Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിൽ മലയാളത്തിന്റെ ശ്രാവണ പൗർണമി

onam-ponnonam

ഷാർജ ∙ മരുഭൂമിയിലെ പൊന്നോണമുറ്റത്തു മലയാൺമയുടെ സൂര്യശോഭയായി മലയാള മനോരമ പൊന്നോണക്കാഴ്ച. എക്‌സ്‌പോ സെന്ററിന്റെ അകവും പുറവും ആഘോഷത്തിന്റെ ആവേശം ഏറ്റുവാങ്ങിയതോടെ സപ്ത എമിറേറ്റുകളുടെ സാംസ്‌കാരികതീരം ആറാടിയതു മഴവിൽ വർണങ്ങളിൽ. മനോരമ ദിനപത്രവും വനിതയും മനോരമ ഓൺലൈനും മഴവിൽ മനോരമയും മനോരമ ന്യൂസും റേഡിയോ മാംഗോയും ചേർന്നൊരുക്കിയ പൊന്നോണക്കാഴ്ച ഏവർക്കും ആവേശമായി.

കേരള കോളജ് ഫ്രണ്ട്‌സിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. മലയാളത്തെ കാവ്യദേവതയുടെ കനകച്ചിലങ്കയണിയിച്ച ഒഎൻവിക്കും കാവാലം നാരായണപ്പണിക്കർക്കുമുള്ള സമർപ്പണമായിരുന്നു ആഘോഷം. രാവിലെ എട്ടിനു പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു തുടക്കം.

ചലച്ചിത്രതാരം ശ്രീദേവി ഉണ്ണി നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മലയാള മനോരമ മാർക്കറ്റിങ്, സെയിൽസ്‍ ആൻഡ് അഡ്വർടൈസിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, റേഡിയോ മാംഗോ യുഎഇ കണ്ടന്റ് ഹെഡ് എസ്. ഗോപാലകൃഷ്ണൻ, മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ ജയ്മാൻ ജോർജ്, ഐഎഎസ് മീഡിയ എംഡി അലി അസ്ഗർ മിർ, കേരള കോളജ് ഫ്രണ്ട്സ് പ്രതിനിധി പോൾ ടി. ജോസഫ് എന്നിവർ പങ്കെടുത്തു.

onam-ponnonam05

8.15നു തിരുവാതിര മൽസരം തുടങ്ങി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കോളജുകളിലെ പൂർവ വിദ്യാർഥികളുടെ ടീമുകൾ ഉൾപ്പെടെയുള്ളവർ മൽസരത്തിൽ പങ്കെടുത്തു. ശ്രീദേവി ഉണ്ണി, നർത്തകി അനുപമ, ആർഎൽവി സൗമ്യ എന്നിവർ വിധികർത്താക്കളായി. തിരുവാതിര മൽസരത്തിൽ രേണുക വാഴപ്പുള്ളിയും സംഘവും രണ്ടാം സ്ഥാനവും മിനി ഇന്ദുകുമാറും സംഘവും മൂന്നാം സ്ഥാനവും നേടി.

onam-ponnonam02

കലാലയ സ്മരണകളിലേക്കുകൂടി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ക്യാംപസുകളെ ഹരംകൊള്ളിച്ച ‘സൂപ്പർ സീനിയേഴ്‌സ്’. പ്രായത്തെ പിടിച്ചുകെട്ടിയ സീനിയർ വിരുതുകളുടെ കണ്ണഞ്ചിക്കുന്ന പ്രകടനത്തിനു മുൻപിൽ പഴയകാലം പുതിയ തരംഗമായി. ജീൻസിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പട്ടുസാരിയും ഹാഫ്‌സാരിയും ചുറ്റി കോളജ് കുമാരിമാരും എത്തിയതോടെ ഓണാഘോഷത്തിൽ ഇടയ്ക്കിടെ കോളജ് ഡേയുടെ പ്രതീതിയായി. കഥകളുടെയും കടങ്കഥകളുടെയും കുസൃതിച്ചോദ്യങ്ങളുടെയും മധുരമാമ്പഴക്കാലമൊരുക്കാൻ റേഡിയോ മാംഗോയിലെ കൂട്ടുകാരും ഉണ്ടായിരുന്നു. കുട്ടികളുടെ ചിത്രരചനാ മൽസരം, പായസ മൽസരം, പൂക്കള മൽസരം, മലയാളിമങ്ക മൽസരം, റേഡിയോ മാംഗോ ആർജെ ഫ്രീക്ഔട്ട്, കോടാമ്പക്കം പിഒ മ്യൂസിക് ബ്രാൻഡിന്റെ സംഗീതപരിപാടി എന്നിവയും അരങ്ങേറി. വിജയ് യേശുദാസ് ഉൾപ്പെടെയുള്ള ഗായകർ ഒഎൻവിയുടെയും കാവാലത്തിന്റെയും ഗാനങ്ങളുമായി ആസ്വാദകരെ മലയാളക്കരയുടെ ഹൃദയത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

മാവേലിയെ വരച്ചവരയിൽ നിർത്തി കൊച്ചുകൂട്ടുകാർ

onam-ponnonam03

കഥകളിൽനിന്ന് ഇറങ്ങിവന്നു കുഞ്ഞുമനസ്സുകളിൽ കൂടുകൂട്ടിയ കൂട്ടുകാർ വരകളുടെ വഴിയിലൂടെ പാറിപ്പറന്നു ‘കളർഫുൾ’ ആയപ്പോൾ അന്തംവിട്ടതു കാഴ്ചക്കാർ. കുട്ടികളുടെ ചിത്രരചനാ മൽസരത്തിൽ കുസൃതിച്ചിരിയോടെ കുഞ്ഞുമാവേലിയും പൂക്കളമൊരുക്കുന്ന കൊച്ചുകൂട്ടുകാരും തുമ്പിക്കൂട്ടങ്ങളുമെല്ലാം ക്യാൻവാസിൽ പൊന്നോണം പൊടിപൂരമാക്കി. കെജി വൺ, കെജി ടു വിഭാഗത്തിൽ ജിം ഫിലിപ്പ് കുര്യൻ ഒന്നാം സ്ഥാനം നേടി. രുദ്ര ഷിജു രണ്ടാം സ്ഥാനവും ആദിദേവ് മൂന്നാം സ്ഥാനവും നേടി. ഒന്നുമുതൽ നാലുവരെയുള്ള വിഭാഗത്തിൽ റോസ് മാർട്ടിൻ ഒന്നാം സ്ഥാനം നേടി. ലക്ഷ്മി സുധീർ, സൂര്യ കിരൺ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വാട്ടർ കളറിങ്ങിൽ ആനന്ദ് ബൈജുവിനാണ് ഒന്നാം സ്ഥാനം. വിവേക സുനിൽ രണ്ടാം സ്ഥാനം നേടി. ശ്രുതി നന്ദന സജി, ഫെബ സൂസൻ ബെന്നി എന്നിവർ മൂന്നാം സ്ഥാനം പങ്കുവച്ചു. റുക്സീന, ശ്രീജേഷ്, സദാശിവൻ അമ്പലമേട് എന്നിവർ വിധികർത്താക്കളായി.

ഇത്തിരിവട്ടങ്ങളിൽ ഒത്തിരി പൂക്കാലം

onam-ponnonam04

പൂക്കളങ്ങളിൽ പൂക്കാലമൊരുക്കി മലയാളക്കരയെ കുടിയിരുത്തിയപ്പോൾ മരുഭൂമിയുടെ സാംസ്കാരികമുറ്റത്ത് ഉദിച്ചുയർന്നതു വസന്തപൗർണമി. പൊന്നാനി എംഇഎസ് പൂർവ വിദ്യാർഥികൾ ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പൂർവ വിദ്യാർഥികൾ രണ്ടാം സ്ഥാനവും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥികൾ മൂന്നാം സ്ഥാനവും നേടി. ഡോ. നിഷ വർഗീസ്, മുരളി സുവർണ, രമേശ് എന്നിവർ വിധികർത്താക്കളായി.

കുട്ടനാടൻ ചുണ്ടനും പൊന്നോലക്കുട ചൂടിയ മാവേലിയും പച്ചപുതച്ച മലനിരകളും അരുവിയും തുമ്പിക്കൂട്ടങ്ങളും പൂക്കളങ്ങളിൽ ഒത്തുകൂടിയതോടെ എക്സ്പോ സെന്ററിന്റെ വിശാലമായ അകത്തളം ഉദ്യാനശോഭയിൽ ആറാടി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സംസ്കാരങ്ങളുടെ സൗന്ദര്യം ഓളമിട്ട പൂക്കളങ്ങളിലെ ഭാവനയും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. വയനാടും കോലത്തുനാടും കുട്ടനാടും വേണാടുമെല്ലാം ചരിത്രശോഭയോടെ പൂക്കളങ്ങളിൽ പുനർജനിക്കുകയായിരുന്നു.

അഞ്ചുപേർ ചേർന്നാണു പൂക്കളമൊരുക്കിയതെങ്കിലും കളത്തിനു പുറത്തു നാട്ടുകാരും കൂട്ടുകാരും മൽസരിച്ചു. നാടൻ പൂക്കൾക്കൊപ്പം മരുഭൂമിയിലെ മലയോരങ്ങളിൽനിന്നുള്ള പൂക്കളും മുഖംകാട്ടാനെത്തി. തുമ്പയ്ക്കും പിച്ചിക്കും അരിപ്പൂവിനുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട മറുനാട്ടിൽ അപരന്മാർ ഏറെയായതിനാൽ പൊന്നോണപ്പൂക്കളത്തിൽ ആർഭാടം പൊഴിയുകയായിരുന്നു.

പായസത്തളികയിൽ കൈപ്പുണ്യം ആറാടി

onam-ponnonam01

വളയിട്ട കൈപ്പുണ്യം മാധുര്യം ചൊരിഞ്ഞ പായസത്തളികയിൽ നിറ‍ഞ്ഞുതുളുമ്പിയതു രുചിഭേദങ്ങളുടെ ഇന്ദ്രജാലം. ഈന്തപ്പഴവും വാൽനട്ടും കരിക്കും തക്കാളിയുമൊക്കെ അണിനിരന്ന പായസമൽസത്തിൽ സാക്ഷാൽ കാന്താരിയും വെറ്റിലയും ഉള്ളിയുംവരെ തനിനിറം മാറ്റിവച്ചു തളികയിൽ തിളങ്ങി. പുതുമകൾ പകിട്ടോടെയെത്തിയ വേദിയിലെ ഓരോ തളികയിലും കാണാനായതു രുചിക്കൂട്ടുകളുടെ ആറാട്ട്. ആരോഗ്യം വേണോ രുചി വേണോ എന്ന ചോദ്യത്തിന് രണ്ടും വേണമെന്നാണ് ഉത്തരമെങ്കിൽ തകർപ്പൻ പായസം റെഡി. ഒന്നാം സമ്മാന ജേതാവായ എം.മൈത്രി തയാറാക്കിയ പായസമാണിത്. ഈന്തപ്പഴം, വാൽനട്ട്, ധാന്യങ്ങൾ എന്നിവ ചേർന്ന രുചികരമായ പായസമാണിതെന്നു വിധികർത്താക്കൾ പറഞ്ഞു. ഷുഗറുകാർക്കും പ്രഷറുകാർക്കുമൊക്കെ ആരോഗ്യപ്രദം. ആർക്കും എളുപ്പത്തിൽ പരീക്ഷിക്കുകയുമാകാം.

രണ്ടാം സ്ഥാനത്തെത്തിയ ശരണ്യ സതീഷ് തയാറാക്കിയതു ത്രിഫല പ്രഥമൻ. ഏത്തപ്പഴവും പപ്പായയും മാമ്പഴവും തേങ്ങാപ്പാലുമൊക്കെ ചേർന്ന പായസമാണിത്. രുചിയിലും ഗുണത്തിലും മുന്നിട്ടുനിൽക്കുന്ന ഈ പുതിയ താരവും ഹിറ്റായി. മൂന്നാം സമ്മാനം നേടിയ വെറ്റിലപ്പായസവും ധാരണകൾ മാറ്റി മനസ്സിൽ മധുരം നിറയ്ക്കുന്നു. വെറ്റില, തേങ്ങാപ്പാൽ, പശുവിൻപാൽ തുടങ്ങിയവയാണു ചേരുവകൾ. ഡോ. പ്രിയൂഷയാണ് ഇതു തയാറാക്കിയത്. തനിനാടൻ പായസക്കൂട്ടുകൾ കടൽകടന്നു ഗൾഫിലെത്തിയപ്പോൾ രൂപത്തിൽ മാത്രമല്ല, രുചിയിലും മാറ്റം. പാലടപ്രഥമനും പഴപ്രഥമനും അടപ്രഥമനും അടക്കിവാണ അരങ്ങിൽ ചക്കപ്പഴം, ചേന, മത്തങ്ങ, കാരറ്റ്, പൈനാപ്പിൾ, മുളയരി, അവൽ, കടല എന്നിങ്ങനെ ഒട്ടേറെ വിദ്വാൻമാർ പുതുമകളുമായെത്തി. നാവിനു മാത്രമല്ല, മനസ്സിനും മധുരം പകരുന്നതാകണം പായസമെന്ന കാര്യത്തിലായിരുന്നു മൽസരം. ഷെഫ് പ്രദീപ്, ജുമാന കാദ്രി എന്നിവരായിരുന്നു വിധികർത്താക്കൾ.

മലയാളനാടിന്റെ സ്വന്തമായ പായസം കഴിഞ്ഞേ മലയാളികൾക്കു മറ്റൊരു വിഭവമുള്ളൂ എന്ന കാര്യത്തിൽ മൽസരത്തിൽ പങ്കെടുത്ത പലർക്കും തർക്കമുണ്ടായിരുന്നില്ല. വിശേഷദിവസങ്ങളിൽ പായസമുണ്ടാക്കുന്നതിനു മലയാളിക്കൊരു ന്യായീകരണവുമുണ്ടത്രേ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.