Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാവില്ല ആ നൊമ്പരം, മഹാകവി മാപ്പ് !

onv-statue

ന്യൂജഴ്സി ∙ മഹാകവി മാപ്പ്. മലയാളത്തിന്റെ ആത്മാവും മലയാള കവിതയുടെയും സിനിമാഗാനങ്ങളുടെയും ആധുനിക രചനാവൈഭവം കൊണ്ട് ലോകമെമ്പാടുമുളള മലയാളികളെ ത്രസിപ്പിച്ച മഹാകവിയുമായ പ്രഫ. ഒഎൻവി കുറുപ്പ് യാത്രയായപ്പോൾ ഓർമ്മകൾ ബാക്കി വച്ചത് ഒത്തിരി നൊമ്പരങ്ങൾ മാത്രം. ഇണങ്ങിയും പിണങ്ങിയും കവിയോടൊത്തുളള സൗഹൃദം ആദ്യം കയ്പ്പു നിറഞ്ഞതും പിന്നീട് മധുരിക്കുന്നതുമായ അനുഭവമായിരുന്നു.കവിയുടെ നിഷ്കളങ്കമായ സ്വഭാവത്തെ തിരിച്ചറിയാതിരുന്നതുകൊണ്ടല്ല പത്രപ്രവർത്തകനെന്ന നിലയിൽ എന്റെ കർത്തവ്യം നിർവഹിച്ചപ്പോൾ കവിക്കുണ്ടായ വിഷമമാണ് ഞങ്ങൾക്കിടയിലെ നീരസങ്ങൾക്ക് കാരണം.

ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ദീപിക ബ്യൂറോയിൽ റിപ്പോർട്ടറായി പ്രവർത്തിക്കുമ്പോഴാണ് എന്റെ കർമ്മ മണ്ഡലത്തിൽ നേരായ പാതയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഞാൻ അവിചാരിതമായി മലയാളത്തിന്റെ ശ്രേഷ്ഠ കവിയും മലയാള കവിതാ പിതാമഹന്മാരിൽ ഒരാളുമായ മഹാകവി വളളത്തോളിന്റെ നാമഥേയത്തിൽ ലോക പ്രശസ്തിയാർജ്ജിച്ച കേരള കലാമണ്ഡലം എന്ന കലയുടെ കേളികെട്ടുയരുന്ന സർഗഭൂമിയിലേക്ക് എന്റെ ശ്രദ്ധപതിയുന്നത്. കൂത്തമ്പലങ്ങളും സംഗീതവും നൃത്ത നൃത്യാദി കലകളെ മാത്രം പരിപോഷിപ്പിക്കുന്ന വടക്കാഞ്ചേരിയിലെ നിളയുടെ തീരത്തെ പടവുകൾക്കിപ്പുറം കലയുടെ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ പേറുന്ന കലാമണ്ഡലം എന്ന കലാക്ഷേത്രത്തിൽ രാഷ്ട്രീയത്തിന്റെ കത്തി കെട്ടിയാടുന്ന വാർത്ത പുറംലോകം അറിയാൻ തുടങ്ങിയത്. രാഷ്ട്രീയം അന്നുവരെ കടന്നുചെന്നിട്ടില്ലാത്തിടത്ത് ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുതിരകയറ്റം എട്ടുംപൊട്ടും തിരിയാത്ത കുരുന്നു പ്രതിഭകളെ വിഷമവൃത്തത്തിലാക്കി.

Francis-thadathil

കലാമണ്ഡലത്തിൽ നിന്നും ഓരോ ദിവസവും ഉയർന്നു വന്ന കഥകൾ തികച്ചും അരോചകവും അനഭിലഷണീയവുമായിരുന്നു. ഇക്കാലയളവിൽ ആ മഹാ പ്രസ്ഥാനത്തിന്റെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നതാകട്ടെ പ്രഫസർ ഒഎൻവി കുറുപ്പും ദീപിക പത്രത്തിൽ ഒരു ലീഡർ പേജ് പരമ്പര തുടങ്ങുക എന്ന് ഉദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ ഫോട്ടോഗ്രാഫർ എ. എസ്. സതീശുമൊത്ത് കലാമണ്ഡലത്തിൽ എത്തിയത്. കലാമണ്ഡലത്തിലെ കുരുന്നു പ്രതിഭകളേയും അധ്യാപകരേയും കളങ്കപ്പെടുത്തി നിരവധി നിറം പിടിപ്പിച്ച കഥകൾ ക്യാംപസുകളിൽ ഉടനീളം പരന്നിരുന്നു. രാഷ്ട്രീയത്തിൽ ചേരാൻ വിമുഖത കാട്ടിയവർക്കെതിരേ ആയിരുന്നു തന്ത്രങ്ങൾ ഏറെയും. ഈ സമയം ചെയർമാൻ ഒഎൻവി കുറുപ്പ് കഥകളി കലാകാരന്മാരോടൊപ്പം അമേരിക്കൻ ഐക്യനാടുകളിൽ വിവിധ സ്റ്റേജ് പ്രോഗ്രാമുകൾക്കായി പരിശീലനത്തിലായിരുന്നു. ഈ സമയം കലാമണ്ഡലമാകട്ടെ നാഥനില്ലാക്കളരിയും.

കാക്കിപ്പടയ്ക്കു പ്രവേശനമില്ലാതിരുന്ന കലാമണ്ഡലമെന്ന കഥയുടെ വിശുദ്ധ ഭൂമിയിൽ പൊലീസ് തേർവാഴ്ച നടത്തി. നിഷ്കളങ്കരായ കുരുന്ന് പ്രതിഭകളെ തല്ലിച്ചതച്ചു. അധ്യാപകരേയും വിദ്യാർത്ഥികളേയും മാനംകെടുത്തി. കലാമണ്ഡലമെന്ന കലാക്ഷേത്രം ഒരു കുരുക്ഷേത്ര ഭൂമിയായി മാറി. ഏഴു കടലുകൾക്കപ്പുറം വിദേശ പര്യാടനത്തിലായിരുന്ന ഒഎൻവി കുറുപ്പിന് യാതൊരു നടപടിയും എടുക്കുവാൻ കഴിഞ്ഞില്ല. ഇതിനിടെ ക്യാംപസ് അലങ്കോലപ്പെട്ടു. കലാക്ഷേത്രം അടച്ചുപൂട്ടി.

ഏതാണ്ട് രണ്ടാഴ്ചയ്ക്കു ശേഷമാണ് ചെയർമാൻ ഒഎൻവി മടങ്ങിയെത്തിയത്. ഇതിനിടെ ദീപിക പത്രത്തിൽ ഏഴ് അധ്യായങ്ങളായി എന്റെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. വിദേശത്തു നിന്നു മടങ്ങിയെത്തിയ ഒഎൻവി തൃശൂർ പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചുകൂട്ടി എന്റെ േലഖന പരമ്പരയിലെ വസ്തുക്കൾക്കെതിരേ ആഞ്ഞടിച്ചു. ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ചു.

പത്ര പ്രവർത്തനത്തിൽ തുടക്കക്കാരനായിരുന്ന എനിക്ക് ഒട്ടനവധി പത്രപ്രവർത്തർക്കു മുൻപിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഭയമായിരുന്നു. എങ്കിലും വേറിട്ട വാശിയോടെ ഞാൻ ആരോപണങ്ങളിൽ ഉറച്ചു നിന്നു. കവിയോടല്ല കേരള കലാമണ്ഡലത്തിനെതിരേയാണ് എന്റെ ആരോപണങ്ങൾ എന്ന് ഞാൻ ആവർത്തിച്ച് വ്യക്തമാക്കി. പിന്നീട് പത്രസമ്മേളനം കഴിഞ്ഞ് ബ്യൂറോയിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ ടെലിഫോൺ സന്ദേശം വന്നു. എന്നെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 1997 കാലഘട്ടത്തിലായിരുന്നു ഈ സംഭവം. അന്നു മഹാകവി മാപ്പ് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഈ ലേഖന പരമ്പരക്ക് എനിക്ക് പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ് മെന്റ് പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് എന്റെ പ്രിയപ്പെട്ട കവിയും എഴുത്തുകാരനുമായി മാറിയ ഒഎൻവി കുറുപ്പ് എന്റെ പത്രപ്രവർത്തന ജീവിതത്തിലെ മറക്കാനാവാത്ത വഴികാട്ടിയായിരുന്നു.

അദ്ദേഹത്തിന്റെ കവിതകൾ എന്നപോലെ പ്രസംഗവും എന്നെ ഏറെ ത്രസിപ്പിച്ചിരുന്നു. ഡോ. സുകുമാർ അഴീക്കോട് കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന പ്രഭാഷനായിരുന്നു ഒഎൻവി കുറുപ്പ്. അദ്ദേഹത്തിന്റെ വാഗ്ധോരണികൾ, സൂക്തങ്ങൾ, അനർഗളമായ വാക്കുകളുടെ പ്രവാഹം, കേൾവിക്കാരെ ഏതോ ഒരു സുഖാനുഭൂതിയിലേക്കു നയിക്കുകമായിരുന്നു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രക്ക് ദേശീയ പുരസ്കാരവും ലോക പ്രശസ്തിയും നേടിക്കൊടുത്ത ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി...’ എന്ന ഒറ്റ ഒരു ഗാനം മതി ഈ മഹാകവിയുടെ പദങ്ങളുടെ ലാളിത്യവും നൈർമ്മല്യവും സുഖാനുഭൂതിയുമറിയാൻ. മലയാള മനോരമ മ്യൂസിക് പുറത്തിറക്കിയ ‘ഹേ ബാംസൂരി’ എന്നു തുടങ്ങുന്ന കവിത ജി. വേണുഗോപാലിന്റെ മധുരമായ കണ്ഠത്തിലൂടെ ആലപിക്കപ്പെട്ടപ്പോൾ ലക്ഷക്കണക്കിനു മലയാളികളാണ് ആ കവിതയെ നെഞ്ചിലേറ്റിയത്.

തിരുവനന്തപുരത്തായിരുന്നപ്പോൾ വിജെടി ഹാളിലും മറ്റും ഒഎൻവിയുടെ പ്രഭാഷണം ഉണ്ടെന്നു കേട്ടാൽ ഒരു കേൾവിക്കാരനായോ റിപ്പോർട്ടറായോ പോകുവാൻ മറക്കുമായിരുന്നില്ല. ഒരു ദശാബ്ദമായി അങ്ങയുടെ വാക്കുകൾ ശ്രവിച്ചിട്ട്. പക്ഷേ ഇന്ന് കാസറ്റ് കവിതകളിലും പുസ്തക കവിതകളിലും അങ്ങ് നിറഞ്ഞു നിൽക്കുന്നു. ലോകമലയാളികളുടെ ഹൃദയത്തിൽ മറക്കാനാവാത്ത ഒരു നൊമ്പരമായി മലയാള ചലച്ചിത്ര ഗാനരംഗത്ത് തലമുറകൾ സ്മരിക്കപ്പെടുന്ന ഗാനശകലങ്ങളുടെ വക്താവായി. മറക്കില്ല ഒരിക്കലും ഒരു നാളും. ആ മഹാമനസ്സിനേറ്റ നൊമ്പരം......... മഹാകവി മാപ്പ്...........

Your Rating: