Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ടൂറിസം: കുതിപ്പോടെ ഇന്ത്യ

indian-health-care-tourism ഇന്റർനാഷനൽ മെഡിക്കൽ ട്രാവൽ എക്‌സിബിഷൻ ആൻഡ് കോൺഫറൻസിനോടനുബന്ധിച്ചു സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ, ഡപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ തുടങ്ങിയവർ

ദുബായ് ∙ മെഡിക്കൽ ടൂറിസം രംഗത്തു നാലു വർഷംകൊണ്ട് ഇന്ത്യ പ്രതീക്ഷിക്കുന്നത് 800 കോടി ഡോളറിന്റെ വളർച്ച. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യയിൽ ചികിൽസതേടിയെത്തുന്ന വിദേശികളുടെ എണ്ണം കൂടുകയാണ്. വിവിധ ചികിൽസാ ശാഖകളാൽ സമ്പന്നമായ ഇന്ത്യൻ ആരോഗ്യമേഖലയുടെ മികവുകളിൽ വിദേശരാജ്യങ്ങൾ കൂടുതൽ വിശ്വാസം അർപ്പിക്കുന്നതായും ഇന്റർനാഷനൽ മെഡിക്കൽ ട്രാവൽ എക്‌സിബിഷൻ ആൻഡ് കോൺഫറൻസി(ഐഎംടിഇസി)നോട് അനുബന്ധിച്ച് ഇന്ത്യയിൽനിന്നുള്ള പ്രതിനിധികൾ പറഞ്ഞു.

ട്രേഡ് സെന്ററിൽ നടക്കുന്ന മേളയിൽ ഇന്ത്യയിലെ പ്രമുഖ ആശുപത്രികളുടെ പ്രതിനിധികളും മുതിർന്ന സർക്കാർ ഉദ്യോഗസ്‌ഥരും പങ്കെടുക്കുന്നു. ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള സർവീസസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (എസ്‌ഇപിസി) സഹകരണത്തോടെയാണിത്. നൂതന സാങ്കേതികവിദ്യകൾ, മികച്ച ഡോക്‌ടർമാർ, അടിസ്‌ഥാന സൗകര്യങ്ങൾ, കുറഞ്ഞ ചെലവിലുള്ള ചികിൽസ തുടങ്ങിയവ ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കുന്നതായി കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ പറഞ്ഞു. ലോകോത്തര നിലവാരമുള്ള സ്‌പെഷ്യൽറ്റി ആശുപത്രികളും മറ്റു ചികിൽസാ രീതികളും ഇന്ത്യയിലുണ്ട്. മികച്ച യാത്രാസംവിധാനങ്ങളും ടൂറിസം കേന്ദ്രങ്ങളും സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യയുടെ മികവുകൾ ലോകത്തെ ബോധ്യപ്പെടുത്താൻ ഇത്തരം മേളകൾ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ മെഡിക്കൽ ടൂറിസം വൻ മുന്നേറ്റം നടത്തിയതായി പ്രതിനിധികൾ പറഞ്ഞു. മധ്യപൂർവദേശത്തുനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഉള്ളവരുടെ എണ്ണം കൂടിവരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണത്തിലും ക്രമാനുഗത വർധന രേഖപ്പെടുത്തുന്നു. വിനോദസഞ്ചാരത്തിന് എത്തുന്നതിനൊപ്പം വിവിധ രോഗങ്ങൾക്കു ചികിൽസ തേടുകയും ചെയ്യുന്ന രീതിയുമുണ്ട്.

ശസ്‌ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തര ചികിൽസയ്‌ക്ക് എത്തുന്നവരുമേറെയാണ്. സർക്കാർ – സ്വകാര്യ മേഖലകളിൽ ലോകോത്തര നിലവാരമുള്ള ആശുപത്രികളാണ് ഇന്ത്യയിലുള്ളത്. ആരോഗ്യരംഗത്തെ നൂതന ആശയങ്ങൾ കൈമാറാനും ബോധവൽക്കരണം നടത്താനും ഇന്ത്യ – യുഎഇ സഹകരണമുണ്ട്. ഡപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ, എസ്‌ഇപിസി ചെയർമാൻ ഡോ. നരേഷ് ട്രെഹാൻ, ഡപ്യൂട്ടി ഡയറക്‌ടർ ജനറൽ ജ്യോതി കൗർ, ഡോ. കെ.കെ.കൽറ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യൻ ആരോഗ്യ മേഖലയെക്കുറിച്ച് കൂടുതൽ അറിയാനുള്ള പോർട്ടൽ: www.indianhealthcaretourism.com

കുറഞ്ഞ നിരക്ക്, മികച്ച സൗകര്യങ്ങൾ

കഴിഞ്ഞ വർഷം ഇന്ത്യയിലെ മെഡിക്കൽ ടൂറിസം രംഗം 300 കോടി ഡോളറിന്റെ വളർച്ച കൈവരിച്ചതായാണു കണക്ക്. 2020 ആകുമ്പോഴേക്കും വൻകുതിപ്പുണ്ടാകും. വികസിത രാജ്യങ്ങളിലെ അതേ നിലവാരമുള്ള ചികിൽസ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു. വിദേശരാജ്യങ്ങളിൽനിന്നു 2012ൽ 1,71,021 പേരും 2013ൽ 2,36,898 പേരും 2014ൽ 1,84,298 പേരും ചികിൽസതേടിയെത്തി. മൂന്നുതവണ പുതുക്കാവുന്ന ഇലക്‌ട്രോണിക് വീസകളാണ് ആരോഗ്യ ചികിൽസയ്‌ക്ക്‌ എത്തുന്നവർക്ക് ഇന്ത്യ നൽകിവരുന്നത്. ആയുർവേദ, യോഗ, സിദ്ധ, ഹോമിയോപ്പതി, യുനാനി, മർമ ചികിൽസാ ശാഖകളാൽ സമ്പന്നമാണ് ഇന്ത്യൻ ആരോഗ്യമേഖല. ആദ്യത്തെ പ്രാവശ്യം 30 ദിവസമാണു വീസാ കാലാവധി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.