Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധൂ വരന്മാരേ, പ്രിയ വധൂവരന്മാരേ

img-01

ഈ ഗാനവും ഞാനാദ്യമായി കേട്ടത് പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്. രണ്ടാമത്തെ വർഷത്തെ അവസാന പരീക്ഷകളിലൊന്നിന്റെ തലേ ദിവസം ഒരു വിവാഹ ചടങ്ങിലാണ് ഞാനീ ഗാനം ആദ്യമായി കേട്ടത്. ഇന്നും എന്നെ ഏറെ ആകർഷിക്കുന്ന ഒരു ഗാനമാണിത്. എന്റെ പ്രിയ സുഹൃത്ത് ബോസ്കോ ഡിസിൽവയുടെ അങ്കിൾ കോൺസൻ ഗോമസിന്റെ വിവാഹമായിരുന്നു അത്.

പിറ്റേന്ന് പരീക്ഷയായതിനാൽ പോകണ്ടെന്ന് വീട്ടുകാർ വിലക്കിയിട്ടും ഞാൻ ആ വിവാഹത്തിൽ പങ്കെടുക്കാൻ പോയി. എന്തായാലും നല്ല മാർക്ക് കിട്ടില്ലെന്ന് അറിയാം. അപ്പോൾ നല്ലൊരു ഭക്ഷണം ഒഴിവാക്കുന്നത് ബുദ്ധിയല്ലല്ലോ. അതിനാലാണ് പോയത്.

പളളിയിൽ നിന്ന് സൽക്കാരപ്പന്തലിൽ എത്തിയപ്പോൾ തന്നെ ഈ ഗാനം ആരംഭിച്ചു. വളരെ മനോഹരമായ ഗാനം. ആ അവസരത്തിന് ഏറ്റവും അനുയോജ്യമായ ഗാനം ഇങ്ങനെയാണ് ആരംഭിക്കുന്നത്.

വധൂവരന്മാരേ, പ്രിയ വധൂവരന്മാരേ വിവാഹമംഗളാശംസകളുടെ വിടർന്ന പൂക്കളിതാ ഇതാ...

ഇനിയുളള ജീവിതം സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പരം സ്നേഹിച്ചും ആദരിച്ചും വിശ്വസ്തയോടെ ഒരുമിച്ച് ജീവിക്കാമെന്ന് ദിവ്യബലിയുടെ മധ്യത്തിൽ പ്രതിജ്ഞ എടുത്തതിനുശേഷം നടക്കുന്ന സ്വീകരണ ചടങ്ങിലാണ് നറുമണമുളള പൂക്കൾ കൊണ്ട് മംഗളാശംസകൾ അർപ്പിക്കുന്ന ഈ ഗാനം മുഴങ്ങിയത്.

വളരെ ചെറുപ്പത്തിൽ തന്നെ നമ്മളെല്ലാവരും കണ്ടിരുന്ന ആ ദിവാസ്വപ്നങ്ങൾ പൂവണിയുന്ന മംഗളമുഹൂർത്തമാണ് വിവാഹദിനം. ഇതുവരെ രണ്ടായിരുന്നവർ ഒന്നായി മാറാൻ സമൂഹം അനുമതിയും അനുഗ്രഹവും നൽകുന്ന ചടങ്ങാണ് വിവാഹം. ഈ ഗാനത്തിന്റെ അടുത്ത വരികൾ ഇങ്ങനെയാണ്.

ഇതുവരെ കണ്ട ദിവാ സ്വപ്നങ്ങളിൽ ഇവയിലെ നറുമണം ഉതിരട്ടെ ഇനി നിങ്ങൾ മീട്ടും നവരത്ന വീണയിൽ ഇവയിലെ നാദം നിറയട്ടെ ഒരു ദിവ്യസങ്കീതം ഉയരട്ടെ.

അനശ്വര പ്രേമത്താൽ ഇനിയുളള ജീവിതം ഒരു ദിവ്യസങ്കീതം പോലെ ആസ്വദിക്കുവാൻ ദമ്പതികൾക്ക് സാധിക്കട്ടെയെന്നാണ് ആശംസിക്കുന്നത്.

ആ ഗാനം പിന്നീടൊരിക്കലും ഇത്തരമൊരു അവസരത്തിൽ മുഴങ്ങുന്നത് കേൾക്കാൻ എനിക്കവസരം ലഭിച്ചിട്ടില്ല. ഇനിയുളള വിവാഹ ചടങ്ങുകളിൽ ശ്രവിക്കാൻ വിരുന്നുകാർക്കവസരം കൊടുക്കണമെന്നഭ്യർത്ഥിക്കുന്നു.

അവസാന വരികൾകൂടെ ഇവിടെ ഞാൻ കുറിക്കുന്നു. ഇനി നിറയ്ക്കുന്ന നിഷാ ചഷകങ്ങളിൽ ഇവയിലെ മധുരിമ അലിയട്ടെ ഇനി നിങ്ങളെഴുതും അനുരാഗ കവിതയിൽ ഇവയിലെ ദാഹം വിരിയട്ടെ ഒരു പ്രേമ സാമ്രാജ്യം ഉയരട്ടെ... ഉയരട്ടെ........ ഉയരട്ടെ....

എനിക്കിഷ്ടമുളള വരികളാണിവ. പ്രത്യേകിച്ച് ഇപ്പോഴും അറേഞ്ച് മാര്യേജിന് പ്രാധാന്യം കൊടുക്കുന്ന നമ്മുടെ സംസ്കാരത്തിൽ യഥാർത്ഥ പ്രേമം ആരംഭിക്കുന്നത് വിവാഹത്തിന്റെ അന്നോ, പെണ്ണു കാണൽ നടന്ന ദിവസമോ ആയിരിക്കും. എന്നിട്ടും ഈ വിവാഹങ്ങളിലധികവും വിജയിച്ചു. അല്ലെങ്കിൽ പോലും അവരിരുവരും സന്തുഷ്ടരാണെന്നവർ നടിച്ചിരുന്നു. ചിലരുടെ നടനത്തിനു മുമ്പിൽ ഓസ്കാർ അവാർഡ് പോലും ലജ്ജിച്ചു പോയേക്കാം.

എന്തായാലും ഇനി നിങ്ങളെഴുതുന്ന അനുരാഗ കവിതകൾ മധുരമുളളതായി മാറട്ടെ. ദമ്പതികൾ തമ്മിലും അവരും മക്കളും തമ്മിലും. ഈ ലോകത്തിലെ എല്ലാ ജനങ്ങൾ തമ്മിലും സ്നേഹവും സാഹോദര്യവും സമാധാനവും ഉണ്ടാകട്ടെ. അങ്ങനെ ഒരു പ്രേമ സാമ്രാജ്യം ഉയരട്ടെ........ ഉയരട്ടെ...... ഉയരട്ടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.