Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ഒരു സംസ്കാരമാണ്, സ്മാരക ശിലകളല്ല

karoor

ഇന്ത്യയുടെ ആത്മാവിൽ തീക്ഷ്ണ പ്രഭാവവുമായി സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കും സാഹോദര്യങ്ങളിലേക്കും വിളിച്ചുണർത്തുന്നത് മന്ദഹാസം പൊഴിച്ചു നില്ക്കുന്ന സാംസ്കാരമാണ്. ആ സംസ്കാര പാരമ്പര്യത്തനിമയി ലാണ് ഓരോ ഇന്ത്യാക്കാരനും ലോകമെമ്പാടും സഹോദരി സഹോദരന്മാരെ പ്പോലെ ജീവിക്കുന്നത്. ആധുനിക കാലത്തിന്റെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനമുളള ഇന്ത്യ ഇന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ വരെ അടിച്ചമർത്തുന്ന ദയനീയ കാഴ്ച സ്വാതന്ത്ര്യ നിഷേധത്തിന് സമരാവേശം വർദ്ധിപ്പിക്കുന്നു.

ഇന്ത്യയിൽ ജനാധിപത്യമുണ്ടെങ്കിലും സാധാരണക്കാരനും പാവപ്പെട്ടവരും ഇന്നും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവരാണ്. ആരാണ് ഇതിനുത്തരവാദി ? ആർദ്രമായ ഹൃദയത്തോട് ജീവിക്കുന്ന എഴുത്തുകാരനും ധൈര്യശാലിയായ രാജ്യസ്നേഹിയും ഇത് അസഹ്യമായ ദുഃഖഭാരമാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ അധികാരത്തിന്റെ ഭൂതബാധയേറ്റ് കഴിയുന്ന അധികാര–മതഭ്രാന്തന്മാർക്കെതിരെ അവർ പ്രതികരിക്കും. അയ്യായിരത്തി അഞ്ഞൂറിലേറെ പഴക്കമുളള ഒരു സനാധന ധർമ്മത്തെ, ഒരു സംസ്കാരത്തെ ഹിന്ദുമതമാക്കിയവരിൽ എത്രപേർക്ക് ഋഗ്വേദം, സാമവേദം, യജുർവേദം, അഥർവേദം തുടങ്ങിയ വേദങ്ങളെപ്പറ്റി ബോധ്യമുണ്ട് ? വേദങ്ങൾ, ഇതിഹാസങ്ങൾ, ധർമ്മശാസ്ത്രജ്ഞർ, കല്പസൂത്രങ്ങൾ പഠിച്ചവർക്ക് അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുളളവരുടെ ഹൃദയത്തെ വ്രണപ്പെടുത്താൻ കഴിയില്ല. പല ഭരണാധിപന്മാരും സ്ഥാപിത താല്പര്യങ്ങൾക്കുവേണ്ടി ഭരണത്തെ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. അവിടെ മതം ഈ കൂട്ടരുടെ ഒരുൽപന്നമാണ്. അതിനെ കച്ചവടം ചെയ്ത് വോട്ടാക്കി മാറ്റുന്നു. ഇതിലൂടെ ഹിംസയ്ക്ക് സാമൂഹ്യമായ ഒരു സാധൂകരണം ലഭിക്കുന്നു. അതും തുടർച്ചയായി പ്രത്യക്ഷപ്പെടുമ്പോൾ രക്തച്ചൊരിച്ചിലും കലഹങ്ങളും അരാജകത്വവും നമ്മെ തുറിച്ചുനോക്കുന്നു. ഇത് സമൂഹത്തിൽ പ്രത്യേകിച്ചും യൗവനക്കാരിൽ തീവ്രമായ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ?

ഒരു ജനതയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു രാജ്യത്തിനും മുന്നോട്ടു പോകാൻ കഴിയില്ല. മനുഷ്യന്റെയുളളിൽ ഭയവും ഭീതിയും നിരാശയും കോപവും നിലനില്ക്കുമ്പോൾ ആ ആന്തരിക പോരാട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതിഷേധമായി പല രൂപത്തിലും പലരും പ്രത്യക്ഷപ്പെടും.

