Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിൽ, എൻ പൊൻമകനേ !

anil

ഒക്ടോബർ 6, 2015 ന് അതിദാരുണമാം വിധം ഒരു കാറപകടത്തിൽ അകാലചരമ മടഞ്ഞ 17 വയസുളള അനിൽ, ഏവരുടെയും കണ്ണിലുണ്ണിയും ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിലെ സജീവ സാന്നിദ്ധ്യവും, സ്റ്റൈൽ ബാസ്ക്കറ്റ് ബോൾ ടീമിന്റെ മുൻ നിരക്കാരനും സദാ പ്രസന്നവദനനും ഏവരോടും സ്നേഹവാനും ഊർജ്ജ സ്വലനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വാഗ്ദാനവുമായിരുന്ന 6½ അടി പൊക്കത്തിൽ വളർന്നു വന്ന ഓമനപ്പുത്രനെയോർത്തുളള മാതൃവിലാപം).

പ്രായം പതിനെട്ടു തികയും മുമ്പേ

പ്രാണൻ പിടഞ്ഞു പറന്നു പോയോ !

കണ്ണീർക്കയത്തിലങ്ങാഴ്ത്തുവാനോ

കണ്ണേ നീ ഞങ്ങളെ വിട്ടു പോയി !

പ്രാതത്തിൽ കൈവീശി പുഞ്ചിരിയാൽ

പോകട്ടെ ഞാനമ്മേ യെന്നു ചൊൽകെ,

സൂക്ഷിച്ചു ഡ്രൈവു ചെയ്യണേ കുഞ്ഞേ

സന്ധ്യയ്ക്കു മുമ്പിങ്ങു വന്നിടേണം,

ഡിന്നറുണ്ടാക്കി ഞാൻ കാത്തിരിക്കും

നിന്നിഷ്ട വിഭവം തീർത്തു വയ്ക്കാം

പൊന്നുമ്മയമ്മയ്ക്കു നൽകിയിട്ട്

നിന്നെ, ന്നടുക്കൽ നീ തെല്ലു നേരം

കോളജിലേയ്ക്കു നീ പോയ പോക്കിൽ

വൈകാതെയെത്തണം ചൊല്ലിയമ്മ

അന്ത്യമൊഴിയെന്നറിഞ്ഞിടാതെ

സന്തോഷ പൂർവ്വം ഞാൻ യാത്രയാക്കെ

ചന്തം തികഞ്ഞ നിൻ മേനി നോക്കി

ചിന്തിച്ചു നിന്നു നിൻ ബാല്യകാലം

‘കീ’ യുമായ് കാറിൽ നീ കേറവേ നിൻ

കായപ്രഭാവത്തിൽ ഞാൻ മദിച്ചോ?

ഉളളിൽ നിൻ സ്വപ്നങ്ങൾ താലോലിക്കെ

വെളളിടിപോലൊരാ വാർത്ത കേൾക്കെ,

ആകെ ത്തളർന്നു തരിച്ചു പോയി !

