Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഷ്ടബ്ദ മംഗളം

 Elcy Yohannan എൽസി യോഹന്നാൻ ശങ്കരത്തിൽ

എൽസി യോഹന്നാൻ ശങ്കരത്തിൽ ഭർത്താവ് യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായെ കുറിച്ച് അദ്ദേഹത്തിന്റെ 80-ാം ജന്മദിനത്തോട് അനുബന്ധിച്ചെഴുതിയ കവിത.

പൂർവ്വ ദിഗ്മുഖം താ ഭാനുമാൻ മന്ദം മന്ദം
പശ്ചിമാംബരം നോക്കി പിച്ചവച്ചടുക്കുമ്പോൾ

നവ്യമാം ജന്മദിന പൗർണ്ണമി പ്രഭാപൂരം
ജീവിത വിഹായസിൽ സ്യന്ദനം സ്ഫുരിക്കുമ്പോൾ

ശൈശവപ്രായം മുതൽ താവക കൃപാകരം
ക്ലേശമില്ലാതെ നിന്റെ ദാസനെ പാലിച്ചതാൽ

ഞാനിന്നു നമിക്കുന്നു വിശ്വത്തിൻ വിധാതാവേ !
ഞാനിന്നു വിനീതയായ് സ്തോത്രങ്ങളർപ്പിക്കുന്നു.

എൻ മനോ വ്യാപാരത്തിൻ ആത്മാവിൻ ആദിത്യനേ !
എന്നിലെ ജീവനാളം ജ്വാലയായ് തെളിച്ചോവേ,

എന്നിലെ സ്വപ്നങ്ങളിൽ ചലനം സൃഷ്ടിച്ചോവേ,
എന്നിലെ ഭാവനയെ കൈപിടിച്ചേറ്റിയോവേ,

വന്ദനം മൽജീവാത്മ ചൈതന്യ പ്രകാണ്ഡമേ !
സുന്ദര സംതൃപ്തമാം ജീവിതപ്രഭാവമേ !

ഓർമ്മിക്കാൻ നന്മ മാത്രം സ്നേഹത്തിൻ പ്രഭാപൂരം
കന്മഷം ചേർക്കാതെന്നും വർഷിച്ച താരാപുഞ്ജം !

അൻപെഴും മൽപ്രാണേശൻ ശങ്കരപുരി ജാതൻ‌‌
‘കുമ്പഴ’ യ്ക്കെന്നും ഖ്യാതി ചേർക്കുവോൻ ശ്രേഷ്ഠാത്മജൻ

ആയിരത്തൊളളായിരം മുപ്പത്താറു മാർച്ചൊന്നിൽ
‘മത്തായി ഏലിയാമ്മ ’യ്ക്കുണ്ണിയായ് ജാതനായി

മൂന്നര വയസ്സെത്തും മുമ്പേയ്ക്കു തൻ മാതാവിൻ
ഖിന്നമാം നിര്യാണത്തിൽ വളർ‍ത്തീ സ്വതാതനും

സോദരർ മൂന്നുപേരും സോദരിയില്ലെങ്കിലും
സശ്രദ്ധം ‘കുഞ്ഞൂഞ്ഞൂട്ടി’ പേരെഴും ബാലകനെ

ചിട്ടയും ചട്ടങ്ങളും നിഷ്ഠയും യഥാവിധം
തിട്ടമായ് പാലിക്കുന്ന ധീരനാം കർമ്മോന്മുഖൻ

വാശിയോ വൈരാഗ്യമോ ചതിയോ വൈരുദ്ധ്യമോ
ലേശവുമേശിടാത്ത നൈർമ്മല്യ സ്നേഹദൂതൻ,

മുമ്പൊക്കെയല്പാല്പമായ് മുൻകോം കണ്ടെങ്കിലും
അൻപുറ്റ സ്നേഹവായ്പും ശാന്തനും സൗമ്യനും താൻ

എന്തു തീഷ്ണമാം ബുദ്ധി, എന്തൊരു പ്രഭാഷണം
എന്തൊരു കർമ്മോന്മുഖമായ സാഹസികത്വം !

ഞാനഭിമാനിക്കയാണതീവ വിനീതയായ്
ധന്യനാമീ വന്ദ്യന്റെ ജീവിതാഭ നുകർന്നും,

ഖേദത്തിൽ ഞെരുക്കത്തിലെന്തിലും പതറാത്തോൻ
അത്യന്തം സഹിഷ്ണുവാൻ ആപത്തിൽ സഹായിയും

സംതൃപ്തി, സംരക്ഷണം, ശാന്തിയും സാന്ത്വനവും
നിസ്തരം ചൊരിയുന്ന സ്നേഹാർദ്ര മഹാമതേ,

വാരുറ്റ വെൺതാരകം വൈദികർക്കഭിമാന
മേരുവും സ്നേഹോഷ്മള താതനും സ്നേഹിതൻ താൻ!

ദൈവത്തിൻ ദാനമായ് കിട്ടിയ പൗരോഹിത്യം
ദൈവമഹത്വത്തിനായ് നിതാന്തം ശോഭിക്കട്ടെ!

വിശ്വത്തിനെന്നാളുമേ പ്രകാശ പ്രദീപ്തമായ്
വിഖ്യാദി ചേർത്തു നീണാൾ വിളങ്ങു വിശുദ്ധനായ് !

വർഷങ്ങൾ അഷ്ടദശ വാതിലും കടന്നിടാൻ
ഹർഷവും വർഷ വേനൽ സന്താപ സന്തുഷ്ടിയും

സമ്മിശ്രമുലച്ചിട്ടും ഈ പുതു വത്സരത്തിൽ
സാമോദമെത്തീടുവാൻ സർവ്വേശൻ കനിഞ്ഞിതേ !

അഷ്ടദശജന്മാബ്ദം, കോറെപ്പിസ്ക്കോപ്പാബ്ദവും
സൗഷ്ടവം ശോഭിക്കുമീ സായൂജ്യ സന്ദർഭത്തിൽ–

മുഗ്ദ്ധവിനീതങ്ങളാം ആശംസാ മുകുളങ്ങൾ
ആദരപുരസ്സരം നേദിപ്പൂ മൽ പ്രാണേശാ !

എന്നുളളിൽ ദ്യോതിക്കുന്ന ജ്യോതിസ്സാം സംപൂജ്യനാം
വന്ദ്യനാം യോഹന്നാൻ കോറെപ്പിസ്ക്കോപ്പായ്ക്കിന്നു ഞാൻ

അർപ്പിക്കുന്നെട്ടുദശം നവ്യമാം പൂമാല്യങ്ങൾ
അപ്പാദപീഠത്തിങ്കൽ സ്നേഹ മന്ത്രങ്ങളോടെ,

ആരോഗ്യ സമാധാന സംപുഷ്ടം സത്പന്ഥാവിൽ
ആരൂഢം വർത്തിക്കുവാൻ സർവ്വേശാ തുണയ്ക്കണേ ! 

Your Rating: