Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടപ്പെട്ട എഴുത്തുകാരൻ 

പലപ്പോഴും വിഷയം കൊടുത്ത് അതിനെപ്പറ്റി സംസാരിക്കുന്നതാണ് സർഗ്ഗവേദിയുടെ പഴക്കം. ഒരു മാറ്റം എന്നവണ്ണം തനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരനെപ്പറ്റി മനസ്സുതുറക്കാൻ വായനക്കാരനെ അനുവദിച്ചു.ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എഴുത്തുകാർ കടന്നു വന്നു. ഇഷ്ടമുള്ള എഴുത്തുകാരനെപ്പറ്റി പറയുമ്പോൾ അറിയാതെ വായനക്കാരൻ വാചാലനായി പോകും എന്ന ബോധം സൂക്ഷിക്കേണ്ടിയിരുന്നു .  

മനോഹർ തോമസ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ എം.ടി.യെ പറ്റിയാണ് പറഞ്ഞത്. നമ്പൂതിരി നായർ സമുദായങ്ങളുടെ തകർച്ച നമ്മുടെ കാലഘട്ടത്തിൽ നമുക്ക് മുമ്പിലാണ് നടന്നത്. അതിന്റെ മുറിപ്പാടുകളിൽ നിന്ന് എം.ടി. എഴുതുമ്പോൾ അത് കൂടുതൽ അനുഭവവേദ്യമാകുന്നു. വൈരുധ്യമാർന്ന മേഖലകൾ തേടാൻ മടിയില്ലാത്ത എം.ടി.
രണ്ടാമൂഴവും മഞ്ഞും വടക്കൻ വീരഗാഥയും ഒക്കെ വായനക്കാരുടെ മുമ്പിൽ തുറന്നു വച്ചു.

ഷെയിക്സ്പിയർ എന്നും ഒരുപാടാളുകളുടെ ആരാധനാ പാത്രമായിരുന്നു. രാജു തോമസ് ഒരു ഇംഗ്ലീഷ് അധ്യാപകനായതു കൊണ്ട് പ്രത്യേകിച്ചും അദ്ദേഹത്തിന്റെയും. ജീവിതത്തിന്റെ സമസ്ത തലങ്ങളെപ്പറ്റിയും ആധികാരികമായി അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. അന്നത്തെ കാലത്തെ രാജാവ് മുതൽ യാചകൻ വരെ എല്ലാ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലും തന്റെ കയ്യൊപ്പിടാൻ ഷെയിക്സ്പിയറിനു കഴിഞ്ഞു. അന്ന് ഡോ. ജോൺസൻ കാലത്തോട് പറഞ്ഞ  ഒരു ചൊല്ലുണ്ട് 'Read  the Bible  and Shakespeare'.

മണ്ണിനെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച രണ്ട് എഴുത്തുകാരെപ്പറ്റിയാണ് പി.റ്റി. പൗലോസ് പറഞ്ഞത് .എസ്. കെ. പൊറ്റക്കട്ടും മുട്ടത്തു വർക്കിയും. തന്റെ കൗമാരകാലത്തു  എഴുതിയ പ്രണയ ലേഖനങ്ങൾ മിക്കവയും മുട്ടത്തു വർക്കിയുടെ കഥാപാത്രങ്ങളിൽ നിന്നും കടം കൊണ്ടവയാണെന്നു പൗലോസ് പറഞ്ഞു. മലയാളി മനസ്സിന്റെ ചരിത്രമാണ് യഥാർത്ഥത്തിൽ വർക്കി എഴുതിയത്. കിഴക്കേ മലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനി പെണ്ണാക്കിയ വയലാർ വർക്കിയോട് കടംകൊള്ളുകയായിരുന്നു. പൈങ്കിളി എന്ന് മുദ്രയടിച്ച് അന്നത്തെ എഴുത്തുകാരും വിമർശകരും, എന്തിനേറെ സാഹിത്യ പ്രവർത്തക സഹകരണ സംഘം വരെ വർക്കിയെ ഒതുക്കുമ്പോൾ അദ്ദേഹം മലയാളിയുടെ മനസ്സിൽ ഒരു രെത്ന സിംഹാസനം പണിതു താമസം തുടങ്ങി.

ഡോ. നന്ദകുമാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ സാംസി കൊടുമണ്ണാണ്. 'പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന നോവലിനെ കുറിച്ച് അദ്ദേഹം ഒരു പഠനം തന്നെ നടത്തി.  "ഇവിടെ ജീവിക്കുന്ന എഴുത്തുകാർ അമേരിക്കൻ പശ്ചാത്തലത്തിൽ എഴുതണമെന്നു നാട്ടിലെ സാഹിത്യകാരന്മാർ പറയുന്നു. ഇവിടുത്തെ ജീവിതം കണ്ടെത്തുകയാണ് സാംസി ചെയ്യുന്നത്. കഥാനായകനായ ജോണികുട്ടിയുടെ ദാർശനിക ചിന്തകൾ പോലും ഇവിടുത്തെ സാഹചര്യത്തിൽ ഉരുത്തിരിയുന്നതാണ്. " നന്ദകുമാറിന്റെ അഭിപ്രായത്തിൽ ഈ പുസ്തകത്തിൽ പകയുണ്ട്, സ്നേഹമുണ്ട് ,നാശമുണ്ട്, രതിയുണ്ട്, ശത്രുതയുണ്ട് ,വാശിയുണ്ട് , അങ്ങിനെ ഒരു നോവലിന് വേണ്ട എല്ലാമുണ്ട് .

ജോർജ് കോടുകുളഞ്ഞി തന്റെ പ്രിയപ്പെട്ട എഴുത്തുകാരായ കാക്കനാടൻ, പൊറ്റക്കാട്ട് എന്നിവരെപ്പറ്റി പറഞ്ഞു. എഴുത്തിലും രണ്ടാമൂഴക്കാരുണ്ട് എന്ന യാഥാർഥ്യത്തിലേക്ക് എത്തി നോക്കിയാണ് ജോസ് ചെരിപുരം സംസാരിച്ചത്. പലപ്പോഴും പല കാരണങ്ങളാലും പിന്തള്ളപ്പെട്ടുപോകുന്ന എഴുത്തുകാരുടെ നിര എല്ലാ കാലത്തും ഉണ്ടായിരുന്നെന്ന വേദനാജനകമായ യാഥാർഥ്യം അദ്ദേഹംവ്യക്തമാക്കി. ചങ്ങമ്പുഴ തന്നെയാണ് പ്രിയ എഴുത്തുകാരൻ.

ജീവചരിത്ര സാഹിത്യത്തിലെ രണ്ട് എഴുത്തുകാരെയാണ്‌ ഡോ. എൻ.പി. ഷീല പരിചയപ്പെടുത്തിയത്. കേരള ഗ്രന്ഥശാലാ സംഘത്തിന് രൂപം കൊടുത്ത പി. എൻ. പണിക്കർ. വായിച്ചു വളരുക എന്ന സന്ദേശവുമായി പണിക്കർ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് വായാനശാലാ പ്രസ്ഥാനത്തിന്റെ അടിത്തറ പാകി. പി.എൻ.പണിക്കരെപ്പറ്റി പുസ്തകം എഴുതിയത് പട്ടം ജി. രാമചന്ദ്രൻ നായരാണ്.

കുഷ്ഠരോഗികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ബാബ ആംതെയെ ആധാരമാക്കി ആനയടി ഗോപി എഴുതിയ പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാലം വളരെ മാറിയെന്നും താത്വിക ലക്ഷ്യങ്ങളും മൂല്യ ബോധവുമുള്ള ആളുകളുടെ അഭാവം എല്ലാ തലങ്ങളിലും വിടവുകൾ സൃഷ്ടിക്കുന്നുണ്ടെന്നും, അത് രാഷ്ട്ര നിർമ്മിതിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഷീല ടീച്ചർ പറഞ്ഞു.

ഇ.എം .സ്റ്റീഫന്റെ അഭിപ്രായത്തിൽ ദാസ് ക്യാപിറ്റലും, ബൈബിളുമാണ് ഷേക്‌സ്‌പിയറിനേക്കാൾ ഔന്നത്യമുള്ള കൃതി. അമേരിക്കൻ പശ്ചാത്തലത്തിൽ ഒരു പാട് എഴുതിയിട്ടും വേണ്ടപോലെ പ്രശസ്തി കിട്ടാതെ പോയ എഴുത്തുകാരനാണ് ജോസ് ചെരിപുരമെന്നു അദ്ദേഹം വ്യക്തമാക്കി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.