Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗതമേഖലയിൽ നിരീക്ഷണം നടത്താൻ ആർടിഎ ഡ്രോണുകൾ

drone

ദുബായ് ∙ നൂതന ഡ്രോണുകൾ ഉപയോഗിച്ചു ഗതാഗതമേഖലയിൽ സൂക്ഷ്‌മനിരീക്ഷണം നടത്താനുള്ള ഹൈസ്‌പീഡ് പദ്ധതിയുമായി ആർടിഎ. ഇതിന്റെ ഭാഗമായി നടത്തിയ പരീക്ഷണപ്പറക്കലുകൾ വൻവിജയമായിരുന്നു. ജൈറ്റെക്‌സ് മേളയിലാണ് ഡ്രോൺ പുറത്തിറക്കുന്നത്. മെട്രോ ഉൾപ്പെടെയുള്ള സർവീസുകൾ നിരീക്ഷിക്കാനും കാലാവസ്‌ഥാ വ്യതിയാനം കണ്ടെത്താനുമെല്ലാം ഇവയ്ക്കു കഴിയും. മരുഭൂമിയും നിരീക്ഷണ പരിധിയിലാക്കാൻ ഉദ്ദേശിക്കുന്നു.

ഡെസർട് സഫാരി, ക്വാഡ് ബൈക്കുകളുടെ പ്രകടനം തുടങ്ങിയവ നിരീക്ഷിക്കാനും മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്നവരെയും വഴിതെറ്റുന്നവരെയും കണ്ടെത്താനും കഴിയുമെന്നത് ഡ്രോണുകളുടെ സാധ്യത വർധിപ്പിക്കുന്നതായി ഇറ്റലിയിലെ സിസ്‌കോ സിസ്‌റ്റംസ് ആർക്കിടെക്‌ട് എയ്‌ഞ്ചലോ ഫിയംഗ പറഞ്ഞു. ഉഗ്രശേഷിയുള്ള രണ്ടു ക്യാമറകളാണ് ഡ്രോണിലുള്ളത്. എത്ര ഉയരത്തിൽനിന്നും ത്രിമാന രീതിയിലുള്ള സൂക്ഷ്‌മചിത്രങ്ങൾ പകർത്താൻ കഴിയും. പൊടിക്കാറ്റിനെയും കൊടുംചൂടിനെയും അതിജീവിക്കാനുള്ള കരുത്തും ഇവയ്‌ക്കുണ്ട്.

നാലുമണിക്കൂർ തുടർച്ചയായി പറക്കാം. ബാറ്ററി തീരാറായൽ തിരികെയെത്തുന്ന സംവിധാനമാണുള്ളത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലായിരുന്നു പരീക്ഷണപ്പറക്കൽ. ഇതിലും വേഗത്തിലും വളരെ താഴ്‌ന്നും പറക്കാനാകും. അപകടങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങൾ അധികൃതർക്കു തൽസമയം കൈമാറാനും കഴിയുമെന്നത് നേട്ടമാണ്. പാലം, ടണൽ തുടങ്ങിയവയുടെ നിർമാണം നിരീക്ഷിക്കാൻ കഴിയുമെന്നതാണ് മറ്റൊന്ന്. പൊതുജനങ്ങൾക്കുള്ള നടപ്പാതകൾ, ലൈറ്റുകൾ, റയിൽപാതകൾ തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനമുണ്ട്.

അന്തരീക്ഷത്തിലെ താപവ്യതിയാനം കണ്ടെത്താൻ കഴിയുമെന്നതും ഗതാഗതമേഖലയ്‌ക്കു ഗുണകരമാണ്. ഡിപി വേൾഡിനും ഡ്രോൺ കാവൽ ചരക്കുനീക്കവും മറ്റും സൂക്ഷ്‌മമായി നിരീക്ഷിക്കാൻ ഡിപി വേൾഡും ഡ്രോണുകളെ രംഗത്തിറക്കി. ചരക്കു കയറ്റുന്നതും ഇറക്കുന്നതും നിരീക്ഷിക്കുന്നതിനു പുറമെ തുറമുഖത്ത് വാഹനങ്ങൾ കൃത്യമായ അകലം പാലിച്ചാണോ പോകുന്നതെന്നും കണ്ടെത്താൻ ഡ്രോണുകൾക്കു കഴിയും. തുറമുഖത്തിന്റെ സുരക്ഷാകാര്യങ്ങളിലും ഡ്രോണുകൾക്കു വലിയ പങ്കുവഹിക്കാനാകും. ചെറുചലനങ്ങൾപോലും കണ്ടെത്തി ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കാൻ സംവിധാനമുണ്ട്.

dp-world-drone

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാദൗത്യത്തിനും ഡ്രോണുകൾ ഉപയോഗപ്പെടുത്താം. മനുഷ്യർക്കു കടന്നുചെല്ലാൻ കഴിയാത്തിടത്തുനിന്നും ചിത്രങ്ങൾ പകർത്തി അപകടകാരണം കണ്ടെത്താനും രക്ഷാദൗത്യം ഏകോപിപ്പിക്കാനും സാധിക്കുമെന്നതു വൻനേട്ടമാണ്. അറ്റകുറ്റപ്പണിക്കും മറ്റുമുള്ള ചെറിയ സാധനസാമഗ്രികൾ വേഗത്തിൽ ലക്ഷ്യത്തിലെത്തിക്കാനും ഡ്രോണുകൾ സഹായിക്കും. കൂട്ടിയിടികൾ സ്വമേധയാ ഒഴിവാക്കാൻ കഴിയുന്ന സംവിധാനം, കൂടുതൽ വേഗം, ബാറ്ററി തീരുംമുൻപേ മുന്നറിയിപ്പുനൽകൽ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു.

അത്യാധുനികം ഈ ഡ്രോണുകൾ

∙ കെട്ടിടങ്ങൾ, കപ്പലുകൾ, പദ്ധതി മേഖലകൾ എന്നിവിടങ്ങളിലെത്തി സൂക്ഷ്‌മ ചിത്രങ്ങൾ പകർത്താം. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള സ്‌റ്റോറേജ് സംവിധാനവുമുണ്ട്.

∙ അതിവേഗസേവനം ഉറപ്പാക്കുന്ന ഇവയ്‌ക്ക് ലക്ഷ്യകേന്ദ്രങ്ങളിൽ പെട്ടെന്ന് എത്താനാകും. അസ്വാഭാവികമായി എന്തു കണ്ടെത്തിയാലും സൂക്ഷ്‌മമായി നിരീക്ഷിക്കും.

∙ രാത്രിയിലും സുഗമമായി പ്രവർത്തിക്കാനാകും. കാലാവസ്‌ഥാ വ്യതിയാനങ്ങളും ബാധിക്കാത്ത വിധമാണ് നിർമാണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.