സന്തതമെൻ ചിത്തേ തുഷ്ടി ചേർത്തോൻ

എന്തെല്ലാം ജോലികൾ ചെയ്തു വീട്ടിൽ

പുല്ലുവെട്ട്, പെയിന്റിംഗ് ഏതു ജോലീം

തെല്ലു വേഗത്തിൽ നീ ചെയ്തു തീർക്കും

പുഞ്ചിരി തഞ്ചും വദനവുമായ്

അഞ്ചിത കാന്തി പരത്തി ചുറ്റും

ആരൊക്കെ നിന്നോടടുത്തു വന്നോ –

രാരിലുമാനന്ദ രശ്മി തൂകി

മാതാപിതാക്കൾക്കു കൈത്തിരിയായ്

ചൈതന്യ ധന്യനായ് നീ വളർന്നു

കണ്ണിമയ്ക്കും മുമ്പേ പൊക്കം വച്ചു

കണ്ണു കിട്ടും വണ്ണം വളർന്നുയർന്നു

ആരിലുമസൂയ ചേർക്കും വിധൗ

പാരിലാപൂരം വിളങ്ങി നിന്നു

‘ബെന്നി, സാനി’ യാം പ്രിയ തനൂജർ

‘ഏഷ്യാഡിൽ ’ ഓടി പണ്ടഗ്രിയരായ്

ഇൻഡ്യൻ പ്രസിഡന്റിൻ സമ്മാനിതർ

ആ പാത പിന്തുടർന്നീ മകനും,

ബാസ്ക്കറ്റ് ബോൾ ഫുഡ് ബോളിലൊക്കെയും നീ

ബാലാർക്കനെപ്പോലുദിച്ചു പൊങ്ങി

സെന്റ് തോമസാലയ കുടുംബ മൊന്നായ്

ബാസ്ക്കറ്റ് ബോൾ ടീമുകാർ കൂട്ടുകാരും

‘സ്റ്റൈലി’ന്നംഗങ്ങളാം മിത്രരെല്ലാം

ഭക്ഷണ ക്ഷൗരാദി ചര്യകളിൽ

നാല്പതു നാളേയ്ക്കു നോമ്പുനോറ്റും

നിന്നെക്കുറിച്ചു വിലാപിപ്പിന്നും.

അച്ഛനു താങ്ങായ് അമ്മയ്ക്കു തു‌ണായ്

ചേച്ചിക്കു തണലായാർന്ന കുഞ്ഞേ !

അമ്മതൻ പാൽക്കിണ്ണം കണ്ണീർ തിക്കി

അങ്ങു ദൂരേയ്ക്കു പറന്നതെന്തേ ?

എന്തിനായിത്രവേഗം മറഞ്ഞോ

വെന്തു നീറുന്നു നിൻ മിത്രരെല്ലാം

ദേവകൾ നിന്നിലസൂയ പൂണ്ടോ ?

ഭൂവിലെ വാസം മടുത്തുവോ നീ ?

വീട്ടുകാർ, കൂട്ടുകാർ, കേട്ടറിഞ്ഞോർ

ഞെട്ടിത്തരിച്ചു നിൻ മൃത്യുവിങ്കൽ

കൗമാര പ്രായത്തിലിത്ര തീഷ്ണം

കൈരവകാന്തിയിൽ പാറി നിൽക്കെ

എത്ര മഹാഭാഗ്യർ നിൻ തനുജർ

എത്ര പേരുളളിൽ കരുതിയെന്നോ !

ദേവാലയത്തിൽ മുടങ്ങിടാതെ

ദൈവപ്രിയനായ് വളർന്ന കുഞ്ഞേ

താതനൊപ്പം നിന്നു ദിവ്യബലീൽ

നിത്യവും ഭക്ത്യാ നീ പങ്കെടുത്തും

പച്ചക്കറിയെല്ലാം ഞായറിലും

അച്ചനു നൽകി സംതൃപ്തിയാർന്നോൻ

‘ശങ്കരത്തിലച്ചനെ’ ചുംബിക്കാതെ

സെന്റ് തോമസാലയം വിട്ട ഞായർ

വീട്ടിൽച്ചെന്നമ്മയോ ടാമയത്തോ

ടാർത്തനായാ കഥ ചൊന്ന നേരം

‘ഖേദം വേണ്ടാ കുഞ്ഞേ പോകും നമ്മൾ

പിറ്റേ ഞായർ പളളീൽ ’ എന്നു ചൊൽകെ

ആ മിഴിക്കോണിലെ നീർക്കണങ്ങൾ

ആ മൃദു ചിത്തത്തിൻ ദൈവികത്വം !

ദേവ പൂജയ്ക്കുളള പുഷ്പമാക്കാൻ

ൈദവ ദൂതർ നിന്നെ കിളളിയതോ ?

ദൂരെ യൊരു ദിവ്യതാരമായ് നീ

വാരൊളി വീശി വിളങ്ങൂ കണ്ണേ !

വാരിധി വാരിയെ മറന്നീടിലും

പാരമെൻ ഹൃത്തിടേ നീ നിറയും

എന്നും നിൻ സുന്ദര സ്മേര ദീപം

മിന്നിനിന്നീടുമെൻ ജീവകാലം !

എൻ പൊൻ കനിയേ, അനിൽ മകനേ

എന്നുമെന്നർത്ഥന നിനക്കായ് മാത്രം !

Elcy Yohannan
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.