Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരൂഢം

shilin ഷിലിൻ പരമേശ്വരം

അല്ല. ഇത് എന്തോരിരിപ്പാ ! വന്നിട്ട് നാല് മണിക്കൂർ ആയിക്കാണും. ഇരുന്നിരുന്ന് നടുവ് വേദനിച്ചു തുടങ്ങി. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത് ആദ്യമായിട്ടാണ് ഒരു ജ്യോത്സ്യനെ കാണാൻ വരുന്നത്. അതും ഉദ്യോഗ സംബന്ധമായി. കാരണം അടുത്ത കാലത്തായി എസ് ഐ സുദേവന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം വളരെ വിചിത്രമായിരുന്നു. കാവടി പോലീസ് സ്റ്റേഷനിൽ സുദേവൻ ചാർജെടുത്തിട്ട് രണ്ട് മാസമേ ആയിട്ടുളളു. നഗരത്തിന്റെ തിരക്കിൽ നിന്നും ഒരു കുഗ്രാമത്തിലേക്കുളള സ്ഥലം മാറ്റം സുദേവന് വലിയൊരു ആശ്വാസമായിരുന്നു. അല്ലറ ചില്ലറ കളളന്മാരും ചില രാത്രികാല സാമൂഹ്യ വിരുദ്ധരും ഒഴിച്ചാൽ സ്വച്ഛവും സുന്ദരവുമായ സ്ഥലം. ചാർജെടുത്ത് ആദ്യമാസം വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കഴിച്ചുകൂട്ടി. രണ്ടാം മാസത്തിൽ സ്റ്റേഷനിൽ പുതിയ ഒരു ജീപ്പ് സർക്കാരിൽ നിന്നു അനുവദിച്ചു കിട്ടി. അവിടുന്ന് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതുവരെ ഒരു അറുതി കാണാൻ പറ്റിയിട്ടില്ല. ഒരു മാസത്തിനുളളിൽ പന്ത്രണ്ട് പേരെയാണ് ആ ജീപ്പ് ഇടിച്ചു വീഴ്ത്തിയത്. പന്ത്രണ്ട് പേരെ ആശുപത്രിയിൽ കയറ്റിയെങ്കിലും ജീപ്പിന് ഇന്നുവരേയ്ക്കും ഒരു പോറൽ പോലും ഉണ്ടായില്ല. എന്താണ് കാര്യം എന്നു മാത്രം മനസ്സിലാകുന്നില്ല. ജീപ്പ് ചില നേരം നിയന്ത്രണം വിട്ടങ്ങ് പായും. വഴിയാത്രക്കാരനെ ആശുപത്രിയിലുമാക്കും. അങ്ങനെ ആളെ ഇടിയൻ ജീപ്പിനു നാട്ടുകാർ ഒരു പേരുമിട്ടു ‘കൊലകൊല്ലി’യെന്ന്. അതിന്റെ ദൂരെ നിന്നുളള വരവ് കണ്ടാൽ ആൾക്കാർ ഭയന്ന് ഓടി തുടങ്ങി.

