Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറിഡിയം

shilin b ഷിലിന്‍ പരമേശ്വരം

അമ്മ വന്നു വിളിക്കുന്നത് കേട്ടാണ് ഉണ്ണി ഉണർന്നത്. കണ്ണു തുറക്കുമ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല. സൂര്യ പ്രകാശം ജനലിലൂടെ ശക്തിയായി മുറിയിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ വർഷങ്ങൾക്ക് മുൻപ് ഈ ലോകം തന്നെ വിട്ടുപോയ അമ്മയെങ്ങനെ വരാനാ? ഉണ്ണി ആത്മഗതം കൊണ്ടു. ഉണ്ണിയുടെ ജാതകത്തിന് പഴക്കം നാൽപത്തഞ്ച് കഴിഞ്ഞുവെങ്കിലും അവന്റെ മനോഹരമായ കണ്ണുകൾക്ക് താഴെ കാലം ചുളിവുകൾ ഒന്നും പായിച്ചിരുന്നില്ല. മേശപ്പുറത്തിരുന്ന് ഇന്നലെക്കുടിച്ച റമ്മിന്റെ കുപ്പി ഉണ്ണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കഷ്ടി രണ്ട് പെഗ്ഗ് കൂടെയുണ്ടാകും. ഉണ്ണിയും ചിരിച്ചു – കൊമ്പനാശ്ശേരി ഉണ്ണി.

ഒരു കാലത്തെ നാട്ടിലെ പേരു കേട്ട തറവാടായിരുന്നു കൊമ്പനാശ്ശേരി. മുത്തച്ഛന്റെ കാലത്ത് പതിനാറ് ആനകളെ ആയിരുന്നു തറവാടിന്റെ പറമ്പിൽ കെട്ടിയിരുന്നത്. അവസാനം കുടുംബങ്ങൾ പിരി‍ഞ്ഞു, സ്വത്തുക്കൾ പിരിച്ചു, തറവാടും ക്ഷയിച്ചു. ഇപ്പോൾ ഉണ്ണി മാത്രമേ അവിടെ താമസമുളൂ. അമ്മയുടെയും അച്ഛന്റെയും ഏക മകൻ, ജീവിതത്തിൽ എവിടെവെച്ചോ ഉണ്ണി തനിച്ചായി. വിവാഹം കഴിച്ചുകൂടേ എന്നാരെങ്കിലും ചോദിച്ചാൽ പ്രണയത്തിന്റെ ബലികൂടീരമാണ് വിവാഹം എന്ന് പറയും. എന്നാൽ പ്രണയിച്ചിരുന്നോ എന്നു ചോദിച്ചാലോ മുഖം മൂടിയണിഞ്ഞ കാമമാണ് പ്രണയം എന്നാകും മറുപടി. ഉണ്ണി പണ്ടേ അങ്ങനെയാ. കളള് കുടിക്കാനും ഭക്ഷണം കഴിക്കാനും വേണ്ടി അമ്മയുടെ പേരിൽ ഉണ്ടായിരുന്ന പുരയിടങ്ങൾ ഓരോന്നായി വിറ്റുതുലച്ചാണ് അവനും വയറും ദിനങ്ങൾ തളളി നീക്കിയിരുന്നത്.

‘‘ഉണ്ണ്യേ, ഉണ്ണ്യേ’’ താഴെ ഉമ്മറത്ത് ആരോ വന്നിരിക്കുന്നു. മച്ചിന്റെ മുകളിലൂടെ തലയ്ക്കുമീതെ എന്തോ ഒന്ന് ഓടിപോയി. മച്ചിന്റെ മുകളിൽ വാടക തരാതെ താമസിക്കുന്ന ഒരുപാട് പേർ അവിടെയുണ്ട്. മുകളിലത്തെ നിലയിൽ നിന്ന് പടികൾ ഇറങ്ങി ഉണ്ണി ഉമ്മറത്ത് എത്തി. നല്ല വെളുത്ത ചിരിയുമായി കൊപ്രാ ആണ്ടിയും ഒരു താടിക്കാരൻ സായിപ്പും അവിടെ ഉണ്ടായിരുന്നു. കൊപ്രാ ആണ്ടിയെന്നു പറയുമ്പോൾ കരുതും ആണ്ടിയ്ക്ക് കൊപ്രാ കച്ചവടം ആണെന്ന്. ഒന്നും ഇല്ല ചെറുതിലേ മുതൽ ആണ്ടിയുടെ മുൻനിര പല്ലുകൾ ഉന്തിയിട്ടായിരുന്നു മുഖത്ത് നിലനിന്നിരുന്നത് അങ്ങനെ നാട്ടുകാർ എന്നോ വിളിച്ചു തുടങ്ങിയ പേരാണത്. ഇപ്പോൾ കൊപ്രാ ആണ്ടി എന്നു പറഞ്ഞാലേ നാട്ടുകാർക്ക് ആണ്ടിയെ അറിയൂ, വേറെയും ആണ്ടിമാർ നാട്ടിൽ ഉണ്ടേ ! കൊപ്രാ ആണ്ടിയ്ക്കു അങ്ങനെ സ്ഥിരം തൊഴിൽ ഒന്നും തന്നെയില്ല. ആരുടെയെങ്കിലുമൊക്കെ കൂടെ നിന്ന് എന്തെങ്കിലും ഒക്കെ പറ്റിച്ചു ജീവിക്കുന്ന ഒരു പാവം ബുദ്ധിമാനായ വിഡ്ഢി. കൊപ്രയെ കണ്ടപ്പോൾ തന്നെ ഉണ്ണിയുടെ മുഖം ഒന്നു ചുളിഞ്ഞു. എന്തെങ്കിലും തരികിട പരിപാടിയും കൊണ്ടേ കൊപ്ര ആരുടെയെങ്കിലും അടുത്തുകൂടാറുളളൂ.

‘‘ഇങ്ങോട്ട് ഒന്നിരിക്കെന്റുണ്ണ്യേ’’ കൊപ്രാ അവിടെ അലക്ഷ്യമായി കിടന്ന കസേര നീക്കി മൂവർക്കും മുഖാമുഖം സംസാരിക്കാൻ അനുയോജ്യമായ സ്ഥാനത്തേക്കിട്ടു തുടർന്നു. ‘‘ഇതു മാർട്ടിൻ സായിപ്പ്, അങ്ങ് വിദേശത്ത് കച്ചവടമാ. കച്ചവടം എന്നുവച്ചാൽ പഴയ സാധനങ്ങൾ നാട്ടിൽ നിന്ന് വിലയ്ക്ക് വാങ്ങി വിദേശത്ത് കൊണ്ടു പോയി വിൽക്കുന്ന കച്ചവടം’’. ‘അപ്പോ സായിപ്പിന് വിദേശത്ത് ആക്രി കച്ചവടമാണോ?’’ ഒരു ഭവ്യതയും തന്നോട് കാണിക്കാതെ പെരുമാറുന്ന ആണ്ടിയെ ഒന്നു ഇരുത്താൻ വേണ്ടി തന്നെ ഉണ്ണി തന്റെ ചോദ്യം ഉന്നയിച്ചു. ‘‘ഏയ് അതല്ല ഉണ്ണി കുഞ്ഞേ അതല്ല’’ ഉണ്ണിയുടെ ചോദ്യത്തിലെ പന്തികേടും നീരസവും മണത്ത ആണ്ടി തെല്ലയഞ്ഞു ഒരൽപം വിനയം കൈക്കൊണ്ടു. ഒന്നും മനസ്സിലാകാതെ കൂട്ടത്തിൽ പൊട്ടനെ പോലെ ഇരിക്കുന്ന സായിപ്പ് ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. എന്തോ ഒരു വലിയ രഹസ്യം പങ്കിടാനെന്ന പോ‌‌ലെ ആണ്ടി ഉണ്ണിയുടെ ചെവിയുടെ അടുത്തേക്ക് മുഖം നീട്ടി കൊണ്ട് വന്നു. എന്നിട്ട് ശബ്ദം ഏറ്റവും താഴ്ത്തി ഉണ്ണിയോട് പറഞ്ഞു ‘സായിപ്പ് ആർ പിയുടെ ആളാ’ ‘ആരാ ഈ ആർ പി?’’ ഉണ്ണിയുടെ സംശയത്തോടെയുളള ആ ചോദ്യത്തിനു ഒരു ഗാംഭീര്യവും ഒപ്പം ഉണ്ണിയുടെ പുരികക്കൊടികൾക്ക് ഒരു ഒടിവും കൈവന്നു.

‘‘ഉണ്ണികുഞ്ഞേ, ആർ പി എന്നുവെച്ചാൽ റൈസ് പുളളർ. ഇറിഡിയം, ഇറിഡിയം എന്ന് കേട്ടിട്ടില്ലേ?’’ ആണ്ടി എല്ലാം അറിയുന്ന ഒരു ബുദ്ധി ജീവിയെപ്പോലെ ഒരു ചെറു ചിരിയോടെ പതിഞ്ഞ സ്വരത്തിൽ ഉണ്ണിയ്ക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാൻ തുടങ്ങി. ഈ ഇറിഡയം ഉണ്ടല്ലോ, പഴയ ലോഹപാത്രങ്ങളിലും വിഗ്രഹങ്ങളിലും പഴക്കം കൂടുന്നതനുസരിച്ച് ചെറിയ രീതിയിൽ ഉണ്ടാകുമത്രേ. ഇവന്റെ അംശം ഉളള സാധനത്തിനു അടുത്തു ഒരൽപം അരി വച്ചാൽ മതി അവൻ കാന്തം പോലെയങ്ങ് വലിച്ചെടുക്കും. ഇവന്റെ വില എത്രയെന്ന് ഉണ്ണികുഞ്ഞിന് അറിയോ ?’’ ഉണ്ണി തനിയ്ക്ക് ഇഷ്ടപ്പെട്ട വിഷയം പഠിപ്പിക്കുന്ന സ്കൂൾ മാഷിന്റെ മുൻപിൽ ഇരിക്കുന്ന കുട്ടിയെ പോലെ അതീവ ജിജ്ഞാസയോടെ ആണ്ടി തുറന്നുവച്ച ലോകത്തിൽ ലയിച്ചു ഇരിന്നുപോയി.

ആണ്ടിയുടെ ചോദ്യത്തിനു ഉത്തരമായി ഒരു യന്ത്രപ്പാവ തലയാട്ടും പോലെ ഇല്ലാ എന്ന അർത്ഥത്തിൽ ഉണ്ണി തലയാട്ടി. ‘‘കോടികൾ, കോടികളാണ് ഇതിന്റെ വില. വിദേശ കമ്പനികൾ ഇതിനെ കിട്ടിയാൽ ഉണ്ടല്ലോ ഒരു മോഹവിലയ്ക്ക് അങ്ങ് എടുക്കും. എന്നിട്ട് അതിനെ വിമാനത്തിലും റോക്കറ്റിലുമൊക്കെയങ്ങ് ഉപയോഗിക്കും ഇതേ സാധനം വേറേയാ. കിട്ടിയാൽ ഒറ്റയടിയ്ക്ക് കോടികൾ ഇങ്ങ് കൈയിൽ വരും.’’ ആണ്ടിയുടെ പ്രസംഗത്തിനു മുൻപിൽ ഉണ്ണി വാപൊളിച്ചിരുന്നു. പെട്ടെന്ന് ആണ്ടി ഒന്ന് നിശബ്ദനായി. വെടിക്കെട്ടു തീർന്ന ഉത്സവ പറമ്പുപോലെ നിശബ്ദത അവരുടെ ഇടയിൽ ഘനം വച്ചു.

അവരുടെ ഇടയിലെ മൗനം ഭഞ്ജിച്ചത് ഉണ്ണിയായിരുന്നു.’’ ഈ പറയുന്ന സാധനം ഇപ്പോ എവിടെ കിട്ടാനാ?’’ ആണ്ടിയുടെ വാക്സാമർത്ഥ്യത്തിൽ ഉണ്ണിയുടെ മനസ്സിളക്കി കഴിഞ്ഞിരുന്നു. കൊപ്രാ ഒന്നു കുലുങ്ങി ചിരിച്ചു. ‘എന്റെ ഉണ്ണികുഞ്ഞേ, േദ ഇങ്ങോട്ട് നോക്കിയേ. ഇവിടുത്തെ നിലവറയിൽ കാലങ്ങളായുളള ഒരുപാട് പഴയ പാത്രങ്ങളും സാമഗ്രികളും ഇല്ലേ ? നമുക്ക് നമ്മുടെ സായിപ്പിനെ കൊണ്ട് ഒന്ന് പരിശോധിപ്പിക്കാമെന്നേ ! പിന്നെ, സംഭവം എങ്ങാനും കിട്ടിയാൽ ഉണ്ണിക്കുഞ്ഞു പിന്നെ ആരാ ? കോടീശ്വരൻ, കൊമ്പനാശ്ശേരിയുടെ പഴയ പ്രതാപം ഒക്കെയിങ്ങു തിരിച്ചു വരും. ഉണ്ണിക്കുഞ്ഞ് എന്ത് പറയുന്നു.?’’

ക്ഷണനേരം കൊണ്ട് ഒരായിരം സംശയങ്ങളും ചിന്തകളും ഉണ്ണിയുടെ മനസ്സിലൂടെ കടന്നു പോയി. ‘സായിപ്പിനെ വിശ്വസിക്കാമോ ?’’ ഉണ്ണി കൊപ്രായെ നോക്കി സംശയ ഭാവത്തിൽ ചോദിച്ചു. ‘ഉണ്ണിക്കുഞ്ഞേ ധൈര്യമായി ഇവനെ വിശ്വസിക്കാം. നമ്മുടെ നാട്ടുകാരെ പോലെയല്ലാ നേരും നെറിയും ഉളള കൂട്ടമാ. പിന്നെ ചതിച്ചാൽ വിടില്ല തോക്കും കൊണ്ട് നടക്കുന്ന ജാതികളാ’’ ഉണ്ണി ആലോചനയുടെ ലോകത്തിൽ ഒന്നു മെല്ലെ തപ്പിത്തടഞ്ഞു. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന നിലവറയാണ്. പണ്ട് സ്വത്ത് വീതം വച്ചപ്പോൾ സ്വന്തക്കാർ പലതും കൊളളയടിച്ചുകൊണ്ടുപോയി. എങ്കിലും വിളക്കും ഉരുളിയും അങ്ങനെ എന്തൊക്കെയോ ഒരുപാട് പാത്രങ്ങളും സാധനങ്ങളും അതിനുളളിൽ ഉണ്ട്. അങ്ങോട്ട് തിരഞ്ഞു നോക്കിയിട്ടു തന്നെ വർഷങ്ങൾ കഴിഞ്ഞു. ഉണ്ണി പാതി മനസ്സോടെ നിലവറയുടെ താക്കോൽ നൽകാമെന്ന് സമ്മതം മൂളി. കൊപ്രാ കാര്യം നടന്നുവെന്ന അർത്ഥത്തിൽ സായിപ്പിനെ നോക്കിയൊന്ന് തലകുലുക്കി.

അകത്തേക്കു പോയ ഉണ്ണി വർഷങ്ങൾ പഴക്കം ഉളള ഒരു തക്കോലുമായി പുറത്തേക്ക് വന്നു. ‘‘വർഷങ്ങളായി നിലവറ ഒന്ന് തുറന്നിട്ട്, സൂക്ഷിക്കണം ! ഇഴയുന്നത് ഉണ്ടാവാൻ സാധ്യതയുണ്ട്. സായിപ്പിനോട് പറഞ്ഞേക്കണം.’ ഉണ്ണി താക്കോൽ കൊപ്രയുടെ കൈയിൽ കൊടുത്തു. ‘അതൊക്കെ ഞാനേറ്റു ഉണ്ണിക്കുഞ്ഞേ. ഞാനും സായിപ്പിനോടൊപ്പം ഉണ്ടന്നേ. പിന്നെ കച്ചവടം വല്ലതും നടന്നാൽ ഈ പാവം ആണ്ടിയുടെ കാര്യം മറന്നു പോകരുത് കേട്ടോ ?’’ കൊപ്രാ തലചൊറിഞ്ഞു കൊണ്ടു പറഞ്ഞു. ‘അതൊക്കെ ശരിയാക്കാം ആണ്ടിയേ’ ഉണ്ണി സമ്മതഭാവത്തിൽ തലകുലുക്കി പറഞ്ഞു. സായിപ്പും കൊപ്രയും യാത്ര പറഞ്ഞു.

ഒരാഴ്ചയായി കൊപ്രയും സായിപ്പും നിലവറയിൽ തിരക്കിലാണ്. ഇടയ്ക്കിടയ്ക്ക് പാത്രങ്ങൾ തറയിൽ വീഴുന്ന ശബ്ദം നിലവറയിൽ നിന്നും കേൾക്കാമായിരുന്നു. അത് അവയുടെ ദീർഘ നിദ്രയ്ക്ക് ഭംഗം വരുത്തിയതിന്റെ പ്രതിഷേധം അറിയിക്കുന്നതുപോലെ തോന്നിച്ചു. ഉണ്ണിയ്ക്ക് എന്തായാലും ഒന്നും അറിയേണ്ട കാര്യമില്ല. കാലത്തെ തന്നെ ഉണ്ണിയ്ക്കുളളത് പൂമുഖത്ത് മേശപ്പുറത്ത് ഉണ്ടാകും. നല്ല മുന്തിയ വിസ്കിയോ റമ്മോ പിന്നെ കൃത്യ സമയങ്ങളിൽ ഭക്ഷണവും. ഉണ്ണിയ്ക്കോ പെരുത്ത് സന്തോഷവും.

അന്ന് ഉച്ചയ്ക്ക് ഉണ്ണി നല്ല ഉറക്കത്തിലായിരുന്നു. ‘ഉണ്ണിക്കുഞ്ഞേ, ഉണ്ണിക്കുഞ്ഞേ’ നല്ല ഇമ്പത്തിൽ മൃദുവായുളള നീട്ടി വിളി. ഞെരിഞ്ഞു പിരിഞ്ഞു ഉണ്ണി കണ്ണു തുറന്നപ്പോൾ മുമ്പിൽ നിൽക്കുന്നു കൊപ്രാ. ‘ഉം.. എന്താ, എന്താ ആണ്ടി ?’ കണ്ണുകൾ തിരുമി. ഉറക്കം മുറിഞ്ഞതിൽ തെല്ലു നീരസത്തോടെ ഉണ്ണി തിരക്കി. ‘ഉണ്ണിക്കുഞ്ഞേ, ഇതൊന്നു നോക്കിയേ ?’’ ആണ്ടി ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ നിന്നു എന്തോ പുറത്തെടുത്തു. ഉണ്ണി തന്റെ ക്ഷീണമാർന്ന കണ്ണുകൾ വലിച്ചു തുറന്ന് നോക്കി. ഒരു കൊച്ചു വിഗ്രഹം. ലോഹത്തിൽ തീർത്ത ഒരു ദേവീ ശില്പം. പുതിയതുപോലെ അത് നല്ല തിളക്കമാർന്നു കാണപ്പെട്ടു. ‘നമ്മൾ വിചാരിച്ച സാധനം ഇവിടില്ലായിരുന്നു ഉണ്ണിക്കുഞ്ഞേ. പക്ഷേ സായിപ്പിനു ഇതിനോട് ഒരു കമ്പം. ഉണ്ണിക്കുഞ്ഞിനോട് ചോദിക്കാൻ പറഞ്ഞു. സായിപ്പ് വില തരും’ ഭവ്യതയോടെ ആണ്ടി കാര്യം അവതരിപ്പിച്ചു.

‘മം... എന്തു തരും എന്ന് ചോദിക്കൂ’ കിട്ടാനിരുന്ന കോടികൾ നഷ്ടമായതിന്റെ നിരാശയിൽ ഉണ്ണി ചോദിച്ചു. പോരാത്തതിന് സായിപ്പ് പോയാൽ പിന്നെ എന്നും കണികാണുന്ന മദ്യക്കുപ്പികളും മുട്ടും. ഒരു എഴുപത് തരാം എന്നു പറഞ്ഞു’. ‘എഴുപത് രൂപയോ ഇത് തൂക്കികൊടുത്താൽ പോലും കണ്ണടച്ചു ഒരു അഞ്ഞൂറു രൂപാ കിട്ടുമല്ലോ?’ ഉണ്ണിയ്ക്ക് ദേഷ്യം വന്നു. ‘എന്റെ ഉണ്ണിക്കുഞ്ഞേ, ഇത് എഴുപത് ലക്ഷമാ, ലക്ഷം’ . ലക്ഷം എന്ന് കേട്ടപ്പോൾ ഉണ്ണിയ്ക്ക് തല ഒന്ന് കറങ്ങുന്നത് പോലെ തോന്നി. ‘ഉണ്ണിക്കുഞ്ഞ്, ഒന്ന് വന്നേ സായിപ്പ് ഉമ്മറത്തിരിക്കുന്നുണ്ട്’. ആണ്ടി ആ വിഗ്രഹം പഴയപോലെ കവറിൽ വച്ചു.

ഉണ്ണി സ്വബോധം ഒന്ന് വീണ്ടെടുത്ത് ആണ്ടിയോടൊപ്പം പടികൾ ഇറങ്ങി. ‘ആണ്ടി, ഒരു ഒരു കോടി രൂപാ ചോദിക്ക്. ഇപ്പോഴുളളതിൽ നിന്നു എന്തെങ്കിലും മാറ്റം വന്നാലോ?’’ ഉണ്ണിയുടെ ഉളളിലെ മനുഷ്യ സഹജമായ അതിമോഹം പുറത്തേക്ക് തളളി. ‘നമുക്ക് നോക്കാം ഉണ്ണിയേ ആണ്ടി ഉണ്ണിയെ ആശ്വസിപ്പിച്ചു. ഉമ്മറത്ത് ചെല്ലുമ്പോൾ സായിപ്പ് തന്റെ സ്ഥിരം ചിരിയുമായി ഉണ്ണിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. മൂവരും ഇരുന്നു. മൂവർക്കും മദ്ധ്യത്തിൽ ടീപ്പോയിൽ പ്ലാസ്റ്റിക്ക് കവറും അങ്ങനേ ഇരുന്നു. ഉണ്ണി ആണ്ടിയുടെ നേരേ കണ്ണുകൾ ഇളക്കി ആംഗ്യം കാണിച്ചു. ആ ആംഗ്യം മനസ്സിലാക്കിയതുപോലെ ആണ്ടി സായിപ്പിനെയും വിളിച്ചു മുറ്റത്തേക്കിറങ്ങി നിന്നു അടക്കത്തിൽ സംസാരം തുടങ്ങി. രണ്ടു പേരുടെയും മുഖഭാവത്തിൽ കാര്യത്തിന്റെ ഗൗരവം സ്ഫുരിച്ചു നിന്നു.

ഉണ്ണിയ്ക്ക് അത്ഭുതം തോന്നി ജീവിതത്തിൽ സ്കൂളിന്റെ പടിപോലും കാണാത്ത ആണ്ടി എങ്ങനെയീ സായിപ്പുമായി ആശയവിനിമയം നടത്തുന്നു? ഒരുപക്ഷേ ആവശ്യങ്ങളാവാം മനുഷ്യനെ പുതിയ പല കാര്യങ്ങളും പഠിപ്പിക്കുന്നത്. സായിപ്പിനു കൈ കൊടുത്ത് ആണ്ടി ഉണ്ണിയുടെ അടുത്തേക്ക് നടന്നെത്തി. ‘എല്ലാം ഓക്കേ ! എൺപതിനു ഉറപ്പിച്ചു. ഉണ്ണിക്കുഞ്ഞ് മുടക്കം പറയരുത്. ഒരു വിധമാ സായിപ്പ് സമ്മതിച്ചത്. ആണ്ടി ഉണ്ണിയുടെ കൈപിടിച്ചും ഒരു ഷെയ്ക്ക ഹാന്റ് നൽകി. അതെങ്കിൽ അത് രണ്ടു മനസ്സോടെ അവസാനം ഉണ്ണി സമ്മതം മൂളി. ‘പിന്നെ ഒരു കാര്യം ഉണ്ണിക്കുഞ്ഞേ’ ആണ്ടി വാക്കുകളിൽ ഗൗരവഭാവം കൈവന്നു. ‘ഇന്ന് നാലാം തിയതി. സായിപ്പിനു കാശ് വരാൻ കുറച്ച് ദിവസം എടുക്കും. കാശ് അങ്ങ് മദ്രാസിൽ നിന്നും ബോംബെയിൽ നിന്നും വേണം വരണം. വരുന്ന പതിനേഴിന് സായിപ്പ് വിദേശത്തേക്ക് തിരിച്ച് പോകും. അന്ന് വൈകിട്ട് കാശും വിഗ്രഹവും കൈമാറും. കച്ചവടം കഴിഞ്ഞാൽ സായിപ്പ് അപ്പോൾ പറക്കും. അപ്പോ എല്ലാം ശരിയല്ലേ ?’’ ആണ്ടി ഉണ്ണിയോട് ചോദിച്ചു.

മറ്റൊരു ലോകത്തിൽ ഇന്നു കൊണ്ട് ഉണ്ണി തലകുലുക്കി. സായിപ്പും ആണ്ടിയും ഈ പറഞ്ഞ കരാറിൻ മേലുളള ഉണ്ണിയുടെ സമ്മതവും വാങ്ങി സലാം പറഞ്ഞു. ഉണ്ണിയുടെ കണ്ണുകൾ പ്ലാസ്റ്റിക് കവറിൻ മേൽ പതിഞ്ഞു. ചിന്തകൾ മറ്റോരിടത്തും.

നെട്ടാശ്ശേരി എന്നു പേരുളള ആ ചെറിയ കുന്നു കയറുമ്പോൾ ഉണ്ണി നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു. ലക്ഷ്യം മറ്റൊന്നും അല്ല നെട്ടാശ്ശേരി മണിയൻ മൂശാരിയെ കാണണം. മണിയൻ ഉണ്ണിയുടെ ബാല്യകാല സുഹൃത്തും സഹപാഠിയും ആയിരുന്നു. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് അമ്മ തന്നു വിട്ടിരുന്ന പൊതിച്ചോറ് എത്ര രുചിയോടെയാണ് മണിയനോടൊപ്പം പങ്കിട്ടു തിന്നിരുന്നത് ഉണ്ണി ഓർത്തു. പത്താംതരം കഴിഞ്ഞപ്പോൾ ഉണ്ണി തന്റെ വഴിക്കും മണിയൻ തന്റെ കുലതൊഴിലിലേക്കും തിരിഞ്ഞു. കഠിനാധ്വാനി, തൊഴിൽ ആത്മാർത്ഥയുളളവൻ, ലോഹം കൊണ്ട് ചിത്രം വരയ്ക്കുന്നവൻ, നല്ല ഒരു സുഹൃത്ത് ഇതൊക്കെയാണ് മണിയൻ. തൊഴിലിൽ കഴിവുണ്ടായിട്ടെന്താ കാര്യം ദാരിദ്ര്യം അവന്റെ വിട്ടുമാറാത്ത തോഴനെപ്പോലെ ആയിരുന്നു. അന്നും ഇന്നും അവനു ദാരിദ്ര്യം തന്നെ. മൂന്നു കുട്ടികളും ഭാര്യയും അങ്ങനെ അഞ്ചു വയർ നിറയ്ക്കാനുളള തത്രപ്പാടിൽ ജീവിതം മൂശയിൽ തീർക്കുന്ന ഒരു പാവം മൂശാരി.

കുന്നുകയറി മുളയും ഉണക്ക കമ്പുകളും കൊണ്ട് തീർത്ത വേലി കടന്ന് ഉണ്ണി മണിയന്റെ ചെളിയിൽ തീർത്ത കൊച്ചു വീടിന്റെ മുൻപിൽ എത്തി. തൊട്ടടുത്തു തന്നെ ഉളള സാമാന്യം വലിയ ആലയിൽ തീ ഉണ്ടായിരുന്നില്ല. പുറത്തെ കാൽ പെരുമാറ്റം കേട്ടിട്ടാവണം മണിയൻ ആയിരുന്നു കുടിലിൽ നിന്ന് ഇറങ്ങി വന്നത്. ‘എടിയേ, ഇതാരാ വന്നിരിക്കുന്നേന്ന് ഒന്ന് നോക്കിയേ’ മണിയൻ ആ പറമ്പ് മൊത്തം കേൾക്കുന്ന തരത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു. ‘ വാ ഉണ്ണ്യ, എന്താ വിശേഷം ? എന്തു പറ്റി ഇങ്ങോട്ടൊക്കെ?’’ ഉണ്ണി ചിരിച്ചു. ‘‘എടീ മൂധേവി, ഒരു കസാര ഇങ്ങ് എടുത്തേ ’’ വീണ്ടും മണിയന്റെ നിലവിളി. അപ്പോ ഉളളിൽ നിന്നു ഒരു പാണ്ടിമാടു പോലെ ഒരു കറുത്ത തടിച്ചി ഒട്ടും തന്നെ വൃത്തിയില്ലാത്ത വേഷത്തിൽ ഒരു സ്റ്റൂളും എടുത്ത് പുറത്തേക്ക് വന്നു. ആരുടെയും മുഖത്ത് നോക്കാതെ അവർ സ്റ്റൂൾ മുറ്റത്തിട്ടു അകത്തേക്കും കയറിപ്പോയി. ഉണ്ണിയെ കണ്ട സന്തോഷത്തിൽ മതിമറന്ന മണിയനു പെട്ടെന്ന് സ്ഥല കാലബോധം കൈവന്നു. തോളിൽ കിടന്ന മുഷിഞ്ഞ തോർത്തുകൊണ്ട് സ്റ്റൂൾ തുടച്ച് ഉണ്ണിയുടെ മുമ്പിലേക്ക് ഇരിക്കാനായി നീക്കിയിട്ടു കൊടുത്തു. സ്നേഹത്തോടെയും നിറഞ്ഞ ഭവ്യതയോടെയും മണിയൻ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി നിലത്ത് കുത്തിയിരുന്നു.

ഉണ്ണി തന്റെ ആഗമനോദ്ദേശ്യം വളരെ പതിഞ്ഞ ശബ്ദത്തിൽ മണിയനോട് പറ‍ഞ്ഞു. നാല് കാതുകൾക്ക് മാത്രം ശ്രവ്യമാകും വിധത്തിൽ. ഉണ്ണി മണിയനെ താൻ വന്ന കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. തന്റെ കൈയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽ നിന്നും അതീവ ശ്രദ്ധയോടെ ആ ലോഹ ശില്പം പുറത്തേക്കെടുത്തു. സന്ധ്യയോടടുത്ത ഷോണവർണ്ണത്തിലെ സൂര്യ രശ്മികൾ ആ ബിംബത്തെ ഒന്നുകൂടെ കൂടുതൽ പ്രകാശിപ്പിച്ചു. ഉണ്ണിയ്ക്ക് ഇതിന്റെ വിലയായിരുന്നു അറിയേണ്ടിയിരുന്നത്. മണിയൻ അതു കൈയിലേക്ക് വാങ്ങി അതിനെ സസൂക്ഷ്മം പരിശോധിച്ചു. ‘ഉണ്ണി ഇതിന്റെ കൃത്യ വില എനിയ്ക്ക് പറയാൻ പറ്റില്ല. പക്ഷേ ഇത് ഒരു സാധാരണ ലോഹക്കൂട്ടല്ല. ഞാൻ ഇത്തരം ഒന്ന് ഇതിന് മുൻപ് കണ്ടിട്ടേയില്ല. എന്തായാലും സായിപ്പ് പറഞ്ഞതിന്റെ ഇരട്ടി ഉണ്ടാകണം ഇതിന്റെ യഥാർത്ഥ വില. മധുരയിൽ ഉളള എന്റെ ഒരു പരിചയക്കാരൻ ചെട്ടിയാർക്ക് ഇതിന്റെ ഒക്കെ കളളകടത്ത് ബിസിനസ് ഉണ്ട്. ഒരു പക്ഷേ അയാളെ കാണിച്ചാൽ ഇതിലും വില ഉണ്ണിയ്ക്ക് കിട്ടും.’’

ഉണ്ണി ആകെ ധർമ്മസങ്കടത്തിൽ ആയി സായിപ്പിനോട് എന്തു പറയും. വാക്ക് പറഞ്ഞു പോയി. ഒരു വശത്ത് സായിപ്പ് തരാം എന്നു പറഞ്ഞതിലും കൂടുതൽ കാശ് കിട്ടുമെന്ന് തന്റെ മോഹം തന്നെ ഭ്രമിപ്പിക്കുന്നു. മറുവശത്ത് പറഞ്ഞു പോയ വാക്ക് മനസ്സിനെ കടിഞ്ഞാണിടാൻ ശ്രമിക്കുന്നു. ‘‘വാക്ക് മാറ്റാൻ പറ്റില്ല മണിയാ. പറഞ്ഞ സാധനം കൊടുത്തില്ലെങ്കിൽ അതൊരു കശപിശയായാൽ നാട്ടുകാർ അറിയും. പുറം ലോകത്ത് വാർത്തയെത്തിയാൽ തീർന്നു. പുരാവസ്തുവെന്നും ഗവേഷണം എന്നുമൊക്കെ പറഞ്ഞ് തറവാട് തന്നെ ഗവർമെന്റ് കണ്ടു കെട്ടും. ഇനി ഇപ്പോ എന്തു ചെയ്യാനാ മണിയാ?’’ ഉണ്ണിയുടെ വാക്കുകളിൽ നിരാശയുടെ ഓളങ്ങൾ വ്യക്തമായിരുന്നു. മണിയൻ തന്റെ ചെവിയുടെ പുറകിൽ നിന്ന് കുതി വലിച്ച ബീഡിയെടുത്ത് ചുണ്ടിന്റെ ഒരു കോണിൽ കടിച്ചു പിടിച്ച് കൈയ്യിൽ ഉണ്ടായിരുന്ന തീപ്പെട്ടിയുരച്ച് അതിനെ ഒന്നു കൂടെ കത്തിച്ച് ഒന്നാഞ്ഞ് വലിച്ചു.

‘‘ ഉണ്ണ്യ, നമ്മൾ ഇത് കൊടുക്കുന്നുമില്ല. വാക്കു മാറുന്നുമില്ല. ചെട്ടിയാർക്ക് ഇത് കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യും.’’ മണിയന്റെ വാക്കുകളുടെ ദൃഢത തീരുമാനത്തിന്റെ ശക്തിയെ വ്യക്തമാക്കി. ‘‘ ഉണ്ണിയ്ക്ക് എന്നെ വിശ്വാസം ഉണ്ടോ ?’’ മണിയൻ ചോദിച്ചു. ‘‘ഉം’’ ഉണ്ണി ഒന്ന് മൂളി. ‘ഉണ്ടെന്നോ ഇല്ലേന്നോ ?’’ മണിയന്റെ ശബ്ദത്തിനുഘനം കൂടി. ‘ ഉണ്ട്, മണിയാ. ഉണ്ട്.’’ ഉണ്ണി ശബ്ദം മണിയനു വിധേയത്വം പ്രഖ്യാപിച്ചു. ‘‘നമ്മൾ ഇതു പോലൊരണ്ണം ഉണ്ടാക്കി സായിപ്പിനങ്ങ് കൊടുക്കും. അണ കുറയാതെ തരാം എന്നു പറഞ്ഞ മൊത്തം കാശും വാങ്ങും’’ മണിയൻ തറപ്പിച്ചു പറഞ്ഞു. ‘‘മണിയാ, അതെങ്ങനെ? സായിപ്പ് ഇത് കണ്ടതാണ്. അതു മാത്രമല്ല പറ്റിച്ചു കാശ് വാങ്ങിയാൽ ചതിയല്ലേ?’’

‘‘ഒരു ചതിയുമില്ല ഉണ്ണി. സായിപ്പ് ഉണ്ണിയെ ചതിക്കാൻ നോക്കി. അതിനു നമ്മൾ തിരിച്ചു ഒരു ആപ്പ് കൊടുക്കുന്നു അത്ര തന്നെ. ഉണ്ണി ഇവിടെ വന്നില്ലെങ്കിലോ സായിപ്പ് പറ്റിച്ചോണ്ടങ്ങ് പോയേനേ. സായിപ്പിനിട്ടൊരു ചെറിയ ആപ്പ് അത്രേ ഉളളു’’ മണിയൻ വാക്കുകൾ കൊണ്ട് ഒരു വലിയ ചതിയെ അങ്ങ് ലഘൂകരിച്ചു. ‘‘മാത്രമല്ല സായിപ്പിനോട് പോകുന്ന ദിവസം വൈകിട്ട് ഒരു ആറ് മണിയ്ക്കുശേഷമേ വരാൻ പാടുളളൂ എന്ന് വേണം പറയാൻ. പണവും വിഗ്രഹവും കൈമാറുമ്പോൾ വെളിച്ചം കുറഞ്ഞ അകത്തെ മുറിയിൽ കൊണ്ടുപോയി വേണം ചെയ്യാൻ. വെട്ടകുറവും സായിപ്പിന്റെ സമയക്കുറവും നമുക്ക് ഗുണം കൂട്ടും. പിന്നെ എല്ലാം ഉണ്ണീടെ മിടുക്ക്. ഉണ്ണിയ്ക്കേ ഇതിനു പറ്റൂ. ഇതും കൊണ്ട് പറക്കുന്ന സായിപ്പ് അങ്ങ് നാട്ടിൽ എത്തുമ്പോഴേ തനിക്ക് പറ്റിയ അമളി മനസ്സിലാക്കുളളു. അപ്പോഴേക്കും ഉണ്ണി ഇതിനെ വിറ്റ കാശ് കൊണ്ട് ഒരു മുതലാളിയായി തീരും.. കാശ് വന്നാൽ ശക്തിയും വരും. സായിപ്പെങ്ങാനും പിന്നെ ഇതും പറഞ്ഞ് ഈ വഴിക്ക് വന്നാൽ ഒരു പൊടിപോലും ഉണ്ടാവില്ല. കത്തിച്ചു കളയും.’’ മണിയന്റെ വാക്കുകൾ ഉണ്ണിയ്ക്ക് ശരിയ്ക്കും ശക്തി നൽകി.

ഉണ്ണി സമ്മതം എന്ന അർത്ഥത്തിൽ തലയാട്ടി. മണിയൻ വിഗ്രഹം കൈയ്യിലെടുത്തു ‘ഇതിവിടെ ഇരിക്കട്ടെ ഉണ്ണ്യ. ഇതു പോലൊരെണ്ണം പണിയാൻ ഒരു മൂന്ന് ദിവസം. ഒരു മൂന്ന് ദിവസം സമയം താ എന്റുണ്ണ്യ, ഇതിനെ തോൽപിക്കുന്ന ഒന്ന് ഞാൻ ശരിയാക്കിത്തരാം. ഇതോടെ ഞാൻ ഈ പണി വിടുവാ. ശേഷകാലം ഉണ്ണി മുതലാളിയുടെ കാര്യസ്ഥനായി ഞാനങ്ങ് കൂടും. കൊമ്പനാശ്ശേരി ഉണ്ണിയുടെ കാര്യസ്ഥൻ’’ .‘‘ സമ്മതം, ഒരായിരം വട്ടം സമ്മതം’’ ഉണ്ണി മണിയൻ മൂശാരിയെ കെട്ടിപ്പിടിച്ചു സമ്മതം ചൊല്ലി. മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ കണ്ടു ഉണ്ണി ആ ചെറുകുന്ന് ഇറങ്ങുമ്പോൾ ഇരുളടഞ്ഞ് കിടന്നിരുന്ന മണിയൻ മൂശാരിയുടെ ആലയിൽ വിളക്ക് തെളിഞ്ഞു.

സായിപ്പും കൊപ്രയും ഉണ്ണി പറഞ്ഞപോലെ ആറ് മണിയോടെ കൊമ്പനാശ്ശേരിയുടെ പൂമുഖത്ത് ഹാജരായി. ഉണ്ണി പതിവില്ലാത്ത വണ്ണം വിളക്ക് കൊളുത്തി ചന്ദനം തൊട്ട് പുറത്തേക്കിറങ്ങി വന്നു. സായിപ്പിന്റെ കൈയ്യിൽ രണ്ടു ചുവന്ന ബാഗുകൾ ഉണ്ടായിരുന്നു. ‘‘ഉണ്ണികുഞ്ഞേ, പറഞ്ഞ പോലെ രൊക്കം കാശുണ്ട്. ഒന്ന് എണ്ണി നോക്ക്യേ.’’ ആണ്ടി സായിപ്പിന്റെ കൈയ്യിൽ നിന്ന് ഒരു ബാഗ് വാങ്ങി മേശപ്പുറത്ത് വച്ചു. ‘‘ നിങ്ങളെ എനിയ്ക്ക് വിശ്വാസമാ ആണ്ടിയേ. എണ്ണിനോക്കേണ്ട ആവശ്യമില്ല.’’ ഉണ്ണി താഴ്മയോടെ പറഞ്ഞു. ‘‘കാശും വിഗ്രഹവും അകത്ത് പൂജാമുറിയിൽ വച്ച് കൈമാറാം. അതാണ് കച്ചവടത്തിന്റെ സത്യം.’’ ഉണ്ണി കൂട്ടിച്ചേർത്തു. ‘‘അത് സത്യം. അതാണ് നെറിയുളള കച്ചവടം. ഗുരുത്വം വേണം, ഗുരുത്വം’’ കൊപ്രാ ഉണ്ണിയെ പിൻതാങ്ങി. അകത്തെ മുറിയിൽ കത്തിച്ച നിലവിളക്കിന്റെ മുന്നിൽ നിന്നു കൊണ്ട് അവർ പണവും മുതലും കൈമാറി.

നിലവിളക്കിന്റെ ശോഭയിൽ വിഗ്രഹം സായിപ്പിന്റെ കൈയ്യിൽ ഇരുന്ന് ജ്വലിച്ചു. ശില്പത്തെ ഒന്ന് നോക്കിയ ശേഷം അതിനെ ഭദ്രമായി ഒരു തുണിയിൽ പൊതിഞ്ഞ് സായിപ്പ് ബാഗിനുളളിൽ നിക്ഷേപിച്ചു. സായിപ്പും കൊപ്രയും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉണ്ണി പടിയ്ക്കൽ നിന്നു കൈവീശി. ‘‘ സായിപ്പിനെ യാത്രയാക്കിയിട്ടു ഞാൻ കാലത്തിങ്ങു പോരാം. ‘‘എന്റെ കാര്യം ’’ തന്റെ കാര്യം ഓർമ്മിപ്പിച്ചു കൊണ്ട് കൊപ്രാ വിളിച്ചു പറഞ്ഞു. ഉണ്ണി തന്റെ മുറിയ്ക്കുളളിൽ കൊണ്ടുപോയാണ് ബാഗ് തുറന്നത്. പുത്തൻ നോട്ടുകൾ. അതിന്റെ മണം മുറിയിൽ പരക്കുന്നതുപോലെ ഉണ്ണിയ്ക്ക് തോന്നി. ചതിയാണ് കാണിച്ചത് കൊടുംചതി. കുഴപ്പമില്ല സായിപ്പും തന്നെ പറ്റിക്കാൻ അല്ലേ നോക്കിയത്.

നാളെ വെളുപ്പിന് മണിയനോടൊപ്പം ചെട്ടിയാരെ കാണാൻ മധുരയ്ക്ക് യാത്ര തിരിക്കണം. ഈ പണം നിലവറയ്ക്കുളളിൽ വച്ച് പൂട്ടണം. നാളത്തേക്ക് ഉളള പരിപാടി എല്ലാം ഇന്നു തന്നെ തീർത്തു വയ്ക്കണം ആരോ താഴെ വിളിക്കുന്ന പോലെ കതകിനും ഇടിയ്ക്കുന്നുണ്ട്. ബാഗ് കട്ടിലിനടിയിലേക്ക് നീക്കി വച്ച് ഉണ്ണി താഴേക്ക് ചെന്നു. ഒരു പക്ഷേ സായിപ്പ് ആയിരിക്കുമ ? താൻ പിടിയ്ക്കപ്പെട്ടോ? സായിപ്പ് പോയിട്ട് മണിക്കൂർ ഒന്നായി. അവരായിരിക്കില്ല. കതകിനു അടുത്തെത്തിയപ്പോൾ മനസ്സിലായി അത് ആണ്ടിയുടെയും സായിപ്പിന്റെയും ശബ്ദമായിരുന്നു. കതകിൽ ആരോ ചവിട്ടുകയാണ്. കാലപഴക്കം കൊണ്ട് ശക്തി ക്ഷയിച്ച ആ കതക് ശക്തിയോടെയുളള ഇടികളുടെ ആഘാതത്തിൽ പൊളിഞ്ഞു തുടങ്ങി. ഉണ്ണി ഒന്നും നോക്കിയില്ല പടികൾ ഓടി കയറി. മുറിയിൽ തന്റെ തലയണയുടെ അടിയിൽ നിന്നു തന്റെ വിലമതിക്കുന്ന ലോഹ ശില്പവുമായി പുറത്തേക്കോടി. കാത്ത് നിന്നതുപോലെ സായിപ്പും ആണ്ടിയും മുൻപിൽ. സായിപ്പിന്റെ കൈയ്യിൽ ഒരു വെളളികട്ട പോലെ റിവോൾവർ തിളങ്ങി.

ഒന്നും നോക്കിയില്ല ഉണ്ണി പിൻതിരിഞ്ഞോടി. ‘‘ വിടരുതവനെ’’ പിന്നിൽ നിന്ന് ഒരു വിളികേട്ടു ഒപ്പം വെടിയൊച്ചയും. കൊമ്പനാശ്ശേരിയുടെ അകത്തളത്തെ പിടിച്ചു കുലുക്കുന്നതുപോലെ രണ്ടു തവണ കൂടി അതേ ശബ്ദം ആവർത്തിച്ചു. മച്ചിൻ പുറത്ത് ആരൊക്കെയോ ഭയന്ന് അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നുണ്ടായിരുന്നു.

പിന്നീട് അങ്ങോട്ട് കാലം പറഞ്ഞ കഥകൾ പലതാണ്. തുടർന്നു വന്ന മാസങ്ങളിൽ നടന്ന സംഭവ വികാസങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നു. വ്യാജ വിഗ്രഹ വ്യാപാരി കൊമ്പനാശ്ശേരി ഉണ്ണി കൊലപാതകത്തിലെ മുഖ്യപ്രതി മാർട്ടിൻ സായിപ്പ് മദ്രാസിൽ നിന്നും അറസ്റ്റിലായി. കേസന്വേഷണവും പോലീസിനെയും ഭയന്ന് കൊപ്രാ ആണ്ടി ഒളിവിൽ പോയി. കുറച്ച് നാളുകൾക്കുശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ കുറെ കൂണുകൾ പൊട്ടി മുളച്ചതുപോലെ നാട്ടിൽ ജൗളിക്കടയും പാത്രക്കടയും സ്വർണ്ണക്കടയും ചിട്ടി സ്ഥാപനവുമായി പുതിയ ഒരു മുതലാളിയും അയാളുടെ ഒരു വലിയ മണിമാളികയും ഉയർന്നു വന്നു. നെട്ടാശ്ശേരി മണിയൻ മൂശാരി എന്നായിരുന്നു അയാളുടെ പേര്.

Your Rating: