Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസാ തട്ടിപ്പ്: 14 മലയാളി യുവാക്കൾ പെരുവഴിയിൽ

visa-fraud വീസാ തട്ടിപ്പിനിരയായി യുഎഇയിലെത്തിയ മലയാളി യുവാക്കൾ ഷാർജ റോളയിലെ റോഡരികിൽ.

ഷാർജ​ ∙ വീസാ തട്ടിപ്പിൽപെട്ട് യുഎഇയിലെത്തിയ 14 മലയാളി യുവാക്കളുൾപ്പെടെ 15 പേർ നിരാലംബരായി തെരുവിൽ. ഭക്ഷണമോ, രാത്രി കിടക്കാൻ സ്ഥലമോ ഇല്ലാതെ, തങ്ങളുടെ ബാഗുകളുമായി ഒരു ദിവസം കഴിച്ചുകൂട്ടിയ ഇവർക്ക് ഒടുവിൽ സാമൂഹിക പ്രവർത്തകർ താൽക്കാലിക അഭയം നൽകി. ​

മലപ്പുറം പെരിന്തൽമണ്ണയിലെ ഒരു ട്രാവൽസ് മുഖേന തിങ്കളാഴ്ച ഉച്ചയോടെയാണ് വയനാട് സ്വദേശികളായ സുഹൈൽ, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫൽ, വണ്ടൂർ സ്വദേശി ശിവൻ, ഒതുക്കുങ്ങൽ സ്വദേശി ജാഫർ, നിലമ്പൂർ സ്വദേശികളായ ഷാജഹാൻ, പ്രജീഷ്, ചെറാട് സ്വദേശി അജി, ലിബീഷ്, കരിം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവർ യുഎഇയിലെത്തിയത്. ഷാർജയിലെ ഒരു പ്രമുഖ ഹൈപ്പർ മാർക്കറ്റിന്റെ കേറ്ററിങ് വിഭാഗത്തിൽ സഹായികളുടെ തസ്തികയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ഒന്നേകാൽ ലക്ഷം മുതൽ ഒരുലക്ഷത്തി അറുപതിനായിരം രൂപ വരെയാണ് ഏജന്റിനു നൽകിയതെന്ന് ഇവർ അറിയിച്ചു. ആദ്യം ചെന്നൈയിലേക്കും അവിടെനിന്നു ദുബായിലേക്കും അയയ്ക്കുകയായിരുന്നു. മടക്ക ടിക്കറ്റ് ഇല്ലാത്തതിനാൽ ഒരു വയനാട് സ്വദേശിയെ ചെന്നൈ വിമാനത്താവളം അധികൃതർ തിരിച്ചയച്ചു.

ദുബായിലെത്തിയാൽ തങ്ങളുടെ ആളുകളെത്തി ഷാർജ റോളയിലെ ഒരു ഹോട്ടലിലെത്തിക്കുമെന്നും അവിടെ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇവരോട് പറഞ്ഞിരുന്നത്. തൊഴിൽ വീസയാണെന്നു പറഞ്ഞു നൽകിയത് ടൂറിസ്റ്റ് വീസയാണെന്ന് ഇവർ തിരിച്ചറിഞ്ഞത് ദുബായിലെത്തിയ ശേഷമായിരുന്നു. ദുബായിലെത്തിയ ഇവർ വിമാനത്താവളത്തിലിറങ്ങിയപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ ആരുമെത്തിയിരുന്നില്ല. ഏജന്റ് നൽകിയ ഫോൺ നമ്പരിൽ വിളിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന ഇവർ പിന്നീട്, കയ്യിലുള്ള പണമുപയോഗിച്ചു ഷാർജയിലെത്തുകയായിരുന്നു. ഏജന്റ് പറഞ്ഞ ഹോട്ടലിൽ അന്വേഷിച്ചപ്പോൾ, മുറികൾ ബുക്ക് ചെയ്തിരുന്നുവെങ്കിലും പണമടയ്ക്കാത്തതിനാൽ നൽകാൻ സാധ്യമല്ലെന്ന് അറിയിച്ചു.

ഇതോടെ വഴിയാധാരമായ ഇവർ ഹോട്ടലിനടുത്ത് റോ‍ഡരികിൽ ഭക്ഷണം പോലുമില്ലാതെ രാവിലെവരെ കഴിയുകയായിരുന്നു. ഇതിനിടെ, യുപി സ്വദേശി കൈലാഷിനെ കണ്ടുമുട്ടി. ഇയാളെയും സമാനരീതിയിൽ സ്വന്തം നാട്ടിലെ ഏജന്റ് ചതിക്കുകയായിരുന്നെന്നു പറയുന്നു. ഒരേ തട്ടിപ്പു സംഘത്തിലെ കണ്ണികളാണ് ഇവരെ വഞ്ചിച്ചതെന്നു കരുതുന്നു.

മലയാളി യുവാക്കൾ തട്ടിപ്പിനിരയായി റോ‍ഡരികിൽ നിൽക്കുന്ന കാര്യം തൊട്ടടുത്തെ വ്യാപാരികൾ അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പ്രവാസി ഇന്ത്യാ പ്രവർത്തകർ താൽക്കാലികമായി ഇവർക്കു താമസിക്കാൻ ഇടം നൽകി. നാട്ടിലെ ട്രാവൽസുകാരെ ബന്ധപ്പെട്ടപ്പോൾ യുഎഇയിലെ തങ്ങളുടെ ഏജന്റിനെ ബന്ധപ്പെടാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, ഏറെ ശ്രമങ്ങൾക്കുശേഷം ഏജന്റുമാരിലൊരാളെ ബന്ധപ്പെട്ടപ്പോൾ, പ്രശ്നം പരിഹരിക്കുമെന്നാണ് തങ്ങളെ അറിയിച്ചതെന്നും എന്നാൽ രാത്രിവരെ അവരെ നേരിട്ടു കാണാൻ സാധിച്ചില്ലെന്നും പ്രവാസി ഇന്ത്യാ പ്രതിനിധി സക്കരിയ മനോരമയോട് പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകി യുവാക്കൾക്കു സഹായം നൽകാനുള്ള പരിശ്രമം തുടരുന്നതായി ഇദ്ദേഹം പറഞ്ഞു. ​

നാട്ടിൽ ദിവസക്കൂലിക്കു ജോലി ചെയ്തിരുന്ന, വളരെ പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയങ്ങളായ യുവാക്കളെയാണു വീസാ ഏജന്റുമാർ വഞ്ചിച്ചിരിക്കുന്നത്. സ്വന്തം കുടുംബത്തിന്റെയും അയൽവാസികളുടെയും സ്വർണം പണയം വച്ചും മറ്റുമാണ് ഇവരിൽ മിക്കവരും വീസയ്ക്കു പണം നൽകിയത്. തിരിച്ചുപോകേണ്ടി വന്നാൽ, തങ്ങളുടെ ഗതിയോർത്തു ഭയാശങ്കയിലാണ് ഇവരെല്ലാം. തങ്ങൾ യുഎഇയിലെത്തി എന്നു മാത്രമേ ഇവർ വീട്ടുകാരെ അറിയിച്ചിട്ടുള്ളൂ. ചതിക്കപ്പെട്ടതറിഞ്ഞാലുള്ള കുടുംബത്തിന്റെ അവസ്ഥയോർത്തും ഇവർ വിഷമത്തിലാണ്.

തട്ടിപ്പിനിരയാകൽ തുടർ‌ക്കഥ

തൊഴിൽ–വീസാ തട്ടിപ്പിനിരയായ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഒട്ടേറെ. ഇതേ ഏജന്റുമാർ മുഖേന ഒരാഴ്ച മുൻപും കണ്ണൂർ സ്വദേശികളായ 16 പേരും വടകര സ്വദേശികളായ ആറുപേരും ഷാർജയിലെത്തിയിരുന്നു. ഇവരും തങ്ങൾ വഞ്ചിക്കപ്പെട്ടതറിഞ്ഞത് എത്തിയശേഷമായിരുന്നു.

വീസാ നടപടിക്രമങ്ങളെക്കുറിച്ച് അധികൃതർ ഇടയ്ക്കിടെ മാർഗനിർദേശങ്ങളും വലവിരിച്ചു കാത്തിരിക്കുന്ന തട്ടിപ്പുകാരുടെ കെണിയിൽ വീഴാതെ ശ്രദ്ധിക്കാൻ മുന്നറിയിപ്പും നൽകുന്നുണ്ട്. അതേസമയം, തട്ടിപ്പും വർധിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.