണു പുതിയ സ്മാർട് സംവിധാനം രൂപപ്പെടുത്തിയത്.

mobile-app

പരാതികളിൽ പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്ന രേഖകൾ അനുബന്ധമായി നൽകണമെന്ന വ്യവസ്ഥയുണ്ട്. പരാതിക്കാരന്റെ പേര്, മൊബൈൽ നമ്പർ, കമ്പനിയുടെ പേര്, കോഡ് എന്നിവ നൽകിയശേഷം തൊഴിലുടമയ്ക്ക് ഒൻപതു പരാതികൾവരെ അധികൃതർക്കു നൽകാനാകും. തൊഴിൽ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്താൻ ഉതകുന്നതാണു പുതിയ സ്മാർട് സംവിധാനം. നിയമലംഘനങ്ങൾ സംബന്ധിച്ചുള്ള വിശദാംശങ്ങളും വേതന സുരക്ഷാ പദ്ധതി വഴിയുള്ള തൊഴിലാളികളുടെ വേതനവിവരങ്ങളും ഇതുവഴി തൊഴിലുടമകൾക്കു കിട്ടും.

ഓൺലൈൻ വഴി തൊഴിലാളികളുടെ ഒളിച്ചോട്ടം പരാതിപ്പെടാൻ കഴിയുന്നതോടൊപ്പം മുൻപു നൽകിയ ഒളിച്ചോട്ട പരാതികൾ പിൻവലിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലാളികൾ വേതനം കൈപ്പറ്റിയതിന്റെ രേഖകൾ സമയനഷ്ടം കൂടാതെ അധികൃതർക്കു സമർപ്പിക്കാൻ സാധിക്കുന്നതു കമ്പനികളുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. വേതനം കിട്ടാത്ത തൊഴിലാളികൾ തൊഴിൽ കരാറിന്റെ പകർപ്പു നൽകിയാണു പരാതി നൽകേണ്ടത്. മിനിറ്റുകൾക്കകം പരാതികളുടെ പ്രക്രിയകൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണു പുതിയ സംവിധാനത്തിന്റെ സവിശേഷത.

കൂടുതൽ പേജുകളിലേക്കു കയറി വിശദാംശങ്ങൾ രേഖപ്പെടുത്താതെ ദ്രുതവേഗത്തിൽ പരാതികൾ സമർപ്പിക്കാൻ തൊഴിലാളികൾക്ക് ആകുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. പരാതിക്കാരന്റെ വിശദാംശങ്ങൾ രഹസ്യമാക്കിവച്ചാണു വേതനം കുടിശികയാകുന്ന പരാതികളിൽ നടപടികൾ സ്വീകരിക്കുക. പാസ്‌പോർട്ട്, ലേബർകാർഡ് നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ മതിയാകും. തൊഴിൽനിയമം അറിയാത്തവർക്ക് അത്തരം കാര്യങ്ങളിൽ അവബോധമുണ്ടാക്കാൻ ഉതകുന്ന ഒരു തൊഴിൽ മാർഗദർശികൂടിയാണു പുതിയ സംവിധാനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.