Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവതരണ കലയിൽ തിളങ്ങി ആസ്വാദകരുടെ പ്രിയപ്പെട്ട 'മച്ചു'

ponnonakazhcha-dubai01 കോടമ്പാക്കം പിഒയിൽ അവതാരക വേഷത്തിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ.​

ദുബായ്∙ സദസ്സിന്റെയും കലാകാരന്മാരുടെയും മനസ്സ് ഒരേ അളവുകോല്‍ കൊണ്ട് തിട്ടപ്പെടുത്തിയാണ് അടുപ്പമുള്ളവർ മച്ചു എന്നും രാധു എന്നും വിളിക്കുന്ന മച്ചിങ്ങൽ രാധാകൃഷ്ണന്റെ സ്റ്റേജിലെ അവതാരക വിളയാട്ടം. മച്ചിങ്ങൽ അവതാരകനായി സ്റ്റേജിലുണ്ടെങ്കിൽ പരിപാടി തകർക്കും എന്നായിട്ടുണ്ടിപ്പോൾ. പ്രത്യേകിച്ച് ഗാനമേളകൾ.

''കേരളത്തിലെ ആദ്യത്തെ ക്യാംപസ് പ്രണയകഥ. നോവലിസ്റ്റ് തന്നെ തിരക്കഥ–ഡോ.ജോർജ് ഒാണക്കൂർ. സംവിധാനം മറ്റൊരു ജോർജ്–കെ.ജി.ജോർജ്. ക്യാംപസ് ഗീതങ്ങൾ ഒരുക്കിയ ഒ.എൻ.വി–എം.ബി.എസ് കൂട്ടുകെട്ട്. സമൂഹ മാധ്യമ കാലഘട്ടത്തിന് മുൻപ് ഒാട്ടോഗ്രാഫിൽ സ്ഥാനം പിടിച്ച വിരഹ മധുരനൊമ്പരം കലർന്ന വരികൾ. എൻ്റെ കടിഞ്ഞൂർ പ്രണയ കഥയിലെ പെൺകൊടി... കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയൊരശ്രുകുടീരം നീ... ഇഷ്ടവസന്തത്തിൻ തപ്ത നിശ്വാസമേ...''- ഉൾക്കടൽ എന്ന ചിത്രത്തിൽ പി.ജയചന്ദ്രൻ–സെൽമാ ജോർജ് എന്നിവർ ആലപിച്ച 'ശരദിന്ദു മലർദീപ നാളം നീട്ടി' എന്നു തുടങ്ങുന്ന ഹിറ്റ് യുഗ്മഗാനം മലയാള മനോരമ ഒരുക്കിയ പൊന്നോണക്കാഴ്ചയിലെ കോടമ്പാക്കം പിഒ എന്ന ബാൻഡിൽ കല്ലറ ഗോപനും രാജലക്ഷ്മിയും ആലപിക്കാനെത്തുന്നതിന് മുൻപ് രാധു അവതരിപ്പിക്കുമ്പോള്‍ ആ ഗാനത്തോടുള്ള സ്നേഹം അവതാരകനോടും ആസ്വാദകർക്ക് തോന്നിപ്പോകുന്നത് സ്വാഭാവികം.

ponnonakazhcha-dubai02

​ക്യാംപസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന, തൃശൂർ ടൗൺ സ്വദേശിയായ മച്ചിങ്ങൽ അന്ന് തകർത്ത് പ്രസംഗിച്ചിരുന്നതിൻ്റെ ചുവടുപിടിച്ചാണ് ഇൗ രംഗത്ത് പ്രവേശിക്കുന്നത്. കാരിക്കേച്ചറിസ്റ്റും ചലച്ചിത്ര നടനുമായ ജയരാജ് വാര്യരാണ് ​രാധാകൃഷ്ണനെ അവതരണ രംഗത്തേക്ക് കൈപിടിച്ചുകൊണ്ടു വന്നത്. 1995ൽ യുഎഇയിലെത്തിയ ഇദ്ദേഹം 2000ൽ ആദ്യമായി ദുബായിലെ സ്റ്റേജിൽ കയറി. അന്ന് അക്കാഫ് അൽനാസർ ലിഷർലാന്‍ഡിൽ ഒരുക്കിയ മില്ലെനിയം ഒാണാഘോഷത്തിലെ തുടക്കം പാഴായില്ല. പിന്നീട് എണ്ണിയാലൊടുങ്ങാത്ത അവതാരകവേഷങ്ങൾ. ഇന്ന് യുഎഇയിൽ പരിപാടി സംഘടിപ്പിക്കുന്നവർക്കൊക്കെ അവതാരകനായി രാധുവിനെ വേണം. കേരളത്തിൽ നിന്നെത്തുന്ന കലാസംഘങ്ങൾക്കും ഇദ്ദേഹത്തെ മതി. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സംഘം നൽകുന്ന വിവരണത്തിൽ നിന്ന് കാച്ചിക്കുറുക്കിയെടുത്താണ് രാധു അവതരിപ്പിക്കുന്നത്. മലയാളം അധ്യാപികയായ മാതാവിൽ നിന്ന് ലഭിച്ച സാഹിത്യവാസന അക്ഷരസ്ഫുടതയോടെ മലയാളം പറയാൻ സഹായകമായി.

''പൂത്ത പാലമരത്തിൻ കൊമ്പത്ത് ആരും കാത്തിരുന്ന് പാടുകയും ഗാനപ്രിയരായ ഗ്രാമ കന്യകമാരിലേക്ക് ആവേശിക്കുകയും ചെയ്യുന്ന ഗന്ധർവന്മാരെ സാധാരണ മനുഷ്യർക്ക് കാണാൻ സാധിക്കുകയില്ല. പക്ഷേ നമ്മൾ, മലയാളികള്‍ ഒരു ഗന്ധർവനെ കണ്ടവരാണ്. ആ ഗന്ധർവ തറവാട്ടിലെ ഇളംമുറക്കാരൻ ഗാനാലാപനത്തിൽ മാത്രമല്ല, തെന്നിന്ത്യൻ വെള്ളിത്തിരയിലും വിജയക്കൊടി പാറിക്കുന്നു''–കോടമ്പാക്കം പിഒയിൽ ഗാനമാലപിക്കാനെത്തിയ വിജയ് യേശുദാസിനെ ഇതിലും മനോഹരമായി ആര് അവതരിപ്പിക്കും!. ഇതേ വേദിയിൽ ഡ്രംസ് വിദഗ്ധൻ ജോബ് മാസ്റ്റർ തൃശൂർ പൂരത്തിലെ വെടിക്കെട്ട് അവതരിപ്പിച്ച ശേഷം രാധു സദസ്സിനോട് പറഞ്ഞു: തൃശൂർ മാഷ് പൊളിച്ചൂട്ടാ.

ponnonakazhcha

ഗാനമേളകളിൽ മാത്രമല്ല, സാഹിത്യ പരിപാടികളിലും രാധു അവതാരകനാകുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ രാജ്യാന്തര പുസ്തകമേളയിലെ മിക്ക മലയാളം പരിപാടികളും രാധുവിൻ്റെ മധുരമൊഴിയിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. എത്ര ചെറിയ പരിപാടിയാണെങ്കിലും ആത്മാർഥതയോടെ സമീപിച്ചാൽ ആളുകളോടെ ബോറടിപ്പിക്കാതെ അവതരിപ്പിക്കാനാകുമെന്ന് രാധാകൃഷ്ണൻ പറയുന്നു. ദുബായിൽ ബാങ്കുദ്യോഗസ്ഥനാണ് ഇൗ 45കാരൻ. ബാങ്കുദ്യോഗസ്ഥനായിരുന്ന പിതാവിൽ നിന്ന് ആ മേഖലയിലെ വൈദഗ്ധ്യവും മലയാളം അധ്യാപികയായ മാതാവിൽ നിന്ന് മലയാളത്തോടുള്ള സ്നേഹവും താൻ സ്വന്തമാക്കിയെന്ന് രാധു പറയും. മട്ടന്നൂരിനെ ആരാധിക്കുന്ന, പല്ലാവൂർ കുടുംബവുമായി അടുപ്പമുള്ള ഇദ്ദേഹം ചെണ്ടകൊട്ടിലും വിദഗ്ധനാണ്. സ്വപ്നയാണ് ഭാര്യ. നക്ഷത്ര, യഥാർഥ് എന്നിവർ മക്കൾ.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.