ആശയപരമായ വിയോജിപ്പിലും വിമർശനത്തിലും ഇവർക്ക് പ്രതീക്ഷ നൽകുന്നവരാണ് സമർത്ഥരായ ഭരണാധിപന്മാർ. മതത്തിന്റെ പേരിൽ വന്ന ഇവർ സ്വന്തം കർത്തവ്യത്തിൽ നിന്ന് േപടിച്ച രണ്ട് ഓടി രക്ഷപ്പെടുക മാത്രമല്ല എതിർക്കുന്നവരെ ആക്രമിക്കുക, അഭിപ്രായം എഴുതുന്നവരെ കൊലകത്തിക്കും വിധേയമാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇങ്ങനെയെങ്കിൽ ഈ കൂട്ടർ ആദ്യം കൊല്ലേണ്ടത് ഇതിഹാസ കൃതിയായ രാമായണത്തിന്റെ സൃഷ്ടികർത്താവും വാൽമീകി മഹർഷിയെ അല്ലേ ? വാൽമീകിയും വ്യാസനും കാളിദാസനും രവീന്ദ്രനാഥ ടാഗോറും കബിറുമൊക്കെ ഭാരതത്തിന്റെ സംസ്കാര ശില്പികളാണ്. അവരൊന്നും ഒരു മതത്തിന്റെ ശില്പികളായിരുന്നില്ല. വാൽമീകി മഹർഷി ജീവിച്ചിരുന്ന കാലത്ത് ഏറ്റവും ക്രൂരത കാട്ടിയത് ഒരു ഇണക്കിളിയെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനു നേരെയാണ്. അതിലൂടെ അദ്ദേഹം എഴുതിയ കവിത ‘മാനിഷാദ’ പിടഞ്ഞു വീഴുന്ന ഒരു പക്ഷിയുടെ വേദന വരച്ചു കാട്ടുകയായിരുന്നില്ല. മറിച്ച് കവിയുടെ ദുഃഖം രേഖപ്പെടുത്തുകയാണ് ചെയ്തത്. ഇങ്ങനെ ചരിത്ര താളുകളിൽ ഉപകാരിയും ഉപദ്രവകാരികളുമായ ധാരാളം കലാപകാരികൾ ജന്മമെടുത്തിട്ടുണ്ട്.

ഈ പ്രതിഷേധ സമരങ്ങൾ നേരിടുന്നത് ഭരണ പ്രതിപക്ഷ സ്ഥാനത്ത് മാത്രമല്ല സാഹിത്യ രംഗത്തുണ്ട്. ഒരു സാഹിത്യ സൃഷ്ടിയിൽ എത്രമാത്രം തേജസ് ഒളിഞ്ഞിരിപ്പുണ്ടെങ്കിലും അവരെ ആക്രമിക്കാൻ വരുന്നവരാണ് വിമർശകർ. ഒരു സൗന്ദര്യ ബോധത്തിന്റെ തീക്ഷ്ണ പ്രഭാവവുമായി ഉരസ്സുമ്പോൾ എഴുത്തുകാർ ആരും തന്നെ സാഹിത്യസൃഷ്ടി നിറുത്തിവെക്കാറില്ല. അവരെ അധിഷേപിക്കാറുമില്ല. എന്തുകൊണ്ടെന്നാൽ ആസ്വാദനം പോലെ തന്നെ വിമർശനവും ഏറ്റുവാങ്ങാൻ സൃഷ്ടി കർത്താവ് ബാധ്യസ്ഥനാണ്. വാത്മീകി മഹർഷി സൃഷ്ടികർത്താവും മാത്രമായിരുന്നില്ല. അസ്വാദകനും വിമർശകനുമായിരുന്നു. സൃഷ്ടിയില്ലെങ്കിൽ അസ്വാദനവും വിമർശനവുമില്ല. എന്നതുപോലെ ജനമില്ലെങ്കിൽ ഭരണവുമില്ല. ഒരു വ്യവസ്ഥിതിയിൽ ജനങ്ങളോട് പ്രതിജ്ഞ ചെയ്ത്, അധികാരത്തിൽ വരുന്നവർ സ്വന്തം അധികാരത്തിൽ അഹംകാരികളായി അഭിമാനം കൊളളാതെ സ്വന്തം ജനത്തെ പിളർത്തി മാറ്റാതെ യാതൊരു ചാഞ്ചല്യവുമില്ലാതെ ദീർഘവീക്ഷണമുളള ഭരണാധിപരന്മാരായി വാഴുകയാണ് വേണ്ടത്. ഇതിന് എന്തുകൊണ്ട് കഴിയുന്നില്ല. അതിന്റെ പ്രധാന കാരണം അവർ വിഭാവനം ചെയ്യുന്ന ജ്ഞാനം, ഭക്തി, കർമ്മം എന്നീ സദ്മാർഗ്ഗങ്ങൾ അവരിൽ നിന്നു അകന്നിരിക്കുന്നു. അതിലുപരി ഹിന്ദുമതത്തിന് മുൻപുണ്ടായിരുന്ന ജാതി വ്യവസ്ഥ ജനാധിപത്യ വ്യവസ്ഥയാക്കാനുളള ശ്രമത്തിലാണ്. പഴയ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇതര മതവിശ്വാസികളിലേക്കും കടന്നു വരുന്നു. നൂറ്റാണ്ടുകളായി ഇന്ത്യ പഠിപ്പിച്ച ചരിത്രബോധമാണ് ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ഭാരതീയ സംസ്കാരം. ആ സംസ്കാരത്തിലൂടെ കടൽകടന്നു വന്ന മതങ്ങളാണ് ക്രിസ്തുമതവും ഇസ്ലാംമതവും. ബിസിയുടെ അവസാനത്തിൽ കേരളത്തിലെത്തിയ ക്രിസ്തീയ മതം യഹൂദമത സംസ്കാരത്തിന്റെ തുടർച്ചയായി യേശു ക്രിസ്തുവിലൂടെ പുനർജനിച്ചതാണ്. ഇസ്ലാംമതം ഇന്ത്യയിലെത്തുന്നത് എ. ഡി. അറുന്നൂറിന് ശേഷമാണ്. ഈ രണ്ട് മതങ്ങളും യഹൂദമതവുമായി ബന്ധപ്പെട്ടതാണ്. യേശു ക്രിസ്തുവും മുഹമ്മദ് നബിയും ലോകത്തിന് കൊടുത്ത യഹൂദമതവുമായി ബന്ധപ്പെട്ടതാണ്. യേശു ക്രിസ്തുവും മുഹമ്മദ് നബിയും ലോകത്തിന് കൊടുത്ത സന്ദേശമാണ് സമാധാനം.

എല്ലാ മതങ്ങളും ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. മത വർഗ്ഗീയതയുളളവർ അധികാരികളായാൽ ജനത്തിന്റേത് അപമാനമായി മാറുന്നു. അതുമൂലം മനുഷ്യത്വരഹിതമായ അടിച്ചമർത്തലുകൾ, വംശീയ വൈരാഗ്യങ്ങൾ ഉടലെടുക്കുക വഴി മനുഷ്യ ജീവിതത്തിന് സംരക്ഷണവും സുരക്ഷിതത്വവും നഷ്ടപ്പെടുന്നു. സ്നേഹം ഭീകരതയെക്കാൾ ശക്തമെന്ന കാര്യം ഈ കൂട്ടർ മറക്കുന്നു. എവിടെ സ്നേഹമുണ്ടോ ആദരവുണ്ടോ അവിടെയാണ് സമാധാനമുളളത്. ഈ സത്യം ഹൃദയത്തിൽ ചേർത്തുവെച്ചു ജീവിക്കുന്ന വ്യക്തികളും കുടുംബങ്ങളും രാജ്യങ്ങളും നമ്മുടെ മുന്നിൽ ധാരാളമുണ്ട്. അടക്കം ചെയ്തു വെച്ചിരുന്ന ജാതിമത ചിന്തകൾ നിശ്ശബ്ദവും ഏകാന്തവുമായി നമ്മെ സമീപിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യക്കാർ സഞ്ചരിക്കുന്നത്. മരിച്ച പ്രണയങ്ങളെയും അന്ധമായ വിശ്വാസ കലഹങ്ങളെയും വീണ്ടും ആരിലാണ് ആത്മസംതൃപ്തി ഉണർത്തുന്നത്.

സമൂഹം ഇരുണ്ട ഒരു മുറിയിൽ നിശ്ശബ്ദമായി വീർപ്പുമുട്ടുമ്പോഴാണ് പ്രതീക്ഷകളുടെ കിരണങ്ങളുമായി സാംസ്കാരിക രംഗത്തുളളവരെത്തുന്നത്. ഒരു സംസ്കാരം പണിതുയർത്തുന്നതിൽ എഴുത്തുകാർക്ക് വലിയൊരു പങ്കുണ്ട്. അവരുടെ ശബ്ദത്തിനായി ജനങ്ങൾ കാതോർക്കുന്നു. അവരിലെ ജ്ഞാനോദയ മൂല്യങ്ങളായ സ്നേഹവും പ്രണയവും സാഹോദര്യവും മനുഷ്യനെ പുതിയൊരു ലോകത്തിലേയ്ക്കു വഴി നടത്തുന്നു. ഇന്ന് പല എഴുത്തുകാർക്കും മുൻപുണ്ടായിരുന്നവരെപ്പോലെ ഉൾക്കാഴ്ചകളോടെ സ്വാതന്ത്ര്യത്തെ, സമത്വത്തെ സാഹോദര്യത്തെ കശാപ്പു ചെയ്യുന്നവരെ വിചാരണയ്ക്ക് വിധേയമാക്കാൻ അക്ഷരത്തിലൂടെ ശ്രമിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ചുരുക്കം എഴുത്തുകാർ അടിയുറച്ച ജീവിത ദർശനത്തോടു കടന്നു വരുന്നു. ഒരു എഴുത്തുകാരൻ ആർജ്ജിച്ചിരിക്കേണ്ട കാൽപ്പനികവും നിഗൂഢവും കൃത്യവുമായ യാഥാർത്ഥ്യങ്ങളാണ് തന്റെ അന്തരാത്മാവിൽ വിറകായി, പുകയായി ആളി കത്തുന്ന അക്ഷരങ്ങളാക്കുന്നത്. ഈ കൂട്ടർ വിപ്ലവകാരികളായി മാറിയെന്നുമിരിക്കും. ജീവിത നിലനില്പിനും അതിജീവനത്തിനും വേണ്ടി സമരം ചെയ്യുന്നവർക്കൊപ്പം കേരളത്തിൽ എഴുത്തുകാരുണ്ടായിരുന്നു. അവർക്കൊരിക്കലും അധികാരത്തിന്റെ അപ്പകഷണം കടിച്ചുകൊണ്ട് ഒരു ഫ്യൂഡൽ, മത– വർഗ്ഗീയ സംസ്കാരത്തിന്റെ പ്രതിനിധികളായിരിക്കാൻ കഴിഞ്ഞിരുന്നില്ല. ചിലരൊക്കെ ധരിച്ചിരിക്കുന്നത് സാഹിത്യം പദവിക്കും അവാർഡിനും പ്രശസ്തിയ്ക്കും സമ്പത്തിനും വേണ്ടിയുളളതാണ്. ഇവരുടെ ശ്രദ്ധ സ്വന്തമായുളള സൗന്ദര്യ സങ്കല്പങ്ങളിലാണ്.

മുൻകാലങ്ങളിൽ രാജസദസ്സിലായിരുന്നെങ്കിൽ ഇന്നത് അധികാരത്തിന്റെ മട്ടുപ്പാവിൽ എന്നു മാത്രം. അക്ഷരമെന്നും ഒരു സംസ്കാരത്തിന് നൽകുന്ന എണ്ണയും തിരിയുമുളള വിളക്കാണ്. അത് ഇരുളിനെ അകറ്റുക തന്നെ െചയ്യും. അവർക്ക് മേൽ ആധിപത്യ മുറപ്പിക്കാൻ ഒരു സാമ്പ്രാജ്യത്തിനും സാധ്യമല്ല. കാരണം അവർ തന്നെ ഒരു സംസ്കാര– സാമ്പ്രാജ്യത്തിന്റെ ശില്പികളാണ്. ഏത് രാജ്യക്കാരനായാലും മതവിശ്വാസിയായാലും ഐക്യവും സ്നേഹവും സമാധാനവുമാണവശ്യം അല്ലാതെ ഇന്ത്യയുടെ തെരുവീഥികളിൽ അഴിഞ്ഞാടുന്ന മതസ്പർധ അക്രമം, അധികാരത്തിന്റെ ഗർവ്വല്ല. എനിക്കു ഇപ്പോഴുളള സംശയം ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കല്ലേ ? അതോ ഇന്ത്യയുടെ സംസ്കാരം ഏതെങ്കിലും നിഗൂഢ പദ്ധതികൾ എഴുതി ചേർത്ത് കുഴിമാടത്തിനു മുന്നിലെ ദുരന്ത സൗന്ദര്യ സംസ്കാര ശിലകളായി മാറിയോ ?

email-karoorsoman@yahoo.com

Your Rating: