Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുപുന്ന എബ്രഹാമിന്റെ എഴുനൂറ്റിപത്ത്

creative-car-accident

വണ്ടി നന്നാക്കാൻ അനേകം ആളുകൾ വന്ന സമയത്താണ് ഫോൺ വിളി വന്നത്. തോമാച്ചോ എന്റെ 710 കാണുന്നില്ല. പുതിയത് എവിടുന്നാ വാങ്ങുന്നത്? വലിയ വില ആകുമോ? ഫോണിന്റെ അങ്ങേതലയ്ക്കൽ എബ്രഹാം ആണെന്നു മനസ്സിലാക്കി എടുക്കാൻ അല്പസമയമെടുത്തു. ഇപ്പോൾ ഞാൻ വലിയ തിരക്കിലാണ്, തിരികെ വിളിക്കാമെന്ന് പറഞ്ഞ് അടുത്ത വണ്ടിയുടെ ഓയിൽ മാറാൻ തുടങ്ങിയപ്പോഴും എഴുപുന്ന എബ്രഹാം അച്ചായന്റെ 710 എന്താണെന്ന ചിന്ത മനസ്സിനെ അലട്ടികൊണ്ടിരുന്നു.

അച്ചായാൻ ഒരുമാസം മുൻപ് ഓയിൽ മാറാൻ 15 വർഷം പഴക്കമുള്ള വണ്ടിയും ഉരുട്ടി കൊണ്ടുവന്നപ്പോൾ ഞാൻ പറഞ്ഞു ഓയിൽ ലീക്ക് ഒത്തിരിയുണ്ട്. എഞ്ചിൻ പണി ചെയ്യണം. രണ്ടായിരം ഡോളർ ആകും. ഈ വണ്ടിയും അതിനകത്തിരിക്കുന്ന എന്നെയും കൂടി ഒരുമിച്ചു തൂക്കി വിറ്റാൽ അത്രയും പണം കിട്ടത്തില്ല. കുറച്ചുനാൾ ഈ വണ്ടി അധികം പണം ചിലവാക്കാതെ കൊണ്ടുനടക്കാൻ എന്താ ഒരു മാർഗം?

അപ്പോഴാണ് ഇടക്കിടക്ക് ഓയിൽ ചെക്ക് ചെയ്തു കുറവെന്നു മനസ്സിലാകുമ്പോൾ അടപ്പ് തുറന്നു ഓയിൽ ഒഴിച്ച് കൊടുത്താൽ മതിയെന്ന് പറഞ്ഞു അച്ചായനെ വിട്ടത്. പക്ഷെ 710 എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. പതിനഞ്ചു വർഷം മുൻപ് അച്ചായാൻ പുതിയ ഒരു വാൻ വാങ്ങി ഒരുമാസത്തിനുള്ളിലാണ്‌ അതു സംഭവിച്ചത്. റെഡ് സിഗ്നലിൽ നിർത്താതെ വന്ന ഒരു വണ്ടിക്കിട്ട് അച്ചായാൻ കൊണ്ട് ഒരൊറ്റ ഇടി. ഇടിയുടെ ആഘാതത്തിൽ എയർ ബാഗ്‌ അച്ചായന്റെ മുഖത്തിട്ട് അതിലും വലിയ ഒരു ഇടി കൊടുത്തപ്പോൾ അച്ചായൻ വണ്ടിക്കകത്തു നിന്നും പുറത്തേക്ക് ഒറ്റച്ചാട്ടം.

എയർ ബാഗിന്റെ പുക വണ്ടിക്കുള്ളില്‍ നിറഞ്ഞപ്പോൾ വണ്ടിക്കു തീ പിടിച്ചു എന്നാണ് കരുതിയത്. പക്ഷേ വാൻ നിറുത്താൻ കൂട്ടാക്കാതെ പിന്നെയും മുന്നോട്ട് ഡ്രൈവർ ഇല്ലാതെ അടുത്തുള്ള വലിയ ഗ്രോസറി കടയെ ലക്ഷ്യം വച്ച് ഓടികൊണ്ടിരുന്നു. തിരികെ വണ്ടികുള്ളിൽ ചാടി കയറാൻ ശ്രമിച്ചിട്ട് സാധിക്കുന്നുമില്ല. എവിടുന്നോ ഒരു കറുമ്പൻ യുവാവ് ഓടിവന്ന് ഒരു അഭ്യാസിയെപോലെ വണ്ടിക്കുള്ളിൽ ചാടികയറി, വണ്ടി കടക്കുള്ളിൽ കയറുന്നതിനു മുൻപ് നിയന്ത്രണത്തിലാക്കി.

നന്ദി പറയാനായി യുവാവിനെ നോക്കിയപ്പോൾ എവിടെയും കാണാനുമില്ല. വലിയ ഒരു ദുരന്തത്തിൽ നിന്നും രക്ഷപെടുത്താൻ കർത്താവ് കറുമ്പൻ യുവാവിന്റെ രൂപത്തിൽ വന്നു എന്നു മനസിലാക്കി ഇനിയുള്ള എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയിൽ പോകുമെന്ന തീരുമാനവും അച്ചായാൻ അന്നെടുത്തു.

ഓരോ തവണ വണ്ടി നന്നാക്കാൻ വരുമ്പോഴും ഇതുപോലുള്ള സംഭവങ്ങൾ അച്ചായാൻ വിവരിക്കും. എട്ടുവർഷങ്ങൾക്കു മുൻപ് പുതിയ ഒരു കാർ വാങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ രാത്രി ജോലിയും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. വീട്ടിനടുത്തെത്തുന്നതുവരെ ഉറങ്ങാതെ കടിച്ചുപിടിച്ചിരുന്നു. വീട് കണ്ടതുമാത്രം അച്ചായന് ഓർമയുണ്ട്. പിന്നീട് ആമ്പുലൻസിന്റെ ബഹളം കേട്ടാണ് ഉണർന്നത്.

കയ്യിലൊരു സെൽഫോണുമായി അതിരാവിലെ ഓടാനിറങ്ങിയ മെക്സിക്കത്തി പെങ്കൊച്ച് കാര്‍ മറിയുന്നത് കണ്ട് ഉടനെതന്നെ 911 വിളിക്കുകയാണ്‌ ഉണ്ടായത്. അടിക്കാൻ വടി എടുക്കുമ്പോൾ, എന്നെ തല്ലരുത് എന്ന് നാല് കാലും പൊക്കി കിടന്ന് അപേക്ഷിക്കുന്ന ഞാറു വാലി നായയെ പൊലെ, നാല് ടയറും മുകളിലായി എന്റെ പുതിയ കാർ വ്യസനോത്തോടെ എന്നെ നോക്കി റോഡിൽ കിടക്കുന്നു. രണ്ടു ദിവസം കൊണ്ടാണ് എന്താണ് ശരിക്കും സംഭവിച്ചതെന്നു മനസ്സിലായത്. വണ്ടി പതുക്കെ വന്ന് അയൽവാസിയുടെ കമ്പി വേലിയിൽ കയറിയപ്പോൾ വേലി ചരിഞ്ഞ് വണ്ടി അതിനു മുകളിൽ കയറി തല കീഴായി മറിഞ്ഞു. കർത്താവ് ആ സമയത്ത് മെക്സിക്കത്തി പെങ്കൊച്ചിനെ പറഞ്ഞുവിട്ട് തന്നെ രക്ഷിച്ചതാണെന്ന് മനസ്സിലാക്കി ഇനിമുതൽ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍ പോകുമെന്ന ഉറച്ച തീരുമാനവും അച്ചായാൻ അന്നെടുത്തു.

എന്നാലും എഴുപുന്ന എബ്രഹാമച്ചായന്റെ ഈ 710 എന്താണാവോ? കഴിഞ്ഞ വർഷം അച്ചായൻ വന്നപ്പോൾ പറഞ്ഞു, ഭാര്യക്കു വേണ്ടി വാങ്ങിച്ച പുതിയ കാറുമായി രാത്രിയിൽ ജോലിക്കു പോകുമ്പോൾ പെട്ടന്നു പ്രദേശമാകെ മൂടൽ മഞ്ഞു നിറഞ്ഞു. ഹൈവെയിൽ കയറുവാണെന്നാ വിചാരിച്ചത്. എന്നാൽ ചെന്നെത്തിയത് തടാകത്തിലും. ബോട്ടുകൾ ഇറക്കാനുള്ള റാമ്പിലൂടെ ലേക്കിലേക്ക് കാർ ഇറങ്ങി. ഗ്ളും ഗ്ളും ശബ്ദത്തോട്‌ വെള്ളം വണ്ടിക്കുള്ളിലേക്ക് ഇരച്ചു കയറുമ്പോൾ സകല ശക്തിയും എടുത്ത് കാറിന്റെ വാതിൽ തുറന്നു രക്ഷപെടുവാൻ ശ്രമിച്ചു.

വാതിൽ തുറക്കാൻ സാധിക്കാതെ അനുനിമിഷം താഴ്നുകൊണ്ടിരിക്കുന്ന കാറിൽ ഇരുന്ന് കർത്താവേ എന്നെ രക്ഷിക്കണേ എന്ന് കേണപേക്ഷിച്ചു. മരണം മുന്നിൽകണ്ട് തീവ്രമായി ദൈവത്തെ വിളിച്ചപ്പോൾ "സ്വിം ദിസ്‌ വേ" എന്ന ശബ്ദവും പുറകിലത്തെ സീറ്റിനു മുകളിലൂടെ നീണ്ടു വരുന്ന ബലിഷ്ടമായ ഒരു കരവും കണാൻ കഴിഞ്ഞു. തടാകത്തിലേക്ക് പോകുന്ന കാറിനെ പിന്തുടർന്നുവന്ന വെളുമ്പൻ പോലീസുകാരന്റെ കൈകളിൽ പിടിച്ചു കാറിനു പുറകിലെ പൊട്ടിച്ച ചില്ലുകൾകിടയിലൂടെ കരയിലെത്തിയപ്പോൾ ജീവിക്കാൻ വീണ്ടും ഒരു അവസരം തന്നതിന് കർത്താവിനു നന്നിപറയുകയും ഇനി എല്ലാ ഞായറാഴ്ച്ചയും മുടങ്ങാതെ പള്ളിയിൽ പോകാമെന്ന പ്രതിഞ്ജ എടുക്കുകയും ചെയ്തു.

എന്നൊക്കെ പുതിയ വണ്ടി വാങ്ങിയിട്ടുണ്ടോ അന്നൊക്കെ അപകടങ്ങളും ഉണ്ടായിട്ടുള്ളത് കൊണ്ട് ഇനി ജീവിതകാലത്തിൽ പുതിയ വണ്ടി വാങ്ങിക്കത്തില്ല എന്നും അച്ചായാൻ തീരുമാനിച്ചു. കടയിലെ തിരക്കുകുറഞ്ഞപ്പോൾ അച്ചായനെ വിളിച്ച് കാണാതെപോയ 710ൻറെ വിവരങ്ങൾ ചോദിച്ചു. അച്ചായാൻ പറഞ്ഞു, അത് എഞ്ചിൻറെ മുകളിലെ കറുത്ത പ്ലാസ്ടിക്കിന്റെ സാധനം. ഓയിൽ കാപ്പിന്റെ കാര്യമാണോ പറയുന്നതെന്ന് ചോദിച്ചപ്പോൾ, അതെ അതുതന്നെ എന്ന് ഉത്തരം നല്കി. വണ്ടിയുടെ പാർട്സ് വില്കുന്ന ഏതു കടയില്‍ ചെന്നാലും പത്തു ഡോളറിനടുത്ത വില കൊടുത്താൽ കിട്ടുമെന്നറിയിച്ചപ്പോൾ അച്ചായന് സമാധാനമായി. എന്നാലും കാപ്പ് എങ്ങനെ 710 ആയി എന്ന ചിന്ത മനസ്സിനെ അലട്ടികൊണ്ടിരുന്നു.

അടുത്ത കാറിന്റെ ഓയിൽ മാറാൻ ആയി കാപ്പ് തുറക്കുന്നതിനു മുൻപ് അതിലേക്ക് സൂക്ഷിച്ചു നോക്കി. അയ്യോ 710 അതാ എഴുതിയിരുക്കുന്നു. OIL എന്നത് തിരിച്ചു വായിച്ചാൽ 710 തന്നെ. ആയിരക്കണക്കിന് ഓയിൽ കാപ്പ് ഊരിയിട്ടുള്ള എനിക്ക് OIL എന്നെഴുതിയിരിക്കുന്നത് ഇങ്ങനേയും വായിക്കാമെന്ന തിരിച്ചറിവ് അത്യൽഭുതമാണ് സമ്മാനിച്ചത്‌.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.