ഈ ഒരു ജീപ്പിനെ കാരണം നാട്ടിലെ തന്നെ എല്ലാവരും നന്നേ പൊറുതി മുട്ടി. അവസാനം സ്റ്റേഷനിൽ ചായ കൊണ്ടു വരുന്ന കണാരൻ ആണ് അച്ചുക്കുറുപ്പിന്റെ കാര്യം ആദ്യമായി പറഞ്ഞത്. നാട്ടിലെ പ്രഗത്ഭനായ ജ്യോത്സ്യൻ ആയിരുന്നു അച്ചുക്കുറുപ്പ്. പട്ടണത്തിൽ നിന്നു പോലും ആൾക്കാർ എത്താറുണ്ട്. അച്ചുക്കുറുപ്പ് പറഞ്ഞാൽ അച്ചട്ടാണ്. എന്തായാലും കുറുപ്പിന്റെ മുറ്റത്ത് കിടന്ന മൂന്ന് നാല് തടി ബെഞ്ചുകൾ നിരങ്ങി നിരങ്ങി അവസാനം അച്ചുക്കുറുപ്പിരിക്കുന്ന മുറിയുടെ പടിക്കൽ എത്തി. വീണ്ടും മുക്കാൽ മണിക്കൂർ കൂടെ നീണ്ടു നിന്നു ആ കാത്തിരിപ്പിനു ഒരു വിരാമമിടാൻ. കുറുകിയ ഒരു കറുത്ത മധ്യവയസ്കനായ മനുഷ്യൻ. നെറ്റി നിറയേ പല നിറത്തിൽ ഉളള സ്റ്റിക്കർ നീട്ടി ഒട്ടിച്ചതുപോലെ കുറേ കുറികൾ ഇട്ടിട്ടുണ്ട്. കഴുത്തിൽ ഒരു കെട്ട് മാലകളും അണിഞ്ഞിരിക്കുന്നു. മുൻപിൽ ഇരിക്കുന്ന കവടിപ്പലകയിൽ ഒരു ചെറിയ കവടിക്കുന്ന്. കണ്ണുകളിലേക്ക് തുളച്ച് കയറുന്ന നോട്ടം. ‘‘ രാജതുല്യനായ താങ്കളുടെ നോട്ടം കൊണ്ടു തന്നെ പറയാം, താങ്കൾ ഒരു നിയമ പാലകനാണല്ലോ ?’’ അച്ചുക്കുറുപ്പിന്റെ കൃത്യമായ ചോദ്യം സുദേവനെ അമ്പരപ്പിച്ചു. പോരാത്തതിന് ഉളള വിശ്വാസം ഇരട്ടി ബലപ്പെടുത്തുകയും ചെയ്തു. കാര്യം എസ് ഐ സുദേവൻ പറഞ്ഞു കഴിഞ്ഞപ്പോൾ മോതിരങ്ങൾ നിറഞ്ഞ കുറുപ്പിന്റെ കൈകൾ കസേരയുടെ കൈയിൽ മെല്ലെ താളം പിടിച്ചു തുടങ്ങി. അച്ചുകുറുപ്പ് ചിന്താനിമഗ്നനായി. കുറുപ്പിന്റെ കൈകൾ മെല്ലെ കവടി പലകയിലേക്ക് നീങ്ങി. കുറച്ച് നേരം കവടികൾ ഉഴിഞ്ഞശേഷം അതിനെയെല്ലാം പലതായി പങ്ക് വച്ചു പലകയുടെ പല ദിക്കിലേക്ക് നീക്കി വച്ചു. അച്ചുക്കുറുപ്പ് മൂക്കത്ത് വിരൽ എന്തോ ചിന്തിച്ചു തുടങ്ങി. നിശബ്ദത ഭേദിച്ച് അച്ചുക്കുറുപ്പ് മുരടനക്കിക്കൊണ്ട് എന്തോ കണ്ടെത്തിയത് പോലെ മെല്ലെ മുന്നോട്ട് ആഞ്ഞിരുന്ന് തന്റെ കണ്ടെത്തൽ വെളിപ്പെടുത്തി തുടങ്ങി. വണ്ടിയിൽ ഒരു ബാധയുണ്ട്. വെറും ബാധയല്ല വണ്ടി ഇനിയും അപകടങ്ങൾ ഉണ്ടാക്കും അത് ഒരു മരണം കണ്ടേ നിർത്തൂ. വണ്ടി നശിപ്പിച്ചു കളയണം. പരിഹാരം കേട്ടപ്പോൾ എസ് ഐ സുദേവൻ ഒന്ന് ഞെട്ടി, അയാൾ ആകെ ധർമ്മസങ്കടത്തിൽ ആയി. സർക്കാർ മുതൽ നശിപ്പിക്കാനോ ? ‘‘എന്തെങ്കിലും ഒരു പോംവഴി ഉണ്ടാകുമോ ?’’ സുദേവൻ ജിജ്ഞാസയോടെ അച്ചുക്കുറുപ്പിന്റെ മുഖത്തേക്ക് ഉറ്റ് നോക്കി. വീണ്ടും അച്ചുക്കുറുപ്പ് കണ്ണുകൾ മുറുക്കിയടച്ച് വീണ്ടും ചിന്തയിലേക്ക് ഊളിയിട്ടു. ചിന്തയിൽ നിന്നുണർന്ന് അച്ചുക്കുറുപ്പ് ഒരു നിർദേശം നൽകി. ഒരു വഴിയേ ഉളളൂ. ഒരു ഉഗ്രപൂജ ഉടൻ നടത്തണം അല്ലാതെ മറ്റൊരു മാർഗവുമില്ല. പുറത്ത് നിന്ന് ആളെ വരുത്തി പൂജ ചെയ്താൽ ഒരു വലിയ തുക തന്നെ ചിലവാകും. അതിനും ഒരു പോംവഴി ഉണ്ട്. പൂജ അച്ചുക്കുറുപ്പ് തന്നെ കർമ്മിയായി നടത്തും. കാശ് അടച്ചാൽ മതി. എല്ലാം കൂടെ ഒരു എഴുപതിനായിരം രൂപയാകും. അതും ഇരുചെവിയറിയാതെ നടത്തിത്തരും. ആരെങ്കിലും അറിഞ്ഞാൽ ഇതിൽപരം ഒരു നാണക്കേടുണ്ടാവില്ല പോലീസ് സ്റ്റേഷനിൽ പൂജയോ ? കേൾക്കുന്നവർ മൂക്കത്ത് വിരൽ വച്ചു പോകും. എസ് ഐ സുദേവൻ മറ്റൊന്നും ആലോചിച്ചില്ല കുറുപ്പിന്റെ കൈ പിടിച്ചു കുലുക്കി കൊണ്ടു കരാർ ഉറപ്പിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് രാത്രി നേരത്ത് അച്ചുക്കുറിപ്പിന്റെ കാർമ്മികത്വത്തിൽ സ്റ്റേഷനിൽ വച്ചു തന്നെ പൂജ നടന്നു. ഡൂട്ടിയിൽ ഉണ്ടായിരുന്ന കുറച്ച് പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ. കുറേ നേരം നീണ്ടു നിന്ന പൂജയുടെ അവസാനം, അച്ചുക്കുറുപ്പ് ബാധാ സങ്കൽപത്തെ ഒരു കുടത്തിൽ ആവാഹിച്ചു. കുടത്തിന്റെ വായ മൂടിക്കെട്ടി സ്റ്റേഷന്റെ തന്നെ മൂലയിൽ നിന്ന ഒരു ആഞ്ഞിലി മരത്തിനു ചുവട്ടിൽ കുഴിച്ചിട്ടു. പിന്നീട് ഒരോ ചുവന്ന ചരടു വീതം സ്റ്റേഷനിൽ ഉളള എല്ലാ പോലീസുകാർക്കും നൽകി...’’ ഇനി ഭയക്കാനൊന്നുമില്ല. എല്ലാം മംഗളമായി.. മരണപ്പെട്ട ഒരാത്മാവായിരുന്നു ജീപ്പിൽ കുടിയേറിയിരുന്നത്. താൻ മരണപ്പെടാൻ കാരണമായ ശത്രുവിനെ തേടി നടക്കുകയായിരുന്നു. ഇനി ഒരു ശല്യവും മേലിൽ ഉണ്ടാകില്ല. ഇനി ധൈര്യമായിരിക്കാം.’’ അച്ചുക്കുറുപ്പ് മൊത്തം പണവും ഒരണ കുറവില്ലാതെ വാങ്ങി തന്റെ പൂജാ സാമഗ്രികൾ കൊണ്ടുവന്ന ഭാണ്ഡത്തിനുളളിൽ വച്ചു കൊണ്ട് പറഞ്ഞു. സ്റ്റേഷനിലെ പോലീസുകാരിൽ നിന്നും പിന്നെ തന്റെ തന്നെ ബാങ്കിൽ കിടന്ന കുറച്ച് പണവും ചേർത്ത പണമാണ് എണ്ണി കൊടുത്തത്. ‘‘ഭഗവാനേ, ഇതോടെ എല്ലാം ശരിയാകണേ ! ’’ എസ് ഐ സുദേവൻ നെഞ്ചിൽ കൈവച്ചു മനസ്സുരുകി വിളിച്ചു.

