Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ മൂല്യാവസ്ഥ നില നിർത്തേണ്ടതുണ്ട്

sky-magic

‘‘ഫാസിസം തീവ്രമായ ദേശീയ സ്വഭാവമുളളതാണ്. യഥാർത്ഥത്തിൽ ഫാസിസം സാർവദേശീയത്വത്തെ എതിർക്കുന്നു. അതു രാജ്യത്തെ ദൈവ തുല്യമാക്കി മാറ്റുകയും വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം തന്നെ ഈ അൾത്താരയിൽ അർപ്പിക്കേണ്ടതാണെന്ന്് വിശ്വസിക്കുകയും ചെയ്യുന്നു. മറ്റെല്ലാ ദൂഷ്യങ്ങളെയും മാറ്റി നിർത്തി പരിശോധിച്ചാൽ പോലും ലോകത്തെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ ഫാസിസത്തിനു കഴിയില്ല. അതിലടങ്ങിയിട്ടുളള തീവ്രവും അക്രമാസക്തവുമായ ദേശീയത, പരസ്പര സഹകരണത്തിനുവേണ്ടിയുളള സാർവ്വദേശീയ പ്രവണതയ്ക്കെതിരാണ്. അത് മുതലാളിത്തത്തിന്റെ തളർച്ചയിൽ നിന്നുളവായിട്ടുളള പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കാനും ദേശീയ സംഘർഷത്തെ യുദ്ധത്തിലേക്ക് നയിക്കുമാറ് തീവ്രമാക്കാനും മാത്രമേ ഉപകരിക്കൂ’’ (വിശ്വചരിത്രാവലോകനം : ജവഹർലാൽ നെഹ്റു)

‘പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ– ന്നൊരു മതവും പൊരുതാലൊടുങ്ങുവീല; പരമത വാദിയിതോർത്തിടാതെ പാഴേ പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

(ഒരു മതം മറ്റൊരു മതത്തോടു യുദ്ധം ചെയ്തു വിജയം നേടാമെന്ന് കരുതുന്നത് ഒരിക്കലും പ്രായോഗികമല്ല. ഒരു മതത്തെയും യുദ്ധം ചെയ്തു നശിപ്പിക്കാമെന്നു കരുതേണ്ട. അന്യമതത്തെ നിന്ദിക്കുന്നയാൾ ഈ നിയമം ധരിക്കാതെ യുദ്ധത്തിനിറങ്ങിയാൽ സ്വയം പതിച്ചു നശിക്കുമെന്ന വിവേകം ഉണ്ടാകേണ്ടതാണ് –‘ആത്മോപദേശ ശതകം ’ : നാരായണഗുരു)

നെഹ്റുവിന്റെയും നാരായണ ഗുരുവിന്റെയും സന്ദേശം സമകാലികതയിൽ ജനഹൃദയത്തിലേക്ക് നോക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. മലയാള ജീവിത നിലവാരം ഭാവിയിലേക്കുളള നോട്ടമായി പരിണമിക്കണമെങ്കിൽ മാറാല നീക്കി വിലയിരുത്തൽ അത്യാവശ്യമായിരിക്കുന്നു. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടലല്ല പൗരബോധം. സാമൂഹ്യ ജീർണ്ണതയും, വർണ വെറിയും, പണാധിപത്യവും സമൂഹത്തിൽ ഏല്പിക്കുന്ന ആഘാതം ചില്ലറയായി കണ്ടു കൂടാ. പ്രതിരോധം സംവാദ രൂപത്തിൽ രൂപം പ്രാപിച്ച് പ്രതികരണമായിത്തീരണം. നവോത്ഥാന പ്രസ്ഥാനങ്ങൾ, അവ പ്രചരിപ്പിച്ച ജീവിത മൂല്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സ്വാശ്രയത്വം പ്രാദേശിക വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കൽ അതിന്റെ വക്താക്കൾ മറഞ്ഞതോടെ മലയാളിയും മറന്നു. എല്ലായിടത്തും ഇരയാകുമ്പോൾ എവിടെയാണ് തകരാറ് ? എങ്ങോട്ടാണ് ചരിത്രത്തിന്റെ പോക്ക് ?

സാംസ്കാരിക ലോകത്തും എഴുത്തിലും സാമൂഹ്യ സംവിധാനത്തിലും ആഗോളീകരണത്തിന്റെയും കോർപ്പറേറ്റ് വല്ക്കരണത്തിന്റെയും പിടുത്തം മുറുകുന്നു. സൂക്ഷിച്ചില്ലെങ്കിൽ കൊടുങ്കാറ്റ് മുക്കിയ കപ്പൽ പോലെ നടുക്കടലിലേക്ക് മുങ്ങിത്താഴും. ചെറുത്തു നില്പിന്റെ വിമത സ്വരങ്ങളുടെ അലയൊലി ഇല്ലാതായി വരുന്നു. വിപണിയുമായുളള സമരസപ്പെടൽ അതിജീവനം എന്ന നിലയിലേക്ക് മാറിത്തീർന്നിരിക്കുന്നു. ഈ മാറിത്തീരൽ പ്രതിരോധിക്കുന്നതിലൂടെ മാത്രമേ നമുക്ക് ജീവിതത്തിന്റെ അടയാളം രേഖപ്പെടുത്താനാവൂ. എല്ലാം ആകർഷണത്തിലൊതുക്കി പ്രായോഗിക ജീവിതം ഉഷാറാക്കുമ്പോൾ നമ്മൾ ഒരു കാര്യം മറക്കുന്നു. എല്ലാ പ്രായോഗികതയും ഭൗതിക താല്പര്യവും ഉപേക്ഷിച്ച് വീറും വാശിയും സമൂഹത്തിന് സമർപ്പിച്ചവരുടെ പാരമ്പര്യമാണ് നമ്മൾ ഇന്നഹങ്കരിക്കുന്ന പാരമ്പര്യത്തിന്റെ വേര്. അവർ ഒരുക്കിത്തന്ന സംസ്കാര ധാതുക്കളുടെ തിണ്ണബലത്തിലാണ് എല്ലാ അഹങ്കാരവും തഴച്ചു വളരുന്നത്. അവർ മുറുകെ പിടിച്ച സാംസ്കാരിക മൂല്യത്തിൽ നവോത്ഥാന പ്രവർത്തനങ്ങളിൽ വെളിച്ചം ദർശിച്ചാണ് നമ്മൾ പ്രഭാതം സമ്പന്നമാക്കിയത്. ചെറുത്തു നില്പിന്റെ സാംസ്കാരിക പഠനം തന്ന അറിവുകളിൽ നിന്നാണ് അറബിക്കടലിലെ സമര നാവികനായിരുന്ന കുഞ്ഞാലി മരയ്ക്കാരയും , പഴശ്ശിയെയും സ്വാതന്ത്ര്യം നേടിത്തരാനായി പടക്കളത്തിലിറങ്ങിയ എല്ലാദേശ സ്നേഹികളെയും മഹത്തര ജീവിത മാതൃകയാക്കിക്കൊണ്ടു നടക്കുന്നത്. വൈകുണ്ഠ സ്വാമി, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി, വാഗ് ഭടാനന്ദൻ, പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ, ശേവ് സൈനുദ്ദീൻ മക്ദൂം, വക്കം മൗലവി, സഹോദരൻ അയ്യപ്പൻ, വ ി. ടി. ഭട്ടതിരിപ്പാട് ഇങ്ങനെ നിരവധി വ്യക്തികളും നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയന്റെ ജീവിത പുരോഗതിക്കുവേണ്ടിയാണ് വിചാരങ്ങളും സന്ദേശങ്ങളും നല്കിയത്. അല്ലാമാ ഇഖ്ബാൽ, ഖാസി നസ്റുൽ ഇസ്ലാം, രബീന്ദ്ര നാഥ ടാഗോർ, സുബ്രഹ്മണ്യ ഭാരതി, മുതൽ വൈക്കം മുഹമ്മദ് ബഷീർ വരെ സർഗ്ഗാത്മകമായി ദേശം, ജനത നോക്കിക്കണ്ടത് ഈയർത്ഥത്തിലാണ് ഉൾക്കൊളേളണ്ടത്. പക്ഷേ ; കാലം എല്ലാം വെളുപ്പിക്കുകയാണല്ലോ !

മഹാത്മാഗാന്ധി നടത്തിയ ‘നവഖാലി’ യാത്ര എന്തെന്ന് ഇന്ത്യക്കാർ പുനഃപരിശോധിക്കേണ്ട അവസരം സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ധൈഷണികത ആ നിലയ്ക്കാണ് വേരിൽ നിന്നും സമരങ്ങളിൽ നിന്നുമൊക്കെ ആവേശം ഉൾക്കൊളേളണ്ടത്. ഇപ്പോഴും പ്രാന്ത വത്ക്കരിക്കപ്പെട്ട ജനതയുടെ ഇന്ത്യനവസ്ഥ എന്താണ് ? കൃഷിക്കാരായ പാവങ്ങളുടെ നിലയെന്താണ് ? സ്ത്രീ സമത്വത്തിലധിഷ്ഠിതമായ സമൂഹത്തിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? വിമത സ്വരങ്ങൾ ഉയരുന്നുണ്ട് എന്നാൽ അതേ വേഗത്തിൽ തന്നെ അധികാരത്തിന്റെ ഭാഗമായി ലയിച്ചു പോകുന്നു. സംസ്കാരത്തിന്റെ ചലനം തന്നെയാണ് പൊതു സമൂഹത്തെ നിലനിർത്തുക. പരിഷ്കരണം, വികസനം, മത സൗഹാർദ്ദം നിലനിർത്തിക്കൊണ്ടേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യ ജനത എന്നർത്ഥത്തിൽ മുന്നോട്ട് പോകാനാവൂ. സാമൂഹ്യ നീതിയുടെ വെളിച്ചത്തിലൂന്നി മലിനമാകുന്നത് ചൂണ്ടിക്കാട്ടണം. ജനാധിപത്യം, പൗരസ്വാതന്ത്ര്യം, മത നിരപേക്ഷത, സാമൂഹ്യ നീതി വാക്കിലും ജീവിതത്തിലും നിറവേറ്റുന്ന കർമ്മ പദ്ധതിയിലൂടെയേ ആഗോളവൽക്കരണം അടിച്ചേല്പിക്കുന്ന അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുകയുളളൂ. എം. മുകുന്ദൻ സൂചിപ്പിച്ചതു പോലെ ‘വില്പന മാത്രം ലക്ഷ്യമായി കാണുന്ന ആഗോളീകരണം അവശേഷിക്കുന്ന മൂല്യങ്ങളെയും നശിപ്പിക്കുകയാണ്. ഈ പ്രതിസന്ധിയെ എങ്ങനെ നേരിടും ? നവോത്ഥാനങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നാം നിർവ്വഹിച്ചെടുത്ത നമ്മുടെ മൂല്യാവസ്ഥയെ എങ്ങനെ നിലനിർത്താൻ കഴിയും ? ’’ ഈ കാഴ്ചപ്പാടിന് പുതിയ ദിശാബോധം നല്കുന്നതിലായിരിക്കും ഇരുപത്തൊന്നാം നൂറ്റാണ്ട് വഹിക്കുന്ന സംഭാവന ചർച്ചയാകുക.

നവോത്ഥാനം കൊണ്ടു വന്ന മൂല്യങ്ങളിലൂടെ പൊതു വിദ്യാഭ്യാസം, സർക്കാർ ആശുപത്രികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കൈത്തൊഴിലുകൾ, കൃഷി, മത്സ്യ– മലയോര തൊഴിലിടങ്ങൾ പാവപ്പെട്ടവർക്ക് നല്കിയ ആശ്വാസം മുന്നോട്ട് പോകേണ്ടതുണ്ട്. എന്നാലേ ‘ഇന്ത്യയിൽ ജനാധിപത്യം പ്രായോഗികമാകണമെങ്കിൽ ജാതി വ്യവസ്ഥ തകരണമെന്നും മർദ്ദിത ജനവിഭാഗങ്ങൾക്ക് അർഹമായ രാഷ്ട്രീയാധികാര പങ്കാളിത്തം ലഭിക്കണമെന്നും ഡോ. അംബേദ്്ക്കർ ചൂണ്ടിക്കാണിച്ചത് പൂർത്തീകരിക്കാനാവൂ. ഈ പ്രക്രിയ പെട്ടെന്ന് നടക്കണമെന്നില്ല. ചരിത്ര പരവും രാഷ്ട്രീയവുമായ ഗതി വിഗതികൾ പഠിക്കുമ്പോൾ നടക്കാതെ പറ്റില്ല. മഹാഭൂരിപക്ഷത്തിന്റെ അവകാശം, സ്വാതന്ത്ര്യം, നീതി, മത നിരപേക്ഷത ഉറപ്പാക്കുന്നിടത്ത് എല്ലാവർക്കും അവരവരുടേതായ വലിയ പങ്ക് സാമൂഹ്യതയിലുണ്ട്.

പണം കൊണ്ട് അധികാരം മറച്ചു പിടിക്കുന്നത് സത്യത്തിന്റെ ഭാഷയിൽ വിമർശിക്കപ്പെടണം. കാർഷിക തകർച്ച കൊണ്ട് മരണം സ്വീകരിക്കേണ്ടി വരുന്ന പാവപ്പെട്ട കർഷകന്റെയും പൊതുമേഖലയിൽ ജോലി കാത്തിരിക്കുന്ന എംപ്ലോയിമെന്റ് റാങ്ക് ലിസ്റ്റുകാരുടെയും ചതഞ്ഞരയുന്ന ഇന്ത്യൻ സ്ര്തീത്വത്തിന്റെയും പ്രതീക്ഷ ഈ രാഷ്ട്രീയ അവബോധമാകുന്നു. ദൂഷ്യങ്ങൾ തിരിച്ചറിഞ്ഞ് സമൂഹത്തെ ചലനാത്മക ശക്തിയാക്കി ഉയർത്തിക്കൊണ്ടു വരാനാണ് പരിശ്രമങ്ങൾ നടക്കേണ്ടത്. വാണിജ്യ യുക്തിയല്ല സംസ്കാരത്തിന്റെ വായനശാലയാണ് ഉയരേണ്ടത്. ലോകത്തിലെ മനോഹരമായ നാട് നമ്മുടെ ഭാരതമാണെന്ന് ദേശഭക്തി ഗാനത്തിലൂടെ (സാരെ ജഹാം സെ അച്ചാ) ലോകത്തെ അറിയിച്ച – മതം പരസ്പരം കലഹിക്കാൻ നമ്മളെ പഠിപ്പിക്കുന്നതിനല്ലെന്നും നാമെല്ലാം ഇന്ത്യക്കാരും ഇന്ത്യ നമ്മുടേതാണെന്നും വിളംബരം ചെയ്ത മഹാകവി അല്ലാമാ ഇഖ്ബാലിന്റെ കവിതയിലൂടെ ഈ ലേഖനം അവസാനിപ്പിക്കട്ടെ.

‘‘പവിത്രമായ ഈ ഭൂമിക്ക് ഓരോ സന്ദർശകനോടും പറയാനുളളതിതാണ് ; സമയത്തിന്റെ ചാപല്യങ്ങൾ അവഗണിക്കരുതേ’ നിങ്ങളുടെ കണ്ണീർ കൊണ്ടു ഈ മണ്ണ് നനയ്ക്കുന്നതിൽ പിശുക്കു കാണിക്കരുതേ.............’’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.