Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണാനന്തരം അദൃശ്യ ജീവിതത്തിലേക്ക്

death edited

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ പതിവിൽ കഴിഞ്ഞ ക്ഷീണം അനുഭവപ്പെട്ടു. തിങ്കളാഴ്ച മുതൽ ആരംഭിച്ച ഡ്യൂട്ടി അവസാനിച്ചല്ലോ ’ എന്ന് ചിന്തിച്ചപ്പോൾ അല്പം ആശ്വാസവും. ആശുപത്രിയിൽ നിന്നും പത്ത് മൈൽ അകലെയുളള വീട്ടിൽ എത്തിയതും ഗാരേജിൽ കാർ പാർക്ക് ചെയ്തു പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. തലയ്ക്കുളളിൽ ശക്തിയായ വേദന അനുഭവപ്പെടുകയും അബോധാവസ്ഥയിൽ നിലത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു.

ബോധം തെളിഞ്ഞപ്പോൾ ശിരസ് മുതൽ പാദം വരെ വിവിധ ഉപകരണങ്ങൾ ഘടിപ്പിച്ചു ആശുപത്രിയിലെ ഐസിയുവിൽ കിടക്കുകയാണെന്ന് മനസ്സിലായി. സംഭവം നടന്നിട്ട് ഇരുപത്തിനാല് മണിക്കൂറേ കഴിഞ്ഞിട്ടുളളൂ. അപകടനില തരണം ചെയ്തിട്ടില്ല. ബെഡിനു ചുറ്റും ഡോക്ടറന്മാരും നഴ്സുമാരും അടക്കം പറയുന്നു ? കിടക്കയിൽ കിടന്നു തന്നെ കേട്ടു. കൂടി നിന്നവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോൾ എന്തോ സംഭവിക്കുവാൻ പോകുന്നു എന്നൊരു തോന്നൽ. ചില മണിക്കൂറുകൾ കൂടി പിന്നിട്ടു.

ശ്വാസോച്ഛ്വാസത്തിനു അല്പം തടസ്സം നേരിട്ടു. അകത്തേക്കും പുറത്തേക്കുമുളള ശ്വാസത്തിന് ഗതിവേഗം കുറഞ്ഞു വന്നു. കണ്ണുകളിൽ ഇരുട്ടു വ്യാപിച്ചു. കേൾവി അശേഷം ഇല്ലാതായി. എല്ലാവരും നോക്കി നിൽക്കെ നാളിതുവരെ അഭയം നൽകിയ ശരീരത്തെ ഉപേക്ഷിച്ച് തേജസ്സും ഓജസും നൽകിയിരുന്ന ആത്മാവ് അന്തരീക്ഷത്തിലേക്ക് പറന്നുയർന്നു. നിശ്ചലമായി കിടക്കുന്ന ശരീരത്തിന്റെ മാറിൽ ഡോക്ടറന്മാർ മാറിമാറി മുഷ്ടിയുദ്ധം നടത്തുന്നതാണ് എവിടെയോ പോയി ഹാജർ രേഖപ്പെടുത്തിയശേഷം തിരിച്ചെത്തിയ ആത്മവായി മാറിയ എനിക്ക് കാണുവാൻ കഴിഞ്ഞത്.

അല്പ മിനിറ്റുകളുടെ അഭ്യാസത്തിനുശേഷം ഡോക്ടറന്മാർ മരണം സ്ഥിരീകരിച്ചു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന എല്ലാ ഉപകരണങ്ങളും നിമിഷനേരം കൊണ്ട് എടുത്തുമാറ്റി. ഇനി ഇവിടെ കിടക്കാൻ അനുവാദമില്ലല്ലോ. നഴ്സുമാർ അറിയിച്ചതിനെ തുടർന്ന് എത്തിയ രണ്ടു പേർ ഒരു സ്ട്രക്ച്ചറിലേക്ക് ശരീരം മാറ്റി ആംബുലൻസിൽ അതിവേഗം ഫ്യൂണറൽ ഹോമിലെത്തിച്ചു. അന്ന് രാത്രി മുഴുവൻ ഏകനായി മാർബിൾ മേശയിൽ കിടക്കുമ്പോൾ കൂട്ടിന് ഞാനും അവിടെ തന്നെ ഉണ്ടായിരുന്നു.

രാവിലെ കുടുംബാംഗങ്ങളിൽ ഒരാൾ വർഷങ്ങൾക്കു മുമ്പെടുത്ത ഒരു ഫോട്ടോ കൊണ്ടുവന്ന് ഫ്യൂണറൽ ഉദ്യോഗസ്ഥനെ ഏല്പിച്ചു. മുപ്പതുവർഷമെങ്കിലും പഴക്കമുളള ആ മുഖം തയ്യാറാക്കുവാൻ വളരെ പാടുപെട്ടുവെങ്കിലും എല്ലാം കഴിഞ്ഞപ്പോൾ വളരെ സുന്ദരനായി കാണപ്പെട്ടു. വിവാഹ ദിവസം മാത്രം അണിഞ്ഞിരുന്ന സ്യൂട്ടും കോട്ടും കൂടി ധരിപ്പിച്ചപ്പോൾ ശരീരത്തിന്റെ അഴക് വീണ്ടും വർദ്ധിച്ചു. അറുപത്തിരണ്ട് വയസ്സായിരിക്കുന്നുവെങ്കിലും മുപ്പത്തിയഞ്ച് വയസ് ഇപ്പോൾ കാണുമ്പോൾ തോന്നൂ.

ഇവിടെ നടക്കുന്നതെല്ലാം സശ്രദ്ധം വീക്ഷിച്ചു ക്കൊണ്ട് അല്പമകലെ മാറി നിന്നിരുന്ന പ്രിയ ഭാര്യയുടെ കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. ദുഃഖം സഹിക്കാനാകാതെ പല സന്ദർഭങ്ങളിലും കണ്ണിൽ നിന്നും അടർന്ന് വീഴുന്ന ജലകണങ്ങൾ സ്വന്തം കരങ്ങൾകൊണ്ട് ഒപ്പിയെടുത്ത് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്കതിനാകുന്നില്ലല്ലോ.

വൈകുന്നേരത്തോടെ മനോഹരമായ കാസ്കറ്റിലാക്കിയ ശരീരം പൊതുദർശനത്തിനായി ദേവാലയത്തിലെത്തിച്ചു. ആദരാജ്ഞലികൾ അർപ്പിക്കുവാനായി എത്തിയിരുന്നവരെ ശ്രദ്ധിച്ച് കാസ്കറ്റിന്റെ ഒരു ഭാഗത്ത് അദൃശ്യനായി ഞാനും നിലയുറപ്പിച്ചു. മനസഃക്ഷിയോട് ഒരു ശതമാനം പോലും നീതി പുലർത്താതെയുളള അനുശോചന സന്ദേശങ്ങൾ കേട്ടപ്പോൾ ആത്മാവ് പോലും അബോധാവസ്ഥയിലാകുമോ എന്ന ഭയം എന്നെ കീഴ്പ്പെടുത്തിയിരുന്നില്ല. ശുശ്രൂഷകൾ പൂർത്തികരിച്ചു ശ്മശാന ഭൂമിയിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന കൂടാരത്തിലേക്കു ശവമഞ്ചം മാറ്റപ്പെട്ടു. റൂമാൽ കൊണ്ട് മുഖം മറച്ചതിനുശേഷം സഹോദരന്മാരെ പാതാള വഴിയായി ഞാൻ കടന്നു പോകുമ്പോൾ എന്ന പ്രാർഥന മുഖ്യ കാർമ്മികന്റെ അധരങ്ങളിലൂടെ പുറത്തേയ്ക്കൊഴുകിയപ്പോൾ മനുഷ്യ ജീവിതത്തിന്റെ താല്ക്കാലികതയെ കുറിച്ചുളള അവബോധം പലരുടേയും കണ്ണുകളെ ഈറനണിയിച്ചു.

മണ്ണിനാൽ മെനയപ്പെട്ട മനുഷ്യൻ മണ്ണിലേക്ക് മടങ്ങണമെന്ന ആജ്ഞ നിറവേറ്റുന്നതിന് ആറടി മണ്ണിലേക്ക് ശരീരം അടക്കം ചെയ്ത മഞ്ചം സാവകാശം താഴത്തപ്പെട്ടു. സംസ്കാര ചടങ്ങുകൾ പൂർത്തീകരിച്ചു കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും വീടുകളിലേക്ക് യാത്രയായി. പുഷ്പാലങ്കൃതമായ മൺകൂനയേയും നോക്കി കൊണ്ട് എത്രനേരം അവിടെ ചിലവഴിച്ചു എന്നറിയില്ല. പരിചിതമായ ഒരു ശബ്ദം കേട്ട് തിരഞ്ഞു നോക്കിയപ്പോൾ കണ്ടത് മറ്റാരേയും മായിരുന്നില്ല. ധനവാനേയും ലാസറിന്റേയും കഥ സൺഡേ സ്കൂളിൽ പഠിപ്പിച്ച അധ്യാപകനെ തന്നെ. നഗ്ന നേത്രങ്ങൾക്കു അദൃശ്യമായി മറ്റുളളവരെ കാണുന്നതിനും കേൾക്കുന്നതിനും ധനവാനു കഴിഞ്ഞുവെങ്കിൽ മരണശേഷം നിങ്ങൾക്കെല്ലാവർക്കും അതിനു അർഹതയുണ്ടെന്നു പറഞ്ഞ അധ്യാപകന്റെ വാക്കുകൾ എത്ര യാഥാർത്ഥ്യമായിരിക്കുന്നു.

ഇപ്പോൾ ഇവിടെ ഉപേക്ഷിക്കപ്പെട്ട ശരീരത്തിലേക്ക് വീണ്ടും പ്രവേശിക്കുവാൻ എത്രനാൾ കൂടി കാത്തിരിക്കേണ്ടി വരും ? എനിക്കു മുമ്പേ ശരീരമുപേക്ഷിച്ചു അന്ത്യകാഹളം മുഴങ്ങും വരെ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ആത്മാക്കളുടെ ഗണത്തിൽ ചേരുക തന്നെ. മൺകൂനയുടെ സമീപത്തു നിന്നും അനന്ത വിഹായസ്സിലേക്ക് പറന്നുയരുമ്പോൾ മൺമറഞ്ഞു പോയ മാതാപിതാക്കൾ ഉൾപ്പെടെ വലിയൊരു സമൂഹം എന്നെ സ്വീകരിക്കാനെത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.