പിറ്റേന്ന് കാലത്ത് സുദേവൻ തന്റെ സ്റ്റേഷനിൽ എത്തുമ്പോൾ മുറ്റത്ത് ജീപ്പില്ല. അവിടെ എല്ലാവരുടെയും മുഖത്ത് ഒരാകാംഷ കാണപ്പെട്ടു. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ പൂജ കഴിഞ്ഞശേഷമുളള ജീപ്പുമായി ഒരു പരീക്ഷണ ഓട്ടത്തിനു പോയിരിക്കുന്നു. ഗേറ്റ് കടന്ന് സുരക്ഷിതമായി തിരിച്ചെത്തുന്ന ജീപ്പിലിടാൻ ഒരു പുഷ്പഹാരവും അവർ അവിടെ കരുതിയിരുന്നു. സമയത്തിന്റെ ദൈർഘ്യം കൂടി വന്നു. പലരുടെയും ശ്വാസഗതിയിൽ വ്യതിയാനങ്ങളും അടക്കം പറച്ചിലുകളും. അതാ, ഗേറ്റ് കടന്ന് ഓടി വരുന്നു ചായ കൊണ്ടുവരുന്ന കണാരൻ. പരിഭ്രമിച്ചുളള ആ ഓട്ടത്തിൽ തന്നെ ഒരു പന്തികേടു മണത്തു. പടി കയറി വന്ന കണാരൻ കിതച്ചു കൊണ്ട് പറഞ്ഞു. ‘സാറേ, ആ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. ജീപ്പ് തവിടു പൊടിയായി പോയി ഭാഗ്യത്തിനു ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണതു കൊണ്ട് രക്ഷപ്പെട്ടു.’’ എല്ലാവരും ഒന്ന് ആശ്വസിച്ചു. ഭാഗ്യം. അച്ചുക്കുറുപ്പിന്റെ പൂജയുടെ ഫലം. കണാരൻ ശ്വാസം ഒന്നുവലിച്ചെടുത്ത് തുടർന്നു ‘‘പക്ഷേ , സാറേ, വഴിയേ നടന്നു പോയ ഒരാളെയും കൊണ്ടാണു സാറേ ജീപ്പ് കൊക്കയിലേക്ക് ചാടിയത്. അപ്പോത്തന്നെ ആളെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ആളു പോയീന്നാണ് സാറേ പറേണത്.’’എസ് ഐ സുദേവന്റെ നെഞ്ചിൽ ഒരു കൊളളിയാൻ പാഞ്ഞു.

തിങ്ങി നിറഞ്ഞ സർക്കാർ ആശുപത്രിയുടെ വരാന്തയിലേക്ക് കയറി ചെന്നപ്പോൾ തന്നെ വണ്ടിയോടിച്ച കോൺസ്റ്റബിൾ പരിക്കും വച്ചു കെട്ടി പുറത്തിരിപ്പുണ്ടായിരുന്നു. വേറൊന്നും ചോദിക്കാൻ തോന്നിയില്ല. ‘‘ അയാൾക്ക് എങ്ങനെയുണ്ട് ?’’ ‘‘ വരുന്ന വഴിക്കു തന്നെ എല്ലാം കഴിഞ്ഞു സാർ. അയാൾ മരിച്ചു.’’ കോൺസ്റ്റബിൾ മറുപടി നൽകി. ‘‘ അറിയാവുന്ന ആരെങ്കിലും ആണോ ?’’ എസ്ഐയുടെ ചോദ്യത്തിനു പതിഞ്ഞ സ്വരത്തിൽ കോൺസ്റ്റബിൾ മറുപടി നൽകി’’ അത്, അച്ചുക്കുറുപ്പായിരുന്നു സാർ.’’ ഒരായിരം ചിന്തകളാൽ ഗ്രസിക്കപ്പെട്ട് എസ് ഐ സുദേവൻ ആശുപത്രിക്കു പുറത്തു നിൽക്കുന്ന പോസ്റ്റിൽ തൂങ്ങിക്കിടക്കുന്ന അച്ചുക്കുറുപ്പിന്റെ ജ്യോതിഷാലയത്തിന്റെ പരസ്യ ബോർഡ് നോക്കി നിന്നു. ‘‘ ആരൂഢം നോക്കി ഫലം പറയും. നൂറു ശതമാനം വിശ്വസനീയം.’’
 

Your Rating: