Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌കൂൾ ബസിനു വേണം ആർടിഎ അനുമതി

school-bus

ദുബായ് ∙ ആർടിഎ യുടെ അനുമതിയില്ലാതെ സ്‌കൂൾ ബസ് ഓടിച്ചാൽ നടപടിയെന്ന് അധികൃതർ. സ്‌കൂൾ ബസ് ഓടിക്കാൻ പെർമിറ്റ് ഇല്ലാത്തവരെ നിയമിക്കുന്നതു നിയമലംഘനങ്ങളിൽ ഏറ്റവും ഗൗരവമുള്ളതാണെന്നും വ്യക്‌തമാക്കി.

സ്‌കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ആർടിഎ പെർമിറ്റ് നിർബന്ധമാണെന്നു പൊതുഗതാഗത വകുപ്പ് മേധാവി അബ്‌ദുല്ല യൂസഫ് ആലു അലി അറിയിച്ചു. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനും കുട്ടികളുമായുള്ള പെരുമാറ്റം മെച്ചപ്പെട്ടതാക്കാനുമാണു ബസ് ജീവനക്കാർക്കു പ്രത്യേക പെർമിറ്റ് നിർബന്ധമാക്കിയത്. കുട്ടികൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള സുരക്ഷാ കാര്യങ്ങളാണു ബസ്‌ ജീവനക്കാരിൽ നിക്ഷിപ്‌തമാക്കിയതെന്ന് അബ്‌ദുല്ല അറിയിച്ചു.

വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പുതിയതോ പുതുക്കുന്നതോ ആയ ലൈസൻസുകളിൽ നടപടി പൂർത്തിയാക്കും മുൻപ് സ്‌കൂൾ ഗതാഗതത്തിനു ‘നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ്’ നൽകും. കെഎച്ച്‌ഡിഎയുമായി സഹകരിച്ചാണിതു നടപ്പാക്കുന്നത്. ആർടിഎയുടെ മേൽനോട്ടത്തിൽ 5597 സ്‌കൂൾ ബസുകളുണ്ട്. 232 സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്ന ഈ ബസുകളിൽ 1.57 ലക്ഷം കുട്ടികളാണു യാത്ര ചെയ്യുന്നത്.

സ്‌കൂൾബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഇക്കൊല്ലം നടത്തിയ പരിശോധനയിൽ 1739 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ ആറു വർഷത്തിനിടെ ദുബായിൽ സ്‌കൂൾ ബസുകളുണ്ടാക്കിയ അപകടമരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 2008, 2009 വർഷങ്ങളിലുണ്ടായ ഓരോ മരണങ്ങളാണു സ്‌കൂൾ ബസുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയത്. സർവീസ് നടത്തുന്ന സ്‌കൂൾ ബസുകളുടെ സാങ്കേതിക മികവ്, ജീവനക്കാരെ നിയമിക്കാനുള്ള വ്യവസ്‌ഥകൾ തുടങ്ങിയവ അപകടങ്ങൾ കുറയ്‌ക്കാൻ സഹായകമായി. സ്‌കൂൾ ബസ് ഓടിക്കാനുള്ള പരിശീലനവും നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിരന്തര പരിശോധനയും സുരക്ഷ കൂട്ടിയിട്ടുണ്ട്. പ്രായം 25 കവിയണമെന്നാണ് ബസ് സൂപ്പർവൈസറാകാൻ ആർടിഎ നിശ്‌ചയിച്ചത്. സ്വഭാവസർട്ടിഫിക്കറ്റ് നിയമനത്തിനു നിർബന്ധമാണ്. 2623 പുരുഷ, സ്‌ത്രീ സൂപ്പർവൈസർമാർ സ്‌കൂൾ ബസുകളിൽ ജോലിചെയ്യുന്നുണ്ട്.

കുട്ടികളുടെ സുരക്ഷയ്‌ക്കായി 2008 മുതലാണു സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ഒരു വർഷം കാലാവധിയുള്ള പ്രത്യേക പെർമിറ്റ് നിശ്‌ചയിച്ചത്. കാലാവധി തീരുന്നതിന്റെ 30 ദിവസം മുൻപ് പെർമിറ്റുകൾ പുതുക്കണമെന്നാണു ചട്ടം.

പാലിക്കണം ഈ ചട്ടങ്ങൾ

മണിക്കൂറിൽ 80 കിലോമീറ്ററാണു സ്‌കൂൾ ബസുകൾക്കു നിശ്‌ചയിച്ച വേഗപരിധി. ഇതിനായി ബസുകളിൽ വേഗപ്പൂട്ട് ഘടിപ്പിക്കണം. പ്രാഥമിക ചികിൽസാ ഔഷധങ്ങൾ ബസിലുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. കൈകൊണ്ട് ഉപയോഗിക്കാൻ കഴിയുന്ന അഗ്‌നിശമന ഉപകരണവും ബസിൽ വേണം.

10 മീറ്റർ വരെ നീളമുള്ള ബസുകളിൽ ആറുകിലോ വരുന്ന ഉപകരണമാണു ഘടിപ്പിക്കേണ്ടത്. പത്തുമീറ്ററിൽ അധികമാണ് വാഹനവലുപ്പമെങ്കിൽ കൂടുതൽ കാര്യക്ഷമമായ അഗ്‌നിശമനസംവിധാനം വേണം. ഡ്രൈവർക്ക് എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുംവിധമായിരിക്കണം ഇവ സജ്‌ജീകരിക്കേണ്ടതെന്നും വ്യവസ്‌ഥയുണ്ട്. 15 വർഷത്തിലധികമായ വാഹനങ്ങൾ സ്‌കൂൾ ബസ് ആയി ഉപയോഗിക്കാനും പാടില്ല. യാത്രക്കാരുടെ എണ്ണം അനുസരിച്ചുള്ള അടിയന്തര രക്ഷാവാതിലുകളും ഉണ്ടായിരിക്കണം. അപകടസമയത്തു കുട്ടികൾക്കു രക്ഷയ്‌ക്കു തടസ്സമുണ്ടാകുന്ന ഒന്നും വാതിലിനു സമീപമുണ്ടാകാൻ പാടില്ല. കൂടാതെ ‘എമർജൻസി എക്‌സിറ്റ്’ എന്നു വ്യക്‌തമായി വാതിലുകളിൽ എഴുതണം. ജിപിഎസ് ഘടിപ്പിച്ചാകണം വാഹനം റോഡിൽ ഇറക്കേണ്ടത്.

50 സെന്റീമീറ്റർ വ്യാപ്‌തി ഇരുഭാഗങ്ങളിലെയും സീറ്റുകളുടെ ഇടയിലുണ്ടായിരിക്കണം. 28, 51 സീറ്റുകളുള്ള ബസുകളാണു സ്‌കൂൾ ഗതാഗതത്തിനു നിശ്‌ചയിച്ചത്. ഈ നിയമങ്ങളിൽ ഏതെങ്കിലും ഒന്നു ലംഘിച്ചാൽ 300 ദിർഹമാണു പിഴ. ആർടിഎ പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിച്ചാൽ 500 ദിർഹമാണു പിഴ. പെർമിറ്റില്ലാത്ത ഡ്രൈവർക്ക് സ്‌കൂൾ ബസ്‌ഓടിക്കാൻ നൽകിയാലും ഇതേ തുകയാണു പിഴനിശ്‌ചയിച്ചത്. പരിശോധനാ ഉദ്യോഗസ്‌ഥർ പെർമിറ്റ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ അതു നിരസിച്ചാൽ 500 ദിർഹം പിഴയും ട്രാഫിക് കേസും ചുമത്തും. ബസിന്റെ അകവും പുറവും ആർടിഎ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായാൽ 200 ദിർഹമാണു പിഴ. കുട്ടികളെ ബസിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയത്തു വശങ്ങളിലുമുള്ള ‘സ്‌റ്റോപ്പ്’ ബോർഡ് ഉയർത്തിയിട്ടില്ലെങ്കിലും സമാന തുകയാണു പിഴ. സ്‌കൂൾ ബസ് സേവനങ്ങൾക്കല്ലാതെ ഈ ബോർഡ് ഉയർത്തി മാർഗ തടസ്സമുണ്ടാക്കുന്നവർക്കും പിഴ 200 ദിർഹമാണ്.

‘സ്‌കൂൾ ബസ്’ എന്ന ബോർഡ് മറച്ചുവച്ചു ബസ് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കും പിടി വീഴും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.